2011, നവംബർ 17, വ്യാഴാഴ്‌ച

ജോബിന്റെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിക്കും


ജോസ്‌ എം ജോര്‍ജ്ജ്‌
തൊടുപുഴ : ഓസ്‌ട്രേലിയയില്‍ ബുധനാഴ്‌ച വാഹനാപകടത്തില്‍ മരണമടഞ്ഞ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥി ജോബിന്‍ ജോസിന്റെ (25) മൃതദേഹം തിങ്കളാഴ്‌ച രാത്രി 10.30 ന്‌ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ വഴി നെടുമ്പാശ്ശേരിയില്‍ എത്തിക്കും. കോറോണര്‍ ഓഫീസിലെയും കോണ്‍സല്‍ ജനറല്‍ ഓഫീസിലെയും നടപടികള്‍ വളരെ ദ്രുതഗതിയില്‍ തന്നെ പൂര്‍ത്തിയാക്കി. വെള്ളിയാഴ്‌ച നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മൃതദേഹം കാണുവാനും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുവാനും വൈകിട്ട്‌ അഞ്ച്‌ മണി മുതല്‍ ആറ്‌ വരെ ക്യൂന്‍സ്‌ ഫോര്‍സ്‌ റെയില്‍വേ ടെറസ്സില്‍ അവസരം ഒരുക്കിയിരുന്നു. ഒഐസിസി പ്രസിഡന്റ്‌ ജോസ്‌ എം ജോര്‍ജ്ജ്‌ അറിയിച്ചതനുസരിച്ച്‌ ഇടുക്കി എം പി അഡ്വ. പി ടി തോമസ്‌ പ്രവാസി കാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടത്‌. നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സഹായകമായി. കോണ്‍സല്‍ ഗൗതം റോയിയും സിഡ്‌നിയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും വളരെ സജീവമായി ഇടപെട്ടു.
തൊടുപുഴ നെയ്യശ്ശേരി വയലില്‍ ജോസിന്റെയും സൂസിയുടെയും ഏകമകനാണ്‌ ജോബിന്‍. മംഗലാപുരത്ത്‌ നഴ്‌സിംഗ്‌ പഠനം പൂര്‍ത്തിയാക്കി മൂന്ന്‌ മാസത്തെ അഡാപ്‌റ്റേഷന്‍ കോഴ്‌സിനായി ഒക്‌ടോബര്‍ 23 നാണ്‌ മെല്‍ബണിലെ ഇടിഎ കോളേജില്‍പ്രവേശിച്ചത്‌. പഠനത്തോടൊപ്പമുള്ള ഫ്‌ളേഡ്‌മെന്റിനായി സിഡ്‌നിയിലെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്‌. സിഡ്‌നിയില്‍ നിന്നും 60 കിലോമീറ്റീര്‍ അകലെ പെന്‍റിത്തിലെ നെപ്പീയന്‍ പ്രൈവറ്റ്‌ ഹോസ്‌പിറ്റലിലാണ്‌ ഫ്‌ളേഡ്‌മെന്റ്‌ നടന്നിരുന്നത്‌. തൊട്ടടുത്തുള്ള താമസസ്ഥലത്തേക്കുള്ള റോഡ്‌ മുറിച്ച്‌ കടക്കുമ്പോഴാണ്‌ അപകടം സംഭവിച്ചത്‌. ജോബിന്റെ മാതൃസഹോദരന്‍ നെയ്യശ്ശേരി സ്വദേശി ടോമി മാണിക്കുന്നേലും കുടുംബവും എംബാം ചെയ്‌ത മൃതശരീരത്തോടൊപ്പം തിങ്കളാഴ്‌ച യാത്ര തിരിക്കും. സംസ്‌കാരം നെയ്യശ്ശേരിയിലോ പിതാവിന്റെ സ്വദേശമായ ആരക്കുഴ പള്ളിയിലോ ആയിരിക്കും നടക്കുക.

മെല്‍ബണിലെ ജോബിന്‍ താമസിച്ചിരുന്ന ഗ്ലാന്‍റോയിലെ സുഹൃത്തുക്കളുടെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. സഹതാമസക്കാരായ അനു പറയന്നിലം, ബാസ്റ്റിന്‍ ജോര്‍ജ്ജ്‌, ഉല്ലാസ്‌ രാംദാസ്‌ എന്നിവര്‍ തങ്ങളുടെ കൂട്ടുകാരന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവുന്നില്ല. ഹൈഡല്‍ബര്‍ഗിലെ ഇ.ടി.എയിലെ ഭൂരിഭാഗം വരുന്ന മലയാളികളും ജോബിന്റെ അപകടത്തില്‍ ദുഃഖിതരാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ