
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഡ്വ.എ.സുജനപാല്‍ (62) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. അര്‍ബുദബാധയേ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്ന സുജനപാല്‍ സജീവരാഷ്‌ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പൊതുദര്‍ശനം നാളെ രാവിലെ ഒന്‍പതു മണിവരെ ഗോപാലപുരത്തെ വസതിയിലും തുടര്‍ന്ന് 10 വരെ കോഴിക്കോട് ഡി.സി.സി ഓഫീസിലും 10 മുതല്‍ 12 വരെ ടൗണ്‍ഹാളിലും നടക്കും സംസ്‌കാരം 12 മണിക്ക് മാവൂര്‍ റോഡിലെ പൊതുശ്‌മശാനത്തില്‍ നടക്കും.
മുന്‍ യു.ഡി.എഫ് മന്ത്രിസഭയില്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന സുജനപാല്‍ കോഴിക്കോട്-1 മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ നിയമസഭയില്‍ എത്തി. 1991-ലായിരുന്നു ആദ്യമായി എം.എല്‍.എആകുന്നത്. 1982- കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റും 1992-ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പിന്നീട് കെ.പി.സി.സി ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വാതരന്ത്യസമര സേനാനിയും ആദ്യ കേരള നിയമസഭാംഗവുമായിരുന്ന എ.ബാലഗോപാലിന്റെയും അനന്തലക്ഷമിയുടെയും മകനായി 1949 ഫെബ്രുവരി ഒന്നിന് ജനിച്ച സുജനപാല്‍ കെ.എസ്.യുവിലൂടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. അച്ഛന്റെയും ബ്രഹ്മസമാജം സ്ഥാപകനായ മുത്തച്ഛന്‍ ഡോ.അയയ്ത്താന്‍ ഗോപാലന്റെയും പൊതുപ്രവര്‍ത്തന പരന്പര്യം സുജനപാലിലും പ്രകടമായിരുന്നു. ഗുരുവായൂരപ്പന്‍ കോളജില്‍ നിന്നു ബിരുദവും ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടി. കെ.എസ്.യു ജില്ലാപ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2001-ല്‍ രണ്ടാമതും നിയമസഭയില്‍ എത്തിയ സുജനപാല്‍ 2005 വരെ നിയസഭാ കമ്മിറ്റികളില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രൈവറ്റ് മെംബേഴ്സ് കമ്മിറ്റിയുടെ ചെയര്‍മാനായ അദ്ദേഹത്തെ 2006 ഫെബ്രുവരി നാലിന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം-പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാംസ്കാരിക പ്രവര്‍ത്തകരുടെ തട്ടകമായ കോഴിക്കോടിന്റെ സ്വാധീനം സാംസ്കാരിക സാഹിത്യ മേഖലയിലും സുജനപാലിനെ സജീവമാക്കി. എസ്കെ പൊറ്റക്കാട്ട് സ്മാരക സാംസ്കാരിക കേന്ദ്രം, കാലിക്കറ്റ് കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി ചുമതല വഹിച്ച സുജനപാല്‍ നിരവധി രാജ്യാന്തര സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി വിദേശപര്യടനങ്ങള്‍ നടത്തിയിട്ടുള്ള സുജനപാല്‍ തന്റെ യാത്രാനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കിയിരുന്നു. 1980-ല്‍ സോഫിയയില്‍ ചേര്‍ന്ന വേള്‍ഡ് പാര്‍ലമെന്‍റ് ഫോര്‍ പീപ്പിള്‍ ഫോര്‍ പീസ്, സോളിഡാരിറ്റി വിത്ത് സിറിയ ആന്‍റ് പി.എല്‍.ഒ, ദമാസ്കസ്(1981), 1985-ല്‍ മാസ്കോവില്‍ നടന്ന മസാവിയറ്റ് യൂണിയന്‍ സമ്മേളനം, മെയ് ദിന റാലി ബെര്‍ലിന്‍(1985), ജക്കാര്‍ത്തയില്‍ നടന്ന യു.എന്‍ സമാധാന സമ്മേളനം(1997), കെയ്റോ(1998), ബെത്ലഹേം പീസ് കോണ്‍ഫറന്‍സ 2000റോം (1999) എന്നിവയിലും പങ്കെടുത്തിരുന്നു.
പെരുതുന്ന പലസ്തീന്‍, ബെര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, കരയരുത് സഹ്വാ കരയരുത്, യുദ്ധസ്മാരകങ്ങളിലൂടെ ഒരു യാത്ര, കറുത്ത ബ്രിട്ടണ്‍, മരണം കാത്തുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍, ഗാന്ധിസം ഇരുപതാം നൂറ്റാണ്ടില്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും സുജനപാല്‍ രചിച്ചിട്ടുണ്ട്.മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്ന ജയശ്രീയാണ് ഭാര്യ. മനു, അമൃത് എന്നിവരാണ് മക്കള്‍.
സുജനപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല എന്നിവര്‍ അനുശോചിച്ചു.
ആദരാഞ്ജലികള്‍ .....എം എ ജോണിന്റെയും സുജനപാലിന്റെയും നിര്യാണങ്ങളിലൂടെ പുസ്തകങ്ങളുമായി ബന്ധമുള്ള കൊണ്ഗ്രസ്സുകാര്‍ ഇല്ലാതായിരിക്കുകയാണ് !!
മറുപടിഇല്ലാതാക്കൂ