സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്‌ടര്‍ ഇ ദേവദാസിന്റെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തിലുള്ള പൊതുജനസമ്പര്‍ക്കപരിപാടി തൊടുപുഴയില്‍ നടന്നു. എ.ഡി.എം ബി. രാമചന്ദ്രന്‍, തഹസില്‍ദാര്‍ പി.ബി അനില്‍കുമാര്‍ നഗരസഭ ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍, നഗരസഭാ ചെയര്‍മാന്‍ ടി.ജെ ജോസഫ്, ആര്‍.ടി.ഒ വിനോദ്, ജില്ലാ താലൂക്ക് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജനസമ്പര്‍ക്ക പരിപാടിയില്‍ ആഗസ്റ്റ് 16 വരെ വിവിധ താലൂക്കുകളില്‍ നിന്നും ലഭിച്ച 196 അപേക്ഷകളുടെ അവസാനവട്ട തീര്‍പ്പാണ് നടന്നത്. പരാതികള്‍ സ്വീകരിക്കുന്നതിന് 19 കൗണ്ടറുകള്‍ തുറന്നു. ഇവിടെ നിന്നും തൃപ്‌തികരമല്ലാത്തവ കളക്‌ടറുടെ അടുത്ത് നേരിട്ട് ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ഒരുങ്ങി.
3958-ാം നമ്പര്‍ വെള്ളിയാമറ്റം സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്യൂണ്‍ തസ്‌തികയിലേക്ക് നടത്തുന്ന നിയമനം സംബന്ധിച്ച് ഷാജന്‍ ജോണ്‍, റ്റി.എസ് ഷിബു എന്നിവരുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കളക്‌ടര്‍ക്ക് ബോധ്യപ്പെടുകയും സമഗ്ര അന്വേഷണത്തിന് ഉന്നതാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. അയല്‍വാസിയുടെ മരം വീണ് മരിച്ച മുതലക്കോടം സ്വദേശി ജോബിന്‍ ജോസിന്റെ കുടുംബത്തിന് 1ലക്ഷം രൂപയും പ്രകൃതിക്ഷോഭത്തില്‍ വീടു പൂര്‍ണമായും നഷ്‌ടപ്പെട്ട മൂലമറ്റം നെടുങ്കാട്ട് ഗീതാ സുരേഷിന് പതിനായിരം രൂപയുടെ ധനസഹായവും കലക്‌ടര്‍ വിതരണം ചെയ്‌തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ