2011, ജൂൺ 4, ശനിയാഴ്‌ച

മകന്റെ പിതൃത്വം നിഷേധിച്ച അമേരിക്കന്‍ മലയാളിക്ക്‌ സുപ്രീം കോടതി പിഴ ശിക്ഷിച്ചു

തൊടുപുഴ : മകന്റെ പിതൃത്വം നിഷേധിച്ച അമേരിക്കന്‍ മലയാളിക്ക്‌ സുപ്രീം കോടതി പിഴ വിധിച്ചു. കോലഞ്ചേരി പൂതൃക്ക സ്വദേശി മുല്ലയ്‌ക്കല്‍ സ്ലീബാ തോമസിനാണ്‌ സുപ്രീം കോടതി അര ലക്ഷം രൂപ പിഴ ശിക്ഷിച്ചത്‌. തൊടുപുഴ കുടുംബകോടതി മകന്‌ നാലായിരം രൂപ പ്രതിമാസം ജീവനാംശം നല്‍കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ്‌ അപ്പീല്‍ തള്ളുകയും അര ലക്ഷം രൂപ പിഴ ശിക്ഷിക്കുകയും ചെയ്‌തത്‌. അമേരിക്കന്‍ പൗരനും അമേരിക്കയില്‍ ജയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്നതുമായ സ്ലീബാ തോമസിന്‌ അമേരിക്കയില്‍ ഭാര്യയും മക്കളും ഉള്ള വിവരം മറച്ച്‌ വച്ച്‌ തൊടുപുഴ മുളപ്പുറം സ്വദേശിനി സീനാമോളെ വിവാഹം കഴിച്ച്‌ വഞ്ചിച്ചത്‌ വിവാദമായിരുന്നു. വഞ്ചനയുടെ കഥ പുറത്ത്‌ വന്നതോടെ സീനാമോളെയും മകനെയും വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ സീനാമോള്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു. കോടതിയുടെ ഉത്തരവ്‌ പ്രകാരം സ്ലീബാ തോമസിനെതിരെ കരിമണ്ണൂര്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. കുറ്റകൃത്യം ഗൗരവമേറിയതിനാല്‍ അന്വേഷണം അന്ന്‌ കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന വിഎന്‍ സജി ഏറ്റെടുക്കുകയും സ്ലീബാ തോമസിനെ അറസ്റ്റ്‌ ചെയ്‌ത്‌ കോടതി മുവാറ്റുപുഴ സബ്‌ ജയിലില്‍ റിമാന്‍ഡ്‌ ചെയ്യുകയും ചെയ്‌തിരുന്നു. ഈ കേസ്‌ ഇപ്പോള്‍ തൊടുപുഴ ജില്ലാകോടതിയില്‍ വിചാരണ നടന്നുവരികയാണ്‌. സീനാമോള്‍ക്കും മകന്‍ അഭിജിത്തിനും ജീവനാംശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൊടുപുഴ കുടുംബകോടതിയില്‍ അഡ്വ. ബിജു പറയന്നിലം മുഖേന ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു. ഈ ഹര്‍ജിയില്‍ മകന്റെ പിതൃത്വം നിഷേധിച്ചും മതപരമായ വിവാഹം ഇല്ലാത്തതിനാലും ഹര്‍ജിക്കാര്‍ക്ക്‌ ജീവനാംശം നല്‍കാന്‍ ബാദ്ധ്യസ്ഥനല്ല എന്ന നിലപാടാണ്‌ സ്ലീബാ തോമസ്‌ സ്വീകരിച്ചത്‌. എന്നാല്‍ കുടുംബകോടതിയുടെ ഉത്തരവോടെ ഡിഎന്‍എ ടെസ്റ്റിന്‌ സ്ലീബായും സീനാമോളും മകന്‍ അഭിജിത്തും വിധേയമായി. ടെസ്റ്റില്‍ അഭിജിത്തിന്റെ പിതാവ്‌ സ്ലീബായാണെന്ന്‌ തെളിഞ്ഞതിനെ തുടര്‍ന്ന്‌ പ്രതിമാസം നാലായിരം രൂപ വീതം ജീവനാംശം നല്‍കാന്‍ കുടുംബകോടതി വിധിക്കുകയും ചെയ്‌തിരുന്നു. ഈ വിധിക്കെതിരെ സ്ലീബാ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. മകന്റെ പിതൃത്വം നിഷേധിച്ച പിതാവിന്റെ നിലപാട്‌ വേദനാജനകമാണെന്നും മതപരമായ വിവാഹം ഇല്ലെങ്കിലും ജീവനാംശം നല്‍കുന്നതിന്‌ സ്ലീബായുമായുള്ള വിവാഹ ഉടമ്പടി സാധുവായ വിവാഹമായി പരിഗണിച്ച കുടുംബകോടതി ജഡ്‌ജിയായിരുന്ന ടിവി മാത്യുവിന്റെ വിധി ന്യായം പൂര്‍ണ്ണമായി സുപ്രീം കോടതി അംഗീകരിച്ചാണ്‌ സ്ലീബായുടെ അപ്പീല്‍ തള്ളിയത്‌. അനാവശ്യമായി അപ്പീല്‍ നല്‍കിയതിന്‌ പിഴയായി അര ലക്ഷം രൂപ സ്ലീബാ സീനാമോള്‍ക്കും മകനും നല്‍കുവാനാണ്‌ സുപ്രീം കോടതി ഉത്തരവ്‌.

1 അഭിപ്രായം: