2011, ജൂൺ 20, തിങ്കളാഴ്‌ച

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി രണ്ട്‌ എഞ്ചിനീയര്‍മാര്‍ക്ക്‌ പരിക്ക്‌


തൊടുപുഴ : ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ക്ക്‌ പൊള്ളലേറ്റു. അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ മെറിന്‍ ഐസക്ക്‌, സബ്‌ എഞ്ചിനീയര്‍ കെ എസ്‌ പ്രഭ എന്നിവര്‍ക്കാണ്‌ പരിക്ക്‌. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട്‌ 5.30 ഓടെയാണ്‌ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചത്‌. ജനറേറ്റര്‍ തകരാറിലായി. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജീവനക്കാരെ മുഴുവന്‍ പവര്‍ ഹൗസില്‍ നിന്ന്‌ ഒഴിപ്പിച്ചു. ഭാഗിക തകരാര്‍ മാത്രമാണു സംഭവിച്ചിരിക്കുന്നതെന്നും തകരാറുകള്‍ പരിഹരിച്ച്‌ ഇന്ന്‌ വൈകീട്ടോടെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും കെ.എസ്‌.ഇ.ബി അധികൃതര്‍ അറിയിച്ചു. അഞ്ചാം നമ്പര്‍ പാനല്‍ ബോര്‍ഡിലെ കറന്റ്‌ സെന്ററിലാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. തീപിടുത്തം ഉണ്ടായെങ്കിലും ജീവനക്കാര്‍ ചേര്‍ന്ന്‌ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പവര്‍ ഹൗസിന്‌ ഉള്ളിലുണ്ടായ പുക രാത്രി വൈകി നീക്കം ചെയ്‌തു. ആറ്‌ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന്‌ അഞ്ച്‌ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ