2011, ജൂൺ 12, ഞായറാഴ്‌ച

നാടുവിറപ്പിച്ച വേട്ടക്കാരന്‍ ഇരയെന്ന് പരിതപിക്കുന്നു! വേട്ടയ്ക്ക് പിന്നില്‍ മലപ്പുറത്തെ പുലി

തിരുവനന്തപുരം: സര്‍ക്കാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് മുമ്പ് നാടുവിറപ്പിച്ച വേട്ടക്കാരിലൊരാളായ വി.എസ് അച്യുതാനന്ദന്‍. അങ്ങനെ വേട്ടക്കാരന്‍ ഇരയായി മാറുന്ന അപൂര്‍വ്വകാഴ്ചയ്ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യംവഹിക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ വേട്ടയാടലിന് ഇരയായ മലപ്പുറത്തെ ഒരു പുലി ഉള്‍പ്പെടെയുള്ള സംഘമാണ് ഇപ്പോള്‍ പ്രത്യാക്രമണത്തിനു നേതൃത്വം കൊടുക്കുന്നതെന്നും തിരുവനന്തപുരത്ത് പരസ്യമായിക്കഴിഞ്ഞു. പുലിയല്ല, പുപ്പുലിയാണെന്ന ബോര്‍ഡും ഇനി മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടേക്കാം. അച്യാതാനന്ദന്‍ ആരോപിക്കുംപോലെ യു.ഡി.എഫ് സര്‍ക്കാര്‍ വേട്ട ആരംഭിച്ചുകഴിഞ്ഞു. ആദ്യപടിയായി വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരേയുള്ള അന്വേഷണമാണ്. പ്ത്തിലധികം കേസുകളിലാണ് വി.എസിന്റെ മകനെതിരേ അന്വേഷണം. സമാന സ്വഭാവമുള്ള ആരോപണങ്ങള്‍ ഒരുമിച്ച് അന്വേഷിക്കും. അന്വേഷണം നടത്തുന്ന സംഘം ഒന്നിലധികം ഉണ്ടാകില്ലെന്നാണു സൂചന. ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നായിരിക്കും ആദ്യഘട്ടത്തില്‍ വിജിലന്‍സ് അന്വേഷിക്കുക. ഇതിനുശേഷം കഴമ്പുള്ള ആരോപണങ്ങളുടെ സ്വഭാവം അനുസരിച്ചാകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.

പതിനൊന്ന് ആരോപണങ്ങളാണു വി.എസ്. അച്യുതാനന്ദന്റെ മകനെതിരേ പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്. ഇതില്‍ അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട ആരോപണം വിജിലന്‍സിനു വിടില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത് ഒഴിവാക്കുന്നത്. ഇതിനിടയില്‍, ലോകായുക്തയില്‍ നിലനില്‍ക്കുന്ന കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കത്ത് നല്‍കി. ലോകായുക്ത രജിസ്ട്രാര്‍ക്കാണു കത്ത്. ലോകായുക്തയില്‍ നടപടികള്‍ തുടര്‍ന്നാല്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ കഴിയില്ല. ഇതൊഴിവാക്കാനാണു ലോകായുക്ത നടപടികള്‍ അവസാനിപ്പിക്കാന്‍ കത്ത് നല്‍കിയത്. ഉമ്മന്‍ ചാണ്ടി ആരോപണങ്ങള്‍ എഴുതി നല്‍കിയപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ലോകായുക്തയ്ക്ക് ആരോപണങ്ങള്‍ കൈമാറുകയായിരുന്നു. സര്‍ക്കാര്‍ കത്ത് പരിഗണിച്ച് ലോകായുക്ത നടപടികള്‍ അവസാനിപ്പിച്ചാല്‍ വിജിലന്‍സ് അന്വേഷണ തീരുമാനം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടര്‍ന്ന് ഉത്തരവിറക്കും.

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തന്നെയും മകനെയും വേട്ടായാടുകയാണെന്ന് വി.എസ് പരിതപിക്കുന്നത്. അഴിമതി വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആളാണ് താന്‍. ഇത് മൂന്നാം തവണയാണ് പ്രതിപക്ഷ നേതാവാകുന്നത്. ഒരു തവണ മുഖ്യമന്ത്രിയുമായി. എന്നാല്‍ കേരളം ഭരിച്ച മറ്റൊരു സര്‍ക്കാരും തന്നോട് ഈ വിധം പെരുമാറിയിട്ടില്ലെന്നും സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയ വി.എസ് പറഞ്ഞു. ഈ സര്‍ക്കാര്‍ എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. മകന്‍ അരുണ്‍ കുമാറിനെതിരായി പല കേസുകളും ഉണ്ടാക്കുകയാണ്. ലോട്ടറി വിഷയത്തില്‍ മകനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചോളൂ എന്ന് പ്രധാനമന്ത്രിയോട് താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും വി.എസ് പറഞ്ഞു. അതേസമയം അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനത്തിനു മന്ത്രിസഭായോഗത്തില്‍ സമ്മര്‍ദം ചെലുത്തിയത് പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.ബി.ഗണേഷ്‌കുമാറുമാണന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ എടുത്ത തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്നത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നില്ല. അരുണ്‍കുമാറിനെതിരേ ലോകായുക്തയിലുള്ള കേസ് അവസാനിപ്പിക്കുന്നതിനു മുമ്പ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ടെന്ന തീരുമാനമായിരുന്നു ഇതിനു പിന്നില്‍.

പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടിയാണ് അരുണ്‍കുമാറിനെതിരേ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് 11 ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന പരാതി എഴുതിക്കൊടുത്തത്. ഇതില്‍ ലോട്ടറിയുമായി ബന്ധപ്പെട്ടത് ഒഴികെയാണ് വിജിലന്‍സിനു വിടുന്നത്. ഉമ്മന്‍ ചാണ്ടി എഴുതിക്കൊടുത്ത പരാതി വി.എസ് ലോകായുക്തയ്ക്കു വിടുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ധൃതി കാണിച്ചില്ല. അരുണ്‍കുമാറിനെതിരേ തിരക്കിട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ വൈരം തീര്‍ക്കാനാണെന്നു വ്യാഖ്യാനിക്കപ്പെടും എന്നാണ് അദ്ദേഹം സഹപ്രവര്‍ത്തകരോടു പറഞ്ഞത്. പക്ഷേ, കുഞ്ഞാലിക്കുട്ടിയും ഗണേഷ്‌കുമാറും കടുംപിടുത്തത്തിലായിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു മുമ്പുള്ള യോഗങ്ങളില്‍തന്നെ അവര്‍ വിജിലന്‍സ് അന്വേഷണ ആവശ്യം ഉന്നയിച്ചിരുന്നു. ഇനിയും തീരുമാനം വൈകിപ്പിക്കരുത് എന്നമട്ടില്‍ കടുത്ത നിലപാട് രണ്ടുപേരും കഴിഞ്ഞ യോഗത്തില്‍ സ്വീകരിച്ചതോടെ ഉമ്മന്‍ ചാണ്ടി വഴങ്ങുകയായിരുന്നു. ഐസ്‌ക്രീം കേസ് പുനര്‍വിചാരണ അട്ടിമറിക്കാന്‍ ജഡ്ജിമാരെ വരെ സ്വാധിനിച്ചുവെന്ന കെ.എ റഊഫിന്റെ ആരോപണത്തിനും മറ്റു വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ അരുണ്‍കുമാറുണ്ട് എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അതു തെളിയിക്കാന്‍ ഉതകുന്ന ചില തെളിവുകള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടെന്നു ലീഗ് കേന്ദ്രങ്ങളും പറയുന്നു. മുസ്‌ലിം ലീഗിനെയും യുഡിഎഫിനെയും വ്യക്തിപരമായി കുഞ്ഞാലിക്കുട്ടിയെയും പിടിച്ചുലച്ച വിവാദത്തിനു പിന്നിലുള്ളവര്‍ക്കു തിരിച്ചടി കൊടുക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം. എന്നാല്‍ അതിന് അടിസ്ഥാനമായി വ്യക്തമായ കാരണങ്ങളും പശ്ചാത്തലവുമുണ്ടുതാനും.

അതുകൊണ്ട് രാഷ്ട്രീയ പ്രേരിതം എന്ന വിമര്‍ശനം നിലനില്‍ക്കില്ലെന്നാണ് കുഞ്ഞാലിക്കുട്ടി മന്ത്രിസഭാ യോഗത്തില്‍ വാദിച്ചത്. ആര്‍.ബാലകൃഷ്ണ പിള്ളയെ ഇടമലയാര്‍ കേസില്‍ പ്രതിയാക്കുന്നതിനും വര്‍ഷങ്ങളോളം പിന്തുടര്‍ന്ന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു അച്യുതാനന്ദന്‍ നടത്തിയ ശ്രമത്തിന്റെ തിരിച്ചടിയെന്ന നിലയിലാണ് ഗണേഷ്‌കുമാര്‍ വിജിലന്‍സ് അന്വേഷണത്തിനു വേണ്ടി വാദിച്ചത്. മറ്റുള്ളവരുടെ സമ്മര്‍ദത്തിനു വഴങ്ങാത്ത നേതാവാണെങ്കിലും നേരിയ ഭൂരിപക്ഷത്തിനു ഭരിക്കുന്ന സര്‍ക്കാരിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് രണ്ടുപേരെയും തൃപ്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കേണ്ടി വരികയായിരുന്നു. അതേസമയം, ലോകായുക്തയില്‍ അരുണ്‍കുമാറിനെതിരേ നിലവിലുള്ള കേസ് പിന്‍വലിച്ച് അതേ പരാതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് സാങ്കേതികമായി തടയാനുള്ള ശ്രമങ്ങള്‍ വി.എസും മകനും തുടങ്ങിക്കഴിഞ്ഞതായാണു സൂചന. ഭരണഘടനാ സ്ഥാപനമായ ലോകായുക്തയുടെ വിശ്വാസ്യത നശിപ്പിക്കുന്ന നടപടിയാണ് ഇതെന്ന വാദമാണ് ഉയര്‍ത്തുക. എന്നാല്‍ പൊതുപ്രവര്‍ത്തക അഴിമതി തടയുന്നതിനും അത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും രൂപീകരിച്ച ലോകായുക്തയുടെ പരിധിയില്‍ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായ അരുണ്‍കുമാര്‍ പെടില്ലെന്നാണ് യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നത്.

കണ്ണൂരില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കാന്‍ 75 കോടി രൂപ അരുണ്‍കുമാര്‍ ചോദിച്ചുവെന്ന കെപിപി നമ്പ്യാരുടെ ആരോപണം, ഇല്ലാത്ത അധ്യാപന പരിചയ രേഖയുണ്ടാക്കി കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ചഡി രജിസ്‌ട്രേഷന്‍ തരപ്പെടുത്തിയത്, ചന്ദനഫാക്ടറിക്ക് ലൈസന്‍സ് നല്‍കാന്‍ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതി തുടങ്ങിയ 11 കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഉമ്മന്‍ ചാണ്ടി അച്യുതാനന്ദനു പരാതി നല്‍കിയത്. അന്യസംസ്ഥാന ലോട്ടറി മാഫിയയ്ക്കു വേണ്ടി അരുണ്‍കുമാര്‍ ഇടപെട്ടുവെന്നായിരുന്നു ഇതില്‍ ഒന്ന്. എന്നാല്‍ ലോട്ടറിയുമായി ബന്ധപ്പെട്ട വിവിധ പരാതികളെക്കുറിച്ച് സിബിഐ അന്വേഷണം തീരുമാനിച്ച സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ നിന്ന് അത് ഒഴിവാക്കും. ബാക്കി 10 കാര്യങ്ങളാണ് ഇനി വിജിലന്‍സ് അന്വേഷിക്കുക. മകനെതിരേ കേസെടുക്കുമ്പോള്‍ വേട്ടയായി ചിത്രീകരിക്കുന്ന വി.എസ് നേരത്തെ അദ്ദേഹം നടത്തിയ വേട്ടകള്‍ മറന്നുപോവുകയാണെന്ന വിമര്‍ശനവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.

വിവാദമായ പാമോയില്‍ കേസ് ഉദാഹരണം. മിക്ക കോടതിവിധികളും, പാമോയില്‍ കേസിന് ആസ്പദമായ ഇടപാടുകള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് പങ്കില്ലെന്നു വ്യക്തമാക്കി. എന്നാല്‍ അതു സമ്മതിച്ചു കൊടുക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ തയാറായില്ല. വാശിയോടെ കരുണാകരനെതിരേ ഹര്‍ജിയും അപ്പീലുമായി കോടതികള്‍ കയറിയിറങ്ങി. ഒടുവില്‍ 2010 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മരണത്തോട് മല്ലടിച്ചു ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുമ്പോഴും കെ.കരുണാകരന്റെ രക്തത്തിനായി വി.എസ് ദാഹിച്ചു. സ്വയം സൃഷ്ടിച്ചെടുത്ത സ്വന്തം ഇമേജ് നിലനിര്‍ത്താന്‍. കരുണാകരനെതിരേ അപ്പോഴും വി.എസിന്റെ വിശ്വസ്ത വക്കീല്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നല്‍കിക്കൊണ്ടിരുന്നു. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച് ജയിലിലടച്ചപ്പോള്‍ പ്രായവും പദവിയും മറന്നായിരുന്നു വി.എസിന്റെ ആഹ്‌ളാദപ്രകടനം. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇരയും വേട്ടക്കാരും മാറിമാറി അവതരിക്കുമെന്ന തീര്‍പ്പിലാണ് ജനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ