2011, ജൂൺ 22, ബുധനാഴ്‌ച

യെമനില്‍ കുത്തേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്‌സ് മരിച്ചു


മൂവാറ്റുപുഴ: യെമനില്‍ ആഫ്രിക്കക്കാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. കാലാമ്പൂര്‍ അഞ്ചല്‍പ്പെട്ടി പാലപ്പിളളില്‍ രാജന്റെയും സരളയുടെയും മകള്‍ രാജി (24)യാണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ രാജി മരിച്ചതായാണ്‌ ബന്ധുക്കളെ അറിയിച്ചത്‌.

യെമന്‍ തലസ്‌ഥാനമായ സനായിലെ സൗദി-ജര്‍മന്‍ ആശുപത്രിയില്‍ മൂന്നുമാസം മുമ്പാണ്‌ രാജി ജോലിക്കു കയറിയത്‌. ലേബര്‍ റൂമില്‍ ജോലി ചെയ്യുന്നതിനിടെ എത്യോപ്യന്‍ സ്വദേശിയായ പതിനാറുകാരനാണ്‌ രാജിയെ ആക്രമിച്ചത്‌. മോഷണ ശ്രമത്തിനിടെ ആക്രമണം നടന്നതായാണ്‌ സൂചന. ആക്രമണത്തില്‍ രാജിക്ക്‌ ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നാണ്‌ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. അക്രമിയുടെ അടിയേറ്റ്‌ രാജിയുടെ താടിയെല്ല്‌ തകരുകയും കഴുത്തിലും ശരീരത്തിന്റെ പലഭാഗങ്ങളിലും കത്തിക്കുത്തേല്‍ക്കുകയും ചെയ്‌തിരുന്നു. ശരീരത്തില്‍ ഒമ്പതു മുറിവുകള്‍ ഉണ്ടായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്‌ രക്‌തം വാര്‍ന്ന്‌ ലേബര്‍ റൂമില്‍ അബോധാവസ്‌ഥയില്‍ കിടന്ന രാജിയെ സഹപ്രവര്‍ത്തകരാണ്‌ കണ്ടത്‌. സംഭവത്തില്‍ പ്രതിയായ യുവാവിനെ പിടികൂടിയതായി സൂചനയുണ്ടെങ്കിലും മറ്റുവിവരങ്ങളൊന്നും ബന്ധുക്കള്‍ക്കു ലഭിച്ചിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന്‌ അബോധാവസ്‌ഥയിലായ രാജിയെക്കുറിച്ച്‌ ജൂണ്‍ 11-ന്‌ 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. രണ്ടുദിവസം മുമ്പ്‌ രാജി കണ്ണുതുറന്നുവെന്നും ബന്ധുക്കളാരെങ്കിലും യെമനിലേക്കു വരികയാണെങ്കില്‍ രാജിക്ക്‌ ആശ്വാസമാകുമെന്നും യെമനിലുള്ള രാജിയുടെ കൂട്ടുകാരി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ പിതാവ്‌ രാജന്‍ തൊടുപുഴയിലെ കുടുംബ സുഹൃത്തായ ഡോക്‌ടര്‍ക്കൊപ്പം യെമനിലേക്കു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ്‌ മരണവിവരം അറിഞ്ഞത്‌.

പത്തുമാസം മുമ്പ്‌ രാജി ഗള്‍ഫിലേക്കു പോയെങ്കിലും ജോലി ലഭിച്ചിരുന്നില്ല. പിന്നീട്‌ ഏജന്റ്‌ മുഖേനയാണ്‌ യെമനില്‍ ജോലി ലഭിച്ചത്‌. യെമനില്‍ ആഭ്യന്തരകലാപം രൂക്ഷമായതിനാല്‍ മകളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ്‌ മാതാപിതാക്കള്‍. രാജിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന്‌ പി.ടി. തോമസ്‌ എം.പി. പറഞ്ഞു. രമ്യ, രഞ്‌ജു എന്നിവരാണ്‌ സഹോദരങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ