2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

പീഡന കേരളം

കരുതിയിരിക്കൂ, കാണാമറയത്ത്‌ 'ശോഭാ ജോണ്‍'മാര്‍ വിലസുന്നു‍



പറക്കമുറ്റും മുമ്പേ ചിറകരിയപ്പെടുന്ന പെണ്‍ബാല്യങ്ങള്‍...1

'...ജൂലിച്ചേച്ചിയാണ്‌ എന്നെ സുബൈദയെന്ന സ്‌ത്രീയുടെ കൂടെവിട്ടത്‌. അവര്‍ എന്നെ ഓരോ സ്‌ഥലങ്ങളിലൊക്കെ കൊണ്ടുപോയി ഡ്രസ്സൊക്കെ അഴിപ്പിച്ച്‌ ഓരോരുത്തര്‍ക്കു കാണിച്ചുകൊടുക്കും. എന്നിട്ട്‌ എനിക്കു വിലപറയും. ചെറിയ കുട്ടിയാണ്‌. ആദ്യമായിട്ടാണ്‌ എന്നൊക്കെപ്പറഞ്ഞ്‌ ഒരുലക്ഷം രൂപവരെയൊക്കെ ചോദിക്കുമായിരുന്നു...'

മാംസവിപണിയില്‍ വിലപേശപ്പെടുന്ന കേരളീയ പെണ്‍ബാല്യത്തിന്റെ പ്രതീകമായി മാറിയ പറവൂര്‍ പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയിലെ ഒരു ഭാഗമാണിത്‌. 10-ാം ക്ലാസിന്റെ പടികടക്കുംമുമ്പേ ഇരുനൂറോളം പേര്‍ കൊത്തിവലിച്ച ഹതഭാഗ്യ. അവളെ ആദ്യമായി പീഡിപ്പിച്ചതു സ്വന്തം പിതാവാണെന്നു കേട്ടു കേരളം ഞെട്ടി. ഇരുനൂറോളം പേര്‍ക്കു മകളെ വിറ്റു ഭര്‍ത്താവ്‌ ആഡംബരജീവിതം നയിക്കുന്നതറിഞ്ഞിട്ടും സ്വന്തം സുരക്ഷയോര്‍ത്തു മറ്റാരോടും പറയാതെ കൂട്ടുനിന്നതു പെണ്‍കുട്ടിയുടെ മാതാവും!

എന്തും വിലയ്‌ക്കും വാങ്ങാവുന്ന (ഉപ)ഭോഗസംസ്‌ക്കാരത്തിന്റെ ഇര ഇവള്‍ മാത്രമല്ല. പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ എണ്‍പതോളം പ്രതികളെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ് ചെയ്‌തു. മിക്കവരും ഒട്ടേറെ പീഡനക്കേസുകളില്‍പ്പെട്ടവര്‍. ഇതിനിടെയാണു വരാപ്പുഴയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നിലവിളി പുറംലോകം കേട്ടത്‌. അവളെ ലക്ഷം രൂപയ്‌ക്കു വിറ്റതു മാതാപിതാക്കള്‍. പലര്‍ക്കു കാഴ്‌ചവയ്‌ക്കാനായി പെണ്‍കുട്ടിയെ വിലയ്‌ക്കു വാങ്ങിയതു ശോഭാ ജോണ്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായി യൂണിഫോം ധരിപ്പിച്ചു പലയിടങ്ങളില്‍ പലര്‍ക്കായി കാഴ്‌ചവച്ചു സമ്പാദിച്ചതു ലക്ഷങ്ങള്‍... ഓര്‍മയില്ലേ ശോഭാ ജോണിനെ? പഴയ തന്ത്രിക്കേസില്‍ പ്രതിയായ വിവാദനായിക. ഇവര്‍ക്കു കൂട്ടിക്കൊടുപ്പും അനാശാസ്യപ്രവര്‍ത്തനവുമൊക്കെയുണ്ടെങ്കിലും ഇത്ര വിസ്‌തൃതമായിരിക്കും സാമ്രാജ്യമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍പോലും കരുതിയില്ല. വരാപ്പുഴ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട്‌ അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണു ദക്ഷിണേന്ത്യയിലെ പെണ്‍വാണിഭസാമ്രാജ്യം നിയന്ത്രിക്കുന്ന അധോലോകനായികയെക്കുറിച്ചു വ്യക്‌തമായത്‌.

സ്‌കൂള്‍ കുട്ടികളിലാണത്രേ ശോഭാ ജോണിനു താല്‍പ്പര്യം. ഇത്തരം കുട്ടികളെ എന്തുവിലയ്‌ക്കും സ്വന്തമാക്കാന്‍ ശോഭ ശ്രമിച്ചിരുന്നു. വരാപ്പുഴയില്‍നിന്നു പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ ശോഭ 'വാങ്ങിയതു' ലക്ഷം രൂപയ്‌ക്കാണെന്നതുതന്നെ ദൃഷ്‌ടാന്തം. പെണ്‍കുട്ടിയെ ആദ്യം ചെയ്‌തതു ബംഗളുരുവിലെ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പഠിക്കാന്‍ വിട്ടത്‌ ഏതാനും ദിവസങ്ങള്‍ മാത്രം. ആവശ്യക്കാര്‍ക്കു മുന്നില്‍ സ്‌കൂള്‍ യൂണിഫോം ധരിപ്പിച്ച്‌ എത്തിക്കുകയായിരുന്നു പ്രധാനലക്ഷ്യം. നാടുനീളെ പ്രചരിക്കുന്ന നീലച്ചിത്രങ്ങളിലും മറ്റും സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികളെയാണു കാണുന്നത്‌. ഇന്റര്‍നെറ്റിലെ അശ്ലീലചിത്രങ്ങളിലും സ്‌ഥിതി വ്യത്യസ്‌തമല്ല. എത്ര പ്രായമുള്ള കുട്ടിയാണെങ്കിലും സ്‌കൂള്‍ യൂണിഫോം ധരിപ്പിച്ചു ചെറുപ്പമാക്കുന്നതാണത്രേ 'മാര്‍ക്കറ്റിംഗ്‌' തന്ത്രം. പോലീസ്‌ പിടികൂടിയാല്‍ ജനനത്തീയതി തിരുത്തിപ്പറഞ്ഞു പ്രായപൂര്‍ത്തിയായെന്നു പറയാനും ശോഭാ ജോണ്‍ മര്‍ദനത്തിനിരയാക്കി പെണ്‍കുട്ടിയെ പഠിപ്പിച്ചിരുന്നു. പിടിക്കപ്പെട്ടാല്‍ പറയേണ്ട കള്ളപ്പേരും പറഞ്ഞുകൊടുത്തു. തുടര്‍ന്നു പോലീസ്‌ പിടിച്ചപ്പോള്‍ പെണ്‍കുട്ടി വയസും ജനനത്തീയതിയും മാറ്റിപ്പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ പേരിലും പോലീസ്‌ കേസെടുത്തു. യഥാര്‍ഥത്തില്‍ 1994 മേയിലാണു ജനിച്ചത്‌. ശോഭാ ജോണ്‍ പഠിപ്പിച്ചപ്രകാരം പോലീസിനോടു പറഞ്ഞത്‌ 1992 മേയിലാണു ജനനമെന്ന്‌. പെണ്‍കുട്ടിയുടെ വീടും പഠിച്ച സ്‌കൂളും കണ്ടുപിടിച്ച്‌ പോലീസ്‌ രജിസ്‌റ്റര്‍ തപ്പിയപ്പോഴാണു യഥാര്‍ഥ ജനനത്തീയതി മനസിലായത്‌. രമ്യ എന്ന കള്ളപ്പേരാണു പെണ്‍കുട്ടി തുടക്കത്തില്‍ പോലീസിനോടു പറഞ്ഞത്‌. അതിനാല്‍ മറ്റെല്ലാ കേസിലും പീഡനത്തിനിരയായ പെണ്‍കുട്ടി സാക്ഷിയാണെങ്കില്‍ ഇവിടെ പ്രതിയായി. മുഖ്യപ്രതി ശോഭാ ജോണ്‍ ഒളിവില്‍ വിലസുന്നു. പറവൂര്‍ പെണ്‍കുട്ടിയെ വില്‍ക്കുമ്പോള്‍ ഇടനിലക്കാരികള്‍ തമ്മില്‍ വിലപേശിയതിന്റെ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്‌. സഹകരിക്കാതിരുന്നാല്‍ ക്രൂരമര്‍ദനം. മദ്യം ബലമായി വായിലൊഴിച്ചശേഷം പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പോലീസിനോടു വിവരിച്ചു. തന്ത്രിയെ കുടുക്കാന്‍ ശോഭാ ജോണ്‍ ഉപയോഗിച്ചതു യുവതിയെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നതു കൊച്ചുകുട്ടികളെ.

ഇത്തരം കുട്ടികളെ വലവീശിപ്പിടിക്കാന്‍ ഏജന്റുമാരും സജീവമായി രംഗത്തുണ്ട്‌. പ്രായം കുറഞ്ഞ കുട്ടികളെ എത്തിച്ചാല്‍ ഏജന്റുമാര്‍ക്ക്‌ 'ആകര്‍ഷക കമ്മിഷനാ'ണത്രേ ശോഭഅടക്കമുള്ള പെണ്‍വാണിഭ നടത്തിപ്പുകാര്‍ നല്‍കുന്നത്‌. കാസര്‍ഗോഡ്‌ പട്ടല സ്വദേശിയായ പെണ്‍കുട്ടിയെ ലക്ഷം രൂപയ്‌ക്കാണു ശോഭ വാങ്ങിയത്‌.

ബംഗളുരുവിലെ സ്‌ഥിരം കേന്ദ്രത്തിലും കൊച്ചിയിലും തിരുവനന്തപുരത്തും പലര്‍ക്കായി കാഴ്‌ചവച്ചു ലക്ഷങ്ങള്‍ നേടി. വരാപ്പുഴയില്‍ പെണ്‍കുട്ടിയെ എത്തിച്ചതു ശോഭയുടെ ബിസിനസ്‌ പങ്കാളിയായ തിരുവനന്തപുരം സ്വദേശി റിട്ട. കേണല്‍ ജയരാജന്‍നായര്‍ക്കു കാഴ്‌ചവയ്‌ക്കാന്‍. കുട്ടി വഴങ്ങിയില്ലെങ്കില്‍ മര്‍ദിച്ചു കാര്യം നടത്തിക്കാന്‍ നെയ്യാറ്റിന്‍കര സ്വദേശി ബിനില്‍കുമാറുമെത്തി. ശോഭ ചരടുവലിച്ച തന്ത്രിക്കേസിലും ബിനില്‍കുമാര്‍ പ്രതിയാണ്‌. പെണ്‍വാണിഭശൃംഖല വ്യാപകമായതോടെ ഇയാള്‍ ശോഭയുടെ ഗുണ്ടയായി.

വരാപ്പുഴയിലെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചപ്പോഴാണു നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിച്ചു പോലീസില്‍ ഏല്‍പ്പിച്ചത്‌. ജയരാജന്‍നായരെ എറണാകുളത്തുനിന്നു ബിനില്‍കുമാറാണു വരാപ്പുഴയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്‌. പെണ്‍കുട്ടി വഴങ്ങാതായപ്പോള്‍ നിര്‍ബന്ധിപ്പിച്ചു മദ്യം കഴിപ്പിച്ചു. തുടര്‍ന്ന്‌ ബിനില്‍കുമാറും ജയരാജന്‍നായരും പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട്‌ എറണാകുളത്തിനു പോയി. അതോടെ ടി.വിയുടെ ശബ്‌ദം കൂട്ടിയും ജനലിലൂടെ ഉച്ചത്തില്‍ വിളിച്ചും പെണ്‍കുട്ടി നാട്ടുകാരുടെ ശ്രദ്ധയാകര്‍ഷിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ വീട്ടില്‍ വന്നുപോകുന്നവരെ നിരീക്ഷിച്ചു. രാത്രി ഇരുവരും വീണ്ടുമെത്തി പീഡനത്തിനു മുതിര്‍ന്നപ്പോഴാണു നാട്ടുകാര്‍ ഇടപെട്ടു പെണ്‍കുട്ടിയെ മോചിപ്പിച്ചത്‌.

അന്വേഷണത്തില്‍ പീന്നീടു പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്‌റ്റിലായി. ശോഭയ്‌ക്കു പെണ്‍കുട്ടിയെ വിറ്റതിനും പീഡനത്തിനു കൂട്ടുനിന്നതിനുമാണു കാസര്‍ഗോഡ്‌ സ്വദേശിയായ രണ്ടാനച്‌ഛന്‍ കൃഷ്‌ണഗുലാല്‍ (57), ഭാര്യ സുന്ദരി എന്നിവര്‍ അറസ്‌റ്റിലായത്‌. പിതാവിന്റെ മരണശേഷം അമ്മതന്നെയാണു തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടിയെ ശോഭയ്‌ക്കു കൈമാറിയത്‌. പെണ്‍കുട്ടിയുടെ സഹോദരിയും കാമുകനും പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്കു കാഴ്‌ചവച്ചു. ഇരുനൂറോളം പേര്‍ പീഡിപ്പിച്ച പത്താംക്ലാസുകാരി പറവൂര്‍ പെണ്‍കുട്ടിക്കും ശോഭ വിലപറഞ്ഞിരുന്നു. ഇടനിലക്കാരന്‍ ജോഷി തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണു പെണ്‍കുട്ടിയെ ശോഭയ്‌ക്കുകാണിച്ചുകൊടുത്തത്‌. പെണ്‍കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ മാറിനിന്നുള്ള 'വിലയിടല്‍'. പെണ്‍കുട്ടിയുടെ മൊഴിയില്‍ ശോഭയെ കണ്ട കാര്യമില്ല.

എന്നാല്‍, ജോഷി അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്‌തമാക്കുന്നു. പെണ്‍കുട്ടിയെ ശോഭയ്‌ക്കു മുന്നില്‍ ഹാജരാക്കി തിരിച്ചറിയല്‍ പരേഡ്‌ നടത്താന്‍ അന്വേഷകര്‍ പദ്ധതിയിട്ടെങ്കിലും അപ്പോഴേക്കു വരാപ്പുഴ പീഡനക്കേസില്‍ അവര്‍ ഒളിവില്‍പോയി.

വിലപറഞ്ഞു പെണ്‍കുട്ടിയെ സ്വന്തമാക്കിയാല്‍ വില്‍പ്പനയും ഇടപാടുമൊക്കെ ശോഭതന്നെയാണു നിയന്ത്രിക്കാറ്‌. തെന്നിന്ത്യയില്‍ മുഴുവന്‍ സഞ്ചരിച്ചുള്ള കച്ചവടം. പറവൂര്‍ പെണ്‍കുട്ടിയെ ബംഗളുരുവില്‍ എത്തിച്ച മനീഷ്‌, ശോഭാ ജോണിന്റെ കൂലിക്കാരനാണെന്നു സംശയിക്കുന്നു. ഇയാളെ പിടികൂടാനായിട്ടില്ല. ഇത്രകാലം പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ കഴിയാന്‍ സാധിക്കുന്നതു ശോഭയുടെ ഉന്നതബന്ധങ്ങളാലാണ്‌. പ്രമുഖരായിരുന്നു ഇവരുടെ ഇടപാടുകാരില്‍ ഏറെയും. ശബരിമല തന്ത്രിയെ പെണ്‍കേസില്‍ കുടുക്കി പണംകവര്‍ന്ന കേസിലാണു ശോഭാ ജോണ്‍ സംസ്‌ഥാനത്ത്‌ അറിയപ്പെട്ടത്‌. ബ്ലാക്ക്‌ മെയിലിംഗിലൂടെ ഉന്നത ഉദ്യോഗസ്‌ഥരെവരെ വരച്ചവരയില്‍ നിര്‍ത്തുന്നവര്‍. ഇപ്പോള്‍ പോലീസ്‌ പരക്കം പായുകയാണ്‌. നാലു സംസ്‌ഥാനങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ശോഭാ ജോണിനെ കണ്ടുപിടിക്കാനായില്ല. അവരുടെ ഉന്നതബന്ധങ്ങള്‍തന്നെ കാരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ