2011, ജൂൺ 16, വ്യാഴാഴ്‌ച

പ്ലസ്‌ വണ്‍ പ്രവേശനം ; സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണം

തൊടുപുഴ: പ്ലസ്‌ വണ്‍ പ്രവേശനം ലഭിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നെട്ടോട്ടമോടുമ്പോള്‍ അഡീഷണല്‍ സീറ്റുകള്‍ എടുക്കുവാനും പുതിയ ബാച്ചുകള്‍ക്ക്‌ അപേക്ഷ നല്‍കാനും വൈമുഖ്യം കാണിക്കുന്ന സ്വകാര്യ - പൊതുമേഖല സ്‌കൂള്‍ അധികൃതരുടെ നിലപാട്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായി. ഭൗതിക സാഹചര്യമുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതര്‍ പുതിയ ബാച്ചുകള്‍ക്ക്‌ അപേക്ഷ നല്‍കാന്‍ പോലും തയ്യാറല്ല. അദ്ധ്യാപകരുടെ ജോലി ഭാരം കൂടുമെന്നാണത്രേ ഇവര്‍ ഇതിനു കാരണമായി പറയുന്നത്‌. പ്രതിമാസം മുപ്പതിനായിരത്തോളം രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപകര്‍ ആഴ്‌ചയില്‍ എട്ട്‌ മണിക്കൂറാണ്‌ നിലവില്‍ ജോലി ചെയ്യുന്നത്‌. പുതിയ ബാച്ചുകള്‍ അനുവദിച്ചാല്‍ ഇത്‌ 12 മണിക്കൂര്‍ വരെ ക്ലാസെടുക്കേണ്ടതായി വരുന്നതാണത്രേ ജോലി ഭാരം. പൊതുമേഖലയെ നിലനിര്‍ത്താന്‍ ആഴ്‌ചയില്‍ ഒന്നു വീതം ധര്‍ണ്ണയും പ്രകടനവും നടത്തുന്ന അദ്ധ്യാപക സംഘടനകളുടെ ആത്മാര്‍ത്ഥതയാണ്‌ ഇതുവഴി പുറത്തു വരുന്നത്‌. പ്ലസ്‌ വണ്‍ പ്രവേശനം കിട്ടാതെ കുട്ടികള്‍ നെട്ടോട്ടമോടുമ്പോഴാണ്‌ ആഴ്‌ചയില്‍ നാല്‌ മണിക്കൂര്‍ അധികം ക്ലാസെടുക്കേണ്ടി വരുന്നതിന്റെ ജോലിഭാരത്താല്‍ കുട്ടികള്‍ക്ക്‌ പഠനാവസരം നിഷേധിക്കുന്നത്‌. അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളെ സഹായിക്കാനുള്ള നീക്കമായും ഇതിനെ കാണേണ്ടിയിരിക്കുന്നു. മാനേജ്‌മെന്റ്‌ സ്‌കൂള്‍ അധികൃതരാകട്ടെ പുതിയ ബാച്ച്‌ ലഭിച്ചാല്‍ സ്വീകരിക്കാം, അഡീഷണല്‍ സീറ്റുകള്‍ വേണ്ടെന്ന നിലപാടിലാണത്രേ. ഇരുപത്‌ ശതമാനം വരെ സീറ്റുകള്‍ അധികമായി നല്‍കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും സീറ്റു വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ തയ്യാറല്ല. പുതിയ ബാച്ച്‌ തുടങ്ങുന്നതിലാണ്‌ ഇവര്‍ക്ക്‌ താല്‍പര്യം. പുതിയ ബാച്ച്‌ അനുവദിച്ചാല്‍ പുതിയ അദ്ധ്യാപക നിയമനവും നടത്താമെന്നതാണ്‌ സ്വകാര്യമാനേജ്‌മെന്റുകളുടെ താല്‍പര്യം. പാവപ്പെട്ടവരുടെ ഉന്നമനത്തെക്കുറിച്ച്‌ വഴി നീളെ പ്രസംഗിച്ചു നടക്കുന്നവര്‍ ഉള്ള സൗകര്യം ഉപയോഗപ്പെടുത്തി പാവപ്പെട്ടവരെ സഹായിക്കാന്‍ തയ്യാറാകാത്തതിലൂടെ ഇവരുടെ കാപട്യമാണ്‌ പുറത്തു വന്നിരിക്കുന്നത്‌.
തൊടുപുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്ണിന്‌ അഡീഷണല്‍ ബാച്ചുകള്‍ തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം സാംസ്‌കാരിക വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ജയകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. നിലവില്‍ പുതിയ ബാച്ച്‌ തുടങ്ങുവാനുള്ള കെട്ടിടസൗകര്യം ഇവിടെയുണ്ട്‌. കൂടുതല്‍ ക്ലാസ്‌ മുറി സൗകര്യം ലഭ്യമാക്കുന്നതിന്‌ ജില്ലാ പഞ്ചായത്ത്‌ നടപടി സ്വീകരിക്കണം. പുതിയ ബാച്ച്‌ തുടങ്ങുന്നതിന്‌ അപേക്ഷ നല്‍കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ നഗരസഭ മുന്നിട്ടിറങ്ങണം. പ്ലസ്‌ വണ്‍ സീറ്റ്‌ ലഭിക്കാതെ വിഷമിക്കുന്ന കുട്ടികള്‍ക്ക്‌ ഇത്‌ പ്രയോജനപ്പെടുമെന്നും ജയകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ