2011, നവംബർ 12, ശനിയാഴ്‌ച

വിനോദയാത്രാ ബസ്‌ മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ച സംഭവം ബസുകളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നു



തൊടുപുഴ : കമ്പംമേട്ടിന്‌ സമീപം ശനിയാഴ്‌ച പുലര്‍ച്ചെ ടൂറിസ്റ്റ്‌ ബസ്‌ മറിഞ്ഞ്‌ ഒരു വിദ്യാര്‍ത്ഥി മരിക്കുകയും 14ഓളം വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം ടൂറിസ്റ്റ്‌ ബസുകളിലെ ഡ്രൈവര്‍മാരുടെ മദ്യപാനം മൂലമാണെന്ന്‌ സൂചന. മണക്കാട്‌ എന്‍.എസ്‌.എസ്‌. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അജ്‌മല്‍ (16) ആണ്‌ ദാരുണമായി മരിച്ചത്‌. വ്യാഴാഴ്‌ചയാണ്‌ തൊടുപുഴയിലുള്ള യാത്രാ കമ്പനിയുടെ രണ്ട്‌ ബസുകളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൊടൈക്കനാലിന്‌ വിനോദയാത്ര പോയത്‌. വെള്ളിയാഴ്‌ച രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പ്‌ ഫയര്‍ നടത്തിയ സമയത്ത്‌ സമീപത്തുള്ള കെട്ടിടത്തിലിരുന്ന്‌ ബസ്‌ ഡ്രൈവര്‍മാര്‍ മദ്യപിച്ചതായാണ്‌ സൂചന. വിദ്യാര്‍ത്ഥികള്‍ ഇത്‌ കണ്ടെത്തുകയും അദ്ധ്യാപകരെ വിവരം ധരിപ്പിക്കുകയും ചെയ്‌തു. ഇതേ കുറിച്ച്‌ ചോദിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുമായി വാക്ക്‌ തര്‍ക്കം ഉണ്ടാവുകയും ചെയ്‌തു. ഇവരുടെ സമീപനത്തില്‍ പന്തികേട്‌ തോന്നിയതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്ക്‌ ബസില്‍ കയറരുതെന്ന നിര്‍ദ്ദേശവും അദ്ധ്യാപകര്‍ നല്‍കിയിരുന്നു. അദ്ധ്യാപികമാരോടും വിദ്യാര്‍ത്ഥിനികളോടും അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ട്‌. വെള്ളിയാഴ്‌ച മടക്കയാത്രയ്‌ക്കിടയില്‍ അപപകടത്തില്‍പ്പെട്ട ബസ്‌ ഓടിച്ചിരുന്നത്‌ ബിജു എന്ന ഡ്രൈവറായിരുന്നുവെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന്‌ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ ഇടിക്കുവാന്‍ തുടങ്ങി. പിന്നീട്‌ ഒരു പാറയിലും തട്ടി. ഇവിടെ നിന്നും പിന്നോട്ട്‌ എടുത്ത ശേഷമാണ്‌ യാത്ര തുടര്‍ന്നത്‌. കമ്പംമേട്‌ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയപ്പോള്‍ ബിജുവിന്‌ പകരം അര്‍ഷാദ്‌ എന്ന ഡ്രൈവറാണ്‌ ബസ്‌ ഓടിച്ചത്‌. അല്‍പ്പസമയത്തിനകം ഒരു വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം പാടത്തേക്ക്‌ മറിയുകയായിരുന്നു. ക്യാബിനില്‍ കുടുങ്ങി പോയ ഡ്രൈവറെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ്‌ പുറത്തെത്തിച്ചത്‌. പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആശുപത്രികളിലെത്തിച്ച ശേഷം വൈകിയാണ്‌ ബസിനടിയില്‍ അജ്‌മല്‍ കുടുങ്ങിയ വിവരം അറിയുന്നത്‌. പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തൊടുപുഴ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ്‌ ബസുകളില്‍ പലതിലും വേണ്ടത്ര ഡ്രൈവിംഗ്‌ വൈദഗ്‌ധ്യമില്ലാത്തവരാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്‌. അതുപോലെ രേഖകള്‍ കൃത്യമായിട്ടില്ലാത്ത ബസുകളും ഓടുന്നുണ്ട്‌. അന്യ സംസ്ഥാനങ്ങളിലേക്ക്‌ പോകുമ്പോള്‍ പെര്‍മിറ്റ്‌ പോലും എടുക്കാതെ പോകുന്ന ടൂറിസ്റ്റ്‌ ബസ്‌ സര്‍വ്വീസുകളും തൊടുപുഴയിലുണ്ട്‌. ഒരു മാസം മുമ്പ്‌ മൈസൂരിന്‌ വിനോദയാത്ര പോയ സംഘത്തെ മൈസൂരില്‍ വഴിയില്‍ ഇറക്കി വിട്ട സംഭവുമുണ്ടായി. കര്‍ണ്ണാടക പെര്‍മിറ്റ്‌ എടുക്കാതെ പോയ ബസിനെ അവിടുത്തെ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പിടികൂടുമെന്ന്‌ പറഞ്ഞ്‌ വിനോദസഞ്ചാരികളോട്‌ വേറെ വാഹനം സംഘടിപ്പിച്ച്‌ വൃന്ദാവന്‍ കാണുവാന്‍ ബസ്‌ ജീവനക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പലപ്പോഴും ഇവര്‍ക്കെതിരെ പരാതി നല്‍കിയാലും നടപടി ഉണ്ടാകാത്തതിനാല്‍ ഇവര്‍ക്ക്‌ തോന്നും വിധമാണ്‌ ടൂറിസ്റ്റ്‌ ബസുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌. ഒരു നമ്പറില്‍ പല ടൂറിസ്റ്റ്‌ ബസുകള്‍ ഓടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ബന്ധപ്പെട്ടവരെ വേണ്ടരീതിയില്‍ കാണുന്നതിനാല്‍ ടൂറിസ്റ്റ്‌ ബസിന്റെ മറവില്‍ എന്ത്‌ നിമയലംഘനം വേണമെങ്കിലും നടത്താവുന്ന സ്ഥിതിയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ