2011, ജൂൺ 12, ഞായറാഴ്‌ച

കൈവെട്ടുകേസില്‍ ആദ്യ അറസ്റ്റ്: കാണാന്‍പോകുന്നത് അറസ്റ്റുപരമ്പര

തൊടുപുഴ: പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ ദേശീയ അന്വേഷണസംഘം ഒരു പ്രതിയെ അറസ്റ്റുചെയ്തു. വരാനിരിക്കുന്ന അറസ്റ്റുകളുടെ തുടക്കമായാണ് ഇതിനെ എന്‍ഐഎ ഉന്നതകേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. കേസിലെ 38-ാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. അക്രമത്തിനിടെ മുതുകില്‍ വെട്ടേറ്റ സവാദിനും പിടിവലിക്കിടെ കയ്യാലയില്‍ ഉരഞ്ഞ് കാലില്‍ മുറിവു പറ്റിയ ഷംസുദ്ദീനും ചികില്‍സ ലഭ്യമാക്കുന്നതിനുള്ള സഹായം ചെയ്തു എന്നതാണ് നൗഷാദിന്റെ പേരിലുള്ള കുറ്റം. മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്ത നൗഷാദിനെ കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേസിലെ 55 പ്രതികളില്‍ 27 പേരെ സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മൂന്നു മാസം മുന്‍പാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

കേസിലെ മുഖ്യ സൂത്രധാരന്‍ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് നാസര്‍, ഓടക്കാലി അശമന്നൂര്‍ സ്വദേശി സവാദ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. അതീവഗൗരവത്തോടെയായിരുന്നു എന്‍ഐഎ കേസിനെ നിരീക്ഷിച്ചിരുന്നത്. പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയിലായിരുന്നു അന്വേഷണം. ഏതെങ്കിലും പ്രതികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപെട്ടാന്‍ പിന്നീട് അത് വലിയ പ്രത്യാഘാതങ്ങള്‍ക്കു വഴിതെളിക്കുമെന്നായിരുന്നു എന്‍.ഐ.എയുടെ നിരീക്ഷണം. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റുന്നതിലൂടെ ജിഹാദി നിയമം നടപ്പാക്കി രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എറണാകുളത്തെ പ്രത്യേക കോടതിയെ നേരത്തെ ബോധിപ്പിച്ചിരുന്നു. കേസില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഈ വിശദീകരണമുള്ളത്.

കൈവെട്ടിയതിലൂടെ പ്രതികള്‍ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്തു. കുറ്റകൃത്യത്തിനു പിന്നിലെ വിപുലമായ ക്രിമിനല്‍ ഗൂഢാലോചന, ദേശവിരുദ്ധ പ്രവര്‍ത്തനം, ഭീകരസംഘടനകളുമായുള്ള പ്രതികളുടെ ബന്ധം, വിദേശ ഫണ്ടിംഗ് എന്നിവ അന്വേഷിക്കേണ്ടതുണ്ടെന്ന് എന്‍.ഐ.എ എസ്.പി സ്വയംപ്രകാശ് പാണി സമര്‍പ്പിച്ച എഫ്.ഐ.ആറിലുണ്ടായിരുന്നു. 54 പേരുടെ പ്രതിപ്പട്ടികയും എഫ്.ഐ.ആറിനൊപ്പം കോടതിക്ക് കൈമാറിയിരുന്നു. അദ്ധ്യാപകന്റെ കൈപ്പത്തി മഴുകൊണ്ട് വെട്ടിയെടുത്ത് ദൂരേക്കെറിഞ്ഞ അശമന്നൂരിലെ സവാദാണ് ഒന്നാം പ്രതി. ഇയാളും മുഖ്യപ്രതി നാസറുമടക്കം 27 പേര്‍ ഇപ്പോഴും ഒളിവിലാണ്. കുറ്റകൃത്യത്തിന്റെ കേന്ദ്രബിന്ദുവായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ), സിമി പോലുള്ള നിരോധിത ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുണ്ട്.

മതമൗലിക വാദികളും മത ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു കൂട്ടം യുവാക്കളുമാണ് കേസിലെ പ്രതികള്‍. പി.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകരായ പ്രതികളില്‍ ചിലര്‍ മറ്റ് കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും സിമി പ്രസിദ്ധീകരണങ്ങളും തീവ്രവാദം പ്രോത്‌സാഹിപ്പിക്കുന്ന വീഡിയോ സി.ഡികളും പിടിച്ചെടുത്തിരുന്നു. 'ഗ്‌ളോബല്‍ ഇസഌമിക് ടെറേഴ്‌സ് നെറ്റ്‌വര്‍ക്ക് അല്‍ക്വയ്ദ'എന്ന ലഖുലേഘയും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ജൂലായ് നാലിനാണ് പ്രൊഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. കേസിന്റെ സ്വഭാവവും സാഹചര്യവും കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് കേസ് എന്‍.ഐ.എയ്ക്ക് കൈമാറി.

അദ്ധ്യാപകനെ ആക്രമിക്കാന്‍ ഓമ്‌നി വാനിലെത്തിയ നൂലേലി അശമന്നൂരില്‍ സവാദ്, ചൊവ്വര ശ്രീമൂലനഗരം കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍, കോതമംഗലം വെണ്ടുവഴി താണിമോളേല്‍ വീട്ടില്‍ ഷോബിന്‍ എന്ന കെ.എം.മുഹമ്മദ് ഷോബിന്‍, മൂവാറ്റുപുഴ രണ്ടാര്‍ സജില്‍, അറയ്ക്കപ്പടി വെങ്ങോല വാരിയത്തുമുറി വീട്ടില്‍ ഷംസു എന്ന ഷംസുദ്ദീന്‍, കോട്ടുവള്ളി വള്ളുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷെമി എന്ന ഷാനവാസ്, വാഴക്കുളം മനക്കമൂല കൈപ്പിള്ളി വീട്ടില്‍ കെ.എ.പരീത് എന്നിവരാണ് കേസിലെ ആദ്യ ഏഴു പ്രതികള്‍. രാവിലെ 8.05 ന് വൃദ്ധ മാതാവ്, സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല എന്നിവര്‍ക്കൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവേയാണ് പ്രൊഫ. ജോസഫ് സ്വന്തം വീടിനു സമീപം ആക്രമിക്കപ്പെട്ടത്. കാറിന്റെ ചില്ല് തകര്‍ത്ത് ജോസഫിനെ പുറത്തേക്ക് വലിച്ചിട്ട് വെട്ടുകത്തി, മഴു എന്നിവ കൊണ്ട് വലതു കൈപ്പത്തി വെട്ടിമാറ്റി.

ഇടതുകാലിലും വെട്ടി. സംഭവം കണ്ട് തടയാനെത്തിയ ഭാര്യ സലോമിയെയും മകനെയും നാടന്‍ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു.'ഈ കൈകൊണ്ടല്ലേ നീ ഇസഌം മതത്തെ അക്ഷേപിക്കുന്ന ചോദ്യം എഴുതിയത്? ഇനി നീ ഈ കൈകൊണ്ട് എഴുതേണ്ട' എന്നു പറഞ്ഞാണ് പ്രതികള്‍ അദ്ധ്യാപകനെ ആക്രമിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. പൊലീസ് ജോസഫിനെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചു കിട്ടി. ഭാര്യ സലോമിയുടെ പ്രഥമവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 48 പ്രതികള്‍ ഉള്‍പ്പെട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ