കോട്ടയം: പാലായിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പെണ്‍വാണിഭറാക്കറ്റ് സജീവമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തതിനു പിന്നില്‍ പെണ്‍വാണിഭ മാഫിയയുടെ ഇടപെടലുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പാലയിലെ അധോലോകത്തിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറംലോകത്തെത്തിച്ചത്. വന്‍ സെക്‌സ് റാക്കറ്റിന്റെ വലയില്‍ പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നാണ് സംശയം. പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനി പറവൂര്‍ ചെറുകടപ്പുറം മൂഞ്ഞേലി വീട്ടില്‍ ഇട്ടിയച്ചന്റെ മകള്‍ അലക്‌സിയാണ് കഴിഞ്ഞ ഏപ്രില്‍ 19-ന് ന് ആത്മഹത്യ ചെയ്തത്.
അലക്‌സി അവധി കഴിഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ട് ഹോസ്റ്റലിലെത്തിയത് ഒരു ദിവസത്തിനു ശേഷമായിരുന്നു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതായി വ്യക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഏപ്രില്‍ 13-ന് വീട്ടിലെത്തിയ അലക്‌സിയെ ഫോണ്‍ ചെയ്ത കൂട്ടുകാരി 15-ന് വൈകുന്നേരം കോളജിലേക്ക് വരണമെന്നാവശ്യപ്പെട്ടിരുന്നു. 16-ന് കോളജിലേക്ക് പോയ അലക്‌സി 17 നാണ് ഹോസ്റ്റലിലെത്തിയത്. 19-ന് വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ആത്മഹത്യ ചെയ്യുകയായിരുന്നു.
വീട്ടിലെത്തുമ്പോള്‍ കുട്ടി ശാരീരികമായി ഏറെ അവശയായിരുന്നതായും വീട്ടുകാര്‍ പറയുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുന്ന പോലീസുകാര്‍ മരണത്തെക്കുറിച്ച് പരസ്പര വിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ അന്വേഷണത്തില്‍ വന്‍ പെണ്‍വാണിഭ റാക്കറ്റിന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് അലക്‌സി ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്.എന്നാല്‍ പെണ്‍കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുവാവിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന്് പറഞ്ഞാണ് പോലീസ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. നിര്‍ധനരായ കുടുംബത്തിലെ രണ്ട്് മക്കളില്‍ ഒരാളാണ് അലക്‌സി. പഠിക്കാന്‍ മിടുക്കിയായതിനാലാണ് ബുദ്ധിമുട്ടി പഠിപ്പിക്കുവാന്‍ തീരുമാനിച്ചത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടപിടിച്ച് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുള്ളത്.
പാശ്ചാത്യരാജ്യങ്ങളുടെ നിലവാരത്തിലാണ് കേരളത്തില്‍ ലൈംഗികാരാജകത്വം പ്രചരിക്കുന്നത് എന്നതിന്റെ അവസാനതെളിവാണ് പാലാ സംഭവം. ഉന്നതന്മാരുടെയും ഭരണാധികാരികളുടെയും അഗമ്യഗമനം, വിദ്യാലയങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ തിരോധാനം, ജോലിസ്ഥലത്ത് പീഡിപ്പിക്കപ്പെടുന്ന വനിതകള്‍, ട്രെയിനിലും യാത്രാവേളകളിലും പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീത്വം... ഇങ്ങനെ നാം കേട്ടുകൊണ്ടിരിക്കുന്ന ലൈംഗിക പീഡനകഥകള്‍ അറ്റമില്ലാതെ തുടരുന്നു. മീഡിയയുടെ കാഴ്ചപ്പുറത്തിനപ്പുറത്ത് നടക്കുന്ന നിരവധി ചെറുവകകള്‍' ഇതിന്നു പുറമെയാണ്. ഉഭയസമ്മതത്തോടെയാണെങ്കില്‍ അവിഹിത ബന്ധങ്ങള്‍ പാപമായി കാണാത്ത ഒരു സമൂഹത്തില്‍ ഇത്രയധികം കേസുകള്‍ അതില്‍ പെടാത്തതുണ്ട് എന്നാണല്ലോ മനസ്സിലാക്കേണ്ടത്! തീവണ്ടിയാത്രക്കിടയില്‍ തമിഴനായ ഒറ്റക്കൈയന്‍ ചാമി ഒരു പെണ്ണിന്റെ ശരീരവും ചാരിത്ര്യവും ജീവനും ഒരുമിച്ച് എങ്ങനെ പന്താടി എന്ന് കേരളം കണ്ടത് വര്‍ത്തമാനകാല വാര്‍ത്തകളിലൊന്നാണ്.
ഓരോ സംഭവങ്ങള്‍ കഴിയുമ്പോഴും ഏതാനും ദിവസങ്ങള്‍ മീഡിയ ചര്‍ച്ച ചെയ്യും. വാര്‍ത്തയ്ക്കു മറ്റൊരു മസാല' കിട്ടുമ്പോള്‍ ഇതു മറക്കും. ബന്ധപ്പെട്ട ഇരയുടെ കുടുംബം കണ്ണീരുകുടിച്ച് ജീവിതം നയിക്കും. എന്നാല്‍ സംഭവിച്ചതിനു ശേഷം വേദനിക്കുക എന്നല്ലാതെ ഇത് സംഭവിക്കാതിരിക്കാന്‍ എന്തുണ്ട് വഴി എന്നാരും ആലോചിക്കാറില്ല. പ്രതിരോധമാണല്ലോ ചികിത്സയെക്കാള്‍ ഫലപ്രദം. ശിഥിലമാകുന്ന കുടുംബബന്ധങ്ങളും കുത്തഴിഞ്ഞ ജീവിതവും ഒരു പരിധിവരെ ലൈംഗികാരാജകത്വത്തിനു കാരണമായിത്തീരുന്നു. യുവാക്കളുടെ അങ്ങാടിജീവിതവും തെറ്റായ കൂട്ടായ്മയുമാണ് ലഹരിക്കടിമയാകാനും എങ്ങനെയെങ്കിലും ലൈംഗികദാഹം തീര്‍ക്കാനും പലരെയും പ്രേരിപ്പിക്കുന്നത്. ഒരിക്കല്‍ ഒരു മൂച്ചിന്' ചെയ്തുപോകുന്ന ഒരപരാധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും കടുംകൈകള്‍ ചെയ്യേണ്ടിവരുന്നു. സ്വബോധം തിരിച്ചുകിട്ടുമ്പോള്‍ തനിക്ക് വരാന്‍ പോകുന്ന ആപത്തുകളെപ്പറ്റി ഓര്‍മവരുന്നു. ഇരയെ നശിപ്പിക്കാനായിരിക്കും അടുത്ത ചിന്ത.
ഇങ്ങനെയാണ് ബലാല്‍സംഗം കൊലപാതകമായി മാറുന്നത്. ഇത്തരം കാമവെറിയന്‍മാരുടെ പിടിയില്‍ പെടുന്ന പച്ചപ്പാവം പെണ്‍കുട്ടികളുണ്ട് എന്നത് നേര്. എന്നാല്‍ കേള്‍ക്കുന്ന സംഭവവികാസങ്ങളില്‍ മിക്കതും പെണ്‍കുട്ടികള്‍ നിന്നുകൊടുക്കുന്നതാണ് എന്നത് അതിലേറെ വലിയ നേര്. പെറ്റുപോറ്റിയ മാതാപിതാക്കള്‍, പത്തിരുപതു വര്‍ഷം താലോലിച്ചു നടന്ന കുടുംബങ്ങള്‍ ഇതെല്ലാം പാടെ വിസ്മരിച്ചുകൊണ്ട് ബസ്‌സ്‌റ്റോപ്പില്‍ വെച്ചോ യാത്രക്കാരുടെ ഇടയിലോ ഏതാനും ദിവസം കണ്ട പരിചയം മാത്രമുള്ളവന്റെ കൂടെ ഇറങ്ങിത്തിരിക്കാന്‍ മാത്രം ബുദ്ധിശൂന്യത കാഴ്ചവയ്ക്കുന്ന വിദ്യാസമ്പന്നരെ നാമെന്തു വിളിക്കും! എത്രയെത്ര സംഭവങ്ങള്‍! തിന്നു ചണ്ടിയാക്കി തുപ്പിക്കളയുന്ന നേര്‍ക്കാഴ്ച കണ്ടിട്ടും കേട്ടിട്ടും ലോകം തിരിച്ചറിയാത്തവര്‍ പിന്നെ കൊണ്ടെങ്കിലേ അറിയൂ എന്നതാണ് പ്രകൃതി.
ആശ്രമം ഗസ്റ്റ്ഹൗസില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട ജീവനക്കാരി ജാതീയതയുടെ ഇരയാണെങ്കില്‍ ചെങ്ങന്നൂരിലെ കുളിക്കാപ്പാലം ലെവല്‍ക്രോസില്‍ തീവണ്ടിച്ചക്രത്തിനുള്ളില്‍ ചിതറിത്തെറിച്ച അയ്യപ്പാ കോളെജിലെ ബി എസ് സി ഇലക്‌ട്രോണിക് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി അജിത് അധ്യാപികയെ പ്രണയിച്ചതിന്റെ ബലിയാടായിരുന്നു. തീവണ്ടിയുടെ എ സി കോച്ചില്‍ നിന്ന് പുഴയിലേക്ക് എടുത്തെറിയപ്പെട്ട എന്‍ ഐ ടി വിദ്യാര്‍ഥിനി പ്രേമത്തിന്റെ മറ്റൊരു രക്തസാക്ഷിയാണ്. ഒന്നുകില്‍ പ്രേമനൈരാശ്യം മൂലം കമിതാക്കള്‍ ജീവനൊടുക്കുക, അല്ലെങ്കില്‍ പ്രേമാര്‍ഥന നിരസിച്ചതിന് നിഷ്ഠൂരമായി കൊലപ്പെടുത്തുക, അതുമല്ലെങ്കില്‍ പെണ്‍കുടുംബക്കാര്‍ കാമുകനെ ഓടിച്ചുപിടിച്ച് തല്ലിക്കൊല്ലുക ഇതല്ലേ നിത്യവാര്‍ത്തകളിലൊരു ഇനം! പ്രണയമെന്ന ഓമനപ്പേരിലറിയപ്പെടുന്ന പേക്കൂത്തുകളാണ് ലൈംഗികാരാജകത്വത്തിന്റെ ഒരു പ്രധാന കാരണം. പരിഷ്‌കൃത സമൂഹം പ്രേമനാടകങ്ങള്‍ മോശമായി പലപ്പോഴും കാണാറില്ല. പിള്ളേരല്ലേ, അതൊന്നും സാരമില്ല എന്ന സമീപനമാണധികവും. കളി കാര്യമാവുമ്പോള്‍ പലര്‍ക്കും ബോധവും ബോധ്യവും വരും. അപ്പോഴേക്ക് സമയം വൈകിയിരിക്കും.
പ്രായപൂര്‍ത്തിയെത്തിയ എതിര്‍ലിംഗങ്ങള്‍ ആകര്‍ഷിക്കപ്പെടുക എന്നത് പ്രകൃതി നിയമമാണ്. ചെടികളില്‍ പ്രകൃതി നിശ്ചയിച്ച രീതിയില്‍ പരാഗണം നടത്തപ്പെടുന്നു. ജന്തുക്കള്‍ യഥേഷ്ടം ഇണ ചേരുന്നു. മനുഷ്യരോ ആജീവനാന്തം ഒന്നിച്ചു കഴിയാവുന്ന ജീവിതപങ്കാളിയെ കണ്ടെത്തുന്നു. ഇതാണ് പ്രകൃതി. ഇതാണ് മതങ്ങള്‍ കാണിച്ചുതന്ന സദാചാരം അഥവാ യഥാര്‍ഥ ജീവിത മാര്‍ഗം. അനന്ത സാധ്യതകളുള്ള ശാസ്ത്രത്തിന്റെ പുതിയ ഉല്പന്നമായ സെല്‍ഫോണാണ് സമൂഹശിഥിലീകരണത്തിലെ മറ്റൊരു ഘടകം. ബ്ലൂടൂത്തും ഫ്രീ എസ് എം എസ്സും പുതിയ തലമുറയെ വഴിതെറ്റിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മൊബൈല്‍ മൂലം മാനവും പണവും ജീവന്‍ പോലും നഷ്ടപ്പെട്ട നിരവധി സ്ത്രീകളുടെ കഥകള്‍ നാം വായിച്ചുതള്ളി.
ദശലക്ഷക്കണക്കിന് സെല്‍ സ്‌ക്രീനിലേക്ക് പറന്നുനടക്കുന്ന ഒരു എസ് എം എസ് സാമ്പിള്‍ ഇതാ:
Impress your girl friend with our flirting tips.
കാമാതുരമായി സമൂഹത്തെ ഉത്തേജിപ്പിച്ചു നിര്‍ത്തുന്നതില്‍ സിനിമകളും മുഖ്യപങ്കുവഹിക്കുന്നു. സിനിമകളിലെ നിമിഷങ്ങള്‍ മാത്രം നീണ്ടുനില്ക്കുന്ന മസാല രംഗങ്ങളേക്കാളേറെ അപകടം, ആ സീനുകളെ നിത്യലഹരിയായി നിര്‍ത്തുന്ന പോസ്റ്ററുകളും പരസ്യങ്ങളുമാണ്. സീരിയല്‍ മോഹത്തില്‍ പെട്ട് ജീവിതം തുലഞ്ഞുപോയ ആയിരങ്ങളുടെ കഥകള്‍ മീഡിയ സീരിയ'ലായി പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുക. യുവാക്കളുടെയും യുവതികളുടെയും വസ്ത്രധാരണ രംഗത്ത് പരീക്ഷിക്കപ്പെടുന്ന ഫാഷനുകള്‍, പ്രജനന കാലത്ത് എതിര്‍ലിംഗത്തെ ആകര്‍ഷിക്കുന്ന തിര്യക്കുകളെപ്പോലെ, ശരീരവടിവുകള്‍ പ്രദര്‍ശിപ്പിക്കത്തക്കതാണ്. കാമ്പസുകളില്‍ നിന്ന് ഫാഷനോടൊപ്പം ജീര്‍ണ സംസ്‌കൃതിയും കൂടി കടന്നുവരുന്നു. ചുരുക്കത്തില്‍ സദാചാര വിരുദ്ധത കടന്നുവരുന്ന പഴുതുകള്‍ അടയ്ക്കാതെ സദാചാരം വേണമെന്ന് വിലപിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാറ്റിനും പുറമെ പൈശാചികമായ ക്രൂരതകള്‍ ചെയ്തുകൂട്ടിയാലും നൂറ്റന്‍പത് രൂപ പിഴചുമത്തി കൊടുംക്രൂരന്‍മാരെ വെറുതെ വിടുന്ന നിയമത്തിന്റെ അപര്യാപ്തത സമൂഹത്തില്‍ തിന്മ പെരുകാന്‍ സഹായകമായിത്തീരുന്നു. ഇത്തരമൊരു സമൂഹത്തിന് ഉദാഹരണമാവുകയാണ് അലക്‌സിയുടെ മരണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ