തൊടുപുഴ : കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് എട്ട് മാസമായി കമിഴ്‌ന്ന കിടപ്പില്‍ തന്നെ. അപകടത്തില്‍ മലദ്വാരം സ്ഥാനത്ത് നിന്ന് വിട്ടുപോയാണ് കുറുമ്പാലമറ്റം പുതുശ്ശേരില്‍ വര്‍ഗീസിന്റെ മകന്‍ വിന്‍സെന്റ് വര്‍ഗീസിന് (34) ഗുരുതരമായി പരിക്കേറ്റത്. 2010 നവംബര്‍ എട്ടിന് പാലായിലെ മുത്തോലപുരത്ത് വച്ചായിരുന്നു അപകടം.
കൂലിപ്പണിക്കാരനായ വിന്‍സെന്റ് പാലായില്‍ കേബിള്‍ കുഴിയുടെ പണി നടത്തുമ്പോഴായിരുന്നു അപകടം. സഹപണിക്കാര്‍ക്ക് ഭക്ഷണം വാങ്ങി തിരികെ പണിസ്ഥലത്തേക്ക് മടങ്ങും വഴി ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വന്ന കെഎസ്‌ആര്‍ടിസി ബസ് ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്ത് ബൈക്കിനൊപ്പം മലര്‍ന്ന് കുടുങ്ങിയ വിന്‍സെന്റിനെ 50 മീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടുപോയി. കാലിന്റെ എല്ലുകള്‍ ഒടിയുകയും മലദ്വാരം തകരുകയും ചെയ്‌തു.
കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മൂന്ന് ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായ വിന്‍സെന്റിന്റെ വയര്‍ തുളച്ച് താല്‍ക്കാലികമായി മലം നീക്കം ചെയ്യാന്‍ പ്രത്യേക ബാഗ് ഘടിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ രണ്ട് ലക്ഷത്തോളം രൂപ ചിലവായി. തുടര്‍ന്ന് വീട്ടില്‍ വന്നെങ്കിലും മുറിവ് ഉണങ്ങാത്തത് മൂലം മെയ് 23 ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടുകയായിരുന്നു. ഡോക്‌ടര്‍ ജോസിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ടീമാണ് വിന്‍സന്റിനെ ഇപ്പോള്‍ ചികിത്സിക്കുന്നത്. തുടയിലെ എല്ലുകള്‍ക്ക് പൊട്ടലും തേയ്‌മാനവും ഉള്ളതുകൊണ്ടാണ് മുറിവ് ഉണങ്ങാന്‍ താമസമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. മുറിവ് ഉണങ്ങികഴിഞ്ഞ് രണ്ട് മേജര്‍ ശസ്‌ത്രക്രിയകള്‍ കൂടി നടത്തിയാല്‍ മാത്രമേ മലദ്വാരം പൂര്‍വ്വ സ്ഥിതിയില്‍ സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ശസ്‌ത്രക്രിയയകള്‍ക്ക് മാത്രം എട്ട് ലക്ഷത്തോളം രൂപാ ചിലവ് വരും. വണ്ടമറ്റത്ത് രണ്ടര സെന്റ് സ്ഥലത്തുള്ള കൊച്ചുവീട്ടിലാണ് ഭാര്യ ടെസിയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആല്‍ഫിനും വില്‍ഫിനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. വിന്‍സെന്റ് കൂലിപ്പണി ചെയ്‌ത് കിട്ടുന്ന വരുമാനം കൊണ്ട് മാത്രമായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഉദാരമായ സഹായം കൊണ്ടാണ് ഇതുവരെയുള്ള ആശുപത്രി ചിലവുകളും കുട്ടികളുടെ പഠനത്തിനുള്ള ചിലവുകളും നടന്നത്. എട്ട് ലക്ഷം രൂപ ചിലവ് വരുന്ന ശസ്‌ത്രക്രിയ നടത്താന്‍ ഈ നിര്‍ദ്ധന കുടുംബത്തിന് സാധിക്കില്ല. കരുണയുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം. തൊടുപുഴ എസ് ബി റ്റിയില്‍ ഭാര്യ ടെസിയുടേയും വിന്‍സെന്റിന്റേയും പേരില്‍ 57069578242 നമ്പരായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ