2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച
മൂന്ന് വയസ്സുള്ള ആരോമലിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ശിക്ഷിച്ചു.
തൊടുപുഴ: മാതാവും പിതാവും വല്യപ്പനും ചേര്‍ന്ന് മൂന്ന് വയസ്സുള്ള ആരോമലിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി റ്റി.യു മാത്തുക്കുട്ടി രണ്ടരവര്‍ഷം വീതം തടവും 3000 രൂപ വീതം പിഴയും ശിക്ഷിച്ചു.
ആരോമലിന്റെ പിതാവ് ഉടുമ്പഞ്ചോല കൈലാസം പത്തേക്കര്‍ ഭാഗത്ത് കൊച്ചുപുരയ്‌ക്കല്‍ വീട്ടില്‍ ബെന്നി (28), ഭാര്യ മഞ്‌ജു (26), ബെന്നിയുടെ പിതാവ് കൊച്ച് എന്ന് വിളിക്കുന്ന ആന്റണി (57) എന്നിവരാണ് പ്രതികള്‍.
ബെന്നിയും മഞ്‌ജുവും കൂടി കൈലാസം പള്ളി വികാരി ഫാ. മര്‍ക്കോസിനെ സമീപിച്ച് തങ്ങളെ വിവാഹം ചെയ്‌ത് തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ ഹാജരാക്കിയാല്‍ വിവാഹം ചെയ്‌തു കൊടുക്കാമെന്ന് പറഞ്ഞ് ഇരുകൂട്ടരെയും അച്ചന്‍ മടക്കി അയച്ചു. അപ്പോഴാണ് ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ആരോമല്‍ എന്ന പേരുള്ള ഒരു കുട്ടിയുള്ള വിവരം അച്ചന്റെ ശ്രദ്ധയില്‍ പെട്ടത്.
പിന്നീട് ഈ കുട്ടിയെ മാതാപിതാക്കളും വല്യപ്പനും ചേര്‍ന്ന് നിരന്തരം ദേഹോപദ്രവം ഏല്‍പിക്കുന്നതായും കുട്ടിയുടെ ദീനരോദനം കേള്‍ക്കുന്ന വിവരവും അയല്‍വാസികള്‍ വഴി അച്ചന്‍ അറിഞ്ഞു. ബെന്നിയെ പള്ളിയില്‍ വിളിച്ചു വരുത്തി മനുഷ്യജീവിയായ കുട്ടിയെ ദേഹോപദ്രവം ഏല്‍പിക്കരുതെന്നും സംരക്ഷണചുമതല ഏറ്റെടുത്തുകൊള്ളാമെന്നും അച്ചന്‍ പറഞ്ഞു. എന്നാല്‍ ബെന്നി ഇതു സ്വീകരിക്കാന്‍ തയ്യാറായില്ല.
ആറ്‌മാസമായി പ്രതികള്‍ ആരോമലിനെ ദേഹോപദ്രവം ഏല്‍പിക്കാറുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പറഞ്ഞു. പട്ടിത്തുടല്‍ കൊണ്ട് കാലില്‍ ചുറ്റിത്താഴിട്ടു പൂട്ടി പട്ടിയോടൊപ്പമാണ് കുട്ടിയെയും ഇരുത്താറ്. ആരോമലിന്റെ വലതു കൈപ്പത്തിയുടെ അകവും പുറവും ആന്റണി പൊള്ളിച്ചിരുന്നു. കൈപ്പത്തിയില്‍ തൊലി ഉണ്ടായിരുന്നില്ല. കുട്ടി മുറ്റത്തിരുന്ന അവസരത്തില്‍ ബെന്നി പുറകില്‍ നിന്നും തൊഴിച്ചു തെറിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
2007 ഒക്‌ടോബര്‍ 19 ന് രാവിലെ 10 ന് ആന്റണിയുടെ ഭാര്യയുടെ സഹോദരന്‍ മുള്ളരിക്കുടി കാറ്റാടിപ്പാറയില്‍ താമസിക്കുന്ന ചാക്കോച്ചന്‍ മകളുടെ കല്യാണം ക്ഷണിക്കുന്നതിനായി പ്രതികളുടെ വീട്ടിലെത്തുകയും വീട്ടില്‍ പട്ടികളുടെ നടുവില്‍ കുട്ടിയെ പൂട്ടിയിട്ടിരിക്കുന്നതും കുട്ടി വിശന്ന് കരയുന്നതും കണ്ട് പള്ളി വികാരി ഫാ. മാര്‍ക്കോസുമായി സംസാരിച്ചു. ഫാ. മാര്‍ക്കോസ് പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി തൊടലും താഴും അറുത്തുമാറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ബട്ടണ്‍സില്ലാത്ത ഒരു ഷര്‍ട്ടുമാത്രമായിരുന്നു കുട്ടിയുടെ വേഷം. ആരോമലിന്റെ കാലില്‍ തുടല്‍ കിടന്ന ഭാഗത്ത് തൊലി പോയിരുന്നു. ആരോമലിന്റെ പുറത്ത് ചൂരല്‍ വടിക്കടിച്ച പാടുകള്‍ ഉണ്ടായിരുന്നു. ശരീരം മുഴുവന്‍ സിഗരറ്റു കത്തിച്ചു പൊള്ളിച്ചതിന്റെ ഉണങ്ങിയതും പുതിയതുമായ പൊള്ളിച്ച ധാരാളം പാടുകള്‍ ഉണ്ടായിരുന്നു. തല്ലുവാന്‍ ഉപയോഗിച്ച ചൂരലുകള്‍ കുട്ടിയുടെ സമീപത്തായി ചാരി വച്ചിരുന്നു.
ശാന്തന്‍പാറ പോലീസ് പ്രതികള്‍ക്കെതിരേ കുട്ടിയെ അന്യായ തടങ്കലില്‍ വച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കുറ്റകരമായ നരഹത്യാശ്രമത്തിനും കേസ് എടുത്തിരുന്നു. ശാന്തന്‍പാറ എസ്.ഐ ആയിരുന്ന എന്‍.കെ ബാബുവായിരുന്നു അന്വേഷണം നടത്തിയത്.
കോടതിയില്‍ ഏഴ് സാക്ഷികളെ വിസ്‌തരിക്കുകയും അഞ്ച് പ്രമാണങ്ങള്‍ തെളിവായി സ്വീകരിക്കുകയും ചെയ്‌തു. കുട്ടിയെ പൂട്ടിയിടുവാന്‍ ഉപയോഗിച്ച തുടലും താഴും കോടതിയില്‍ ഹാജരാക്കിയിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഏറ്റെടുത്ത് രാജാക്കാട് കരുണാ ഭവനിലെ ആരോമലായി കഴിയുന്നു.
പ്രൊസിക്യൂഷനു വേണ്ടി അഡ്വ. ഇ.എ റഹീമാണ് കോടതിയില്‍ ഹാജരായത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മനുഷ്യനെ മൃഗമാക്കുന്നത് സിനിമയും സീരിയലകളും മാധ്യമങ്ങളുമാണ്. അവയുട്ടെ കള്ള മുഖം തിരിച്ചറിയുക. അവക്ക് പണം നല്‍കാതിരിക്കുക.
മറുപടിഇല്ലാതാക്കൂ