2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

235 കോടിയുടെ ഓണക്കുടി

235 കോടിയുടെ ഓണക്കുടി; കരുത്ത് തെളിച്ച് കേരളം, ചാലക്കുടിയ്ക്ക് രണ്ടാം സ്ഥാനം മാത്രം



റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടാന്‍ ഉള്ളതാണെന്ന് ആരോ പറഞ്ഞത് ഓരോ വര്‍ഷത്തെയും കേരളത്തിലെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള മദ്യവില്പന കണ്ടിട്ടാകും. കാരണം ഇക്കുറിയും മലയാളികള്‍ പതിവ് തെറ്റിച്ചില്ല. മുന്‍വര്‍ഷങ്ങളിലെ റെക്കോര്‍ഡുകള്‍ നമ്മള്‍ വീണ്ടും പഴങ്കഥയാക്കി. ഓണമാഘോഷിക്കാന്‍ ഇക്കുറി കേരളീയര്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്പനകേന്ദ്രങ്ങളില്‍നിന്ന് വാങ്ങിയത് 235 കോടി രൂപയുടെ മദ്യം. അത്തം മുതല്‍ ഉത്രാടം വരെയുള്ള കണക്കാണിത്. കണ്‍സ്യൂമര്‍ ഫെഡിന്റെയും ബാറുകളുടെയും കൂടി കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ മദ്യക്കച്ചവടം ഇതിന്റെ ഇരട്ടിയാകും.


കഴിഞ്ഞവര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി ഈ കാലയളവില്‍ വിറ്റത് 185 കോടിയുടെ മദ്യമായിരുന്നു. 24.93 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാടദിനത്തില്‍മാത്രം 38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 30 കോടിയായിരുന്നു. മദ്യവില്പനയില്‍ കരുനാഗപ്പള്ളി ഒന്നാം സ്ഥാനത്തേയ്ക്ക് വന്നതാണ് ഇത്തവണ ശ്രദ്ധഅകര്‍ഷിക്കപ്പെട്ട ഒരു സംഭവം. ചാലക്കുടിയിലെ കുടിയന്മാരുടെ ആവേശം പോയതാണോ അതോ കരുനാഗപ്പള്ളിക്കാര്‍ കൂടുതല്‍ ആവേശത്തോടെ മദ്യം വാങ്ങുന്നതില്‍ മുന്നിട്ടിറങ്ങിയതാണോ എന്നറിയില്ല.


കരുനാഗപ്പള്ളിയിലെ കേന്ദ്രത്തില്‍ ഉത്രാടത്തിന് 25.87 ലക്ഷത്തിന്റെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്ന ചാലക്കുടി ഇത്തവണ 24.34 ലക്ഷത്തിന്റെ വില്പനയുമായി രണ്ടാംസ്ഥാനത്തായി. ഭരണിക്കാവിലെ വില്പനകേന്ദ്രം 21.10 ലക്ഷവുമായി മൂന്നാംസ്ഥാനത്താണ്. ഇടുക്കി ചിന്നക്കനാലിലാണ് ഏറ്റവും കുറവ് വില്പന. ഇവിടെ 1.41 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 46 കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്താണ്. 17 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ വിറ്റത്. ശരാശരി അഞ്ചുലക്ഷത്തിന്റെ മദ്യം വില്‍ക്കുന്ന സ്ഥാനത്താണ് ഉത്രാടത്തിന് 17 ലക്ഷത്തിന്റെ വില്പന നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ