2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച
പട്ടണനടുവില്‍ ശ്‌മശാനം
തൊടുപുഴ : തൊടുപുഴയില്‍ ശ്‌മശാനം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ മൂവാറ്റുപുഴയില്‍ പട്ടണനടുവില്‍ ശ്‌മശാനം പരാതിക്കിട നല്‌കാതെ പ്രവര്‍ത്തിക്കുന്നു. ശ്‌മശാനം എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന ഭീതിയാണ് എതിര്‍പ്പിന്റെ പ്രധാന കാരണം. എന്നാല്‍ ആധുനിക രീതിയിലുള്ള ശ്‌മശാനം യാതൊരു പ്രശ്‌നവും സൃഷ്‌ടിക്കില്ലെന്നുള്ളതിന്റെ നേര്‍ സാക്ഷ്യമാണ് മൂവാറ്റുപുഴയില്‍ കാണുവാന്‍ കഴിയുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന്റെ മുന്‍വശത്താണ് മൂവാറ്റുപുഴയിലെ ശ്‌മശാനം സ്ഥിതി ചെയ്യുന്നത്. നിരവധി കുട്ടികള്‍ പഠിക്കുന്ന കോ-ഓപ്പറേറ്റീവ് കോളേജ്, മൃഗാശുപത്രി, വീടുകള്‍ തുടങ്ങിയവ സമീപത്തുണ്ട്. മൂവാറ്റുപുഴയിലും ആദ്യം എതിര്‍പ്പുണ്ടായിരുന്നുവെന്ന് കോ-ഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പല്‍ കെ.ജെ തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായതോടെ എതിര്‍പ്പ് ഒഴിവാകുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുശ്‌മശാനം പരാതിക്കിട നല്‌കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍ ബാബു പറഞ്ഞു.തൊടുപുഴയില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുമ്പോള്‍ സമീപവാസികള്‍ എതിര്‍പ്പുമായി വരുന്നത് ശ്‌മശാന നിര്‍മ്മാണം നടക്കുവാന്‍ തടസ്സമായിരിക്കുകയാണ്. നാട്ടുകാരോടൊപ്പം വാര്‍ഡ് കൗണ്‍സിലര്‍മാരും രംഗത്ത് വരുന്നത് ശ്‌മശാനം എന്നത് തൊടുപുഴയില്‍ സാദ്ധ്യമല്ലാത്ത അവസ്ഥയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ശ്‌മശാനത്തിന്റെ ക്രെഡിറ്റ് ആര്‍ക്കെങ്കിലും ലഭിച്ചാലോയെന്ന ചിന്തയും പ്രശ്‌നം കുത്തിപ്പൊക്കുന്നവരുടെ മനസിലുണ്ടെന്ന ചിന്തയും ജനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരോടെങ്കിലും നീതി കാണിക്കാന്‍ അഭിനവ സാമൂഹിക പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ