2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മോട്ടോര്‍വാഹന രംഗത്തു നിന്നും ക്ഷീരകൃഷിയിലേക്ക്‌ തിരിഞ്ഞ സോജന്‍ മാത്യുവിന്‌ സംസ്ഥാന അവാര്‍ഡ്‌


തൊടുപുഴ: ദീര്‍ഘകാലം മോട്ടോര്‍വാഹന രംഗത്ത്‌ പ്രവര്‍ത്തിച്ചശേഷം ക്ഷീരകൃഷിയിലേക്ക്‌ തിരിഞ്ഞ യുവകര്‍ഷകന്‌ മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ്‌. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുളപ്പുറം കോട്ടക്കവല ചെട്ടുപറമ്പില്‍ സോജന്‍ മാത്യുവാണ്‌ ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡിന്‌ അര്‍ഹനായത്‌. 1982 മുതല്‍ ടാക്‌സി കാര്‍ സ്വന്തമായും വാടകയ്‌ക്കും നല്‍കി വന്ന സോജന്‍ 1992 ലാണ്‌ ക്ഷീരകൃഷിയിലേക്ക്‌ തിരിഞ്ഞത്‌. മൂന്ന്‌ കാറുകളും ഒരു മിനി ലോറിയും ഉപേക്ഷിച്ചാണ്‌ പശുവളര്‍ത്തലിലേക്ക്‌ തിരിഞ്ഞത്‌. കൃഷിയോടും പശുക്കളോടുമുള്ള സോജന്റെ അടുപ്പം ഇവിടെയെത്തുന്നവര്‍ക്ക്‌ കാണാനാകും. വൃത്തിയും വെടിപ്പുമുള്ള തൊഴുത്താണ്‌ ഒന്നാമത്തെ ആകര്‍ഷണം. ഒരു പശുവില്‍ തുടങ്ങിയ ക്ഷീരകൃഷി ഇപ്പോള്‍ 26 പശുക്കളുമായി മുന്നേറുകയാണ്‌. എച്ച്‌.എഫ്‌ -8 പശുക്കളും ജേഴ്‌സി പശുക്കളുമാണ്‌ സോജന്‍ വളര്‍ത്തുന്നത്‌. ദിവസവും രണ്ട്‌ കറവയാണ്‌ നടത്തുന്നത്‌. വെളുപ്പിന്‌ മൂന്ന്‌ മണിക്കും ഉച്ചക്ക്‌ രണ്ട്‌ മണിക്കും. ഹോട്ടല്‍ ആവശ്യങ്ങള്‍ക്കും പിന്നീടുള്ളത്‌ മില്‍മയിലും ആവശ്യക്കാര്‍ വീട്ടില്‍ വന്നും പാല്‍ വാങ്ങുന്നുണ്ട്‌. വെളുപ്പിന്‌ മൂന്ന്‌ മണിക്ക്‌ കാലിത്തീറ്റ പശുക്കള്‍ക്ക്‌ കൊടുക്കും. ഒരു ലിറ്റര്‍ പാലിന്‌ 450 ഗ്രാം കാലിത്തീറ്റ എന്ന അളവിലാണ്‌ നല്‍കുന്നത്‌. വാങ്ങുന്ന വൈക്കോലും സ്വന്തമായി കൃഷി ചെയ്‌ത്‌ വളര്‍ത്തിയെടുക്കുന്ന പുല്ലും നല്‍കുന്നു. നാലരയേക്കര്‍ കൃഷിയിടത്തില്‍ മൂന്നരയേക്കറിലും പുല്‍കൃഷിയാണ്‌ ചെയ്‌തിരിക്കുന്നത്‌. പുല്ലു മുറിക്കാന്‍ ഒരു ജോലിക്കാരന്‍ ഉള്ളതൊഴിച്ചാല്‍ ബാക്കി പണികളെല്ലാം സോജനും ഭാര്യ ഷാജിയും മകന്‍ മനുവും ചേര്‍ന്നാണ്‌ നടത്തുന്നത്‌. 1993 ല്‍ ചെറിയ തോതില്‍ ആരംഭിച്ച ക്ഷീരകൃഷി പിന്നീട്‌ വികസിപ്പിക്കുകയായിരുന്നു. 26 പശുക്കളില്‍ നിന്നായി ശരാശരി 300 ലിറ്ററോളം പാല്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. ചിലവ്‌ കഴിഞ്ഞ്‌ പ്രതിദിനം രണ്ടായിരത്തോളം രൂപ ലഭിക്കുന്നുണ്ടെന്ന്‌ അഭിമാനത്തോടെ സോജന്‍ പറഞ്ഞു. പ്രതിദിനം 250 കിലോയോളം കാലിത്തീറ്റയാണ്‌ ചെലവ്‌ വരുന്നത്‌. ഇതിനു മുന്‍പ്‌ മികച്ച ക്ഷീരകര്‍ഷകനുള്ള ജില്ലാതലത്തിലുള്ള അവാര്‍ഡും ബ്ലോക്ക്‌ തലത്തിലുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. 2007 ല്‍ നടന്ന കാര്‍ഷികമേളയില്‍ മികച്ച ഫാമിനുള്ള രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. കാര്‍ഷിക മേളയില്‍ ലഭിച്ച അംഗീകാരമാണ്‌ ഈ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കാരണമായതെന്നും സോജന്‍ പറഞ്ഞു. 2007 ല്‍ തന്നെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനുള്ള പഞ്ചായത്ത്‌ തല അവാര്‍ഡും ലഭിച്ചിരുന്നു. കൂടുതല്‍ പാലുള്ള പശുക്കളെ രാത്രി ഒന്‍പതു മണിക്കാണ്‌ കറക്കുന്നത്‌. പശു വളര്‍ത്തലിന്‌ കരിമണ്ണൂരിലുള്ള വെറ്ററിനറി സര്‍ജന്‍ ഡോ. ഹേമയുടെ നിര്‍ദ്ദേശങ്ങള്‍ ഏറെ പ്രയോജനം ചെയ്‌തിട്ടുണ്ട്‌. സ്വന്തമായിട്ടാണ്‌ പശുക്കളെ ചികിത്സിക്കുന്നത്‌. അറുപതിനായിരം രൂപ വരെ വിലയുള്ള പശുക്കള്‍ ഈ ഫാമിലുണ്ട്‌. ഇത്‌ പൊള്ളാച്ചിയില്‍ നിന്നും കൊണ്ടുവന്നവയാണ്‌. പുരാതന കര്‍ഷക കുടുംബമായ ചെട്ടുപറമ്പില്‍ വീട്ടിലേക്ക്‌ അംഗീകാരം വന്നതിന്റെ സന്തോഷത്തിലാണ്‌ സോജനും പിതാവ്‌ മാത്യുവും കുടുംബാംഗങ്ങളും. ഈ രംഗത്ത്‌ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള പരിശ്രമത്തിലാണ്‌ ഈ യുവകര്‍ഷകന്‍. വിലാസം: സോജന്‍ മാത്യു, ചെട്ടുപറമ്പില്‍ വീട്‌, മുളപ്പുറം പി.ഒ. കരിമണ്ണൂര്‍. ഫോണ്‍: 9447153925

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ