2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച
കാണം വില്‍ക്കാതെ ഓണമുണ്ണാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണമേളകള്‍
തൊടുപുഴ: പൊള്ളുന്ന ഓണം വിപണിയില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം സ്‌പെഷ്യല്‍ സഹകരണ മേളകള്‍. 62 ദിവസം നീണ്ടു നില്‍ക്കുന്ന ഈ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നും ഇരുപത് ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ആഗസ്റ്റ് ഒന്നു മുതല്‍ സെപ്‌റ്റംബര്‍ ഒന്‍പത് വരെ നീണ്ടു നില്‍ക്കുന്ന വിപണന മേളയില്‍ മറ്റ് ഉല്‍പന്നങ്ങള്‍ക്കു പുറമേ സേമിയ, പാലട, അരി അട, ഉരുളകിഴങ്ങ്, ചുവന്നുള്ളി, സവാള, ഏത്തക്കായ എന്നിവയും ഓണം പ്രമാണിച്ച് പ്രത്യേക ഡിസ്‌കൗണ്ടില്‍ ലഭിക്കും.
ഓണം – റംസാന്‍ വിപണന മേളയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ 5000 സഹകരണ വിപണനകേന്ദ്രങ്ങളിലെ വിറ്റുവരവ് 97.93 കോടി കവിഞ്ഞു. മേളയില്‍ 31 ഇനം നിത്യോപയോഗ സാധനങ്ങളാണ് 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ വിറ്റഴിക്കുന്നത്. 14 ജില്ല വിപണന മേളകളിലുമായി അഞ്ചുകോടി രൂപയുടെയും 40 മണ്‌ഡലതല വിപണനമേളകളിലൂടെ 11 കോടി രൂപയുടെയും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലെ സബ്‌സിഡി കൗണ്ടറുകളിലൂടെ രണ്ടു കോടി രൂപയുടെ വിപണനമാണ് ഓണം- റംസാന്‍ അനുബന്ധിച്ച് വിറ്റഴിക്കപ്പെട്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പൊതുവിപണിവിലയുടെ അടിസ്ഥാനത്തില്‍ ശരാശരി വില പൊതുമാനദണ്‌ഡമാക്കിയാണ് കണ്‍സ്യൂമര്‍ ഫെഡ് നിത്യോപയോഗ സാധനങ്ങളുടെ വില നിശ്ചയിക്കുന്നത്. വീട്ടുമുറ്റത്തേക്ക് ഒരു ത്രിവേണി എന്ന ആശയത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടപ്പിലാക്കിയ ഒഴുകുന്ന ത്രിവേണി പദ്ധതി വിജയകരമായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമങ്ങളില്‍ നന്മ എന്ന പേരില്‍ മിനി ത്രിവേണി പദ്ധതികള്‍ നിടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ. ജോയി തോമസ് പറഞ്ഞു. 1000 പഞ്ചാത്തുകളില്‍ നടപ്പിലാക്കിയ നന്മ പദ്ധതി സഹകരണ സ്ഥാപനങ്ങള്‍ വാടക ഇല്ലാതെ കെട്ടിടങ്ങള്‍ അനുവദിച്ചാല്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കയഴിയുമെന്ന് മാനേജിംഗ് ഡയറക്‌ടര്‍ ഡോ. റിജി ജി. നായര്‍ പറഞ്ഞു. വന്‍കിട സംരംഭങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ പദ്ധതി ഗ്രാമീണര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും.
പൊതുവിപണിയില്‍ നിന്നും പത്ത് ശതമാനം വിലക്കുറവില്‍ എല്ലാത്തരം സാധനങ്ങളും ലഭിക്കും. ഇത്തരം പദ്ധതി നടപ്പിലാക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം തടയുന്നതിനും കഴിയും. ഈ പദ്ധതിപ്രകാരം ഓണം പ്രമാണിച്ച് 600 കുടുംബങ്ങള്‍ക്ക് 10 നിത്യോപയോഗസാധനങ്ങള്‍ ഇരുപത് ശതമാനം വിലക്കുറവില്‍ സഹകരണ സംഘങ്ങള്‍ വഴി കൊടുക്കുവാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ അഴിമതിയോ ക്രമക്കേടോ അശ്രദ്ധയോ വരുത്തിയിട്ടുള്ള സംഘങ്ങള്‍ക്ക് അവ പരിഹരിക്കാമെന്നും ആവര്‍ത്തിക്കുകയില്ലെന്നുമുള്ള ഉറപ്പോടു കൂടി മാത്രമേ പുതിയ വിപണനകേന്ദ്രങ്ങള്‍ അനുവദിക്കുകയുള്ളൂവെന്ന് പ്രസിഡന്റ് ജോയി തോമസ് പറഞ്ഞു. അഴിമതി തടയുന്നതിനായി കണ്‍സ്യൂമര്‍ ഫെഡിന്റെ ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിംഗും സഹകരണ വകുപ്പിന്റെ വിജിലന്‍സ് വിംഗും മുന്‍കൂട്ടി അറിയിക്കാതെ പരിശോധന നടത്തും. നിയന്ത്രണത്തോട് കൂടി വില്‍ക്കേണ്ട ഇനങ്ങള്‍ മാനദണ്‌ഡങ്ങള്‍ പാലിച്ചാണോ വില്‍ക്കുന്നതെന്നും വിലവിവരപട്ടിക നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണമെന്നും കണ്‍സ്യൂമര്‍ഫെഡ് വിപണന കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മലയാളിയുടെ ഭാഗ്യം !
മറുപടിഇല്ലാതാക്കൂ