2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

സിവില്‍ സര്‍വ്വീസ്‌ മീറ്റ്‌ ബേബി വര്‍ഗീസ്‌ രണ്ട്‌ സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി


തൊടുപുഴ: സംസ്ഥാന സിവില്‍ സര്‍വ്വീസ്‌ നീന്തല്‍ മത്സരത്തില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ ഹെഡ്‌ക്ലാര്‍ക്ക്‌ ബേബി വര്‍ഗീസ്‌ രണ്ട്‌ സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി. അന്‍പത്‌ മീറ്റര്‍ ഫ്രീസ്റ്റൈലിലും അന്‍പത്‌ മീറ്റര്‍ ബ്രസ്‌ട്രോക്കിലും സ്വര്‍ണ്ണവും അന്‍പത്‌ മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെള്ളിയും ലഭിച്ചു. നവംബറില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന ദേശീയ സിവില്‍ സര്‍വ്വീസ്‌ മീറ്റിലേക്ക്‌ യോഗ്യത നേടി. കഴിഞ്ഞ 18 വര്‍ഷമായി സംസ്ഥാന - ദേശീയ സിവില്‍ സര്‍വ്വീസ്‌ മീറ്റുകളിലും ദേശീയ മാസ്റ്റേഴ്‌സ്‌ മീറ്റിലും നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്‌. വണ്ടമറ്റത്ത്‌ വീടിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ചിരിക്കുന്ന വണ്ടമറ്റം അക്വാട്ടിക്‌ സെന്ററിലൂടെ നൂറുകണക്കിന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കി വരുന്നുണ്ട്‌. ഇതിനോടകം ആയിരത്തോളം ആളുകള്‍ നീന്തല്‍ പരിശീലനം നേടിക്കഴിഞ്ഞു. ഇടുക്കി ജില്ലാ അക്വാട്ടിക്‌ അസോസിയേഷന്‍ സെക്രട്ടറി കൂടിയാ ബേബി വര്‍ഗീസ്‌ തന്നെയാണ്‌ ഇവിടുത്തെ മുഖ്യപരിശീലകന്‍. രാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പരിശീലനത്തിന്‌ സൗകര്യമുണ്ട്‌. സര്‍ക്കാര്‍ നീന്തല്‍കുളങ്ങള്‍ തകര്‍ന്നു കിടക്കുന്നതു മൂലം വിദ്യാഭ്യാസ ജില്ലാതല നീന്തല്‍ മത്സരങ്ങളും ഇവിടെ ആണ്‌ നടത്തി വരുന്നത്‌. നീന്തല്‍ വശമില്ലാത്തതു മൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഇവിടെ പരിശീലനത്തിന്‌ കൊണ്ടു വരുന്നുണ്ട്‌. നീന്തലിനോടുള്ള താല്‍പര്യവും കൂടുതല്‍ നീന്തല്‍ താരങ്ങളെ കണ്ടെത്തുകയുമാണ്‌ സ്വന്തമായി നീന്തല്‍കുളം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ ബേബി പറഞ്ഞു. വ്യായാമം എന്ന നിലയില്‍ ശരീരത്തിനും മനസ്സിനും നീന്തല്‍ പ്രയോജനപ്പെടുന്നതാണ്‌ മുതിര്‍ന്നവരെ ഇവിടേക്ക്‌ ആകര്‍ഷിച്ചിരിക്കുന്നത്‌. ഫോണ്‍ : 9447223674

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ