2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന 'മാതാപിതാക്കളും' നമുക്കു ചുറ്റും

മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന 'മാതാപിതാക്കളും' നമുക്കു ചുറ്റും




പത്താംക്ലാസുകാരിയായ പറവൂര്‍ പെണ്‍കുട്ടിയേയും പിതാവിനെയും മുംതാസ്‌ എന്ന ഇടനിലക്കാരിയാണു മൂന്നാറില്‍ കൊണ്ടുപോയത്‌. അവിടെ ഏറുമാടം പോലെയുള്ള റിസോര്‍ട്ടില്‍ കഴിയുന്ന ഫൈസലിനുവേണ്ടിയായിരുന്നു ഇടപാട്‌. അവിടെയുണ്ടായ അനുഭവത്തെപ്പറ്റി അവളുടെ മൊഴി ഇങ്ങനെ:

'കൂടെവന്നത്‌ ആരാണെന്നു ഫൈസല്‍ എന്നോടു ചോദിച്ചു. എന്റെ വാപ്പയാണെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ ഫൈസല്‍ ഞാനാരാണെന്നു വാപ്പയോടു ചോദിച്ചു. എന്റെ വകയിലെ കുട്ടിയാണെന്നു വാപ്പ പറഞ്ഞു. വാപ്പ എല്ലായിടത്തും അങ്ങനെയാണു പറഞ്ഞിരുന്നത്‌. പക്ഷേ, ഫൈസല്‍ എന്റെ വാക്കു വിശ്വസിച്ചു. റിസോര്‍ട്ടിന്റെ സിറ്റ്‌ഔട്ട്‌ പോലുള്ള സ്‌ഥലത്താണു വാപ്പയും മുംതാസും ഇരുന്നത്‌. ഞാന്‍ ചെറിയ കുട്ടിയായതുകൊണ്ടു കാര്യങ്ങളൊക്കെ അയാള്‍ ചോദിച്ചറിഞ്ഞു... പുറത്തിറങ്ങിയ ഫൈസല്‍ നിന്റെ മോള്‍തന്നെയല്ലേടാ അതെന്നു ചോദിച്ച്‌ വാപ്പയുടെ മുഖത്തടിച്ചു. മുംതാസിനിട്ടും അടി കൊടുത്തു' പിതാവ്‌ മകളെ കൂട്ടിക്കൊടുക്കുന്ന ക്രൂരസത്യമറിഞ്ഞ്‌ അവളെ ഉപദ്രവിക്കാതെ വിട്ടയച്ച ഫൈസലിനെപ്പോലെയായിരുന്നില്ല മറ്റുള്ളവര്‍. ജീവിതത്തിനു നോട്ടുകെട്ടുകളുടെ വിലമാത്രം കല്‍പ്പിക്കുന്ന ഇരുനൂറോളം പേരാണ്‌ ഒരുവര്‍ഷത്തിനിടെ അവളെ പിച്ചിച്ചീന്തിയത്‌.

'...വിനു പിറ്റേന്നു ജെസിചേച്ചിക്ക്‌ എന്നെ കൈമാറി. വീട്ടില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ പറ്റില്ലെന്നു പറഞ്ഞ്‌ ജെസിചേച്ചിയുടെ വീട്ടില്‍ അടച്ചിട്ടു. ചേച്ചി ഞാന്‍ കേള്‍ക്കാന്‍വേണ്ടി എന്റെ വാപ്പയെ വിളിച്ചുപറഞ്ഞു, അധികം വിളച്ചിലെടുത്താല്‍ ഞാന്‍ പുറംലോകം കാണില്ലെന്ന്‌. ജെസിചേച്ചിയുടെ കോയമ്പത്തൂരിലെ വീട്ടില്‍ ഒന്‍പതു പേരാണ്‌ എന്നെ ഉപദ്രവിച്ചത്‌. ഈ സമയം എനിക്കു മെന്‍സസ്‌ ആയതിനാല്‍ നിര്‍ബന്ധിപ്പിച്ചു ഗുളിക കഴിപ്പിച്ചു. അവിടെ പൂജയെന്ന കുട്ടിയുമുണ്ടായിരുന്നു. അതിനെയും ഇതിനുതന്നെയാണു കൊണ്ടുവന്നത്‌...' പറവൂര്‍ പെണ്‍കുട്ടി തുടരുന്നു. അവള്‍ക്കു വിലപേശിയതും പെണ്ണിന്റെ ശാരീരികപ്രക്രിയകളെപ്പോലും വകവയ്‌ക്കാതെ ക്രൂരമായി പെരുമാറിയതും പെണ്ണായിപ്പിറന്നവള്‍തന്നെ. അവളെ കൂട്ടിക്കൊണ്ടു നടന്നു വിറ്റതാകട്ടെ സ്വന്തം പിതാവ്‌. ഒരു പെണ്ണിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ക്രൂരതകള്‍ അവള്‍തന്നെ വിവരിക്കുന്നു.

'...എന്നെ ബംഗളുരുവില്‍ കൊണ്ടുപോയ സമയം ലോഡ്‌ജില്‍ കിടക്കുമ്പോള്‍ മനീഷ്‌ എന്നെ പീഡിപ്പിച്ചു. വാപ്പ മുറിയില്‍ കിടക്കുമ്പോള്‍തന്നെ. വാപ്പ അതു കണ്ടില്ലെന്നു നടിച്ചു. വാപ്പയെ ഞാന്‍ ഒരുപാടുനേരം തട്ടിവിളിച്ചുനോക്കി. വാപ്പ അനങ്ങിയില്ല...' വല്ല വിധേനയും രക്ഷപ്പെടാനുള്ള തത്രപ്പാടില്‍, ഉറക്കം നടിക്കുന്ന സ്വന്തം പിതാവിനെ കുലുക്കിവിളിക്കുന്ന പെണ്‍കുട്ടിയുടെ ദൈന്യം ആര്‍ക്കു താങ്ങാനാകും.'...കാര്‍ ഒരിടത്തെത്തിയപ്പോള്‍ നീതുചേച്ചിയും അവരുടെ അമ്മയും കയറി. പിന്നെ ശില്‍പ്പ എന്ന കുട്ടിയേയും കാറില്‍ കയറ്റി. ഞങ്ങള്‍ ഒന്നിച്ചു നെടുമ്പാശേരി ഹോട്ടലിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ നീതുചേച്ചിയുടെ അമ്മയെ തിരികെവിട്ടു. എന്നിട്ട്‌ അവിടെ രണ്ടു റൂമെടുത്തു. ഒന്നില്‍ സാദിക്കും ശില്‍പ്പയും. മറ്റേ റൂമില്‍ ഞാന്‍, വാപ്പ, മുജീബ്‌, നീതു ഇവരത്രയും. നാലുപേരും ഒന്നിച്ചാണു കിടന്നത്‌'.

പറവൂര്‍ പെണ്‍കുട്ടി വാപ്പയെന്നു വിളിക്കുന്ന മനുഷ്യനെ സമൂഹം എന്തുവിളിക്കണം? വരാപ്പുഴ പെണ്‍കുട്ടിയെ ലക്ഷം രൂപയ്‌ക്കു വിറ്റതു സ്വന്തം അമ്മതന്നെ. കോതമംഗലത്തെ പെണ്‍കുട്ടി നോട്ടുകെട്ടുകളുമായി വീട്ടില്‍ വന്നുകയറുമ്പോള്‍ എവിടെനിന്നു ലഭിച്ചെന്നു പിതാവ്‌ ചോദിച്ചിരുന്നില്ല. രാത്രികളില്‍ വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോകുമ്പോള്‍ തടഞ്ഞതുമില്ല. മട്ടന്നൂര്‍ പെണ്‍കുട്ടിയുടെ പിതാവ്‌ മൈക്ക്‌ അനൗണ്‍സറായിരുന്നു. കാസറ്റിനും മറ്റും പാടിക്കാനെന്ന വ്യാജേനയാണു പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്‌ചവയ്‌ക്കാന്‍ വിവിധയിടങ്ങളിലെത്തിച്ചത്‌. പീഡിപ്പിച്ചതാകട്ടെ ഉന്നതരും.

പറവൂര്‍ പെണ്‍കുട്ടിയുടെ പിതാവ്‌ ആയിരങ്ങള്‍ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി പെണ്‍കുട്ടിയെ ഇടനിലക്കാര്‍ക്കൊപ്പം വിട്ടു. എന്നാല്‍ മട്ടന്നൂരിലെ പിതാവ്‌ ഒരു കുപ്പി റമ്മിനായിപ്പോലും പെണ്‍കുട്ടിയെ പലര്‍ക്കു മുന്നിലെത്തിച്ചു. കോതമംഗലം പെണ്‍കുട്ടിക്കായി വലവിരിച്ച്‌ പെണ്‍വാണിഭസംഘത്തിലെ 'ആന്റി'മാര്‍ കാത്തുനിന്നിരുന്നു. അപ്പോഴേക്കു കുട്ടി ഗര്‍ഭിണിയായി തലകറങ്ങി ക്ലാസില്‍ വീഴുകയും സംഭവം പോലീസ്‌ അറിയുകയും ചെയ്‌തു.

തിരുവനന്തപുരത്തെ പ്രശസ്‌ത വിദ്യാലയം. ഇടത്തരം കുടുംബമാണെങ്കിലും മകളുടെ ഭാവിയോര്‍ത്താണു മാതാപിതാക്കള്‍ കനത്ത ഫീസ്‌ നല്‍കി ഈ സ്‌കൂളില്‍ത്തന്നെ ചേര്‍ത്തത്‌. കുട്ടി ഒന്‍പതാം ക്ലാസിലേക്കു നല്ല മാര്‍ക്കോടെ ജയിച്ചു. പെട്ടെന്നാണ്‌ അവളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്‌. സദാ മ്ലാനത. വീട്ടിലും സ്‌കൂളിലും ആരോടും മിണ്ടാട്ടമില്ല. വീട്ടുകാരും അധ്യാപകരും പലവട്ടം ചോദിച്ചിട്ടും അവള്‍ കാരണം പറഞ്ഞില്ല. കൗമാരക്കാരിലുണ്ടാകുന്ന മാറ്റങ്ങളെന്നോര്‍ത്തു മാതാപിതാക്കള്‍ സമാധാനിക്കാന്‍ ശ്രമിച്ചു. പഠനത്തില്‍ ഒരുപാടു പിന്നാക്കം പോയതോടെ അധ്യാപകര്‍തന്നെയാണു പെണ്‍കുട്ടിക്കു കൗണ്‍സലിംഗ്‌ നിര്‍ദേശിച്ചത്‌. അവളെയും കൂട്ടി രക്ഷിതാക്കള്‍ സംസ്‌ഥാന വനിതാ കമ്മിഷനിലെ കൗണ്‍സലര്‍ പുഷ്‌പയെ സമീപിച്ചു. കൗണ്‍സലിംഗില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പെണ്‍കുട്ടി വെളിപ്പെടുത്തിയത്‌.

അവളെ ചിലര്‍ പീഡനത്തിനിരയാക്കി ചിത്രങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. പിന്നെ ബ്ലാക്‌ മെയിലിംഗായി. കൂട്ടുകാരികളാണ്‌ അവളെ ഒരു 'പയ്യനു' പരിചയപ്പെടുത്തിയത്‌. നഗരത്തിലെ കോളജില്‍ എം.ബി.എയ്‌ക്കു പഠിക്കുകയാണെന്നു ഗ്ലാമര്‍ പയ്യന്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. ആണ്‍സൗഹൃദത്തില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു കൂട്ടുകാരികളുടെ പ്രലോഭനം. ഒടുവില്‍ പെണ്‍കുട്ടി പയ്യന്റെ വലയില്‍ വീണു. പെണ്‍കുട്ടിയുടെ പിറന്നാള്‍ ഒന്നിച്ച്‌ ആഘോഷിക്കാമെന്നായി കൂട്ടുകാരികളും കൂട്ടുകാരനും. ഒന്നിച്ച്‌ ഒരു റൂമില്‍ സമ്മേളിച്ചു ഭക്ഷണം വിളമ്പി. അവര്‍ കൊടുത്ത ബിയര്‍ കുടിച്ചശേഷം മയങ്ങിപ്പോയെന്നാണു പെണ്‍കുട്ടി കൗണ്‍സലിംഗിനിടെ പറഞ്ഞത്‌. അതിനിടെ അരുതാത്തതെല്ലാം സംഭവിച്ചു.

യഥാര്‍ഥത്തില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരികളും ഇത്തരത്തില്‍ ചതിക്കപ്പെട്ട്‌ ഈ സംഘത്തിന്റെ വലയില്‍ വീണവരായിരുന്നു. ആ ദൃശ്യങ്ങളൊക്കെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. കൂട്ടുകാരികളെക്കൂടി സംഘത്തില്‍ കണ്ണിചേര്‍ക്കാനുള്ള ബ്ലാക്‌ മെയിലിംഗിന്റെ ഇരകളായിരുന്നു അവരത്രയും. എം.ബി.എക്കാരനെന്നും ഐടിക്കാരനെന്നും പറഞ്ഞു പെണ്‍കുട്ടികളെ വളയ്‌ക്കാനിറങ്ങിയവര്‍ പക്ഷേ, പത്താംക്ലാസും തരികിടകളുമായി അലഞ്ഞുനടക്കുന്നവരായിരുന്നു.

പെരുമ്പടത്തെ സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങിയ ആറാംക്ലാസുകാരിക്കു മുന്നില്‍ പ്രലോഭനവുമായി അവതരിച്ചതു സ്‌കൂട്ടിയിലെത്തിയ 'ആന്റി'യാണ്‌. വണ്ടിയില്‍ കയറിയാല്‍ അമ്മയുടെ അടുത്തെത്തിക്കാമെന്നു വാഗ്‌ദാനം. വേണ്ടെന്നു പറഞ്ഞ്‌ മാറിനിന്നപ്പോള്‍ ബലം പ്രയോഗിച്ചു വണ്ടിയില്‍ കയറ്റാനായി ശ്രമം. പെണ്‍കുട്ടി അവിടെനിന്ന്‌ ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ പോലീസില്‍ അറിയിച്ചു. സംഭവം വിശ്വസനീയമാണെന്നു പറയുമ്പോഴും പോലീസിന്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാരാണെന്നു വ്യക്‌തമായിട്ടില്ല. പീഡനവാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തിലെ ഓരോ രക്ഷിതാവിനും ഉള്ളില്‍ തീയാണ്‌. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കറങ്ങുന്ന ആന്റിമാര്‍ പല ഉന്നത പെണ്‍വാണിഭസംഘങ്ങളുടെയും പിണിയാളുകളാണ്‌. തിരുവനന്തപുരത്തെ ഒന്‍പതാംക്ലാസ്‌ വിദ്യാര്‍ഥിനിയെ പെണ്‍വാണിഭസംഘത്തിലേക്ക്‌ ആകര്‍ഷിപ്പിച്ച കൂട്ടുകാരികള്‍ ചൂഷണത്തിന്റെ പേരിലായാലും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതുപോലെയാണു മിക്ക കേസുകളിലും പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നതും ഇരകളാക്കപ്പെടുന്നതും.

പറവൂര്‍, വരാപ്പുഴ, മട്ടന്നൂര്‍ കേസുകളിലെ പെണ്‍കുട്ടികള്‍ ഒരുവിധേന രക്ഷപ്പെട്ടവരാണ്‌. എന്നാല്‍ പറവൂര്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന നീതുവും ശില്‍പ്പയുമൊക്കെ ഇപ്പോഴും പീഡിപ്പിക്കപ്പെടുകയാവാം. ഏതൊരു പീഡനക്കേസും മഞ്ഞക്കണ്ണടയിലൂടെ മാത്രം കാണുന്ന, 'അവള്‍ പോക്കുകേസ്‌' എന്നു വിലയിരുത്തുന്ന സമൂഹം സ്‌ഥിരമായി ഉയര്‍ത്തുന്ന ഒരുചോദ്യമുണ്ട്‌.

ഇത്രയേറെപ്പേര്‍ പീഡിപ്പിച്ചിട്ടും ഇത്രയൊക്കെ സ്‌ഥലങ്ങളില്‍ പോയിട്ടും ഇവളെന്താ രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നത്‌? സൂര്യനെല്ലിക്കേസ്‌ മുതല്‍ മനഃസാക്ഷിയില്ലാതെ മലയാളി ഉന്നയിക്കുന്ന ചോദ്യം.

2 അഭിപ്രായങ്ങൾ: