2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഹര്‍ത്താല്‍ ദിനത്തില്‍ സോജന്‌ ആശ്രയം കാളവണ്‌ടി

തൊടുപുഴ: ഹര്‍ത്താല്‍ദിനത്തില്‍ ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ കുടുംബസമേതം രാജകീയമായി ഒരു യാത്ര. അതും കാളവണ്‌ടിയില്‍. ഇന്ധനവില വര്‍ധനവിലും ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധിച്ചാണു കോടിക്കുളം പാറപ്പുഴ തകരപ്പിള്ളില്‍ സോജന്‍ കാളവണ്‌ടിയെ ആശ്രയിച്ചത്‌. തൊടുപുഴ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കുകയായിരുന്നു പ്രധാനലക്ഷ്യം.

സ്വന്തം കാര്‍ ഉപേക്ഷിച്ചു പഴയ തന്റെ വാഹനത്തെ ആശ്രയിക്കുകയായിരുന്നു ഈ അമ്പത്തിരണ്‌ടുകാരന്‍. കുടുംബനാഥനൊടൊപ്പം ഭാര്യയും മക്കളും വണ്‌ടിയില്‍ കയറിയപ്പോള്‍ ദൂരം പ്രശ്‌നമായില്ല. ഉച്ചകഴിഞ്ഞുയാത്ര ആരംഭിച്ചു. നാട്ടുകാര്‍ക്കും കാഴ്‌ചക്കാര്‍ക്കും വിസ്‌മയം. എന്നാല്‍ തന്റെ പ്രതിഷേധത്തില്‍ ജനം പങ്കുചേരുകയായിരുന്നുവെന്നു സോജന്‍ പറയും.

ഏകദേശം 15 കിലോമീറ്റര്‍ താണ്‌ടിയാണു വണ്‌ടി തൊടുപുഴ നഗരത്തില്‍ എത്തിയത്‌. ഭാര്യ ലൈസ, മക്കളായ അതുല്‍, ഫ്രെഡി എന്നിവരും പിതാവിനു പൂര്‍ണപിന്തുണയുമായി കൂടെ നിന്നു. സംഭവമറിഞ്ഞതോടെ നിരവധി ആളുകളും നഗരത്തില്‍ കാഴ്‌ചക്കാരായെത്തി. കാളവണ്‌ടിയോട്ടമല്‍സരങ്ങളില്‍ പങ്കെടുത്ത്‌ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള സോജനു ഇതൊന്നും അത്ര പുതുമയായി തോന്നിയില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിനോടു സോജനു ഒരിക്കലും സഹകരിക്കാന്‍ കഴിയില്ല.

ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ ആരും പ്രതിഷേധിച്ചുപോകും. എന്നാല്‍ ഹര്‍ത്താല്‍ പോലുള്ള പ്രതിഷേധങ്ങള്‍ ജനത്തിനുണ്‌ടാക്കുന്ന വേദന മനസിലാക്കണം. ഇങ്ങനെ വില വര്‍ധിക്കാന്‍ തുടങ്ങിയാല്‍ പഴയ കാളവണ്‌ടികള്‍ പൊടിതട്ടി പുറത്തെടുക്കേണ്‌ടി വരുമെന്നാണു സോജന്റെ അഭിപ്രായം.

വീടിയോ കാണുക

1 അഭിപ്രായം: