2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മാധ്യമപ്രവര്‍ത്തനം മലിനമാകുമ്പോള്‍....


കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം മലിനമാകുന്നില്ലെയെന്ന്‌ സംശയം. സാമൂഹിക താല്‍പ്പര്യത്താലാണ്‌ ആദ്യകാലഘട്ടങ്ങളില്‍ പത്രങ്ങള്‍ ആരംഭിച്ചതെങ്കില്‍ ഇന്ന്‌ അതെല്ലാം മാറിയിരിക്കുന്നു. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക്‌ ഒരു കൂട്ടം പത്രങ്ങള്‍ തുടങ്ങിയപ്പോള്‍ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കാണ്‌ മറ്റൊരു കൂട്ടര്‍ പത്രങ്ങള്‍ തുടങ്ങിയത്‌. ഇനി കൊള്ളക്കാര്‍-അഴിമതിക്കാര്‍ തുടങ്ങിയവര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ പത്രങ്ങള്‍ തുടങ്ങുന്നത്‌ അതിവിദൂരമല്ല.
എന്താണ്‌ ഇങ്ങനെയൊക്കെ തോന്നാന്‍ എന്നല്ലേ? ഞങ്ങള്‍ തൊടുപുഴക്കാര്‍ കുറെ കാലമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ ഒരു നിയമസഭാ മണ്‌ഡലത്തിനും കൈവരിക്കാന്‍ സാധിക്കാത്ത വികസന വിപ്ലവമാണ്‌ തൊടുപുഴയില്‍ നടന്നതും ഇനി നടക്കാനിരിക്കുന്നതും. ഇതിന്റെയെല്ലാം ഫുള്‍ ക്രെഡിറ്റ്‌ ഞങ്ങളുടെ എം.എല്‍.എ.യും കേരള കോണ്‍ഗ്രസ്‌ ചെയര്‍മാനുമായ പി.ജെ. ജോസഫിനാണ്‌. ആദ്യം വിമാനയാത്രയുടെ പേരിലായിരുന്നു അപമാനിക്കല്‍. ഇപ്പോള്‍ ശൂന്യമായ എസ്‌.എം.എസിന്റെ പേരിലും. ഇനി എസ്‌.എം.എസ്‌. തിരക്കഥയിലേക്ക്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ക്രൈം വാരികയുടെ ജില്ലാലേഖകന്‍ എന്ന്‌ അവകാശപ്പെടുന്ന ജെയ്‌മോന്‍ (ഇയാള്‍ പത്തനംതിട്ട സ്വദേശിയാണെന്ന്‌ പറയുന്നു) പി.ജെ. ജോസഫിനെ ഫോണില്‍ വിളിക്കുന്നു. ഇപ്പോള്‍ തിരക്കായതിനാല്‍ തിരിച്ച്‌ വിളിക്കാമെന്ന്‌ ജോസഫ്‌ പറഞ്ഞു. താന്‍ വിളിച്ച മൊബൈല്‍ ഫോണ്‍ തന്റെ ഭാര്യയുടെതാണെന്നും തന്റെ നമ്പര്‍ മറ്റൊന്നാണെന്നും ജെയ്‌മോന്‍ പി.ജെ. ജോസഫിനോട്‌ പറഞ്ഞുവത്രേ. വിളിച്ച നമ്പറില്‍ തിരിച്ച്‌ വിളിക്കേണ്ടെന്നും തന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞുവത്രേ (സ്വന്തം ഫോണില്‍ നിന്നും വിളിക്കാത്തതെന്തുകൊണ്ടെന്ന്‌ ചോദിക്കരുത്‌). എന്നാല്‍ അടുത്ത ദിവസം മുതല്‍ ഭാര്യയുടെ നമ്പറില്‍ പി.ജെ. ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നും തുടര്‍ച്ചയായി വിളിച്ച്‌ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നായിരുന്നു ജെയ്‌മോന്റെ ഭാര്യയെന്ന്‌ അവകാശപ്പെടുന്ന സുരഭിയുടെ പരാതി. പിന്നീട്‌ തുടര്‍ച്ചയായി എസ്‌.എം.എസ്‌. അയച്ചുവെന്നായി. തെരഞ്ഞെടുപ്പ്‌ കാലഘട്ടത്തില്‍ ഈ കഥയുമായി ക്രൈം നന്ദകുമാറും ജെയ്‌മോനും സുരഭിയും ഇടുക്കി, എറണാകുളം പ്രസ്‌ ക്ലബ്ബുകളില്‍ എത്തിയെങ്കിലും പരാതിയിലെ കഴമ്പില്ലായ്‌മ മൂലം കാര്യമായ മാധ്യമ പിന്തുണ ലഭിച്ചില്ല. തുടര്‍ന്ന്‌ നന്ദകുമാര്‍ എറണാകുളം, ഇടുക്കി, ജില്ലകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഈ സംഭവം വാര്‍ത്താരൂപത്തിലാക്കി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പ്രസ്‌ ക്ലബ്ബുകളിലെ ലിസ്റ്റുകള്‍ ശേഖരിച്ച്‌ മെയില്‍ ചെയ്‌ത്‌ തുടങ്ങി. മാധ്യമപ്രവര്‍ത്തകര്‍ സുരഭിയുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ശൂന്യമായ സന്ദേശങ്ങളാണ്‌ കണ്ടെത്തുവാന്‍ കഴിഞ്ഞത്‌. പിന്നീട്‌ പി.ജെ. ജോസഫ്‌ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്‌ തൊട്ടുമുമ്പ്‌ സ്വകാര്യ അന്യായവുമായി ഇവര്‍ തൊടുപുഴ മുട്ടം കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിന്റെ ഉള്ളടക്കം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഇ-മെയില്‍ ആയി നല്‍കി. കേസ്‌ ഓരോ അവധിക്ക്‌ വയ്‌ക്കുമ്പോഴും നന്ദകുമാറിന്റെ വക വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വന്നുകൊണ്ടിരുന്നു. ചിലര്‍ ഇത്‌ നല്‍കികൊണ്ടുമിരുന്നു.
ഇതിനിടയിലാണ്‌ പള്ളിവാസല്‍ മുന്‍പഞ്ചായത്ത്‌ പ്രസിഡന്റുമായി ജെയ്‌മോന്‍ തമിഴ്‌നാട്ടിലേക്ക്‌ ഒളിച്ചോടിയെന്ന പരാതിയുമായി സുരഭി വെള്ളത്തൂവല്‍ പോലീസിനെ സമീപിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നും പൊക്കിയ ജെയ്‌മോനെ കോടതി റിമാന്റ്‌ ചെയ്‌തു. എന്നാല്‍ രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ സുരഭിയും ജെയ്‌മോനും വീണ്ടും പി.ജെ. ജോസഫിനെതിരെ രംഗത്ത്‌ വരികയായിരുന്നു. തനിക്ക്‌ വന്നതുപോലെ ഒരാള്‍ക്കും വരാതിരിക്കാനാണത്രേ കോടതിയെ സമീപിച്ചതെന്നായിരുന്നു സുരഭിയുടെ വിശദീകരണം. ഒടുവില്‍ കോടതി പി.ജെ. ജോസഫിനോട്‌ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ച്‌ സമന്‍സ്‌ അയക്കുവാന്‍ ഉത്തരവിട്ടു.
ഇത്‌ മാധ്യമങ്ങള്‍ ഒരു ആഘോഷമാക്കുകയായിരുന്നു. ടി.വി. ചാനലുകളില്‍ ഫ്‌ളാഷ്‌, പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, ജെയ്‌മോനെയും സുരഭിയെയും പങ്കെടുപ്പിച്ച്‌ ചര്‍ച്ച ഇങ്ങനെ ദൃശ്യമാധ്യമങ്ങള്‍ തങ്ങളാലാകുന്ന രീതിയില്‍ പി.ജെ. ജോസഫിനെ താറടിച്ചു. ദിനപത്രങ്ങളാകട്ടെ ചിലര്‍ ഒന്നാം പേജില്‍ സമന്‍സ്‌ അയച്ചത്‌ മുഖ്യവാര്‍ത്തയാക്കി. ദേശാഭിമാനിക്ക്‌ രാഷ്‌ട്രീയ താല്‍പ്പര്യവും മാധ്യമത്തിന്‌ വര്‍ഗീയ താല്‍പ്പര്യവുമാണെന്ന്‌ വിചാരിക്കാം. എന്നാല്‍ മാതൃഭൂമിക്കോ? മാതൃഭൂമിക്ക്‌ വര്‍ഗീയ അജണ്ടയുണ്ട്‌ എന്ന സംശയം ഇവിടെ ഉയരുന്നു. മതേതരത്വം മാസ്റ്റര്‍ഹെഡ്ഡില്‍ മാത്രമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സുരഭിക്കുവേണ്ടി ചേര്‍ത്തല പൂച്ചാക്കലില്‍ നിന്നും വക്കീല്‍ വന്നതും ചേര്‍ത്തലയിലെ അഭിനവ ശ്രീനാരായണഗുരു പി.ജെ. ജോസഫിനെതിരെ സംസാരിച്ചതും കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.
ബ്രിട്ടനിലെ പാപ്പരാസികളെ പോലും കവച്ച്‌ വച്ചിരിക്കുകയാണ്‌ കേരളത്തിലെ മാധ്യമ മുതലാളിമാരും മാധ്യമ പ്രവര്‍ത്തകരും. ഒരാളുടെ മാനം എങ്ങനെ കളയാമെന്നതിലാണ്‌ ഇവരുടെ ഗവേഷണം.
ഇനി ജെയ്‌മോനെക്കുറിച്ച്‌.... ക്രൈം വാരികയുടെ ഇടുക്കി ജില്ലാലേഖകനാണ്‌ ജെയ്‌മോനെന്നാണ്‌ മാധ്യമപ്രചരണം. ആദ്യഘട്ടത്തില്‍ ജെയ്‌മോനെ അറിയില്ലെന്നായിരുന്നു നന്ദകുമാറിന്റെ നിലപാട്‌. പിന്നീട്‌ സ്വന്തം ആളാണെന്ന്‌ പറയുന്നു. തൊടുപുഴയിലുള്ള ഇടുക്കി പ്രസ്‌ ക്ലബ്ബിലെ മാധ്യമ പുലികള്‍ക്ക്‌ ഇങ്ങനെയൊരു ജില്ലാലേഖകനുള്ളതായിട്ട്‌ അറിയില്ല. എന്നാല്‍ പി.ജെ. ജോസഫിനെതിരെ വാര്‍ത്ത നല്‍കാനുള്ള ആവേശത്തില്‍ ജെയ്‌മോനെയും ഇവര്‍ അംഗീകരിച്ചതുപോലെയായിരുന്നു. ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും വന്ന്‌ ജില്ലാ ലേഖകനാണെന്ന്‌ പറഞ്ഞാല്‍ അതുവച്ച്‌ വാര്‍ത്ത നല്‍കുന്നതാണോ മാധ്യമ ധര്‍മ്മം. വഴിയെ പോകുന്നവരെയെല്ലാം മാധ്യമ പ്രവര്‍ത്തകരാക്കുന്നതാണോ ആധുനിക മാധ്യമപ്രവര്‍ത്തനം. ഏതാനും വര്‍ഷങ്ങളായി ഇടുക്കി ജില്ല കേന്ദ്രീകരിച്ച്‌ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന എനിക്ക്‌ ഇങ്ങനെയൊരു മാധ്യമപ്രവര്‍ത്തകനെ ഇതുവരെയും കാണുവാനായിട്ടില്ല. ജെയ്‌മോന്‍ എന്ന്‌ പറയുന്ന ഒരു ജില്ലാലേഖകനെ കുറിച്ച്‌ എസ്‌.എം.എസ്‌. കേസില്‍ മാത്രമാണ്‌ കേള്‍ക്കുവാനും അറിയുവാനും കഴിഞ്ഞത്‌. ഇത്രയും വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമങ്ങള്‍ ഒരു കാര്യം കൂടി ചെയ്‌താല്‍ നന്നായിരുന്നു. ജെയ്‌മോന്‍, സുരഭി എന്നിവര്‍ ആരാണ്‌ എന്ന കാര്യത്തിലും ഒരു അന്വേഷണം നടത്തി വാര്‍ത്ത കൊടുക്കണം. കോടതി നടപടിക്രമങ്ങള്‍ തുടങ്ങിയതേ ജോസഫ്‌ രാജിവെക്കണമെന്നായിരുന്നു എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്റെ ആവശ്യം. പിണറായി വിജയനെതിരെ നിരന്തരം പരാതിയുമായി നീങ്ങിയ നന്ദകുമാറിന്റെ ഓഫീസുകള്‍ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ അതിനെ ന്യായീകരിച്ച വിശ്വം തന്നെയാണ്‌ ഇപ്പോള്‍ നന്ദകുമാറിന്റെ നീക്കത്തിന്‌ പിന്തുണയുമായി എത്തിയിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ഇനി പിണറായി എന്തുപറയുമെന്ന്‌ കാത്തിരുന്ന്‌ കാണാം.
ഇനി തൊടുപുഴക്കാര്‍ക്ക്‌ പറയുവാനുള്ളത്‌ പുതിയതായി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തൊടുപുഴയെ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ്‌ പി.ജെ. ജോസഫിനെതിരെയുള്ള ഈ ആക്രമണം. ആരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായാലും ജോസഫിനെ താറടിച്ച്‌ കാണിക്കുന്നത്‌ തൊടുപുഴയുടെ വികസന മുന്നേറ്റത്തിനാണ്‌ തടയിടുന്നത്‌. ഫുട്‌പാത്തുകള്‍ വരെ ടൈല്‍ വിരിച്ച പട്ടണം കേരളത്തില്‍ മറ്റ്‌ എവിടെയുണ്ട്‌. തൊടുപുഴയെ ഒരു മാതൃക നിയോജക മണ്‌ഡലമാക്കി മാറ്റിയ ജോസഫിനോട്‌ അല്‍പ്പമെങ്കിലും നീതി കാണിക്കുവാന്‍ മാധ്യമ മുതലാളിമാരും മാധ്യമ പ്രവര്‍ത്തകരും തയ്യാറാവണം.

2 അഭിപ്രായങ്ങൾ:

  1. ഹാറ്റ്സ് ഓഫ്..എന്തിനെയും വർഗീയകണ്ണുകൊണ്ടുകാണുന്ന ന്യൂനപക്ഷങ്ങളുടെ തനി നിറം പുറത്തു വരട്ടെ....

    മറുപടിഇല്ലാതാക്കൂ
  2. those who watched live interview on the TV can make out Jaimon & Surabhi are fraud people......it is a shame for all journlist those who encourage & support them...They should be punished by law.

    മറുപടിഇല്ലാതാക്കൂ