2011, ജൂൺ 24, വെള്ളിയാഴ്‌ച

മണിയുടെ 'ജഡത്തിന്‌' ഒരു രാത്രി പോലീസ്‌ കാവല്‍; മോര്‍ച്ചറിയിലേക്കു കൊണ്ടുപോകവേ നിലവിളിച്ചു

പറവൂര്‍:കാലുതെന്നി കുളിമുറിയില്‍ വീണ റിട്ടയേര്‍ഡ്‌ അധ്യാപികയെ 'പരേതയാക്കി' പോലീസ്‌ കാവല്‍നിന്നത്‌ ഒരു രാത്രി. പിറ്റേന്നു മോര്‍ച്ചറിയിലേക്കു മാറ്റാനായി ആംബുലന്‍സില്‍ കയറ്റുന്നതിനിടെ അനങ്ങിയ 'മൃതദേഹം' കണ്ട്‌ അമ്പരന്ന പോലീസ്‌ ഇവരെ ആശുപത്രിയിലെത്തിച്ചു തടിതപ്പി.

സംസ്‌കാരത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ബന്ധുക്കളും അന്തംവിട്ടു. കുളിമുറിയില്‍നിന്നുള്ള ദുര്‍ഗന്ധം മണത്തു മരണം 'സ്‌ഥിരീകരിച്ച' പോലീസ്‌നടപടി പ്രതിഷേധത്തിനിടയാക്കി. പറവൂര്‍ കിഴക്കേപ്രം പൂശാരിപ്പടിക്കു സമീപം താമസിക്കുന്ന ആനയാട്ട്‌ മണി(65) ക്കാണ്‌ 'മരിപ്പിച്ചെങ്കിലും' ജീവിതത്തിലേക്കു മടങ്ങാന്‍ ഭാഗ്യമുണ്ടായത്‌.

മണി വീട്ടില്‍ തനിച്ചായിരുന്നു താമസം. കുളിമുറിയിലെ വീഴ്‌ചയില്‍ തലയ്‌ക്കു ക്ഷതമേറ്റ്‌ അബോധാവസ്‌ഥയിലായി. മണി കുളിമുറിയില്‍ വീണുകിടക്കുന്നുവെന്ന വിവരം ബുധനാഴ്‌ച രാത്രി എട്ടരയോടെ അയല്‍വാസിയാണ്‌ പറവൂര്‍ പോലീസിനെ അറിയിച്ചത്‌. ഫോണില്‍ വിളിച്ചിട്ടു പ്രതികരണം ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന്‌ അയല്‍വാസി അന്വേഷിച്ചപ്പോഴാണു മണി പൂട്ടിക്കിടന്ന വീടിനകത്തു കുളിമുറിയിലുണ്ടെന്നറിഞ്ഞതും പോലീസില്‍ വിളിച്ചറിയിച്ചതും.

തുടര്‍ന്ന്‌ പറവൂര്‍ എസ്‌.ഐ. രണ്ടു പോലീസുകാരെ വീട്ടിലേക്കു പറഞ്ഞയച്ചു. കുളിമുറിക്കു പുറത്തു നടത്തിയ 'പ്രാഥമിക അന്വേഷണ'ത്തില്‍ വീട്ടമ്മ മരിച്ചതായി ഈ പോലീസുകാര്‍ വിധിയെഴുതി. കുളിമുറിയില്‍നിന്നു ചെറിയതോതില്‍ ദുര്‍ഗന്ധം വന്നതോടെ ഇവര്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്‌തു. കുളിമുറിക്ക്‌ അകത്തുകയറി പരിശോധിക്കാന്‍ മെനക്കെട്ടില്ല. 'മരണവാര്‍ത്ത' എസ്‌.ഐയെ അറിയിച്ചപ്പോള്‍ മൃതദേഹത്തിനു രാത്രി കാവല്‍ നില്‍ക്കാനായിരുന്നു നിര്‍ദേശം.

വീട്ടമ്മയുടെ 'മരണം' കൊലപാതകമോ അതോ വീഴ്‌ചയില്‍ ഉണ്ടായതോ എന്ന കാര്യത്തില്‍ മാത്രമേ പോലീസിനു സംശയമുണ്ടായിരുന്നുള്ളൂ. വേറേ വീട്ടില്‍ താമസിക്കുന്ന മൂത്തമകന്‍ അനീഷിനെ രാത്രിതന്നെ വിളിച്ചുവരുത്തിയെങ്കിലും കുളിമുറിയിലേക്കു കടക്കാന്‍ അനുവദിച്ചില്ല. കൊലപാതകമാണെങ്കില്‍ തെളിവു നശിക്കാതെ സംരക്ഷിക്കാനായിരുന്നു ഇത്‌. ഇതോടെ നീണ്ടൂരിലുള്ള വീട്ടുവളപ്പില്‍ സംസ്‌കാരത്തിന്‌

ഒരുക്കങ്ങള്‍ തുടങ്ങി. മറ്റു ബന്ധുക്കളേയും വിവരമറിയിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ 'മൃതദേഹം' താലൂക്ക്‌ ആശുപത്രിയിലേക്കു മാറ്റാനായി ആംബുലന്‍സുമായി എത്തിയപ്പോഴാണ്‌ മണിക്കു ജീവനുണ്ടെന്നു പോലീസുകാര്‍ കണ്ടെത്തിയത്‌. സ്‌ട്രെച്ചറിലേക്കു കയറ്റിയപ്പോള്‍ നിലവിളിച്ച മണി വെള്ളം ചോദിച്ചതോടെ കൂടിനിന്നവരും അമ്പരന്നു.

താലൂക്ക്‌ ആശുപത്രിയില്‍ സ്‌കാനിംഗും മറ്റു പരിശോധനകളും നടത്തി. കാലിന്റെ പരുക്കു ഗുരുതരമല്ലെങ്കിലും തലയ്‌ക്കു ക്ഷതമേറ്റിട്ടുണ്ട്‌. പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്‌ധചികിത്സ നല്‍കി. ഭര്‍ത്താവുമായി രസക്കേടായതിനാല്‍ അഞ്ചു വര്‍ഷമായി മണി തനിച്ചാണു താമസം. രണ്ടു മക്കളും വേറേയാണു താമസിക്കുന്നത്‌. 'മരണവിവരം' അറിഞ്ഞ്‌ മകന്‍ രാത്രിയും മകള്‍ ഇന്നലെ രാവിലെയും എത്തി. വീട്ടമ്മ മരിച്ചതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ