2011, ജൂൺ 3, വെള്ളിയാഴ്‌ച

നമ്മള്‍ തമ്മില്‍ അവതരിപ്പിക്കാന്‍ ബ്രിട്ടാസ്; ചാനല്‍ കിടമത്സരം കൊഴുക്കും

കൊച്ചി: പ്രശസ്ത അവതാരകന്‍ ശ്രീകണ്ഠന്‍ നായരിലൂടെ പിറന്ന് ഏഷ്യാനെറ്റിലൂടെ വളര്‍ന്ന് ചലചിത്രതാരം ജഗദീഷിലൂടെയും യുവ അവതാരകന്‍ അരുണിലൂടെയും അവിരാമം തുടരുന്ന മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ടോക് ഷോ ഇനി മുതല്‍ ജോണ്‍ബ്രിട്ടിസിന്റെ ചുമതലയിലേക്ക്. ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന പരിപാടി ഇനിമുതല്‍ അവതരിപ്പിക്കുന്നത് ബ്രിട്ടാസ് ആയിരിക്കും. നിലവിലെ അവതാരകന്‍ അരുണ്‍ ഒന്നോ രണ്ടോ എപ്പിസോഡുകളില്‍ക്കൂടി മാത്രമേ ഉണ്ടാവുകയുള്ളു. കൈരളി എംഡിയായി പ്രവര്‍ത്തിച്ച സമയത്ത് ക്വസ്റ്റ്യന്‍ ടൈം എന്നഅഭിമുഖ പരിപാടിയും ക്രോസ് ഫയര്‍ എന്ന ടോക് ഷോയും വിജയകരമായി അവതരിപ്പിച്ചിരുന്ന ബ്രിട്ടാസ് അടുത്തിടെയാണ് ഏഷ്യാനെറ്റില്‍ ബിസിനസ് ഹെഡ് ആയി ചേര്‍ന്നത്. മാധ്യമ ഭീമന്‍ എന്ന് ഇടതുപക്ഷം വിമര്‍ശിക്കുന്ന റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ഉടമ.


വാര്‍ത്താധിഷ്ഠിത പരിപാടികളില്‍ തിളങ്ങിയ ജോണ്‍ ബ്രിട്ടാസിന് ക്യാമറയ്ക്കു മുന്നില്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് നമ്മള്‍ തമ്മില്‍ ഏല്‍പിക്കുന്നത്. അതേസമയം, നമ്മള്‍ തമ്മില്‍ എന്ന പേര് മാറ്റി പുതിയ പേരില്‍ താന്‍ അതരിപ്പിച്ചു തുടങ്ങാമെന്ന ജോണ്‍ ബ്രിട്ടാസിന്റെ നിര്‍ദേശം ഏഷ്യാനെറ്റ് മാനേജ്‌മെന്റ് അംഗീകരിച്ചില്ല. 800 എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയുടെ നിലവിലുള്ള പേര് പ്രേക്ഷക അംഗീകാരം നേടിയതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പലരും അവതരിപ്പിച്ച നമ്മള്‍ തമ്മില്‍ താന്‍ ഏറ്റെടുക്കുമ്പോള്‍ പുതിയ പേരും രൂപവും ഭാവവും ഉണ്ടാകണമെന്ന ജോണ്‍ ബ്രിട്ടാസിന്റെ ആഗ്രഹം ഇതോടെ നടക്കില്ലെന്നുറപ്പായി. ഏഷ്യാനെറ്റ് വൈസ്പ്രസിഡന്റ് ആയിരിക്കെ രാജിവെച്ച് മനോരമ ന്യൂസ് ആരംഭിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ചാനലിന്റെ കണ്‍സല്‍ട്ടന്റായ ആര്‍.ശ്രീകണ്ഠന്‍ നായരാണ് നമ്മള്‍ തമ്മില്‍ തുടങ്ങിയതും ദീര്‍ഘകാലം അവതരിപ്പിച്ചതും. അതിനുശേഷം സിനിമാ നടന്‍ ജഗദീഷായിരുന്നു അവതാരകന്‍. എന്നാല്‍ ഏതാനും എപ്പിസോഡുകള്‍ക്കു ശേഷം ജഗദീഷിനെ മാറ്റി അരുണിനെ കൊണ്ടുവന്നു. ദൂരദര്‍ശനിലായിരുന്ന അരുണ്‍ ഏഷ്യാനെറ്റില്‍ ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു. നമ്മള്‍ തമ്മില്‍ ഇത്രയും കാലത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന റേറ്റിംഗില്‍ എത്തിയത് അരുണ്‍ വന്ന ശേഷമാണ്. പ്രത്യേകിച്ചും ട്രെയ്‌നില്‍നിന്നു തള്ളിയിട്ട് മാനംഭംഗത്തിന് ഇരയായി മരിച്ച സൗമ്യയുടെ കദനകഥയും മറ്റും അവതരിപ്പിച്ച് അരുണ്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അതിനിടയിലാണ് ജോണ്‍ ബ്രിട്ടാസിന്റെ കടന്നുവരവ്.


ബ്രിട്ടാസിന്റെ കൈരളി പരിപാടികളെല്ലാം നിശിതമായ ഇടപെടല്‍ സാധ്യതയുള്ളതും രാഷ്ട്രീയ സ്വഭാവമുള്ളതുമായിരുന്നെങ്കില്‍, നമ്മള്‍ തമ്മില്‍ അങ്ങനെയൊന്നല്ല എന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജോണ്‍ ബ്രിട്ടാസ് കൈരളിയില്‍ നിന്നു രാജിവച്ചത്. ശൈശവദശയില്‍ തപ്പിതടഞ്ഞു നീങ്ങിയ കൈരളി ചാനലിനെ സാമ്പത്തികമായി ലാഭത്തിലാക്കുകയും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശ്രദ്ധേയനാവുകയും ചെയ്താണ് ബ്രിട്ടാസ് കേരളത്തിലെ മാധ്യമലോകത്തിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായത്. ബ്രിട്ടാസ് ചുമതലയേറ്റെടുത്തശേഷം കൈരളി ഒരു ചാനലില്‍ നിന്ന് മൂന്ന് ചാനലുകളായി വളര്‍ന്നു. തിരുവനന്തപുരത്ത് സ്വന്തമായി ബഹുനില ആസ്ഥാനമന്ദിരം പണിതു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 20 കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്തു. എന്നിട്ടും ബ്രിട്ടാസ് എന്തുകൊണ്ട് കൈരളി വിട്ടു എന്നാണ് ചോദ്യമെങ്കില്‍ സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് എന്നാണ് ഒരു വിഭാഗം നല്‍കുന്ന ഉത്തരം. സിപിഎമ്മിലെ വി.എസ്പിണറായി കിടമത്സരത്തില്‍ എന്നും ഔദ്യോഗിക പക്ഷത്തിന്റെ നാവായിരുന്നു ബ്രിട്ടാസ്. മുഖ്യമന്ത്രി വെറുക്കപ്പെട്ടവനെന്ന് വിളിച്ച് അധിക്ഷേപിച്ച ഫാരിസ് അബൂബക്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തതോടെയാണ് ബ്രിട്ടാസ് വി.എസ് പക്ഷത്തിന്റെ കണ്ണിലെ കരടായത്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വി.എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തിലെ തെരുവുകളില്‍ അരങ്ങേറിയ വി.എസ് അനുകൂല പ്രകടനങ്ങള്‍ മറ്റു ചാനലുകള്‍ ആവേശത്തോടെ തത്സമയം സംപ്രേക്ഷണം ചെയ്തപ്പോള്‍ കൈരളി മാത്രം അത് കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ സമ്മര്‍ദം രൂക്ഷമായപ്പോള്‍ മാത്രമാണ് കൈരളി മറ്റു ചാനലുകളില്‍ നിന്ന് സംഘടിപ്പിച്ച ടേപ്പുകളിലൂടെ ചില പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ പേരിനെങ്കിലും കാണിച്ചത്. അന്നേ വി.എസ്.പക്ഷം ബ്രിട്ടാസിനെ നോട്ടമിട്ടിരുന്നു. ഫാരിസിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത് വെറുക്കപ്പെട്ടവനില്‍ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക എന്ന ദൗത്യം കൂടി ഭംഗിയായി നിറവേറ്റിയതോടെ ബ്രിട്ടാസ് വി.എസ്.പക്ഷത്തിന് തികച്ചും അനഭിമിതനായി. ബ്രിട്ടാസിന്റെ തലയ്ക്കായി അന്നേ വി.എസ് പക്ഷം മുറവിളി കൂട്ടിയെങ്കിലും സെക്രട്ടറിയേറ്റ് യോഗത്തില്‍ വിളിച്ചുവരുത്തി ശാസിച്ചശേഷം ഔദ്യോഗികപക്ഷം ബ്രിട്ടാസിന്റെ തടി രക്ഷിച്ചു. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി സെക്രട്ടറിയേറ്റും തുടര്ന്ന് സംസ്ഥാനസമിതിയും ചേര്‍ന്നപ്പോള്‍ വി.എസിന് സീറ്റുണ്ടാവുമോ എന്നായിരുന്നു കേരളം ആകാംക്ഷയോടെ കാത്തിരുന്നത്.


ബ്രിട്ടാസിന്റെ നേതൃത്വത്തിലുള്ള കൈരളി തന്നെ കേരള ജനതയുടെ ആകാംക്ഷ ബ്രേക്ക് ചെയ്തു. വി.എസിന് ഇത്തവണ സീറ്റില്ലെന്ന ബ്രേക്കിംഗ് ന്യൂസ് സംപ്രേഷണം ചെയ്ത് കൈരളി ശരിക്കും ഞെട്ടിച്ചു. പാര്‍ട്ടി ചാനല്‍ പുറത്തുവിട്ട വാര്‍ത്ത അവിശ്വസിക്കേണ്ട കാര്യമില്ലാത്തതിനാല്‍ മറ്റു ചാനലുകളും ഇത് ഏറ്റു പിടിച്ചതോടെ തെരുവിലെങ്ങും വി.എസ്. അനുകൂല പ്രകടനങ്ങളും പിണറായിയുടെ കോലം കത്തിക്കലും അരങ്ങേറി. ഇതോടെ ബ്രിട്ടാസിന്റെ പേരില്‍ പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലായി. ഒടുവില്‍ അവെയ്‌ലബിള്‍ പി.ബിയില്‍ യെച്ചൂരിയുടെയും വൃന്ദാകാരാട്ടിന്റെയും നേതൃത്വത്തില്‍ വി.എസിനെ വീണ്ടും സ്ഥാനാര്ഥിയാക്കുമ്പോള്‍ പാര്‍ട്ടിയുടെ മുഖം നഷ്ടമായിരുന്നു. ഇതോടെ ബ്രിട്ടാസിനെ പ്രതിരോധിക്കുക എന്ന ദൗത്യത്തില്‍ നിന്ന് ഔദ്യോഗികപക്ഷം പതുക്കെ പിന്നോട്ട് പോയി. അവസരം മുതലെടുത്ത വി.എസ് പക്ഷം ബ്രിട്ടാസിന്റെ രക്തത്തിനായി മുറവിളി കൂട്ടുകയും ചെയ്തു. ബ്രിട്ടാസിനെ അപമാനിച്ച് ഇറക്കിവിടാന് ഔദ്യോഗിക പക്ഷത്തിന് താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ബോര്‍ഡ് യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ പങ്കെടുത്ത് ബ്രിട്ടാസിന്റെ സേവനങ്ങളെ പുകഴ്ത്തി ഭാവുകങ്ങള്‍ നേര്‍ന്നത്.


പാര്‍ട്ടി സെക്രട്ടറിയുടെ ആശംസയുടെ ചൂട് ആറും മുമ്പ് ബ്രിട്ടാസ് പോയതോ സാമ്രാജ്യത്വ കുത്തകയെന്ന് പാര്‍ട്ടി വിശേഷിപ്പിച്ച റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ചാനല്‍ മേധാവിയായി. ഇത് ഔദ്യോഗികപക്ഷത്തിന് മറ്റൊരു തിരിച്ചടിയാവുകയും ചെയ്തു. ഏഷ്യാനെറ്റ് ആകട്ടെ ശ്രീകണ്ഠന്‍ നായര്‍ പോയതോടെ ചാനലിനെ നയിക്കാന്‍ മിടുക്കും കരിസ്മയുമുള്ള ഒരാളെ തിരയുകയായിരുന്നു. ബ്രിട്ടാസ് കൈരളിയില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായതോടെ മര്‍ഡോക്കിന്റെ കൈകള്‍ സ്വാഭാവികമായും അദ്ദേഹത്തിലേക്ക് നീണ്ടു. ബ്രിട്ടാസിന് വേണ്ടി കൈരളിയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ഇപ്പോഴും അതേ നിലപാടില്‍ തന്നെയാണോ എന്ന് ആരും അന്വേഷിച്ചിട്ടില്ല. ബ്രിട്ടാസിന്റെ കൂടുമാറ്റത്തെ തനിക്ക് ലഭിച്ച ആദ്യ അവസരത്തില് തന്നെ വി.എസ് മുതലെടുക്കുകയും ചെയ്തു. അയാളെ ആദ്യം മുതലേ പ്രോത്സാഹിപ്പിച്ചവരുടെ പ്രോത്സാഹനം ഇതിലേക്കാണു നയിച്ചിത്. അവരാണ് യഥാര്‍ത്ഥത്തില്‍ തിരക്കേണ്ടത്. ബ്രിട്ടാസിനെ ആദ്യം വിലയിരുത്തിയവര്‍ക്കു പുനഃപരിശോധന നടത്തണമെങ്കില്‍ ഇപ്പോള്‍ ആകാം അങ്ങിനെപോയി വിയെസിന്റെ ഒളിയമ്പ്. എതായാലും ബ്രിട്ടാസ് ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ തന്റെ കരിയറില്‍മാത്രം ശ്രദ്ധിച്ചുമുന്നേറുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ