2011, ജൂൺ 19, ഞായറാഴ്‌ച

വിശ്വസ്തനായ പൂച്ചയെ വി.എസ് കഴുത്തുഞെരിച്ചുകൊന്നു

തൊടുപുഴ: മൂന്നാര്‍ പൊളിച്ചടുക്കാന്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയോഗിച്ച മൂന്നുപൂച്ചകളിലെ പ്രധാനിയെ അദ്ദേഹം തന്നെ കഴുത്തുഞെരിച്ചുകൊന്നു. മൂന്നാര്‍ ദൗത്യസംഘത്തലവന്‍ കെ.സുരേഷ് കുമാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുകയാണ്. മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാരെ പിടികൂടാനും അവരെ ഒഴിപ്പിക്കാനുമാണ് ദൗത്യ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. പാര്‍ട്ടി ഓഫീസുകളെ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നാണ് ദൗത്യം അവസാനിച്ച് മുന്നാണ്ടുകള്‍ക്കുശേഷം വി.എസ് കണ്ടെത്തുന്നത്. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സുരേഷ്‌കുമര്‍ ചെയ്ത എല്ലാ കാര്യങ്ങളോടും യോജിപ്പില്ല. അതിനാലാണ് അയാളെ തിരിച്ചു വിളിച്ചത്. ഭരണകൂട ഭീകരത മൂന്നാറിലുണ്ടായിരുന്നില്ല-വി.എസ് പറഞ്ഞു.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യ സംഘം തലവനായിരുന്ന കെ. സുരേഷ്‌കുമാറിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സുരേഷ്‌കുമാര്‍ സ്വീകരിച്ച പല നിലപാടുകളും ശരിയായിരുന്നില്ലെന്നു അദ്ദേഹം ഇടുക്കിയിലെ അമരാവതിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മൂന്നാര്‍ ഒഴിപ്പിക്കലിനെ ഭരണകൂട ഭീകരതയെന്നു പറയുന്നതു ശരിയല്ല. അന്നു ഹൈക്കോടതി പോലും ഒഴിപ്പിക്കലിനെ അംഗീകരിച്ചിരുന്നു. മൂന്നാര്‍ പ്രശ്‌നം അന്നു പരിഹരിക്കപ്പെട്ടതാണ്. അക്കാലത്ത് വന്‍കിട കൈയേറ്റക്കാരെ മാത്രമാണ് ഒഴിപ്പിച്ചത്. ഒഴിപ്പിക്കലിനിടയില്‍ ചെയ്യാന്‍ പാടില്ലാത്ത പലതും സുരേഷ്‌കുമാര്‍ ചെയ്തതാണു കുഴപ്പമായത്. രവീന്ദ്രന്‍ പട്ടയമെന്നു പറഞ്ഞ് ദൗത്യസംഘം ചില ഒഴിപ്പിക്കലുകള്‍ നടത്തി. അതിന്റെ പേരിലാണു പാര്‍ട്ടി ഓഫിസുകള്‍ക്കെതിരായ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ടു സുരേഷ് കുമാര്‍ പരസ്യപ്രസ്താവനകളും പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഇതു വിവാദമായി. ഇതൊക്കെയാണു ദൗത്യ സംഘത്തെ തിരിച്ചു വിളിക്കാനിടയാക്കിയതെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതോടെയാണു സ്വന്തം ദൗത്യത്തെ തള്ളിപ്പറയാന്‍ വി.എസ് തയാറായത്. മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷവും മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു ശരിയായ നിലപാടുകളാണു താന്‍ സ്വീകരിച്ചിരുന്നതെന്നായിരുന്നു അച്യുതാനന്ദന്റെ വാദം. ദൗത്യ സംഘം തലവനായിരുന്ന കെ. സുരേഷ് കുമാറിനെതിരേ ആദ്യഘട്ടങ്ങളില്‍ ആരോപണം ഉയര്‍ന്നപ്പോഴൊക്കെ അതു കൈയേറ്റക്കാരുടെയും അവരെ സഹായിക്കുന്നവരുടെയും അഭിപ്രായമാണെന്ന പ്രതിവാദമാണ് വി.എസ്. ഉന്നയിച്ചിരുന്നത്. വന്‍കിടക്കാരെ തൊടുമ്പോള്‍ ചിലര്‍ക്കു വേദനിക്കുമെന്നും അതുകൊണ്ടാണു ദൗത്യ സംഘത്തിനെതിരേ തിരിയുന്നതെന്നുമായിരുന്നു അന്നത്തെ ന്യായം. മൂന്നാറില്‍ സിപിഐ ഓഫിസ് പൊളിച്ചതിനെത്തുടര്‍ന്നു വിവാദമുണ്ടായപ്പോള്‍ അച്യുതാനന്ദന്‍ ഇടപെട്ടിരുന്നില്ല. വ്യാജപട്ടയമാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നാണു പറഞ്ഞിരുന്നത്. ദൗത്യ സംഘത്തലവനായി നിയമിക്കപ്പെട്ട കെ. സുരേഷ്‌കുമാര്‍ നടത്തിയ ഒഴിപ്പിക്കലുകള്‍ മുഖ്യമന്ത്രിയുടെ മുന്‍കൂര്‍ അനുമതിയോടെയായിരുന്നു. എല്ലാ ഒഴിപ്പിക്കലുകള്‍ക്കു മുന്‍പും അദ്ദേഹം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും അനുമതി തേടുകയും ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നതു വി.എസ് തടസപ്പെടുത്തുകയും ചെയ്തു.

മൂന്നാര്‍ ഒഴിപ്പിക്കലില്‍ നിന്നും സുരേഷ്‌കുമാറിനെ പിന്‍വലിച്ചിട്ടും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ത ഉപദേശകനായിരുന്നു അദ്ദേഹം. ഇതിനിടയില്‍ പരസ്യ പ്രസ്താവനയുടെ പേരില്‍ സുരേഷ്‌കുമാറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ തടഞ്ഞു വച്ചതും മുഖ്യമന്ത്രിയാണ്. ഒടുവില്‍ സര്‍ക്കാരിലെ സമ്മര്‍ദത്തെത്തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും പിന്നീടു തിരിച്ചെത്തിയ സുരേഷ്‌കുമാറിനെ സംരക്ഷിക്കാന്‍ വി.എസ് തയാറായി. സര്‍ക്കാരിന്റെ അവസാനകാലത്ത് ഐടി സെക്രട്ടറിയായി സ്വന്തം വകുപ്പില്‍ നിയമിക്കുകയും ചെയ്തു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ടീകോമുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും സുരേഷ്‌കുമാറാണ്. എന്നാല്‍ ഇപ്പോള്‍ മൂന്നാറില്‍ യുഡിഎഫ് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ തുടങ്ങിയതോടെയാണ് അച്യുതാനന്ദനു പരിഭ്രാന്തിയുണ്ടായത്. പഴയ സംഭവങ്ങള്‍ പുറത്തു വരുമെന്നു വ്യക്തമായതോടെ മൂന്നാര്‍ ഒഴിപ്പിക്കല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം കെ. സുരേഷ്‌കുമാറിന്റെ ചുമലില്‍ കെട്ടി വച്ച് ഒഴിയുന്നതിനു വേണ്ടിയാണ് ഇന്നലത്തെ പ്രസ്താവനയെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

നാലു വര്‍ഷങ്ങള്‍ക്കു ശേഷം വിശ്വസ്തനെ വിഎസ് തള്ളിപ്പറഞ്ഞതിനു പിന്നില്‍ മൂന്നാര്‍ മാത്രമല്ല കാരണമെന്നും സൂചനയുണ്ട്. സിപിഎമ്മിനും സിപിഐയ്ക്കും നല്ല സ്വാധീനമുള്ള മൂന്നാറില്‍ ഒഴിപ്പിക്കല്‍ കാലത്തു മറ്റാരെയും അനുസരിക്കാതെ പ്രവര്‍ത്തിക്കാന്‍ അന്നത്തെ ദൗത്യസംഘത്തിനു ശക്തിപകര്‍ന്നത് അന്നത്തെ മുഖ്യമന്ത്രി നല്‍കിയ ബ്ലാങ്ക് ചെക്കായിരുന്നു. ഒടുവില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ ഇടിച്ചുനിരത്തല്‍ യന്ത്രം നീങ്ങിയതോടെ പാര്‍ട്ടിയുടെ മുക്കുകയര്‍ വന്നു, മൂന്നാര്‍ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് അന്നു സംഘത്തലവന്‍ മടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു മുന്നോട്ടുപോയതെന്നു ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. പൊളിക്കേണ്ട ഓരോ കെട്ടിടത്തിന്റെയും വിവരങ്ങള്‍ അടങ്ങുന്ന പട്ടികയുമായാണു സ്‌പെഷല്‍ ഓഫിസര്‍ സുരേഷ്‌കുമാര്‍ മൂന്നാറില്‍ എത്തിയത്. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണു ദിവസവും റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

മറ്റു വകുപ്പുകളിലെ മെരുങ്ങാത്ത ഉദ്യോഗസ്ഥരെ ഒതുക്കിയിരുന്നതു തിരുവനന്തപുരത്തെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു. സിപിഐയുടെ ഓഫിസ് കെട്ടിടത്തിന്റെ ഭാഗം പൊളിച്ചതോടെയാണു സ്ഥിതി മാറിയത്. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയാല്‍ പാര്‍ട്ടി ഓഫിസുകള്‍ മാത്രമല്ല, പാര്‍ട്ടി നേതാക്കളുടെ ഭൂമിയും നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെ സിപിഎമ്മും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. റിസോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫിസുകള്‍ സംരക്ഷിക്കാന്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നിച്ചു. അതോടെ, മൂന്നാര്‍ ദൗത്യത്തിന്റെ നിയന്ത്രണം വിഎസിന്റെ കയ്യില്‍ നിന്നു പാര്‍ട്ടി മന്ത്രിസഭാ ഉപസമിതിക്കു കൈമാറി. ദൗത്യ സംഘത്തെ നിയന്ത്രിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണു പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിര്‍ദേശപ്രകാരം സുരേഷ് കുമാറിനെ പിന്‍വലിച്ചത്. അന്നും സുരേഷ് കുമാറിനെ വിഎസ് തള്ളിപ്പറഞ്ഞില്ല. സുരേഷ് കുമാറിനു ശേഷം വന്ന സ്‌പെഷല്‍ ഓഫിസര്‍മാര്‍ ധീരമായി പ്രവര്‍ത്തിച്ചില്ലെന്ന് ഒരുവര്‍ഷത്തിനുശേഷം മൂന്നാറിലെത്തിയപ്പോള്‍ വിഎസ് പറയുകയും ചെയ്തിരുന്നു.

മാത്രമല്ല, മൂന്നാറില്‍ രണ്ടാം ദൗത്യസംഘത്തെ നിയോഗിക്കുന്നതിനു മുന്നോടിയായി സുരേഷ് കുമാര്‍ രഹസ്യമായി മൂന്നാറില്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. വിഎസിന്റെ നിര്‍ദേശപ്രകാരമായിരുന്നു സുരേഷ് കുമാറിന്റെ വരവെന്ന് അന്ന് ഇടുക്കിയിലെ സിപിഎം നേതാക്കള്‍ പോലും ആരോപിച്ചിരുന്നു. വിഎസിന്റെ നിഴല്‍സംഘമെന്നായിരുന്നു അന്നത്തെ വരവില്‍ സുരേഷ്‌കുമാറിനു വീണ വിളിപ്പേര്. സ്വകാര്യ വാഹനത്തില്‍ മൂന്നാറില്‍ സഞ്ചരിച്ചു സുരേഷ് കുമാര്‍ വിഡിയോയില്‍ പകര്‍ത്തിയ സ്ഥലങ്ങളിലാണു രണ്ടാം ദൗത്യത്തിന്റെ ഭാഗമായി മന്ത്രിസഭാ ഉപസമിതി സന്ദര്‍ശിച്ചത്. മൂന്നാറില്‍ നിന്നു മടങ്ങിയ കെ. സുരേഷ് കുമാര്‍ ഔദ്യോഗിക ഭരണഭാഷാ വകുപ്പിന്റെ സെക്രട്ടറിയായി നിയമിതനായി. മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്തു ബന്ധപ്പെട്ടിരുന്ന അദ്ദേഹത്തിനു സ്മാര്‍ട് സിറ്റി കരാറുമായി ബന്ധപ്പെട്ട് ഐടിയുടെ അധിക ചുമതല നല്‍കിയിരുന്നു.

എന്നാല്‍ പൊടുന്നനവേ സുരേഷ് കുമാറിനെത്തള്ളിപ്പറഞ്ഞ് വി.എസ് എത്തുകയായിരുന്നു. അതേസമയം ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിയോഗിച്ച സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നാര്‍ ദൗത്യം അട്ടിമറിച്ചത് വി.എസ്. അച്യുതാനന്ദന്‍ നേരിട്ട് ഇടപെട്ടാണെന്നു വ്യക്തമായതായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് ആരോപിച്ചു. സിപിഎം ഭൂമി കയ്യേറി മൂന്നാറില്‍ പണിത പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയ പാര്‍ട്ടി ഓഫിസ് സംരക്ഷിക്കുന്നതിനാണ് ഈ നടപടിക്കു വിഎസ് കൂട്ടുനിന്നത്. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് സുരേഷ് കുമാറിനെ നിയോഗിച്ചതെന്ന വിഎസിന്റെ പ്രസ്താവന മുഖ്യമന്ത്രിക്കസേര പോലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനവും സംരക്ഷിക്കാനുള്ള 'വഴങ്ങലുകളുടെ ഭാഗമാണെന്നും പി.സി. ജോര്‍ജ് നിരീക്ഷിക്കുന്നു. അതേസമയം പാര്‍ട്ടിയിലും മുന്നണിയിലും വി.എസിനെ തഴയുന്ന പ്രവണത തുടരുകയാണ്. വി.എസിന്റെ സ്വപ്‌നഭൂമിയായ മൂന്നാര്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയില്‍ വര്‍ഷങ്ങള്‍ക്കുശേഷം പ്രതിപക്ഷനേതാവ് എത്തുമ്പോള്‍ അദ്ദേഹത്തെ ഹാരമണിയിച്ചു സ്വീകരിക്കാന്‍ സ്വന്തംപാര്‍ട്ടി സെക്രട്ടറി പോലും തയ്യാറായില്ല.

അമരാവതി സമര വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ മേരികുളത്ത് എത്തിയത്.സിപിഎം ഏരിയ കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും വകയായി ഏലയ്ക്കാ മാലകളും ഷാളുകളും വിഎസിനെ അണിയിച്ചു. ജില്ലാ സെക്രട്ടറി എം.എം. മണി ഈസമയം വേദിയിലുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാന്‍ തയാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി അച്യുതാനന്ദന്‍ ജില്ലയില്‍ എത്തേണ്ടെന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

ഇതിന്റെ വിവാദക്കൊടുങ്കാറ്റു കെട്ടടങ്ങുംമുന്‍പാണു പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി വിഎസ് ജില്ലയിലെത്തിയത്. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ അച്യുതാനന്ദനെ ജില്ലാ നേതൃത്വം പരസ്യമായി എതിര്‍ക്കുകയും എക്കാലത്തും വിഎസിന് അനുകൂല നിലപാട് എടുത്തിരുന്ന ജില്ലാനേതൃത്വം ഔദ്യോഗിക പക്ഷത്തേക്കു ചുവടുമാറ്റുകയും ചെയ്തിരുന്നു. ഒഴിപ്പിക്കാനെത്തിയാല്‍ കൈവെട്ടുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെയും സിപിഐയുടെയും പിന്തുണയോടെ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചുക്കാന്‍പിടിക്കുകയും ചെയ്ത ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെ സംസ്ഥാന കമ്മിറ്റിയില്‍ വിഎസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഈ വഴക്കാണ് സ്വീകരണവേദിയിലും പ്രകടമായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ