2011, ജൂൺ 22, ബുധനാഴ്‌ച

മധ്യതിരുവിതാംകൂറിലെ ആശുപത്രികളില്‍ പ്രേതം !

സമയം പതിനൊന്നുമണി. സെക്യൂരിറ്റിയെ സ്‌റ്റേ പാസ്‌ കാണിച്ച്‌ മുകുന്ദന്‍ (പേര്‌ യഥാര്‍ഥമല്ല) ലിഫ്‌റ്റിനു സമീപത്തേക്ക്‌ ഓടി. മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ ആശുപത്രിയാണ്‌ അത്‌. കുളിമുറിയിലെ വീഴ്‌ചയില്‍ പരുക്കേറ്റ മുകുന്ദന്റെ അമ്മ ശസ്‌ത്രക്രിയയ്‌ക്കു ശേഷം നാലാം നിലയിലെ റൂമില്‍ കഴിയുകയാണ്‌. ആവശ്യത്തിനുള്ള സാധനങ്ങള്‍ എടുത്ത്‌ വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ വൈകി.

ലിഫ്‌റ്റിനടുത്ത്‌ ആരുമുണ്ടായിരുന്നില്ല. ലിഫ്‌റ്റ് ഗ്രൗണ്ട്‌ ഫ്‌ളോറില്‍തന്നെ കിടന്നിരുന്നതു കൊണ്ട്‌ ബട്ടണ്‍ അമര്‍ത്തിയപ്പോഴേ തുറന്നു. മുകുന്ദന്‍ കാല്‍ ലിഫ്‌റ്റിലേക്ക്‌ എടുത്തു വയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ തള്ളിയിടുംപോലെ ഒരു യുവാവ്‌ ചാടി ഉള്ളില്‍ കയറി. തെല്ല്‌ ഈര്‍ഷ്യയോടെ മുകുന്ദന്‍ അയാളെ ഒന്നു നോക്കിയ ശേഷം ഉള്ളില്‍ കടന്നു. യാതൊന്നും സംഭവിക്കാത്തതു പോലെ നില്‍ക്കുകയാണ്‌ യുവാവ്‌. ഡോറുകള്‍ തനിയെ അടഞ്ഞു. മുകുന്ദന്‍ നാല്‌ എന്ന ബട്ടണില്‍ വിരല്‍ അമര്‍ത്തി. പിന്നെ എതിര്‍വശത്തെ നിലക്കണ്ണാടിയില്‍ നോക്കി. ലിഫ്‌റ്റ് 1 എന്ന ചുവന്ന അക്കത്തിലെത്തി. കണ്ണാടിയില്‍ നോക്കി മുടി മാടിയൊതുക്കി കണ്ണുകള്‍ അമര്‍ത്തിത്തുടച്ച മുകുന്ദന്‍ നടുങ്ങിപ്പോയി.

സഹയാത്രികന്റെ രൂപം കണ്ണാടിയില്‍ ഇല്ല. അയാള്‍ അടുത്തുണ്ടു താനും. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. ഇല്ല, സഹയാത്രികന്റെ പ്രതിരൂപം കണ്ണാടിയില്‍ ഇല്ല. ഇറങ്ങി ഓടണമെന്നു മുകുന്ദനു തോന്നി. ലിഫ്‌റ്റ് മൂന്നാം നിലയിലേക്കു കടന്നിരുന്നു. സഹയാത്രികന്‍ നിന്ന സ്‌ഥലത്തേക്കു മുകുന്ദന്‍ ഒന്നു കൂടി നോക്കി. ഇല്ല, അയാള്‍ അവിടെയില്ല. നാലാം നിലയില്‍ ലിഫ്‌റ്റ് കുലുങ്ങിനിന്നു. ഒരു ആര്‍ത്തനാദത്തോടെ മുകുന്ദന്‍ പുറത്തേക്കു ചാടി. പിന്നെ, ബോധരഹിതനായി നിലത്തേക്കു വീണു.

ഡ്യൂട്ടിറൂമില്‍നിന്നു സിസ്‌റ്റര്‍മാര്‍ ഓടി വരുന്നുണ്ടായിരുന്നു.

ഠഠഠ

മലയോരത്തെ മറ്റൊരു ആശുപത്രി.

സമയം രാത്രി പതിനൊന്നര. പുറത്ത്‌ കാലവര്‍ഷം തിമിര്‍ത്തു പെയ്യുന്നു. ആശുപത്രിയുടെ നാലാം നിലയിലുള്ള ഐ.സി.യുവിന്റെ മുന്നില്‍ അയാള്‍ മാത്രമാണുള്ളത്‌. പേര്‌ സതീഷ്‌. പ്രായം 19.

ഐ.സി.സിയുവില്‍ കിടക്കുന്നത്‌ അയാളുടെ അകന്ന ബന്ധത്തിലുളള അമ്മച്ചിയാണ്‌. ഉള്ളില്‍ രോഗികള്‍ തീരെ കുറവ്‌. കൂട്ടിരിപ്പുകാരും ഇല്ല. ഇടയ്‌ക്കിടെ സിസ്‌റ്റര്‍മാര്‍ വിളിക്കുമെന്നുള്ളതു കൊണ്ട്‌ വെളിയിലിട്ട കസേരയില്‍ ഇരിക്കുകയാണ്‌ സതീഷ്‌. കുറേ നേരം വെറുതേയിരുന്നപ്പോള്‍ കണ്ണ്‌ അടഞ്ഞുപോകുന്നതു പോലെ തോന്നി. ഇടനാഴിയില്‍ ഒരു ബള്‍ബ്‌ മാത്രമാണുളളത്‌. അതിന്റെ മങ്ങിയ വെളിച്ചത്തെ രാവിന്റെ ഇരുണ്ട നിറം തോല്‍പിച്ചിരിക്കുന്നു. വെളിയില്‍ മഴ നേര്‍ത്തു തുടങ്ങി. സതീഷ്‌ ഗാഢനിദ്രയില്‍.

വെളിയില്‍നിന്നു ഭീകരമായ അലര്‍ച്ച കേട്ട്‌ ഐ.സി.യുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ചാടി പുറത്തിറങ്ങി. ഒരു നിമിഷം. അലറിക്കൊണ്ട്‌ പുറത്തിരുന്ന യുവാവ്‌ അകത്തേക്ക്‌ ഓടിക്കയറി. പിന്നെ കുഴഞ്ഞു നിലത്തു വീണു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഐ.സി.യുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്‌ടര്‍ അലേര്‍ട്ട്‌ ആയി. കിലുകിലെ വിറയ്‌ക്കുകയാണ്‌ യുവാവ്‌.

മുഖത്തേക്കു തണുത്തവെള്ളം വീണപ്പോള്‍ യുവാവ്‌ കണ്ണുതുറന്നു. വിക്കി വിക്കി സതീഷ്‌ ചോദിച്ചു.

'അയാള്‍ പോയോ?'

'ആര്‌?'

'ഒരാള്‍ അവിടെ വന്നു. ഞാനുറങ്ങിയപ്പോള്‍ എന്നെ...എന്നെ തൊട്ടുവിളിച്ചു. ഞാന്‍ കണ്ണു തുറന്നപ്പോള്‍ ഒരു രൂപം എന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. ഞാന്‍ അയാളെ തള്ളിമാറ്റാന്‍ നോക്കി. പക്ഷേ, എന്റെ കൈകള്‍ ആ രൂപത്തിലേക്ക്‌ ആഴ്‌ന്നിറങ്ങിപ്പോയി....ശ്വാസംമുട്ടിയാ ഞാന്‍ നിലവിളിച്ചെ.'

കിതച്ചു കൊണ്ട്‌ യുവാവ്‌ പറഞ്ഞു. പിന്നെ സാവധാനം മയക്കത്തിലേക്കു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്‌റ്റര്‍ തെര്‍മോമീറ്റര്‍ എടുത്ത്‌ അയാളുടെ കൈമടക്കുകളില്‍ പിടിപ്പിച്ചു. നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു. സിസ്‌റ്റര്‍ തെര്‍മോമീറ്റര്‍ തിരികെയെടുത്ത്‌ കുടഞ്ഞ ശേഷം നോക്കി.

പനി 104 ഡിഗ്രി.

ഡോക്‌ടര്‍ കുറിച്ചു കൊടുത്ത ഇന്‍ജക്ഷന്‍ മരുന്ന്‌ നീഡിലിലാക്കി യുവാവിന്റെ ഇടതുചുമലില്‍ കുത്തിവയ്‌ക്കാനായി ഷര്‍ട്ടിന്റെ കൈകള്‍ മുകളിലേക്കു മാറ്റിയ നഴ്‌സ് ഞെട്ടിപ്പോയി.

ആരോ മാന്തിപ്പറിച്ചതു പോലെ തലങ്ങും വിലങ്ങും ചുവന്ന വരകള്‍. അവിടെ രക്‌തം പൊടിഞ്ഞിരുന്നു.

ഠഠഠ

മുകളില്‍ പറഞ്ഞ ആദ്യത്തെ സംഭവം നടന്ന ആശുപത്രിയില്‍ ഇതു പതിവായിരുന്നു. നിറം മങ്ങിയ ഇടനാഴികളില്‍ തലയില്ലാത്ത രൂപത്തെ കണ്ട്‌ ഭയന്നവര്‍ നിരവധി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുളള ഡിസക്ഷന്‍ റൂമിനു വെളിയിലെ ഇരുളില്‍ ഒരു വെളുത്ത രൂപം മിന്നിമായുന്നതു പലരും കണ്ടു. ഹോസ്‌റ്റലില്‍ ഉറങ്ങിക്കിടന്ന നഴ്‌സിംഗ്‌ വിദ്യാര്‍ഥിനികളുടെ കഴുത്തില്‍ പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ നോക്കി.

രാവുകളെ ആശുപത്രി ജീവനക്കാര്‍ ഭയന്നു തുടങ്ങിയിരുന്നു. ലിഫ്‌റ്റില്‍ ഒപ്പം കയറുന്നതു പ്രേതമാണോ മനുഷ്യനാണോ എന്ന്‌ അറിയാന്‍ കഴിയാത്ത അവസ്‌ഥ.

ഇതേത്തുടര്‍ന്ന്‌ ആദ്യം പറഞ്ഞ മധ്യതിരുവിതാംകൂറിലെ ആശുപത്രിയില്‍ വൈദികരുടെ സംഘമെത്തി വെഞ്ചരിപ്പും മറ്റു ക്രിയകളും ചെയ്‌തു.

മലയോരത്തെ ആശുപത്രിയില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്‌. സംഭവം മൂടിവയ്‌ക്കാനാണ്‌ ആശുപത്രി മാനേജ്‌മെന്റ്‌ ശ്രമിക്കുന്നതെങ്കിലും ജീവനക്കാര്‍ വഴി ഇതു പുറത്തേക്കു പടര്‍ന്നു കഴിഞ്ഞു. യുവാവ്‌ പ്രേതത്തെ കണ്ട നാലാം നിലയിലേക്ക്‌ ഇപ്പോള്‍ സന്ധ്യകഴിഞ്ഞാല്‍ ഒരാള്‍ പോലും പോകാറില്ല. അഥവാ പോയാല്‍തന്നെ ആരെങ്കിലും തുണയുണ്ടാകും.

ഇതൊക്കെ തോന്നലെന്നു പറഞ്ഞ്‌ എഴുതിത്തള്ളാനാണു മിക്കവരും ശ്രമിക്കുന്നത്‌. ലിഫ്‌റ്റില്‍ കയറിയ മുകുന്ദനും ഐ.സി.യുവിനു മുന്നില്‍ ഇരുന്ന്‌ ഉറങ്ങിയ സതീഷും ഉപബോധമനസില്‍ അടിഞ്ഞു കൂടിയ പ്രേതചിന്തയാണ്‌ ഇങ്ങനെയൊക്കെ കാണാന്‍ കാരണമെന്നു മനോരോഗ വിദഗ്‌ധര്‍ പറയുന്നു. ഒരാള്‍ കണ്ടാല്‍ അങ്ങനെ പറയാം. പക്ഷേ, ഇതേപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ പിന്നാലെ ഇങ്ങനെ കാണുന്നതോയെന്ന ചോദ്യത്തിന്‌ അവര്‍ക്കും മറുപടിയില്ല. മധ്യതിരുവിതാംകൂറിലെ ആശുപത്രിയില്‍ ജോലിക്കാര്‍ക്കു പ്രേതശല്യത്തെപ്പറ്റി അറിയാം. പക്ഷേ, അവരെക്കാള്‍ കൂടുതല്‍ ഇതു കാണുന്നത്‌ ആദ്യമായി അവിടെ ചികില്‍സയ്‌ക്ക് എത്തുന്നവരാണ്‌. ഈ രണ്ടു ആശുപത്രികളെ മാത്രം പ്രേതം പിടികൂടുന്നതിനെ ചൊല്ലി രസകരമായ കമന്റും വന്നു.

'ഇവിടെ ചികില്‍സിച്ചു കൊന്നവരുടെ പ്രേതമായിരിക്കും.' ചിരി നിര്‍ത്ത്‌.

ദാ, നിങ്ങള്‍ക്കും പിന്നിലും ആരോ ഇല്ലേ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ