2011, ജൂൺ 9, വ്യാഴാഴ്‌ച

വാഹനാപകടത്തില്‍ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ യുവാവ്‌ ചികിത്സാ സഹായം തേടുന്നു

വാഹനാപകടത്തില്‍ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ നിര്‍ദ്ധന കുടുംബത്തിലെ യുവാവ്‌ ഉദാരമതികളില്‍ നിന്നും ചികിത്സാ സഹായം തേടുന്നു. കോളപ്ര വീട്ടിക്കല്‍ വിജയന്റെ മകന്‍ ഷിനൂപ്‌ (25) ആണ്‌ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ്‌ ഒരു വശം തളര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്നത്‌. 2007 ഏപ്രില്‍ 15 ന്‌ വിഷുദിനത്തില്‍ ഉണ്ടായ ബൈക്ക്‌ അപകടത്തില്‍ തലയ്‌ക്കു മാരകമായി പരിക്കേറ്റ ഷിനൂപ്‌ ഒരു വര്‍ഷത്തോളം അബോധാവസ്ഥയിലായിരുന്നു. തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന്‌ സംസാരശേഷിയും നഷ്‌ടപ്പെട്ടിരുന്നു.വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഒരു വശംതളര്‍ന്നതു മൂലം എഴുന്നേറ്റ്‌ നടക്കാന്‍ കഴിയുന്നില്ല. ഭാഗികമായി മാത്രമാണ്‌ സംസാരശേഷിയും തിരികെ ലഭിച്ചത്‌. തുടര്‍ചികിത്സ ലഭ്യമായാല്‍ ഷിനൂപിന്റെ തളര്‍ന്ന വശം ഭേദമാക്കാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. ഇതുവരെ ഷിനൂപിന്റെ ചികിത്സയ്‌ക്കായി ലക്ഷക്കണക്കിന്‌ രൂപ ചിലവായിക്കഴിഞ്ഞു. നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിര്‍ലോഭമായ സഹകരണം ലഭിച്ചതുകൊണ്ട്‌ ഇതുവരെ ചികിത്സ നടത്തി വന്നത്‌. ഹൃദ്രോഗിയായ പിതാവ്‌ വിജയനും മാതാവ്‌ സാവിത്രിയും ഇനി തുടര്‍ന്നു ചികിത്സിക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്‌. ഉള്ള കിടപ്പാടം വരെ പണയപ്പെടുത്തിയാണ്‌ ഇവര്‍ കുടുംബത്തിന്റെ തണലാകേണ്ടിയിരുന്ന തങ്ങളുടെ ഏകമകനെ ചികിത്സിക്കാന്‍ പണം കണ്ടെത്തിയത്‌. എന്നാല്‍ തുടര്‍ചികിത്സയ്‌ക്കായി വേണ്ടി വരുന്ന ഒരു ലക്ഷത്തോളം രൂപയ്‌ക്കായി നെട്ടോട്ടമോടുകയാണ്‌ ഇവര്‍. തുടര്‍ചികിത്സയ്‌ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്‌ ഇവര്‍. ഇതിനായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ കാഞ്ഞാര്‍ ശാഖയില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 0202053000003559.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ