2011, ജൂൺ 22, ബുധനാഴ്‌ച

'കൈവെട്ടു കേസ്‌ :ജോസഫിനെ ആശുപത്രിയില്‍ വകവരുത്താന്‍ പദ്ധതിയിട്ടു


തിരുവനന്തപുരം: കൈവെട്ടിമാറ്റിയ നിലയില്‍ ചികിത്സയിലായിരുന്ന തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിനെ ആശുപത്രിയില്‍വച്ചു വകവരുത്താന്‍ ആസൂത്രണം നടന്നതായി ദേശീയ അന്വേഷണ ഏജന്‍സി.

ജോസഫിനെ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ നാലാം ദിവസമാണ്‌ വീണ്ടും ആക്രമം നടത്താന്‍ പരിപാടിയിട്ടത്‌.

കൈവെട്ടിനെതിരേ സംസ്‌ഥാനത്ത്‌ ജനവികാരം ആളിക്കത്തിയതിനിടയിലാണ്‌ വീണ്ടും ആക്രമിക്കാന്‍ പദ്ധതിയിട്ടത്‌. പ്രതികള്‍ അത്രത്തോളം ശക്‌തരാണെന്നു തെളിയിക്കാനായിരുന്നു രണ്ടാമത്തെ വധോദ്യമം. ഇതേക്കുറിച്ച്‌ കേരളാ പോലീസിന്‌ ഒരുതുമ്പും കിട്ടിയില്ല.

ആ ദിശയില്‍ ഒരന്വേഷണവും നടന്നില്ല. കൈവെട്ടു സംഭവത്തിനു തീവ്രവാദബന്ധം ഉണ്ടോയെന്നതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേരള പോലീസ്‌ തുനിഞ്ഞില്ലെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സിക്കു വിവരം ലഭിച്ചു.

ഇതുസംബന്ധിച്ച അന്വേഷണം എന്‍.ഐ.എക്കു കൈമാറുമെന്ന സാഹചര്യം വന്നപ്പോള്‍ അവസാനനിമിഷം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുളള വകുപ്പ്‌ ഉള്‍പ്പെടുത്തുക മാത്രമാണ്‌ കേരള പോലീസ്‌ ചെയ്‌തത്‌. ഇതോടെ കേരള പോലീസിലെ ചില ഉന്നതര്‍ സംശയത്തിന്റെ നിഴലിലായി. കേരളാ പോലീസിന്റെ അനാസ്‌ഥകാരണം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയായെന്ന്‌ എന്‍.ഐ.എ കരുതുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ 'അജ്‌ഞാതന്‍' ഉണ്ടെന്നാണ്‌ എന്‍.ഐ.എയുടെ അനുമാനം.

കുറേക്കാലം ഹൈദരാബാദിലായിരുന്ന ഇയാളിലേക്കു വെളിച്ചംവീശുന്ന ഒരുസൂചനയും പ്രതികളില്‍നിന്ന്‌ ലഭിച്ചില്ല. പിടിയിലായ പ്രതികള്‍ക്കുപോലും അജ്‌ഞാതമായ രീതിയിലായിരുന്നു ഇയാളുടെ നീക്കങ്ങള്‍. കേസന്വേഷണ രീതിയില്‍ കേരളാ പോലീസിലെ ഇന്റലിജന്‍സ്‌ നേതൃത്വം അതൃപ്‌തി പ്രകടിപ്പിച്ചെങ്കിലും ഉന്നതരായ ചില ഐ.പി.എസ്‌ ഉദ്യോഗസ്‌ഥര്‍ അതു തള്ളിക്കളയുകയായിരുന്നു. തീവ്രവാദബന്ധം ഉണ്ടോയെന്ന്‌ ചെറിയതോതിലെങ്കിലും കേരളാ പോലീസ്‌ അന്വേഷിച്ചിരുന്നുവെങ്കില്‍ ആസൂത്രണം ചെയ്‌ത അജ്‌ഞാതനെക്കുറിച്ചുള്ള വിവരം ലഭിക്കുമായിരുന്നെന്നും യഥാര്‍ഥ പ്രതികളെ നേരത്തെതന്നെ പിടികൂടാമായിരുന്നെന്നും എന്‍.ഐ.എ കരുതുന്നു.

കൈവെട്ടു കേസിനെക്കുറിച്ചന്വേഷിക്കാന്‍ എന്‍.ഐ.എയുടെ എ.ഡി.ജി.പി. പ്രകാശ്‌ കുമാര്‍ മിശ്ര അതീവരഹസ്യമായി കേരളത്തിലെത്തിയിരുന്നു.

ഇദ്ദേഹം ജോസഫിനെകണ്ട്‌ മൊഴിയെടുത്തത്‌ കേസിന്റെ പ്രാധാന്യത്തെയും സംഭവത്തിന്‌ തീവ്രവാദവുമായുളള ശക്‌തമായ ബന്ധത്തെയും സൂചിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ശക്‌തമായ തീവ്രവാദ വേരുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. ക്രമസമാധാന പ്രശ്‌നമെന്ന നിലയിലാണ്‌ കേരളാ പോലീസ്‌ കേസന്വേഷണം ആരംഭിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും. 'മംഗളം' തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുളള വകുപ്പ്‌ ഉള്‍പ്പെടുത്താന്‍ കേരളാ പോലീസ്‌ ഒടുവില്‍ തയാറായത്‌. കൈവെട്ടു സംഭവത്തിനു വിദേശബന്ധമുണ്ടെന്ന്‌ എന്‍.ഐ.എ നേരത്തെ സ്‌ഥിരീകരിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ