2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഇല്ല, മറക്കില്ല; ഈ പ്രീമ


കടപ്പാട് : സത്യദീപം
ലോകത്തില്‍ ഏത്‌ കോണിലാണെങ്കിലും പ്രീമയ്‌ക്ക്‌ ഈ സിസ്റ്റര്‍ ചേച്ചിയെ മറക്കാനാകില്ല. തന്റെ ജീവശ്വാസം സിസ്റ്ററിന്റെ ജീവത്യാഗമാണല്ലോ, മാത്രമോ തന്റെ പേരിന്റെ കാരണവും.
ജീവന്‍ നല്‍കാന്‍ ജീവന്‍ കൊടുത്ത സി.പ്രീമ അതിന്‌ തന്നെ പ്രേരിപ്പിച്ച യേശുവിന്റെ സവിധമണഞ്ഞിട്ട്‌ കാല്‍നൂറ്റാണ്ടായി. പക്ഷേ ജീവന്‍ തിരിച്ചു ലഭിച്ച പ്രീമ ഇന്ന്‌ എവിടെയാണാവോ?
25 വര്‍ഷം പിന്നിലേക്ക്‌..
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി ശൈശവത്തില്‍. കുറച്ചു രോഗികള്‍, ചുരുക്കം ഡോക്‌ടര്‍മാരും. ഇന്നത്തെപ്പോലെ സുസജ്ജമായ തീവ്രപരിചരണവിഭാഗമോ ഹൈടെക്‌ ഉപകരണങ്ങളോ ഇല്ലാത്ത കാലം. രോഗികളോടുള്ള ശുശ്രൂഷയും പരിഗണനയുമായിരുന്നു അന്നത്തെ സൂപ്പര്‍ സ്‌പെഷലൈസേഷന്‍. അതുകൊണ്ടു തന്നെ വൈദ്യു ശുശ്രൂഷയിലെ ദ്വിതീയ രക്ഷാനിരയായ കന്യാസ്‌ത്രീകളും മറ്റ്‌ നഴ്‌സുമാരും രോഗികള്‍ക്ക്‌ കണ്‍കണ്ട ദൈവങ്ങളായിരുന്നു.
ദിവസങ്ങളായി വിട്ടുമാറാത്ത പനിയും കഫക്കെട്ടുമായാണ്‌ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു വന്നത്‌. ലഭ്യമായ പരിശോധനകളും ആന്റി ബയോട്ടിക്‌ അടക്കമുള്ള ചികിത്സയും ആരംഭിച്ചു. പക്ഷേ ആശ്വാസം കാണുന്നില്ല.
നവസന്യാസ പരിശീലനവും നഴ്‌സിംഗ്‌ ബിരുദവുമെടുത്ത സി. പ്രീമയ്‌ക്കായിരുന്നു ശിശുരോഗവിഭാഗത്തിന്റെ ചുമതല. ഓരോ കുഞ്ഞും പുല്‍ക്കൂട്ടില്‍ അവതരിച്ച ഉണ്ണിയേശുവാണെന്ന വിശ്വാസബോധ്യത്തിലായിരുന്നു ശുശ്രൂഷ.
ഈ വിഭാഗത്തിന്‌ സിസ്റ്റര്‍ കൊടുത്ത പേര്‌ ഇന്‍ഫന്റ്‌ ജീസസ്‌ വാര്‍ഡ്‌ എന്നായിരുന്നു. തന്റെ വാര്‍ഡിലെ ഉണ്ണികളുടെ ആരോഗ്യനില നേരിട്ടറിയാന്‍ രാത്രികളില്‍ പല പ്രാവശ്യം സിസ്റ്റര്‍ എത്തുമായിരുന്നു. ഇത്രയ്‌ക്കൊന്നും വേണ്ട എന്ന സീനിയര്‍ സിസ്റ്റര്‍മാരുടെ ഉപദേശമെല്ലാം മാലാഖക്കുഞ്ഞുങ്ങളുടെ ദൈന്യതയ്‌ക്കു മുമ്പില്‍ സിസ്റ്റര്‍ മറക്കും.
മരുന്നുകള്‍ കൃത്യമായി നല്‍കിയിട്ടും കുഞ്ഞിന്റെ പനി ഒട്ടും കുറയുന്നില്ലല്ലോ. ഉണ്ണി വാടിയ തളിരില പോലെയായി. ഞാന്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കാം, വൈകിട്ട്‌ വാര്‍ഡില്‍ നിന്നും പോകുമ്പോള്‍ സിസ്റ്റര്‍ കുഞ്ഞിന്റെ അമ്മയ്‌ക്ക്‌ ഉറപ്പു നല്‍കി.
പുലര്‍ച്ചെ 3.30 സമയം. വാര്‍ഡില്‍ നിന്ന്‌ ഡ്യൂട്ടി നഴ്‌സ്‌ സിസ്റ്ററുടെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ ഓടി വന്നു. കുഞ്ഞിന്റെ നില കൂടുതല്‍ മോശമാകുന്നു. ശ്വാസതടസ്സവും ആരംഭിച്ചിട്ടുണ്ട്‌. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ വാര്‍ഡിലേക്ക്‌ സിസ്റ്റര്‍ പ്രീമ ഓടുകയായിരുന്നു. ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലുള്ള ഏക അറ്റന്‍ഡര്‍ പൗലോസ്‌ ചേട്ടന്‍ ഡോ. സണ്ണി ജോര്‍ജ്ജിന്റെ വീട്ടിലേക്ക്‌ പാഞ്ഞു, ഡോക്‌ടര്‍ അന്ധാളിച്ചതു പോലെ. പനി ശമിപ്പിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു. ചില ബന്ധിക്കള്‍ ഐസ്‌ ഫാക്‌ടറി അന്വേഷിച്ചിറങ്ങി. ശരീരതാപം അല്‍പം ശമിച്ചെങ്കിലും ശ്വാസതടസ്സം മൂര്‍ച്ഛിച്ചു.
അപ്പോഴേക്കും പ്രഭാത പ്രാര്‍ത്ഥനയ്‌ക്കും ദിവ്യബലിക്കുമുള്ള മണിനാദം ആശുപത്രിചാപ്പലില്‍ മുഴങ്ങി. മറ്റ്‌ സിസ്റ്റര്‍മാര്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ പോയെങ്കിലും കുഞ്ഞിനെ വിട്ടുപോകാന്‍ സിസ്റ്ററിനായില്ല. മുരിങ്ങാത്തേരിയച്ചന്‍ ദിവ്യബലിക്കിടയില്‍ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു.
വേണ്ടത്ര പ്രാണവായു ലഭിക്കാത്തതിനാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ നീലവര്‍ണം പടരുന്നു. ഡോക്‌ടര്‍ ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്ന്‌ പ്രാണവായു നല്‍കുന്നതിനുള്ള ശ്രമം തുടങ്ങി. പക്ഷേ ടാപ്‌ തുറക്കാനാവുന്നില്ല. ഡോക്‌ടറും നഴ്‌സുമാരും അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ക്കുകയായിരുന്നു. മൗത്ത്‌ ടു മൗത്ത്‌ ശ്വാസോച്ഛ്വാസമല്ലാതെ മറ്രൊരു മാര്‍ഗ്ഗവുമില്ലെന്നു ഡോക്‌ടര്‍. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചു നിന്നു. സിസ്റ്റര്‍ പ്രീമ ഒന്നും ആലോചിച്ചില്ല. കുഞ്ഞിന്റെ ചുണ്ടോടു ചേര്‍ത്ത്‌ തന്റെ ചുണ്ടു വച്ച്‌ ശക്തമായ മര്‍ദ്ദത്തോടെ സിസ്റ്റര്‍ കുഞ്ഞിന്റെ വായിലേക്ക്‌ ഉച്ഛ്വസിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും സിസ്റ്റര്‍ ക്ഷീണിതയായി. ദൈവാനുഗ്രഹം. ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തലകറങ്ങി വീഴാന്‍ പോയ സിസ്റ്ററിന്‌ ആരോ പഞ്ചസാര വെള്ളം കൊടുത്തു. കുഞ്ഞ്‌ പതുക്കെ കണ്ണുകള്‍ തുറന്നു. പാല്‍ കുടിച്ചു. വൈകാതെ എല്ലാം നോര്‍മല്‍ ആകുന്നു. ഒരാഴ്‌ചയിലെ നിരീക്ഷണം കൂടി വേണം. ചികിത്സകള്‍ തുടരട്ടെ. ഇത്‌ പറഞ്ഞ്‌, ഒരു മരണം ഒഴിവായ ചാരിതാര്‍ത്ഥ്യത്തില്‍ ഡോക്‌ടര്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മടങ്ങി; സിസ്റ്റര്‍ പള്ളിയിലേക്കും.
സിസ്റ്റര്‍ വീണ്ടും പതിവു ജോലിയിലേക്ക്‌, കുഞ്ഞിനാണെങ്കില്‍ തന്റെ രക്ഷകയെ കാണുമ്പോള്‍ പ്രത്യേക സന്തോഷം.
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും സിസ്റ്ററിന്‌ ഒരു പനി. ഗൗനിക്കാതെ ഒരു കോടോപയറിന്‍ ഗുളികയാല്‍ സിസ്റ്റര്‍ സ്വയം ചികിത്സിക്കാന്‍ തുടങ്ങി. പക്ഷേ പനി കുറയുന്നില്ല. ആ ദിവസങ്ങളില്‍ ആഫ്രിക്കന്‍ മിഷനില്‍ നിന്ന്‌ ഒഴിവുകാലത്ത്‌ നാട്ടിലെത്തിയ ജ്യേഷ്‌ഠ സഹോദരി സിസ്റ്റര്‍ സീമയുടെ നിര്‍ബന്ധപ്രകാരം ഡോ. വര്‍ഗീസ്‌ പോളിനെ കണ്ടു. ചികിത്സ ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണം കാണാത്തതിനാല്‍ ഡോക്‌ടര്‍ അസ്വസ്ഥനായിരുന്നു. ഇക്കാര്യം മദര്‍ സുപ്പീരിയറിനെ അറിയിക്കുകയും ചെയ്‌തു. സിസ്റ്ററിന്‌ വലിയ ആലസ്യം. ഇടയ്‌ക്ക്‌ ഓര്‍മ നഷ്‌ടപ്പെടുന്നു. പൊടുന്നനെ ആഴമായ അബോധാവസ്ഥയിലാണ്ടു. ഒടുവില്‍ കുഞ്ഞിനെ ബാധിച്ച അതേ രോഗാണുബാധ സിസ്റ്ററിനും.
വൈദ്യശാസ്‌ത്രം പഠിച്ചതെല്ലാം പ്രയോഗിച്ചിട്ടും കാര്യങ്ങള്‍ കൈവിടുന്നതു പോലെ. വിവരമറിഞ്ഞ്‌ പെറ്റമ്മ ഓടിയെത്തുമ്പോഴേക്കും പള്‍സ്‌ തീരെ നേര്‍ത്തതായി. അമ്മയുടെ തേങ്ങലുകള്‍ക്കിടയില്‍ സിസ്റ്റര്‍ പ്രീമ തന്റെ ഗുരുനാഥന്റെ സവിധത്തിലേക്ക്‌ യാത്ര ആരംഭിച്ചു.
ആശുപത്രി ചാപ്പലിലെ അള്‍ത്താരയ്‌ക്കു മുമ്പില്‍ കിടത്തിയിരുന്ന തങ്ങളുടെ കാവല്‍മാലാഖയെ ഒരു നോക്ക്‌ കാണാന്‍ രോഗികള്‍ ഓടിക്കൂടി. ഇക്കൂട്ടത്തില്‍ ഒരു കുഞ്ഞിനെയെടുത്ത്‌ വാവിട്ടു കരയുന്ന ഒരമ്മയും പരിചിതമുഖം കണ്ട്‌ കുഞ്ഞ്‌ പുഞ്ചിരിച്ചു. പക്ഷേ..
സഹപ്രവര്‍ത്തകരായ കന്യാസ്‌ത്രീകള്‍ അന്ത്യചടങ്ങുകള്‍ക്കായി ശവമഞ്ചം പുറത്തേക്കിറക്കുമ്പോള്‍ ഈ അമ്മയും കുഞ്ഞും അന്ത്യചുംബനം നല്‍കി. കൂട്ടത്തില്‍ ഒരു പേരിടല്‍ കര്‍മ്മവും. കുഞ്ഞേ ഇനി നീയാണ്‌ പ്രീമ.
അള്‍ത്താരയിലെ കുരിശിനെ ചുവട്ടിലെ തിരുവചനം സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല (യോഹ15:3)
ഇതു ജീവിതത്തില്‍ പകര്‍ത്തിയ സിസ്റ്റര്‍ പ്രീമയുടെ രക്തസാക്ഷിത്വത്തിന്‌ ജൂലൈ 20 ന്‌ കാല്‍ ശതാബ്‌ദം. ഫാ. ഡാമിയന്‍, മാക്‌സ്‌മില്യണ്‍ കോള്‍ബെ എന്നിവരുടെ ഗണത്തില്‍ സി.പ്രീമയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ