2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച
വൃക്കരോഗികള്‍ക്ക് സാന്ത്വനവുമായി ജേസീസ് പ്രവര്‍ത്തകര്‍
തൊടുപുഴ: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ജേസീസും രംഗത്ത്. സ്വന്തം വൃക്കദാനം ചെയ്‌ത വൃക്ക രോഗികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ നടത്തി വരുന്ന കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് ജേസീസ് നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ നാലിന് തൊടുപുഴയില്‍ സാന്ത്വനം കുടുംബസംഗമവും കലാസന്ധ്യയും നടത്തുന്നത്. തൊടുപുഴ വാഴക്കുളം, വഴിത്തല, അരിക്കുഴ, കരിങ്കുന്നം, കൂത്താട്ടുകുളം, കോതമംഗലം, ഇടുക്കി, നെടുങ്കണ്ടം, അടിമാലി, രാജകുമാരി മേഖലകളിലെ ജേസീസ് യൂണിറ്റുകളാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൃക്കദാതാക്കളും വൃക്കസ്വീകര്‍ത്താക്കളും ഈ വേദിയില്‍ അനുഭവം പങ്കുവെയ്‌ക്കും. ഇതുവഴി വൃക്കദാനത്തിന് കൂടുതല്‍ പേരെ സന്നദ്ധരാക്കുകയാണ് ലക്ഷ്യം. വൃക്കരോഗികള്‍ക്ക് സാന്ത്വനം നല്‍കുക, സാമ്പത്തികസഹായം നല്‍കുക, അവരുടെ വേദനകള്‍ അറിയുക തുടങ്ങിയവയാണ് ജേസീസ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. സെപ്‌റ്റംബര്‍ നാലിന് വൈകുന്നേരം 4.30 ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളിലാണ് മഹാകുടുംബസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാര്‍, വ്യവസായപ്രമുഖര്‍, മതനേതാക്കള്‍, രാഷ്‌ട്രീയസാമൂഹിക സാംസ്‌കാരിക കലാരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബസംഗമത്തിന് ശേഷം അര്‍ഹരായ രോഗികള്‍ക്ക് ഡയാലിസിസിനുള്ള സഹായവിതരണം നടക്കും. തുടര്‍ന്ന് കൊച്ചിന്‍ കലാ കമ്യൂണിക്കേഷന്‍സ്, എയ്‌ഞ്ചല്‍ വോയ്‌സ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേള, റോപ്പ് ഡാന്‍സ്, ഫയര്‍ ഡാന്‍സ്, സ്‌നേക്ക് ഡാന്‍സ് തുടങ്ങിയവ അരങ്ങേറും. ജേസീസ് സോണ്‍ പ്രസിഡന്റ് അഡ്വ. റൊണാള്‍ഡ് പോള്‍, ഡോ. ഏലിയാസ് തോമസ് (ജനറല്‍ കണ്‍വീനര്‍), ജിജി ജോസഫ്, പ്രഫ. സാംസണ്‍ തോമസ്, ജെ. വെങ്കിടേശ്വരന്‍, ഷൈജോ ജോസഫ്, റോയി കാവാട്ട്, ടോമി അഗസ്റ്റ്യന്‍ (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന സംഘാടകസമിതി പ്രവര്‍ത്തനം ആരംഭിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ