2011, ജൂൺ 19, ഞായറാഴ്‌ച

കുഞ്ഞാപ്പ കളിതുടങ്ങി: ഐസ്‌ക്രീം അന്വേഷണസംഘം ചിതറുന്നു

കോഴിക്കോട്: കുഞ്ഞാപ്പ കളിതുടങ്ങി, അനൂപ് കുരുവിള ജോണ്‍ തെറിച്ചു. അതേ സംസ്ഥാനപോലീസ് തലപ്പത്ത് മന്ത്രിസഭ വരുത്തിയ ചെറിയ മാറ്റം ഐസ്‌ക്രീംകേസില്‍ ആരോപണവിധേയനായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന സംഘത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുപ്പതാംജന്മദിനം ആഘോഷിച്ചതെന്ന് കോണ്‍ഗ്രസ് അനുഭാവികളെപ്പോലും അമ്പരപ്പിച്ചുകഴിഞ്ഞു.


വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളിലുള്ളവരെ തെരഞ്ഞുപിടിച്ചാണ് മാറ്റിയത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനരന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സ്ഥലംമാറ്റംവഴി നാലു കഷണമാക്കാനും തിരക്കിട്ട നീക്കം തുടങ്ങി. ഈ സംഘത്തില്‍ അംഗമായ കോഴിക്കോട് കമീഷണറെ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മാറ്റിയിരുന്നു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതിക്കേസ് അന്വേഷിക്കുന്ന കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിലെ 32 പേരെയും ഒഴിവാക്കി.


അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലംമാറ്റരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ്, എമിഗ്രേഷന്‍ തുടങ്ങിയ സുപ്രധാന വിഭാഗങ്ങളിലെ മാറ്റം. വിരമിക്കാന്‍ ഏതാനും മാസം ബാക്കിയുള്ളവരെയും തലങ്ങും വിലങ്ങും മാറ്റിയിട്ടുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പ്രത്യേക അന്വേഷണസംഘത്തില്‍ അംഗമായിരുന്ന കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ അനൂപ് കുരുവിള ജോണിനെ കണ്ണൂര്‍ എസ്പിയാക്കി. ഇപ്പോഴത്തെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ പി വിജയനാണ് സംഘത്തിലെ മറ്റൊരു എസ്പി. പി വിജയന്‍ കോഴിക്കോട് കമീഷണറും അനൂപ് കുരുവിള ജോണ്‍ തീരസംരക്ഷണസേനയില്‍ എസ്പിയുമായിരിക്കെയാണ് ഐസ്‌ക്രീം കേസിന്റെ പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. മലപ്പുറം ഡിവൈഎസ്പി കെ സുദര്‍ശന്‍ ഉള്‍പ്പെടെ മൂന്ന് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. അടുത്ത ഘട്ടത്തില്‍ ഇവരെയും മാറ്റാനാണ് ആലോചന. അതോടെ പ്രത്യേക അന്വേഷണസംഘം ചിന്നിച്ചിതറും.


ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റ ലിസ്റ്റ് അണിയറയില്‍ തയ്യാറാക്കിവരികയാണ്. ഫെബ്രുവരി നാലിനാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ ഐസ്‌ക്രീം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസന്വേഷണം വഴിത്തിരിവില്‍ എത്തിനില്‍ക്കെയാണ് പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരെ വിവിധ വഴിക്കാക്കിയത്. ഡിജിപിയുടെ പ്രത്യേക ഉത്തരവ് ഉണ്ടെങ്കിലേ ഇവര്‍ക്ക് മേലില്‍ പ്രത്യേക സംഘത്തിന്റെ ചുമതല നിറവേറ്റാന്‍ കഴിയൂ. പൊലീസുകാരെ വ്യാപകമായി സ്ഥലംമാറ്റി നിയമിച്ച് എല്ലാ ജില്ലയിലും ഉത്തരവിന്റെ പ്രളയമാണ്. എയര്‍ പോര്‍ട്ട് എമിഗ്രേഷന്‍ , ബറ്റാലിയന്‍ എന്നീ വിഭാഗങ്ങളിലെ എസ്‌ഐമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്.


അച്ചടക്കനടപടിക്ക് വിധേയരായവര്‍ , വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടവര്‍ , സ്വഭാവദൂഷ്യമുള്ളവര്‍ എന്നിവരെ സുപ്രധാന വിഭാഗങ്ങളില്‍ നിയമിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. വിജിലന്‍സിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം നിയമനമെന്നും വ്യവസ്ഥയുണ്ട്. ഇതെല്ലാം മറികടന്നാണ് പലര്‍ക്കും വിജിലന്‍സിലും ഇന്റലിജന്‍സിലും മറ്റും നിയമനം നല്‍കിയത്. കോഴിക്കോട്, കൊല്ലം സിറ്റികളിലെ കമീഷണര്‍മാര്‍ ഉള്‍പ്പെടെ 11 എസ്പിമാരെയാണ് കഴിഞ്ഞദിവസം സ്ഥലംമാറ്റിയത്. ഡിജിപി കെ എസ് ജങ്പാംഗി, എഡിജിപി മുഹമ്മദ് യാസിന്‍ , ക്രൈംബ്രാഞ്ച് ഡിഐജി എസ് ശ്രീജിത് എന്നിവരെയും മാറ്റിനിയമിച്ചു.


അതേസമയം അനൂപ് കുരുവിള ജോണിനെ സ്ഥലം മാറ്റിയതോടെ ഐസ്‌ക്രീം കേസന്വേഷണം നിലച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ എസ്.പിയായിട്ടാണ് അനൂപിനെ സ്ഥലം മാറ്റിയിട്ടുള്ളത്. കോതമംഗലം പെണ്‍വാണിഭക്കേസിന്റെ അന്വേഷണവും നിലച്ചിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ