ലണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച യുവതിയുടെ കുഞ്ഞിന് പാസ്പോര്‍ട്ട് ലഭിച്ചു. കേന്ദ്രമന്ത്രി ശ്രീ. വയലാര്‍ രവി, ശ്രീ പി.ടി. തോമസ് എം.പി എന്നിവരുടെ ഇടപെടലാണ് സാങ്കേതിക തടസം ഒഴിവാക്കി ഒരു ദിവസം കൊണ്ട് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് സഹായകരമായത്.
ജൂണ്‍ പതിനാറാം തീയതിയാണ് കോതമംഗലം കമ്പനിപ്പടി സ്വദേശി ഷാനുവിന്റെ ഭാര്യ ലിബി ടൂട്ടിങ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ വച്ച് സൈഹന്‍ എന്നു പേരിട്ട ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനിലൂടെ ആയിരുന്നു പ്രസവം. തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങിയ ലിബിയ്ക്ക് നേരിയ തോതില്‍ പനി അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച്ചയോടെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആംബുലന്‍സെത്തി ലിബിയെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു ദിവസം ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞുവെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച്ച വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് തിങ്കളാഴ്‌ച്ച ഉച്ചയോടെ ലിബി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലിബിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിനിടെ അവരുടെ കുഞ്ഞ് സൈഹാന് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി എംബസിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ സാങ്കേതികമായ ചില തടസങ്ങള്‍ അറിയിക്കുകയായിരുന്നു. കുഞ്ഞിന് പാസ്പോര്‍ട്ട് വേണമെങ്കില്‍ അമ്മയുടെ ഒപ്പോ വിരലടയാളമോ വേണമെന്നുള്ളതാണ് നിയമം. അമ്മ മരിച്ചു പോയതിനാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബസി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കേണ്ടതാണ്. ഈ സാങ്കേതിക തടസ്സം മനസ്സിലായതോടെ ക്രോയിഡോണിലെ ഒ.ഐ.സി.സി നേതാവ് കെ.കെ മോഹന്‍ദാസ്, ഒ.ഐ.സി.സി യു.കെ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സം നീക്കിക്കിട്ടുന്നതിന് മന്ത്രിതല സഹായം അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു.
ചൊവ്വാഴ്‌ച്ച വൈകുന്നേരം തന്നെ ഫ്രാന്‍സിസ് വലിയപറമ്പില്‍ കോതമംഗലം ഉള്‍പ്പെടുന്ന ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ലോക്‌സഭാ അംഗം ശ്രീ. പി.ടി. തോമസ് എം.പിയുമായി ബന്ധപ്പെട്ട് ഈ വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഒപ്പം ഷാനു കൈമാറിയ ഷാനുവിന്റേയും ലിബിയുടേയും പാസ്പോര്‍ട്ട് ഡീറ്റെയില്‍സും കുഞ്ഞ് സൈഹാന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഇ-മെയിലില്‍ അയച്ച് നല്‍കി. തുടര്‍ന്ന് ഇന്നലെ (ബുധനാഴ്‌ച്ച) രാവിലെ തന്നെ പി.ടി തോമസ് എം.പി, കേന്ദ്രമന്ത്രി വയലാര്‍ രവിയ്ക്ക് കത്ത് നല്‍കുകയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം പ്രത്യേകം അറിയിക്കുകയും ചെയ്തു. പാസ്പോര്‍ട്ട് ഒരു ദിവസം കൊണ്ട് നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നും അടിയന്തര ഫാക്സ് സന്ദേശം ഇന്ത്യന്‍ എംബസിയിലേയ്ക്ക് അയച്ചു. ഇതോടെ പാസ്പോര്‍ട്ട് ഒരു ദിവസം കൊണ്ട് തന്നെ ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങി.
ഇതിനിടയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യണമെങ്കില്‍ നൂറ് പൗണ്ട് അധികഫീസായി നല്‍കണമെന്ന് ഇന്നലെ ഉച്ചയോടെ എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ ഷാനുവിനോട് പറഞ്ഞത് വീണ്ടും ചില ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഷാനുവില്‍ നിന്നും ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് വലിയപറമ്പില്‍ ശ്രീ വയലാര്‍ രവിയുടെ ഓഫീസുമായി ബന്ധപ്പെടുകയും മന്ത്രി തന്നെ നേരിട്ട് ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറെ വിളിച്ച് എല്ലാ സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കി സാധാരണ നിരക്കില്‍ തന്നെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സൈഹാന്റെ പാസ്പോര്‍ട്ട് ഷാനു കൈപ്പറ്റി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ