2011, നവംബർ 2, ബുധനാഴ്‌ച

കാളിയാറിലെ റബര്‍ കര്‍ഷകര്‍ ജൂബിലി നിറവില്‍


തൊടുപുഴ : വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ കാളിയാര്‍ പ്ലാന്റേഷനില്‍ കര്‍ഷകരെത്തിയിട്ട്‌ അന്‍പത്‌ വര്‍ഷം പൂര്‍ത്തിയാകുന്നു. കേരള ഗവണ്‍മെന്റ്‌ എയ്‌ഡഡ്‌ റബര്‍ പ്ലാന്റേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നവംബര്‍ ആറിന്‌ ജൂബിലി ആഘോഷിക്കുമെന്ന്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്‌ച വൈകുന്നേരം നാലിന്‌ വെട്ടുകല്ലുംപുറത്ത്‌ എം. തോമസിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ മന്ത്രി പി ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. പി ടി തോമസ്‌ എം പി, ഫാ. ജോര്‍ജ്ജ്‌ നെടുങ്കല്ലേല്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ഹയറുന്നിസ ജാഫര്‍, സണ്ണി കളപ്പുര, അഡ്വ. സാബു എബ്രഹാം, ലൈല രമേശ്‌, കെ എം സോമന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ എ അവിരാച്ചന്‍, എം തോമസ്‌, ജോസ്‌ കുളക്കുടിയില്‍, ജോസ്‌ മാത്യു കുന്നത്തുശ്ശേരില്‍ എന്നിവരും പങ്കെടുത്തു. 1960-ല്‍ പട്ടംതാണുപിള്ളയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഐക്യകക്ഷി മന്ത്രിസഭ എടുത്ത തീരുമാനപ്രകാരം സര്‍ക്കാരിന്റെ റബ്ബര്‍ പ്ലാന്റേഷന്‍ സ്‌കീം അനുസരിച്ച്‌ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട തൊഴില്‍രഹിതരായ അഭ്യസ്‌തവിദ്യര്‍ക്ക്‌ 3 1/2 ഏക്കര്‍ സ്ഥലം വീതം റബ്ബര്‍ കൃഷി നടത്തുന്നതിന്‌ അനുവദിച്ചുകൊടുത്തു. അതനുസരിച്ച്‌ എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ നിന്നുമുള്ള 235 ആളുകള്‍ കാളിയാര്‍ റബ്ബര്‍ പ്ലാന്റേഷനില്‍ വന്ന്‌ സ്ഥലം ഏറ്റെടുത്ത്‌ റബ്ബര്‍ കൃഷി ചെയ്‌തു തുടങ്ങിയിട്ട്‌ 50 വര്‍ഷങ്ങളായി. ഇത്തരുണത്തില്‍ ആദ്യകാല കാര്യങ്ങള്‍ അനുസ്‌മരിക്കുന്നതിനും അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതിനുമാണ്‌ അസോസിയേഷന്‍ അലോട്ടിസിന്റെ കുടുംബക്കൂട്ടായ്‌മ നടത്തുന്നത്‌. കേരള ഗവ. എയിഡഡ്‌ റബ്ബര്‍ പ്ലാന്റേഷന്‍ അസോസിയേഷന്‍ കാളിയാര്‍ പി.ഒ., വണ്ണപ്പുറം എന്ന ശാഖയുടെ ആരംഭം മുതലുള്ള പ്രസിഡന്റ്‌ അഗസ്റ്റിന്‍ വട്ടക്കുന്നേലും അലോട്ടികളായ കെ.എ. അവിരാച്ചന്‍, വി.റ്റി. അഗസ്റ്റിന്‍, വി.എ. പീതാംബരന്‍, എം. തോമസ്‌ എന്നിവരും അലോട്ടികളുടെ മക്കളായ ജോസ്‌ വര്‍ക്കി കുളക്കുടിയില്‍, ജോസ്‌ മാത്യു കുന്നത്തുശ്ശേരില്‍, ലാലു ജോസഫ്‌ കണ്ണികുളം, സണ്ണി മാവറ എന്നിവരും ഉള്‍പ്പെട്ട കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. രാഷ്‌ട്രീയ രംഗത്തും, ബിസിനസ്സ്‌ രംഗത്തും, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവയില്‍ ധാരാളം ആളുകള്‍ ജോലിചെയ്യുന്നവരായി ഈ കുടുംബക്കൂട്ടായ്‌മയിലുണ്ട്‌. സബ്‌ കളക്‌ടറായി റിട്ടയര്‍ ചെയ്‌ത ജോസഫ്‌ ആന്റണി, ഫോറസ്റ്റ്‌ റെയിഞ്ചോഫീസറായി റിട്ടയര്‍ ചെയ്‌ത ജോസ്‌ മാത്യു എന്നിവരും നിലവില്‍ സര്‍ക്കാര്‍ സേവനം നടത്തുന്ന അബു എബ്രഹാം (സി.ഐ. എക്‌സൈസ്‌), കെ.വി. ദേവസ്യ (സംസ്ഥാന അവാര്‍ഡ്‌ ജേതാവ്‌), പി.കെ. നൂര്‍ജഹാന്‍ (റബ്ബര്‍ ബോര്‍ഡ്‌), ഫെഡറല്‍ ബാങ്ക്‌ മാനേജര്‍ ജോസ്‌ അഗസ്റ്റിന്‍, പഞ്ചായത്ത്‌ മെമ്പര്‍ അഡ്വ. സാബു എബ്രഹാം, ജോസണ്‍ വലിയകാക്കനാട്ട്‌ (ആകാശവാണി) ഉള്‍പ്പെടെ സര്‍ക്കാര്‍ രംഗത്തും സാമൂഹ്യ രംഗത്തുമുള്ള മറ്റനവധി ആളുകള്‍ ഈ കൂട്ടായ്‌മയിലുണ്ട്‌. സംഘടനയുടെ കേരളാ പ്രദേശ്‌ പ്രസിഡന്റായിരുന്ന പി.കെ. വാസുദേവന്‍ നായരെയും അന്നത്തെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും കൃഷി ഡയറക്‌ടറായിരുന്ന എം.എസ്‌. നായരേയും നിറഞ്ഞ ഹൃദയത്തോടെ ഇവര്‍ അനുസ്‌മരിക്കുന്നു. വണ്ണപ്പുറത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലായിരുന്നു കാളിയാര്‍ റബ്ബര്‍ പ്ലാന്റേഷന്‍. കാളിയാര്‍ മുതല്‍ കരിമണ്ണൂര്‍ പഞ്ചായത്തിലെ തൊമ്മന്‍കുത്തുവരെ നിറഞ്ഞു പരന്നു കിടക്കുന്ന റബ്ബര്‍ മേഖല ഈ നാടിന്റെ സാമ്പത്തിക ഉറവിടമാണ്‌. പള്ളികള്‍, സ്‌ക്കൂള്‍, അമ്പലങ്ങള്‍ എന്നിവ ഇതിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്നുണ്ട്‌. പ്രകൃതി രമണീയമായ തൊമ്മന്‍കുത്ത്‌ വെള്ളച്ചാട്ടം ഇതിന്റെ അതിര്‍ത്തിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ധാരാളം ടൂറിസ്റ്റുകള്‍ ഇവിടെ വന്ന്‌ പ്രകൃതിയുടെ രൂപഭംഗി ആസ്വദിച്ച്‌ പോകുന്നുണ്ട്‌. നൂറ്‌്‌ശതമാനം സാക്ഷരതയുള്ളവരും വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്യുന്ന അനവധി ആളുകള്‍ ഈ കുടുംബക്കൂട്ടായ്‌മയിലുണ്ട്‌. എ.ഡി തൊമ്മി അമ്പഴക്കാട്ട്‌, കെ. സി മാത്യു കുന്നത്തുശ്ശേരി, കെ. വി വര്‍ക്കി കൊല്ലറയ്‌ക്കല്‍, സി. കെ ദിവാകരന്‍, ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ അസോസിയേഷന്റെ ആദ്യകാല ഭാരവാഹികളായിരുന്നു. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും നാടിന്‌ ആവശ്യമായിട്ടുണ്ട്‌. വണ്ണപ്പുറത്തുനിന്നും കരിമണ്ണൂരില്‍ നിന്നും എത്തിപ്പെടാതെ ഒറ്റപ്പെട്ടുകിടന്ന പ്രദേശമായിരുന്നു റബ്ബര്‍ പ്ലാന്റേഷന്‍. എം.എല്‍.എ. എന്ന നിലയില്‍ പി.ജെ. ജോസഫ്‌ മുഖാന്തിരമാണ്‌ തൊമ്മന്‍കുത്തില്‍ പാലവും, വണ്ണപ്പുറം തൊമ്മന്‍കുത്ത്‌ റോഡും യാഥാര്‍ത്ഥ്യമായത്‌. അന്നും ഇന്നും കാട്ടുമൃഗങ്ങളുടെ ഉപദ്രവങ്ങള്‍ മൂലം കുറുംകൂപ്പ്‌ കൃഷികളും മറ്റും നടത്താന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയുമുണ്ട്‌. ഈ ജൂബിലി ആഘോഷ വേളയില്‍ ഈ നിയോജകമണ്‌ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. എന്ന നിലയില്‍ പി.ജെ. ജോസഫും എം.പി. എന്ന നിലയില്‍ പി.റ്റി. തോമസും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിത്തരുമെന്ന്‌ ഇവര്‍ പ്രതീക്ഷിക്കുന്നു. ഞാറക്കാടു മുതല്‍ തൊമ്മന്‍കുത്ത്‌ വരെയുള്ള റോഡ്‌ ടൂറിസം വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുപണി നടത്തിത്തരുവാന്‍ ശ്രമിക്കണമെന്ന്‌ ഇവര്‍ ആവശ്യപ്പെടുന്നു.

1 അഭിപ്രായം:

  1. എന്താ ഭായി ഇത്
    ഒരു മെയില്‍ അയയ്ക്കാന്‍ പറഞ്ഞിട്ട് അനക്കം ഇല്ലാത്തത്. പഴയ ഫ്രണ്ടാണ് .ഒന്നിച്ചിരുന്നു മുളം കുറ്റിയില്‍ കള്ളുകുടിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ