2011, ജൂൺ 27, തിങ്കളാഴ്‌ച

മദ്യപിക്കാന്‍ ഭാര്യയെ 15000 രൂപയ്ക്ക് ഭര്‍ത്താവ് വിറ്റു; മലയാളിയുടെ മദ്യസംസ്ക്കാരത്തിന്റെ ദുരന്തം

കാസര്‍കോട്: മദ്യത്തില്‍ മുങ്ങിത്താഴുന്ന മലയാളിയുടെ ദുരന്തകഥയില്‍ ഇതാ മറ്റൊന്നുകൂടി. മദ്യപിക്കാന്‍ പണം തികയാതെ വന്നതോടെ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി പ്രസാദ് ഭാര്യയെ 15000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കരിന്തളം കോയിത്തട്ടവരയിലെ പ്രസാദ് ആണ് സുഹൃത്ത് മനോജിന് ഭാര്യയെ കൈമാറിയതായി പൊലീസില്‍ പരാതി ലഭിച്ചത്. സംഭവത്തില്‍ പ്രസാദിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദിന്റെയും സുഹൃത്തും മണല്‍വ്യാപാരിയുമായ മനോജിന്റെയും പീഡനംമൂലം പൊറുതിമുട്ടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ 24കാരിയായ യുവതിയും മൂന്നു വയസ്സുകാരി മകളും അയല്‍വാസിയായ സ്ത്രീയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത്.


നാലുവര്‍ഷം മുമ്പാണ് നീലേശ്വരം ചോയ്യംകോട് സ്വദേശിനിയായ യുവതിയെ കരിന്തളത്തെ ടാപ്പിങ് തൊഴിലാളിയായ പ്രസാദ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ ഭര്‍തൃവീട്ടില്‍ പീഡനം തുടങ്ങിയതായി യുവതി പരാതിയില്‍ പറയുന്നു. സ്ഥിരമായി മദ്യപിച്ചുവരാറുള്ള പ്രസാദ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. മദ്യപിക്കാന്‍ സുഹൃത്തുക്കളെയും കൂട്ടിയാണ് പ്രസാദ് വീട്ടിലെത്തിയിരുന്നത്. ഇവരും യുവതിയെ പീഡിപ്പിക്കാറുണ്ടത്രെ. മനോജില്‍നിന്ന് 15,000 രൂപ വാങ്ങി പ്രസാദ് ഭാര്യയെ കൈമാറുകയായിരുന്നുവത്രേ. മനോജ് ബലാത്സംഗം ചെയ്തതായി പറഞ്ഞ് യുവതി നാലുതവണ പരാതി നല്‍കിയെങ്കിലും നീലേശ്വരംപൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. പരാതിയുമായി ചെന്നപ്പോള്‍ നീലേശ്വരം സി.ഐയും മറ്റു പൊലീസുകാരും വളരെ മോശമായി ചോദ്യങ്ങള്‍ ചോദിച്ച് ആക്ഷേപിച്ചുവെന്നും യുവതി പറഞ്ഞു.


തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ ഹരജിയില്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാംപ്രതി മനോജിനെയും രണ്ടാംപ്രതി പ്രസാദിനെയും ഉടന്‍ അറസ്റ്റു ചെയ്യാന്‍ രണ്ടുമാസം മുമ്പ് നീലേശ്വരം പൊലീസിനോട് ഉത്തരവിട്ടെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്ന് യുവതി ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി ജോസി ചെറിയാനെ നേരില്‍കണ്ട് തന്റെ അവസ്ഥ അറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നിര്‍ദേശപ്രകാരം നീലേശ്വരം പൊലീസ് രണ്ടാംപ്രതിയായ ഭര്‍ത്താവ് പ്രസാദിനെ ഒരാഴ്ച മുമ്പാണ് അറസ്റ്റു ചെയ്തത്. പ്രസാദിനെ കോടതി റിമാന്‍ഡ് ചെയ്തു. പ്രസാദ് ജയിലിലായതിനുശേഷം ചോയ്യംകോട്ടെ തന്റെ വീടിനുനേരെ മനോജും സംഘവും അക്രമം നടത്തുകയാണെന്ന് യുവതി പറഞ്ഞു. നിരവധി തവണ വീടിന്റെ ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.


ഒന്നാം പ്രതിയായ മനോജിനെ നീലേശ്വരം സി.ഐ സംരക്ഷിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.കൂലിവേല ചെയ്യുന്ന വൃദ്ധമാതാപിതാക്കള്‍ മാനഹാനി ഭയന്ന് എല്ലാം പുറത്തുപറയാന്‍ മടിക്കുകയാണ്. സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും മനോജ് ഒളിവിലാണെന്നും ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി ജോസി ചെറിയാന്‍ പറഞ്ഞു. മദ്യപ കേരളം മുന്നോട്ട്' എന്നാണ് സമീപകാലത്തെ കേരളത്തിലെ മദ്യവില്‍പ്പനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. മില്ലികളില്‍ തുടങ്ങി കുപ്പികള്‍ പോരാത്ത അവസ്ഥയിലെത്തിക്കുന്ന ലഹരിഭ്രാന്ത്. ഓണവും ക്രിസ്മസും പുതുവത്സരവുമൊക്കെ മലയാളി ഇന്ന് ആഘോഷിക്കുന്നത് മദ്യലഹരിയിലാണ്.


കഴിഞ്ഞ ഓണത്തലേന്ന് മലയാളി മദ്യവില്‍പനശാലയില്‍ ചെലവിട്ടത് 30 കോടി രൂപ! ഇത് ഓണത്തിന്റെ കണക്കാണെങ്കില്‍ ക്രിസ്തുമസിന്റെ തലേന്ന് വിറ്റഴിച്ചത് 28 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തലേന്നാകട്ടെ 34.13 കോടി രൂപയുടെ മദ്യമാണ് മലയാളി വാങ്ങിയത് അതായത്, ആഘോഷമേതായാലും മദ്യപാനം നടക്കണം! ഈ കണക്കുകളെല്ലാം കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ! ഇതിനൊക്കെ പുറമെ കേരളത്തിലുള്ള 750 ഓളം ബാറുകളില്‍ നിന്നുള്ള മദ്യവും മലയാളികള്‍ തന്നെയാണ് കുടിക്കുന്നത്. പിന്നെ വ്യാജന്‍, കള്ളില്‍ മായം ചേര്‍ക്കുന്ന സ്പിരിറ്റ് അങ്ങനെ മറ്റൊരു വഴിക്കൂടെയും നമ്മള്‍ മദ്യവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അതൊക്കെ പോരാഞ്ഞ്, 'നല്ല സാധനം കഴിക്കണമെങ്കില്‍ പട്ടാളം വേണം' എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന എത്രയോ മലയാളികളുണ്ട്! ഉത്സവവും വിശേഷവുമൊന്നും കണക്കാക്കാതെ വിമുക്തഭടന്മാരുടെ ക്വോട്ടാ കാത്ത് കഴിയുന്ന വലിയൊരു മദ്യപ വിഭാഗത്തെയും നമുക്ക് അവഗണിക്കാന്‍ കഴിയില്ല.


അതായത്, മുമ്പ് വല്ലപ്പോഴും മാത്രം, അതും ഒതുക്കത്തില്‍ അല്‍പ്പം മദ്യം അകത്താക്കിയിരുന്ന മലയാളിക്ക് മദ്യത്തോടുള്ള സമീപനമേ മാറിപ്പോയി. എന്തിനേറെ, സിനിമയിലെ മദ്യപാനം വില്ലന്‍മാരുടെ മാത്രം കുത്തകയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നായകന്‍ ഫുള്‍ടൈം മദ്യപാനിയായി മദ്യക്കുപ്പിയെ വാഴ്ത്തുന്നത് നാം മോഹന്‍ലാല്‍ നായകനായ ഹലോ, ചോട്ടാമുംബൈ എന്നീ സിനിമകളില്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളുടെ സ്വകാര്യ ആഘോഷങ്ങള്‍ക്ക് പോലും മദ്യം അവിഭാജ്യ ഘടകമാണ്. പരസ്യമായി ഇത്തരം ശീലങ്ങളെ എതിര്‍ക്കുന്ന അപൂര്‍വമാളുകള്‍ക്ക് കുട്ടികളില്‍ നിന്നല്ല വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും അവയുടെ രാഷ്ട്രീയ ശാഖകളില്‍ നിന്നും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വെല്ലുവിളി നല്‍കാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ മിനക്കെടേണ്ടി വരികയുമില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കോളജ് വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്ന മറ്റാളുകളുടെയും കാര്യം പറയേണ്ടതില്ലല്ലോ.


മരണം, പ്രസവം, പെണ്ണുകാണല്‍, വിവാഹം അങ്ങനെ വിശേഷം എന്തുമായിക്കൊള്ളട്ടെ, വിഷയം സന്തോഷമോ സന്താപമോ ആവട്ടെ, മദ്യക്കുപ്പിമേലുള്ള മലയാളിയുടെ പിടി മുറുകകയേ ഉള്ളൂ. കേരള സമൂഹത്തില്‍ മദ്യത്തിന് ഇപ്പോള്‍ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. മദ്യപിക്കാം, എന്നാല്‍ അളവ് വിടരുത് എന്ന് പറയുന്ന അമ്മമാരും ഭാര്യമാരും അച്ഛന്മാരും സഹോദരന്മാരും ഇന്ന് നമുക്ക് അന്യമല്ല. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പനവഴിയും അല്ലാതെയും സര്‍ക്കാരിന് ലഭിക്കുന്ന ഭീമമായ നികുതി തുക സമൂഹത്തിലെ മദ്യ മാന്യത ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയുമില്ല. അതായത്, ഒരു കുപ്പി മദ്യത്തിന് 200 ശതമാനത്തോളം വില്‍പ്പന നികുതിയാണ് നല്‍കേണ്ടി വരുന്നത്. ബിവറേജസ് വഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന റമ്മിന് യഥാര്‍ത്ഥത്തില്‍ 1820 രൂപ വരെയാണ് ചെലവാകുന്നത്. റമ്മിലെ ശരാശരി മുന്തിയ ഇനത്തിന് 300 രൂപയും ഏറ്റവും കൂടിയ ഇനത്തിന് 800 രൂപയുമാണ് സര്‍ക്കാര്‍ വില. ഒരു കുപ്പി ബ്രാന്‍ഡി നിര്‍മ്മിക്കാ!ന്‍ ശരാശരി 35 രൂപ മാത്രം ചെലവിടുമ്പോള്‍ ഇതിന്‍ മദ്യപാനി നല്‍കേണ്ടി വരുന്നത് 750 രൂപ വരെയാണ്. വിസ്‌കി ഒരു കുപ്പി നിര്‍മ്മിക്കാന്‍ ശരാശരി 40 രൂപ മാത്രമാണ് ചെലവ്. ഇത് മദ്യപിക്കുന്നവരുടെ കൈകളില്‍ എത്തുമ്പോള്‍ 1500 രൂപ വരെ ചെലവാകും.


അതായത്, കേരളത്തിലെ മദ്യപാന ശീലം ക്രിമിനല്‍ വാസന കൂട്ടുകയും സാമൂഹിക ബന്ധങ്ങളെ ശിഥിലമാക്കുകയും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്താലും സര്‍ക്കാരിന് വിഷമിക്കേണ്ടതില്ല. ഓരോ മദ്യക്കുപ്പിയും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താ!റാവാ മദ്യാസക്തി കേരളത്തെ നാശത്തിലേക്ക് നയിക്കുകയാണെന്ന് ഇതിലും വലിയ ഉദാഹരണം മറ്റെവിടെക്കിട്ടും. വില്‍ക്കുന്ന മദ്യത്തിന്റെ അളവു നോക്കിയാല്‍ കേരളത്തിലെ ഭൂരിപക്ഷം യുവാക്കളും മദ്യപാനികളാണെന്ന് കണക്കാക്കേണ്ടിവരും. ഇന്ത്യന്‍ ആല്‍ക്കഹോള്‍ പോളിസി അലയന്‍സസ് എന്ന സംഘടന മൂന്നു വര്‍ഷത്തെ ശ്രമഫലമായി കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നവയാണ്. മുമ്പ് ഇന്ത്യയില്‍ 300ല്‍ ഒരാളാണ് മദ്യം കഴിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 20ല്‍ ഒന്നായി ഉയര്‍ന്നു. മദ്യപിച്ചു തുടങ്ങുന്ന പ്രായം മുമ്പ് 28 ആയിരുന്നെങ്കില്‍ ഇപ്പോഴത് 14 ആയി കുറഞ്ഞെന്നും അറ്റ്‌ലസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


കേരളത്തിലെ മദ്യപാനികളില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് 21നും 40നും ഇടയ്ക്കുള്ള പ്രായമുള്ളവരാണ്. റോഡപകടം, ആത്മഹത്യ, അക്രമം, കൊലപാതകം, സ്ത്രീപീഡനം തുടങ്ങിയവ 70 ശതമാനവും മദ്യപാനം നിമിത്തമാണ്. മദ്യപാനം സൃഷ്ടിക്കുന്ന കുടുംബകലഹങ്ങള്‍ക്കും പീഡനങ്ങളും കയ്യുംകണക്കുമില്ല. കേരളത്തില്‍ ബിവറേജ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യ ചില്ലറവില്പന കേന്ദ്രങ്ങള്‍ നാടുനീളെ ഉണ്ടായതോടെ ആര്‍ക്കും എവിടെയും എപ്പോഴും മദ്യം സുലഭമായി ലഭിക്കുമെന്നായി. മദ്യവില്പനകേന്ദ്രങ്ങളില്‍ പോയി ക്യൂ നിന്ന് വാങ്ങി വീടുകളിലും തട്ടുകടകളിലും ഇരുന്ന് മദ്യപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അരിക്ക് തീവിലയായിട്ടും മദ്യഷാപ്പുകളിലെ കച്ചവടം കഴിഞ്ഞവര്‍ഷത്തെക്കാള്‍ 17 ശതമാനം വര്‍ദ്ധനവാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. മദ്യപാനികളുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും ദുരിതവും സര്‍ക്കാരിന് ഒരു പ്രശ്‌നമേ അല്ല. ഒരു ജനതയുടെ സര്‍വനാശമാണ് മദ്യപാനമെന്ന ദുഷ്പ്രവൃത്തിയിലൂടെ ഉണ്ടാകുന്നത്.


ഖജനാവ് തടിച്ചുകൊഴുക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ഒരു ജനതയുടെ ആരോഗ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭാരതഭരണഘടനയുടെ 47ാം അനുച്ഛേദത്തില്‍ രാഷ്ട്രനയത്തിന്റെ നിര്‍ദ്ദേശകതത്വങ്ങളിലൊന്നായി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ''രാഷ്ട്രം അതിലെ ജനങ്ങളുടെ ആഹാരത്തിന്റെ നിലവാരവും ജീവിതത്തോളം ഉയര്‍ത്തുന്നതും, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നത് അതിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളില്‍പ്പെടുന്നവയായി പരിഗണിക്കേണ്ടതും പ്രത്യേകിച്ചും ഔഷധീയാവശ്യങ്ങള്‍ക്കല്ലാതെ ലഹരിപിടിപ്പിക്കുന്ന പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപഭോഗത്തിന്റെ നിരോധനം നടപ്പില്‍ കൊണ്ടുവരാന്‍ യത്‌നിക്കേണ്ടതും ആകുന്നു'. ഭാരതപൗരന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും പുരോഗതിക്കുമായി എന്തെല്ലാം ഉള്‍ക്കൊള്ളണം, എന്തെല്ലാം പുറന്തള്ളണം എന്ന് അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഭാരതത്തിലെ ഭരണതന്ത്രജ്ഞന്മാര്‍ കണ്ടിരുന്നു! എന്നാല്‍ ഫലമോ, ജനങ്ങളുടെ ജീവിത തോത് ഉയര്‍ത്തുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പകരം, ജനങ്ങളെ മദ്യത്തില്‍ മുക്കി മുഴുക്കുടിയന്മാരാക്കി നശിപ്പിച്ചുകൊല്ലുന്നു.


ഭരണഘടയുടെ 47ാം വകുപ്പിന്റെ പിന്‍ബലത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താവുന്നതാണ്. മദ്യവില്പന ഭരണഘടനാലംഘനമല്ലേ? ഭരണഘടനാലംഘനം നടത്തുന്ന സര്‍ക്കാരുകളെ പിരിച്ചുവിടാനിവിടെ എന്തുകൊണ്ടു കഴിയുന്നില്ല? രാഷ്ട്രീയ സമവാക്യമുണ്ടാകേണ്ടത് ഇവിടെയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യക്കാര്‍ പ്രായേണ മദ്യപാനശീലം ഇല്ലാത്തവരായിരുന്നുവെന്നും മദ്യത്തില്‍ നിന്നു കിട്ടുന്ന നികുതി ലക്ഷ്യമാക്കി ബ്രിട്ടീഷ് ഭരണകൂടം എത്രയോ വര്‍ഷങ്ങളോളം നിരന്തരമായി മദ്യവില്പനയും മദ്യപാനവും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഈ നാട്ടില്‍ ഈ ശീലം വേരുറച്ചതെന്നും സര്‍ക്കാര്‍ രേഖകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1930ല്‍ അമേരിക്കക്കാരനായ ജെ.ടി. സണ്‍സര്‍ലന്റ് ''ഇന്ത്യ ഇന്‍ബോജജ് ഹെര്‍ റൈറ്റ് ടൂ ഫ്രീഡം' എന്ന പുസ്തകത്തില്‍ പറയുന്നതായി എന്‍.വി. കൃഷ്ണവാര്യര്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ ഈ ഗ്രന്ഥം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മദ്യപാനം മൂലം ഇന്ത്യാക്കാരുടെ ഇടയില്‍ ഉണ്ടായ സാമ്പത്തികവും സാമൂഹികവും ധാര്‍മ്മികവും ആരോഗ്യപരവുമായ അധഃപതനത്തെ ഈ ഗ്രന്ഥം വരച്ചുകാട്ടിയിരുന്നു.


പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൊറാര്‍ജി ദേശായ്, രാജാജി തുടങ്ങിയ മഹാന്മാര്‍ മദ്യവര്‍ജ്ജനത്തിന് മുന്‍കൈയെടുത്തിരുന്നതാണ്. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം പോലുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ എംബസികളിലും ഹൈക്കമ്മീഷണറേറ്റുകളിലെയും ചടങ്ങുകള്‍ക്ക് മദ്യസല്‍ക്കാരം വേണ്ടെന്ന് നെഹ്‌റുജി നിര്‍ദ്ദേശിച്ചിരുന്നു. മൊറാര്‍ജി ദേശായിയുടെ ഭരണകാലത്താണ് വിശേഷ ദിവസങ്ങളിലും ശമ്പള ദിവസങ്ങളിലും മദ്യവില്പന നടത്തരുതെന്ന് തീരുമാനിച്ചത്. ഭരണഘടനയുടെ 47ാം വകുപ്പിന്റെ പിന്‍ബലത്തിലായിരുന്നു മൊറാര്‍ജി ഇങ്ങനെ ചെയ്തത്. മദ്യവര്‍ജ്ജനത്തിനായി കേന്ദ്രഗവണ്മെന്റ് രൂപീകരിച്ച ഒരു കമ്മറ്റി ഉണ്ടായിരുന്നു – സെന്‍ട്രല്‍ പ്രൊഹിബിഷന്‍ കമ്മറ്റി ഇപ്പോള്‍ ആ കമ്മറ്റി നിലവിലുള്ളതായി കേട്ടുകേള്‍വിപോലുമില്ല. ഭരണഘടനയുടെ 47ാം വകുപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്തുത കമ്മറ്റി പുനഃസംഘടിപ്പിച്ച് പ്രാവര്‍ത്തികമാക്കണം.


മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളിലേ മുതല്‍ അവബോധം സൃഷ്ടിക്കണം. വിദ്യാലയങ്ങളില്‍ മദ്യവര്‍ജന പ്രചാരണ ക്ലബ്ബുകള്‍ രൂപവല്‍ക്കരിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അംഗങ്ങളായി ചേര്‍ത്ത് സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണം. വരുംതലമുറയെ എങ്കിലും മദ്യാസക്തിയില്‍ നിന്നു വിമുക്തരാക്കണം. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറഞ്ഞത് 21 ആയി ഉയര്‍ത്തി നിയമമുണ്ടാക്കണം. ഘട്ടംഘട്ടമായി നാടുനീളെയുള്ള മദ്യ ചില്ലറവില്പനശാലകളുടെയും ബാറുകളുടെയും എണ്ണം കുറയ്ക്കണം. കൈയെത്തുംദൂരത്ത് കിട്ടുമ്പോഴാണ് കുടിയ്ക്കാനുള്ള പ്രേരണയുണ്ടാകുന്നത്. ഭാര്യയെ വിറ്റ പ്രസാദിനും പ്രേരണ ലഭിച്ചത് കൈയെത്തുംദൂരത്ത് ലഭിച്ച മദ്യമായിരിക്കണം.

1 അഭിപ്രായം: