2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച
ഒരു പീഡന കഥയുടെ പിന്നാമ്പുറം
ഇതൊരു വിധിയെഴുത്തല്ല. വിലയിരുത്തലുമല്ല. ഇരയോ വേട്ടക്കാരനോ എന്ന സംശയത്തിനും ഇവിടെ പ്രസക്തിയില്ല. നീതിദേവതയുടെ കനിവിന് കാത്തിരിക്കുന്ന ഒരു മനുഷ്യന്റെ ഹൃല്‍സ്‌പന്ദനങ്ങള്‍ സത്യസന്ധമായി പകര്‍ത്തുക- അത്രമാത്രം.നീതിയുടെ തുലാസിന്റെ തട്ടുകള്‍ ഉയര്‍ന്നുതാഴട്ടെ -നിയമം നിക്ഷ്‌പക്ഷതയുടെ നേര്‍വരയില്‍ സഞ്ചരിക്കട്ടെ. ഇതിനിടയില്‍ ഒരു കാര്യം മാത്രമേ പ്രസക്തമാകുന്നുള്ളു. ഇരയും വേട്ടക്കാരനും കളം മാറി വരുന്ന വൈപരീത്യത്തിന് കേരളം സാക്ഷിയാകേണ്ടി വരുമോ.
കഴിഞ്ഞ ദിവസം തൊടുപുഴയിലുണ്ടായ സംഭത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.യൂണിയന്‍ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ച് സീനിയര്‍ മാനേജറായ പേഴ്‌സി ജോസഫ് ഡെസ്‌മണ്ട് അറസ്റ്റ് ചെയ്യപ്പെട്ടു. ബാങ്കിലെത്തിയ ഒരു സ്‌ത്രീയുടെ കൈയില്‍ കയറിപ്പിടിച്ചു എന്നതാണ് കുറ്റം. മാധ്യമങ്ങളിലൂടെ ലോകം ആ വാര്‍ത്തയറിഞ്ഞു. ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസായി സംഭവം റിപ്പോര്‍ട്ട് ചെയ്‌തു. പേഴ്‌സി ജോസഫിനെ പോലീസ് ജീപ്പില്‍ കയറ്റുന്ന ദൃശ്യങ്ങളോടെ വാര്‍ത്തയുടെ വിശദാംശങ്ങള്‍ നിരന്നു. സ്‌ത്രീ പീഡന കേസുകള്‍ കെണ്ട് മാദ്ധ്യമങ്ങള്‍ മാമാങ്കം ആഘോഷിക്കുന്നതിനിടയില്‍ മാറ്റൊരു ഇര കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.
ഒരു ദേശസാല്‍കൃതബാങ്കിന്റെ പ്രധാന ശാഖയില്‍ വച്ച് പട്ടാപ്പകല്‍ ഒരു സ്‌ത്രീയെ പീഡിപ്പിക്കാന്‍ ഒരു സ്‌ത്രീയെ പീഡിപ്പിക്കാന്‍ അഥവാ അപമാനിക്കാന്‍ ശ്രമിക്കുക. അതും ആ ബ്രാഞ്ചിന്റെ ചുമതലക്കാരനായ സീനിയര്‍ മാനേജര്‍. നിമിഷങ്ങളുടെ ആവേശത്തള്ളലില്‍ നിറഞ്ഞൊഴുകി വരുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍ നിഴല്‍ മൂടിക്കിടക്കുന്ന സത്യങ്ങളുണ്ടോ എന്നന്വേഷിക്കാന്‍ കാരണം ഈ പശ്ചാത്തലമാണ്.
ആദ്യം തന്നെ പറഞ്ഞു.- ഇതൊരു വിളംബരമോ വിലയിരുത്തലോ അല്ല. വിവാദങ്ങളുടെ വിത്തെറിഞ്ഞ് വിളകൊയ്യാനും ഞങ്ങള്‍ ശ്രമിക്കുന്നില്ല. സത്യാന്വേഷണ വഴിയിലെ സുതാര്യമായ സത്യങ്ങള്‍ നിറക്കൂട്ടുകളില്ലാതെ പകര്‍ത്തുന്നു. അത്രമാത്രം
എറണാകുളത്തുള്ള പേഴ്‌സി ജോസഫിന്റെ വീട്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്‌ചകളില്‍ നിന്ന്.
?കഴിഞ്ഞ ദിവസം എന്താണ് ഉണ്ടായത്.
എന്താണ് സംഭവിച്ചതെന്ന് നിങ്ങളും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതല്ലെ. സ്‌ത്രീയെ അപമാനിച്ചു എന്ന പരാതി- അറസ്റ്റ് പോലീസ് പീഡനം- പിന്നീട് ജാമ്യം. ഇതില്‍ എന്താണ് ഞാന്‍ വിശദീകരിക്കേണ്ടത്? അഥവാ വിശദീകരിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
? സത്യവസ്ഥ അന്വോഷിക്കാനാണല്ലോ ഞങ്ങളെത്തിയത്. പട്ടാപ്പകല്‍ ഒരു ബാങ്കില്‍വച്ച് ഒരു സീനിയര്‍ മാനേജര്‍ പരസ്യമായി ഒരു സ്‌ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു പറയുന്നതില്‍ അസ്വാഭാവികത തോന്നി. അതു കൊണ്ടാണ് നേരില്‍ അന്വോഷിക്കാമെന്ന് തോന്നിയത്.സത്യസന്ധമായ റിപ്പോര്‍ട്ടിംഗ് ആണ് ഞങ്ങളുടെ ലക്ഷ്യം
നിങ്ങളുടെ ഈ ചോദ്യം പോലീസ് സ്വയം ചോദിച്ചിരുന്നെങ്കില്‍ കേസ് ഇങ്ങനെയാകുന്നുമായിരുന്നില്ല. മാധ്യമങ്ങളിലൂടെ എന്നെ പ്രദര്‍ശിപ്പിച്ചവര്‍ ഒരു നിമിഷം ഇക്കാര്യം ചിന്തിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ അപമാനിതമാകുമായിരുന്നില്ല. നിങ്ങളുടെ ചോദ്യം തന്നെയാണ് എന്റെ ഉത്തരം. കഴിഞ്ഞ 27 വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്ന -7 വര്‍ഷങ്ങളായി ഓഫീസര്‍ തസ്‌തികയിലിരിക്കുന്ന ഞാന്‍ ബാങ്കില്‍ വരുന്ന ഒരു കസ്റ്റമറുടെ കൈയ്യില്‍ കയറി പിടിക്കാന്‍ മാത്രം വിഡ്‌ഢിയോ, ഭ്രാന്തനോ ആണോ? അങ്ങനെയാണെങ്കില്‍ എന്നെ ആ തസ്‌തികയില്‍ ബാങ്ക് വച്ചു കൊണ്ടിരിക്കുമോ.
? താങ്കള്‍ മറ്റ് സ്‌ത്രീകളോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അതേകുറിച്ച് അന്വേഷിക്കാന്‍ വനിതാ പോലീസ് എത്തിയപ്പോള്‍ അവരോടും മോശമായി പെരുമാറി എന്നുമാണ് പരാതി.
നോക്കൂ. ഞാന്‍ തൊടുപുഴ ബ്രാഞ്ചിലേക്ക് സ്ഥലം മാറി വന്നിട്ട് 1 മാസം കഴിഞ്ഞിട്ടേയുള്ളു. സ്ഥിരം കസ്റ്റമേഴ്‌സുമായിപ്പോലും പരിചയപ്പെട്ടു വരുന്നതേയുള്ളു. പുതിയ ഒരു സ്ഥലത്ത് ചാര്‍ജ്ജെടുത്ത ഉടനെ ബാങ്കില്‍ വരുന്ന സ്‌ത്രീകളോടെല്ലാം മോശമായി പെരുമാറിയെന്നാണോ? പതിനഞ്ചോളം ജോലിക്കാരുടെ സ്ഥാപനമാണ് തൊടുപുഴ ബ്രാഞ്ച്. ഏത് ദേശസാല്‍കൃത ബാങ്കിന്റെയും മാനേജരുടെ ക്യാബില്‍സുതാര്യമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. മാത്രമല്ല ഇന്നെല്ലാ ബാങ്കിലും ക്യമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.എന്റെ സഹപ്രവര്‍ത്തകര്‍ എല്ലാം കാണുന്നവരല്ലേ? ഞാന്‍ മോശമായി പെരുമാറിയാല്‍ അത് ബാങ്കിന്റെ റപ്യൂട്ടേഷനെയല്ലേ ബാധിക്കുന്നത്. അതുകൊണ്ടു തന്നെ എന്നെ ആദ്യം ചോദ്യം ചെയ്യുന്നത് എന്റെ സഹപ്രവര്‍ത്തകര്‍ തന്നെയായിരിക്കില്ലേ. മാത്രമല്ല, ഏതെങ്കിലും സ്‌ത്രീയോട് ഞാന്‍ മോശമായി പെരുമാറിയിരുന്നെങ്കില്‍ ആ സ്‌ത്രീക്കു തന്നെ എന്റെ പേരില്‍ പരാതിപ്പെടാമല്ലോ. ഇങ്ങനെയൊരു നാടകത്തിന്റെ ആവശ്യമില്ലല്ലോ.
? ഈ കേസിന് കാരണമായി അന്നു നടന്ന സംഭവങ്ങള്‍ അതേപടി ഒന്നു വിശദീകരിക്കാമോ?
ഇക്കഴിഞ്ഞ മാസം 26-ാം തീയതി ഉച്ചകഴിഞ്ഞ് രണ്ടരയോടടുത്ത സമയം ഞാന്‍ ഊണു കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ. ഒരു സ്‌ത്രീ ക്യാബിനിലേക്കു കയറി വന്നു. നാല്‍പതിനടുത്ത് പ്രായം വരും. ഒരു ടൂവീലര്‍ വാങ്ങാന്‍ ലോണ്‍ വേണമെന്നതാണ് അവരുടെ ആവശ്യം. ജോലിയുണ്ടോ എന്നു ചോദിച്ചു. അവര്‍ ഇല്ല എന്നു പറഞ്ഞു. ഭര്‍ത്താവിന്റെ ജോലിയെക്കുറിച്ച് ചോദിച്ചു. ഭര്‍ത്താവ് എന്‍ആര്‍ഐ ആണെന്ന് അവര്‍ അറിയിച്ചു. എങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ടുള്ള ബാങ്കില്‍ നിന്നു നിന്ന് ലോണ്‍ എടുക്കരുതോ എന്ന് ഞാന്‍ അന്വേഷിച്ചു. എന്‍ആര്‍ഐ അക്കൗണ്ട് സ്റ്റേറ്റ് ബാങ്കിലാണെന്നും അവര്‍ ലോണ്‍ തരില്ലെന്ന് പറഞ്ഞെന്നും അവര്‍ അറിയിച്ചു. എന്റെ ബാങ്കിന്റെ നിയമപരമായ ചിട്ടകള്‍ ഞാന്‍ അഴരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. വരുമാനസര്‍ട്ടിഫിക്കറ്റില്ലാതെ ലോണ്‍ കൊടുക്കാന്‍ മാര്‍ഗ്ഗമില്ല. തിരിച്ചടയ്‌ക്കാനുള്ള കഴിവ് നോക്കാതെ ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല. കുറച്ചു കൃഷിഭൂമിയുണ്ടെന്നും അതിന്റെ പേരില്‍ ലോണ്‍ കൊടുക്കാമോ എന്നുമായി അവര്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ 30 സെന്റ് ഭൂമിയേയുള്ളൂ എന്നു പറഞ്ഞു. ഇത്രയും കുറച്ച് ഭൂമിയിലുള്ള കൃഷിക്ക് ചെറിയ തുകയെ കിട്ടുകയുള്ളൂ എന്ന് ഞാന്‍ അറിയിച്ചു. `സാര്‍ വിചാരിച്ചാല്‍ നടക്കും. അതെനിക്കറിയാം' എന്ന് ഒരു പ്രത്യേകസ്വരത്തില് പറഞ്ഞുകൊണ്ട് അവര്‍ ചിരിച്ചു. ഞാനെന്നല്ല ഒരു ബാങ്ക് മാനേജര്‍ക്കും അങ്ങനെ ചെയ്യാനാവില്ല എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. എങ്കില്‍ കൃഷി വായ്‌പ തന്നാല്‍ മതി എന്നായി അവര്‍. അതിന്റെ നിയമപ്രശ്‌നങ്ങള്‍ ഞാന്‍ പറഞ്ഞു. ഏത് കൃഷിക്കെന്ന് കാണിക്കണം. സ്ഥലം സന്ദര്‍ശിക്കണം. ഇങ്ങനെ ഒട്ടേറെ കടമ്പകളുണ്ട്. എങ്കില്‍ ഇപ്പോള്‍ തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ പോകാമെന്നായി അവര്‍. അങ്ങനെ പെട്ടെന്ന് പറ്റില്ലെന്നും ആദ്യം അപേക്ഷ വച്ച ശേഷം ബാങ്കിന്റെ നടപടിക്രമം അനുസരിച്ചേ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കി. പുതിയ അക്കൗണ്ട് തുടങ്ങണമെന്നും അതിനുള്ള ഫോറം വേണമെന്നുമായി അടുത്ത ആവശ്യം. നടക്കുന്ന കാര്യങ്ങളൊന്നുമായിട്ടല്ല ആ സ്‌ത്രീയുടെ വരവെന്ന് എനിക്ക് ബോധ്യമായി. വെറുതേ സമയം മെനക്കെടുത്തലാണ്. ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ച് ഏറെ തിരക്കേറിയതാണ്. പലരും എന്നെ കാണാനായി ക്യാബിന് പുറത്തിരിക്കുന്നത് എനിക്ക് കാണാം. എങ്കിലും ഒരു കസ്റ്റമറെ അവഗണിക്കുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ക്യാബിന്‍ തുറന്ന് അറ്റന്ററോട് ഒരു ഫോറം കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. ഒട്ടേറെവിശദാംശങ്ങളുള്ളതാണ് യൂണിയന്‍ ബാങ്കിന്റെ ഫോറം. ഞാന്‍ എന്റെ സീറ്റിലിരുന്നുകൊണ്ടു തന്നെ പൂരിപ്പിക്കേണ്ട പ്രധാന ഭാഗങ്ങള്‍ അടയാളപ്പെടുത്തിക്കാണിച്ചു. പെട്ടെന്ന് എനിക്കെതിരേ ഇരുന്ന അവര്‍ എണീറ്റ് വന്ന് എന്റെ മേശയുടെ ഒരു വശത്ത് ചേര്‍ന്നു നിന്നു. പെട്ടെന്നു തന്നെ അടയാളപ്പെടുത്തി ഞാന്‍ തിരിച്ചു കൊടുത്ത ഫോറവുമായി നന്ദി പറഞ്ഞ് അവര്‍ പോയി. പിറ്റേദിവസം ഉച്ചകഴിഞ്ഞ സമയത്തും ഒരു സ്‌ത്രീ കയറി വന്നു. ആവശ്യം ഇതു തന്നെ. ടൂവീലറിന് ലോണ്‍ വേണം. അവര്‍ക്കും ജോലിയില്ല. ശമ്പളസര്‍ട്ടിഫിക്കറ്റോ മറ്റ് വരുമാനതെളിവോ ഇല്ലാത ലോണ്‍ തരാന്‍ മാര്‍ഗ്ഗമില്ലെന്ന് അവരോടും പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും നില്‌ക്കാതെ അവര്‍ തിരിച്ചു പോയി.
അന്നു തന്നെ മൂന്ന് മണി കഴിഞ്ഞ സമയത്ത് എനിക്കൊരു ഫോണ്‍കോള്‍ വന്നു. എഎസ്‌പി ഓഫീസില്‍ നിന്നു വിളിക്കുകയാണെന്നും എഎസ്‌പിക്ക് അത്യാവശ്യമായി കാണണമെന്നും പറഞ്ഞു. കാര്യം ചോദിച്ചപ്പോള്‍ നേരില്‍ പറയാമെന്ന് അറിയിച്ചു. ബാങ്കിന്റെ സെക്യൂരിറ്റി സംബന്ധമായ കാര്യങ്ങള്‍ക്ക് പലപ്പോഴും പോലീസുദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. അങ്ങനെയെന്തോ ആവശ്യത്തിനായിരിക്കുമെന്ന് ഞാന്‍ കരുതി. എല്ലാ തിരക്കുകളും മാറ്റി വച്ച് ഞാന്‍ തൊടുപുഴ എഎസ്‌പി ഓഫീസിലേക്ക് പോയി.
അവിടെ ചെന്നപ്പോള്‍ എഎസ്‌പിയുടെ മുറിയില്‍ ആരൊക്കെയോ ഉണ്ട്. കുറച്ച് കഴിഞ്ഞ് ഒരു പോലീസുകാരന്‍ വന്ന്‌എന്താ വന്നതെന്ന് ചോദിച്ചു. ഞാന്‍ ബാങ്ക് മാനേജരാണെന്നും എഎസ്‌പി വിളിച്ചിട്ട് വന്നതാണെന്നും പറഞ്ഞു. എഎസ്‌പിയുടെ മുറിയിലേക്ക് കയറിപ്പോയി പെട്ടെന്നു തന്നെ തിരിച്ചു വന്നിട്ട് കുറച്ച് വെയ്‌റ്റ് ചെയ്യേണ്ടി വരും എന്ന് പോലീസുകാരന്‍ അറിയിച്ചു. പെട്ടെന്നു തിരിച്ചു പോരാമെന്നു കരുതി പോന്നതു കൊണ്ട് ബാങ്കില്‍ ഞാന്‍ വിവരമൊന്നും പറഞ്ഞിരുന്നില്ല.വെയിറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ബാങ്കില്‍ വിളിച്ച് എന്റെ അസിസിറ്റന്റിനോട് വരാന്‍ വൈകുമെന്ന കാര്യം അറിയിച്ചു. ഞാന്‍ ഫോണ്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു പോലീസുകാരന്‍ വന്ന് ആ മൊബൈല്‍ ഒന്നു തരാമോ എന്ന് ചോദിച്ചു. ഞാന്‍ കൊടുത്തു. അയാള്‍ അതുമായി എ.എസ്.പിയുടെ മുറിയിലേക്ക് കയറിപ്പോയി.പത്ത് മിനിറ്റോളം ഞാനവിടെ നിന്നു. പെട്ടെന്നൊരു പോലീസുകാരന്‍ ഇറങ്ങി വന്ന് എന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് എ.എസ്.പിയുടെ മുറിയിലേക്ക് ആഞ്ഞു തള്ളി.പെട്ടെന്നുള്ള ആക്രമണത്തില്‍ ഞാനാകെ പതറിപ്പോയി. എ.എസ്.പി ഒരു സ്‌ത്രീയായിരുന്നു.എസ്.നിഷാന്തിനി എന്നാണ് അവരുടെ പേരെന്ന് തോന്നുന്നു. എന്നെ പിടിച്ച് തള്ളിയ ആള്‍ കൂടാതെ മറ്റ് രണ്ട് പോലീസുകാര്‍ കൂടി ആ മുറിയില്‍ ഉണ്ടായിരുന്നു.അവര്‍ മഫ്‌തിയിലായിരുന്നു. എന്നെ കണ്ടപാടെ അലറിക്കൊണ്ട് എ.എസ്.പി ചാടി എണീറ്റു വന്ന് എന്റെ ഇടത് കരണത്ത #്‌ആഞ്ഞടിച്ചു. മാഡം എന്താണിത്... എന്ത് തെറ്റാണ് ഞാന്‍ ചെയ്‌തത്? ഞെട്ടിപ്പോയ ഞാന്‍ വിനയത്തില്‍ ചോദിച്ചു. നീ സ്‌ത്രീകളുടെ കൈയ്യില്‍ പിടിക്കും അല്ലേടാ പട്ടീ എന്ന് ചോദിച്ച് വലത്‌കരണത്തും അടിച്ചു.സത്യത്തില്‍ വേദനയയല്ല ഒരു മരവിപ്പാണ് എനിക്ക് തോന്നിയത്. തല പെരുക്കുന്നതു പോലെ. ഞാന്‍ അവരുടെ മേശമേല്‍ പിടിച്ചു നിന്നു കിതച്ചു. `മാഡം എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല.' സത്യത്തില്‍ ഞാനത് പറഞ്ഞപ്പോള്‍ കരഞ്ഞുപോയി. കാരണം എന്താണ്‌എന്നോ എന്തിനാണ് എന്നെ തല്ലുന്നതെന്നോ അവര്‍ പറഞ്ഞിരുന്നില്ല. പെട്ടെന്ന് മഫ്‌തിയില്‍ നിന്ന് രണ്ട് പോലീസുകാര്‍ ചാടി വീണ് എന്നെ കുനിച്ചു നിര്‍ത്തി കൈമുട്ട് കൊണ്ട് ആഞ്ഞിടിക്കാന്‍ തുടങ്ങി. പത്ത് പതിനഞ്ച് ഇടിയെങ്കിലും അവര്‍ ഇടിച്ചു കാണണം. പിന്നീട് ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് നേരെ നിര്‍ത്തി. `നീ ഇവരുടെ കൈയ്യില്‍ കയറിപ്പിടിച്ചില്ലേടാ... മോനേ' എന്ന് ചോദിച്ചു കൊണ്ട് എഎസ്‌പി വീണ്ടും ചീറിയടുത്തു. ഞാന്‍ നോക്കുമ്പോള്‍ രണ്ട് സ്‌ത്രീകളും മുറിയില്‍ എത്തിയിട്ടുണ്ട്. ബാങ്കില്‍ ലോണ്‍ ചോദിച്ചു വന്ന സ്‌ത്രീകള്‍. അവര്‍ പോലീസുകാരായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്.
`നീ ഇവരുടെ കൈയ്യില്‍ കയറിപ്പിടിച്ചില്ലേ. അടുത്തു നിന്ന സ്‌ത്രീയെ ചൂണ്ടി എഎസ്‌പി വീണ്ടും ആക്രോശിച്ചു. `ഇല്ല' ഞാന്‍ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചു. ഉടന്‍ അടുത്തു നിന്ന പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് ശക്തിയായി വയറില്‍ ഇടിച്ചു. സത്യം പറയെടാ.. മോനേ.. എന്നു പറഞ്ഞായിരുന്നു ഇടി. അവര്‍ എന്നെ വിളിച്ച പച്ചത്തെറികളൊന്നും പറയാന്‍ വയ്യ. ഒരു വനിതാഓഫീസറും രണ്ട് വനിതാ പോലീസുകാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇതെല്ലാം. പെട്ടെന്ന് ആദ്യം എന്റെയടുക്കല്‍ ലോണിനെന്നും പറഞ്ഞു വന്ന സ്‌ത്രീ എന്നെ അടിക്കാനായി കൈഓങ്ങിക്കൊണ്ടു വന്നു. ഞാന്‍ പെട്ടെന്ന് സമനില വീണ്ടെടുത്ത് പറഞ്ഞു,` ഞാന്‍ ഏത് ദൈവത്തെയും ആണയിട്ട് പറയാം, ഞാന്‍ നിങ്ങളെ അപമാനിച്ചിട്ടില്ലെന്ന്. നിങ്ങള്‍ നിങ്ങളുടെ മക്കളെ സത്യമിട്ട് പറയാമോ ഞാന്‍ അപമാനിച്ചുവെന്ന്. എങ്കില്‍ എന്നെ അടിച്ചു കൊള്ളൂ. ഞാന്‍ അനങ്ങാതെ നിന്നു. ഉയര്‍ന്നു വന്ന കൈ താഴ്‌ന്നു. അവര്‍ പിന്തിരിഞ്ഞു. മറ്റൊരു പോലീസുകാരിയും അവിടെയുണ്ടായിരുന്നു രണ്ടാമത് ബാങ്കില്‍വന്ന സ്‌ത്രീ. ഞാനെന്തെങ്കിലും അപമര്യാദയായി നിങ്ങളോട് പെരുമാറിയോ എന്ന് അവരോടും ചോദിച്ചു. അവര്‍ ഇല്ലെന്ന് സത്യസന്ധമായി ഉത്തരം പറഞ്ഞു. എന്നിട്ടും മറ്റ് പോലീസുകാരുടെയും എഎസ്‌പിയുടെയും കലി അടങ്ങിയില്ല.
?അവര്‍ വീണ്ടും ഉപദ്രവിച്ചോ?
ഒരിക്കലും മറക്കാത്ത മര്‍ദ്ദനമായിരുന്നു പിന്നീട്. എന്നോട് ഷൂവും, സോക്‌സും ഊരിമാറ്റിയിട്ട് തറയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഭിത്തിയില്‍ ചാരിയിരുന്നു. അപ്പോഴും എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാന്‍ കള്ളനോ കൊലപാതകിയോ സ്‌ത്രീ പീഡനക്കാരനോ ഒന്നുമല്ല. ഒരു ബാങ്ക് ഓഫീസറാണ്. അവിടെ എന്ത് നടന്നു എന്നതിന് തെളിവുണ്ട്. ക്യാമറയില്‍ എല്ലാം റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ടാകും. അത് പരിശോധിക്കുക എന്നൊക്കെ ഞാന്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ ബധിരകര്‍ണങ്ങളിലായിരുന്നു. എന്റെ വിലാപമെല്ലാം. തറയിലിരുന്ന എന്റെ കാല്‍ നീട്ടി വയ്‌പിച്ചു. ഒരു പോലീസുകാരന്‍ എന്റെ കാല്‍മുട്ടുകളില്‍ കയറി നിന്നു. മറ്റേയാള്‍ തടിച്ച ഒരു ചൂരല്‍ കൊണ്ട് കാല്‍വെള്ളയില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. എത്രയടിച്ചു എന്നെനിക്കറിയില്ല. പ്രാണന്‍ പോകുന്ന വേദന അനുഭവിച്ചത് മാത്രം ഓര്‍മ്മയുണ്ട്. കുറേക്കഴിഞ്ഞ് അടി നിര്‍ത്തി. എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി. സത്യത്തില്‍ അപ്പോള്‍ എനിക്ക് നേരെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അടിവയറ്റില്‍ കാല്‍മുട്ടുകൊണ്ടുള്ള ഇടിയുടെ വേദന കാരണം നിവര്‍ന്നു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അടിവയറ്റില്‍ കാല്‍മുട്ടുകൊണ്ടുള്ള ഇടിയുടെ വേദന കാരണം നിവര്‍ന്നു നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ഒരു പോലീസുകാരന്‍ പേനയും കടലാസും എടുത്തു നീട്ടി. ചെയ്‌ത തെറ്റിന് മാപ്പെഴുതിക്കൊടുത്തിട്ട് ഇറങ്ങിപ്പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. പക്ഷേ അതിന് ഞാന്‍ വഴങ്ങിയില്ല. തെറ്റ് ചെയ്യാത്ത ഞാന്‍ മാപ്പെഴുതുന്ന പ്രശ്‌നമില്ലെന്ന് തീര്‍ത്തു പറഞ്ഞു.
അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. എന്നെ കാണാത്തതുകൊണ്ട് ബാങ്കില്‍ നിന്നും സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചുവന്നു തുടങ്ങി. എന്തുകൊണ്ടോ പിന്നീട് മര്‍ദ്ദനം തുടര്‍ന്നില്ല. അനുനയിപ്പിക്കാനായി ശ്രമം. മാപ്പെഴുതിക്കൊടുത്താല്‍ വിടാമെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് എന്തെങ്കിലും എഴുതിക്കൊടുത്തിട്ട് പൊയ്‌ക്കള്ളാന്‍ നിര്‍ബന്ധിച്ചു. അതിനും ഞാന്‍ വഴങ്ങിയില്ല. ബാങ്കില്‍ ജോലി ചെയ്‌തുകൊണ്ടിരുന്ന എന്നെ വിളിച്ചുവരുത്തി ഭീകരമായി മര്‍ദ്ദിച്ച് കുറ്റവാളിയാക്കി ചിത്രീകരിച്ച് ഇറക്കിവിടുന്നതിനോട് യോജിക്കാനായില്ല. അപമാനഭാരവും ദുഖവുമെല്ലാം എന്നെ കീഴടക്കി. സമൂഹത്തിലെ മാന്യത, കുടുംബത്തിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എല്ലാം ഒരു നിമിഷം എന്റെ മനസിലൂടെ പാഞ്ഞുപോയി. എങ്കിലും മേലില്‍ ഒരു നിരപരാധിയേയും ഇത്ര ക്രൂരമായി ഇവര്‍ ശിക്ഷിക്കാതിരിക്കാന്‍ ഞാന്‍ കരുത്തോടെ നില്‍ക്കേണ്ടത് ആവശ്യമാണെന്ന് എന്റെ മനസാക്ഷി പറഞ്ഞു.
? സ്‌ത്രീപീഡനശ്രമം നടത്തി അഥവാ അപമാനിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നല്ലോ താങ്കളുടെ പേരിലുള്ള കുറ്റം. എന്നിട്ടും കേസെടുക്കാതെ വിടാന്‍ തയ്യാറായെന്നോ?
അതെ. അതാണ് സത്യം. എന്നെ മര്‍ദ്ദിക്കുക-ഭീകരമായി മര്‍ദ്ദിക്കുക എന്നൊരു ലക്ഷ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ എന്നെനിക്ക് തോന്നി. അതുകൊണ്ടാണല്ലോ കേസെടുക്കാതെ വിടാന്‍ തയ്യാറായത്.
? പിന്നീടെന്താണ് സംഭവിച്ചത്.?
ഞാന്‍ കര്‍ക്കശ നിലപാടെടുത്തതോടെ അവര്‍ നയം മാറ്റി. പല രീതിയിലവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പച്ചതെറി വിളിച്ചിരുന്നവരൊക്കെ സര്‍ എന്നു വിളിച്ചു തുടങ്ങി. കേസ് ചാര്‍ജ്ജ് ചെയ്‌താല്‍ സാറിന്റെ ജോലി പോകും. അത് ഒഴിവാക്കാനാണെന്നൊക്കെ നല്ല വാക്ക് പറഞ്ഞു. മരണതുല്യമായ അപമാനം സഹിച്ചിട്ട് കൈയും വീശി ഇറങ്ങിപോകുന്നില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. ജോലി പോയെങ്കില്‍ പോകട്ടെ. എന്റെ മക്കള്‍ എന്നെ സംരക്ഷിച്ചുകൊള്ളും. ഇല്ലെങ്കില്‍ ഉള്ള സ്വത്ത് വിറ്റ് ഞാന്‍ ജീവിച്ചുകൊള്ളാമെന്ന് മറുപടി പറഞ്ഞു. പിന്നീട് അവരുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു. എന്നെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചു. അതിനു മുമ്പായി മെഡിക്കല്‍ ചെക്കപ്പ് എന്നൊരു പ്രഹസനം നടത്തി. തൊടുപുഴ താലൂക്കാശുപത്രിയില്‍. ഭീകരമായ പോലീസ് മര്‍ദ്ദനത്തിന്റെ ഫലമായി വയറിലും പുറത്തും വേദനയുള്ള കാര്യം ഡോക്‌ടറോട് പറഞ്ഞു. പക്ഷേ അദ്ദേഹം കേട്ട ഭാവം നടിച്ചില്ല.
? എപ്പോഴാണ് കോടതിയില്‍ ഹാജരാക്കിയത്.?
അന്നു രാത്രി 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് പോകുന്ന വഴി വളരെ സ്‌നേഹപൂര്‍വ്വം പോലീസുകാര്‍ ഉപദേശംതുടങ്ങി. നടന്ന കാര്യങ്ങളൊന്നും മജിസ്‌ട്രേറ്റിനോട് പറയരുതെന്ന്. ഞാനവരുടെ ഉപദേശത്തിന് വഴങ്ങിയില്ല. വിപദിധൈര്യം എന്നൊന്നുണ്ടല്ലോ. അതില്‍ കൂടുതല്‍ എനിക്ക് എന്ത് വരാനാണെന്ന ചിന്ത. നടന്നതെല്ലം - ക്രൂരമായ മര്‍ദ്ദനമുള്‍പ്പെടെ മജിസ്‌ട്രേറ്റിനോട് തുറന്നു പറഞ്ഞു. അദ്ദേഹം എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടു. എന്നോട് ജാമ്യക്കാരുണ്ടോ എന്ന് ചോദിച്ചു.. എന്റെ മകനും ബാങ്കിലെ സഹപ്രവര്‍ത്തകരും വക്കീലിനെയും ജാമ്യക്കാരെയും ഏര്‍പ്പാട് ചെയ്‌തിരുന്നു. എനിക്ക് അപ്പോള്‍ത്തന്നെ ജാമ്യം ലഭിക്കുകയും ചെയ്‌തു.
? എഎസ്‌പിക്കോ മറ്റ് പോലീസുകാര്‍ക്കോ താങ്കളോട് വൈരാഗ്യം തോന്നേണ്ട കാരണങ്ങള്‍ വല്ലതുമുണ്ടോ?
ഇല്ല. അവരെയൊക്കെ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത് തന്നെ.
? പിന്നെയെന്തിനു നിങ്ങളെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചു?
അതാണെനിക്കും മനസിലാകാത്തത്.
ബാങ്കില്‍ ഒരാള്‍ അപമര്യാദയായി പെരുമാറിയാല്‍ ഔദ്യോഗികതലത്തില്‍ തന്നെ ആ ആള്‍ക്കെതിരേ പരാതി നല്‍കാന്‍ സംവിധാനമില്ലേ?
ഉണ്ട്. ബാങ്കുകളുടെ സൂപ്പര്‍വിഷനു വേണ്ടി ലീസ് ഡിസ്‌ട്രിക്‌ട് മാനേജരുടെ ഓഫീസുണ്ട്. തൊടുപുഴയില്‍ യൂണിയന്‍ ബാങ്കിന്റെ തൊട്ടടുത്താണ് എല്‍ഡിഎം ഓഫീസ്. അവിടെ ഒരു പരാതി കൊടുത്താല്‍ നിമിഷങ്ങള്‍ക്കകം നടപടിയുണ്ടാകും. ഞാന്‍ തെറ്റുകാരനെന്നു കണ്ടാല്‍ ആ നിമിഷം സസ്‌പെന്റ് ചെയ്യും. യൂണിയന്‍ ബാങ്കിന്റെ നിയമങ്ങള്‍ കര്‍ക്കശമാണ്.
? കേട്ടിട്ട് ഒട്ടേറെ ദുരൂഹതകള്‍ തോന്നുന്നു. കുറ്റം ചെയ്‌തു എന്ന് ആരോപിക്കുകയും കേസ് ചാര്‍ജ്ജ് ചെയ്യാന്‍ മടിക്കുകയും ചെയ്‌തു എന്നു പറഞ്ഞു തന്നെ അത്ഭുതമാണല്ലോ. ?
അത് മാത്രവുമല്ല - ഞാന്‍ അപമാനിച്ചു എന്ന് പറയുന്ന സ്‌ത്രീ - വനിതാപോലീസുകാരി -കരിങ്കുന്നം പോലീസ് സ്റ്റേഷനിലുള്ളതാണ്. എഎസ്‌പിയുടെ ഓഫീസില്‍ ഡെപ്യൂട്ടേഷനില്‍ വന്നതാണ്. കൂത്താട്ടുകുളം വില്ലേജില്‍ ആറുകാലായില്‍ വീട്ടില്‍ മുപ്പത്തൊമ്പത് വയസ്സുള്ള പ്രമീള എന്നാണ് പരാതിയില്‍ കൊടുത്തിരിക്കുന്നത്. അവിടെയെങ്ങും ബാങ്കില്ലാഞ്ഞിട്ടാണോ ലോണിനായി തൊടുപുഴയില്‍ വന്നത്.
അതല്ല, എനിക്കെതിരേ മറ്റ് വല്ല സ്‌ത്രീകളും പരാതികൊടുത്തിട്ടുണ്ടെങ്കില്‍ അതിന്‍മേലല്ലേ നടപടി എടുക്കേണ്ടത്.
? താങ്കളോട് മറ്റ് വല്ലവര്‍ക്കും വിരോധമുണ്ടോ?
വ്യക്തിപരമായി എനിക്കാരോടും വിരോധമില്ല. പക്ഷേ എന്നോട് പലര്‍ക്കുമുണ്ടാകാം. കാരണം ലോണ്‍ കൊടുക്കാത്തതു മൂലം ബാങ്കിന്റെ നിമയങ്ങളെ മറി കടന്ന് പല കാര്യങ്ങളും സാധിക്കാന്‍ വരിക പതിവാണ്. പക്ഷേ ആക്കാര്യത്തില്‍ ഒരുവിട്ടുവീഴ്‌ചയ്‌ക്കും ഞാന്‍ ഇന്നേവരെ തയ്യാറായിട്ടില്ല.
അറസ്റ്റിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും നടപടികള്‍ ഉണ്ടായോ?
ഇല്ല, അതാണ് എനിക്ക് സമാധാനം നല്‍കുന്നത്. എന്റെ ബാങ്ക് എന്നെ വിശ്വസിക്കുന്നു എന്നതിലും വലിയ ആശ്വാസം മറ്റൊന്നില്ല. സാധാരണഗതിയില്‍ ആരോപണമുണ്ടായാല്‍ ഉടന്‍ സസ്‌പെന്‍ഷന്‍ വരേണ്ടതാണ്. പക്ഷേ കഴിഞ്ഞ 27 വര്‍ഷക്കാലത്തെ എന്റെ പ്രവര്‍ത്തനം അറിയാവുന്നതു കൊണ്ടാകാം ബാങ്കിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ല. ഞങ്ങളുടെ അസോസിയേഷനും എനിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
? പോലീസിനെ കരുവാക്കി താങ്കളെ ആരെങ്കിലും കുടുക്കിയതാണെന്ന് കരുതുന്നുണ്ടോ?
ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. കേസ് തുടരുകയാണല്ലോ. പക്ഷേ എന്റെ പല സുഹൃത്തുക്കളും വിളിച്ച് ഇങ്ങനെയൊരു സംശയം പറഞ്ഞിട്ടുണ്ട്.
? ലോണ്‍ കൊടുക്കാത്തതിനെ തുടര്‍ന്ന് ബാങ്കിലെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ?
മിക്കപ്പോഴും ചെറിയ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ഞങ്ങളത് കാര്യമാക്കാറില്ല. സര്‍ക്കാരിന്റെ പണമല്ലെ ബാങ്കില്‍ കിടക്കുന്നത്. അതിങ്ങ് തന്നാലെന്താ എന്ന മനോഭാവത്തിലാണ് പലരും ബാങ്കിലെത്തുന്നത്. പക്ഷേ സര്‍ക്കാര്‍ പണം വെറുതെ അങ്ങ് കൊടുക്കാനാവില്ലെന്നും ഓരോ ബാങ്കിനും അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും പലരും ഓര്‍മിക്കുന്നില്ല.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു സംഭവമുണ്ടായി. തൊടുപുഴയിലുള്ള ഒരാള്‍ ലോണ്‍ പുതുക്കാനായി വന്നു. അദ്ദേഹം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആ പ്രദേശത്തെ വലിയ നേതാവാണെന്നൊക്കെ പിന്നീടറിഞ്ഞു. ലോണ്‍ പുതുക്കി നല്‍കല്‍ വളരെ വേഗം നടക്കുന്ന പ്രക്രിയയാണ്. പക്ഷേ ഒരു ദിവസം വൈകിപ്പോയി. കാരണം ഞാനും ഫീല്‍ഡോഫീസറും അവധിയായിരുന്നു. കഴിയുന്ന വേഗതയില്‍ തന്നെ ഞാനത് പുതുക്കി നല്‍കി. പക്ഷേ ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമായി അതിന് രണ്ടു മൂന്ന് ദിവസം വേണ്ടി വന്നു. അതിന്റെ പേരില്‍ ആ മനുഷ്യന്‍ ഒട്ടേറെ ബഹളം സൃഷ്‌ടിച്ചിരുന്നു.
? കുടുംബത്തിലെ പ്രതികരണം?
ഒരു ക്രിമിനല്‍ പശ്ചാത്തലത്തില്‍ ജീവിക്കാത്തതുകൊണ്ട് ഇങ്ങനെയൊരു വിഷം നാടൊട്ടുക്ക് ആഘോഷിക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികമായ നടുക്കം ഊഹിക്കാമല്ലോ. അദ്ധ്യാപികയാണ് ഭാര്യ. ഒരു മകനും, മകളും ഉണ്ട്. മകന്‍ ഫ്‌ളൈയിംഗ് അക്കാദമി അവസാന വര്‍ഷ വിദ്യാര്‍ത്ഥി. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിനുള്ള പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നു. മകള്‍-ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. എന്റെ തൊഴില്‍ സ്ഥാപനമായ ബാങ്കിനെന്ന പോലെ വീട്ടുകാര്‍ക്കും എന്നെ പൂര്‍ണ വിശ്വാസമാണ്. അതുകൊണ്ട് അവിടെ പ്രശ്‌നങ്ങളിലല്ല. പക്ഷേ തൊടുപുഴ എഎസ്‌പി ഓഫീസില്‍ ഞാന്‍ കഴിഞ്ഞ മണിക്കൂറുകള്‍. ആ വനിതാ ഓഫീസറുടെ ഓരോ അടിയും എന്റെ കവിളിലല്ല കൊണ്ടത്, ആത്മാഭിമാനത്തിന്റെ മുഖത്താണ്. മഫ്‌തിയിലുണ്ടായിരുന്ന ആ പോലീസുകാര്‍ ഇടിച്ച് ചതച്ചതും ചവിട്ടിത്തേച്ചതും എന്റെ ശരീരത്തെയല്ല. ഇത്രയും കാലം ഞാന്‍ കാത്തുസൂക്ഷിച്ച മാന്യതയാണ്. എന്റെ മരണം വരെ ഞാനത് മറക്കില്ല. നീതി കിട്ടാനായി നിയമത്തിന്റെ പാതയിലൂടെയാണ് ഞാന്‍ നീങ്ങുന്നത്. അതിനെത്ര ദൂരം സഞ്ചരിക്കാനും ഞാന്‍ തയ്യാറാണ്.
കടപ്പാട്: ഇന്‍വെസ്റ്റിഗേഷന്‍ മാസിക
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ