വള്ളിക്കാവിലമ്മ പത്രം വായിക്കാറുണ്ടോ എന്നറിയില്ല. ദിവ്യാത്മാക്കളുടെ ദിനചര്യ അത്ര പിടിയില്ലാത്ത ഒരുത്തനാണ് ഇതെഴുതുന്നത്. ഒന്നും വായിച്ചില്ലേലും എല്ലാമറിയുന്നു എന്നതാണല്ലോ ദിവ്യത്വത്തിന്റെ ട്രേഡ്മാര്‍ക്ക്. അല്ലെങ്കില്‍ ഭക്തരുടെ വിശ്വാസം. അതെന്തായാലും പൊതുസമൂഹത്തിന്റെ ചെറിയ ഭൗതിക കാര്യങ്ങള്‍ ആത്മീയതയുടെ ആന്റിനയില്‍ പൊതുവേ പെടാറില്ലെന്നതുകൊണ്ടാണീ കായതം.
വള്ളിക്കാവിലമ്മ കണ്‍കണ്ട ദൈവമാണ് ചിലര്‍ക്ക്. ആത്മീയ ബിസിനസിന്റെ സി.ഇ.ഒ ആയ 'ആള്‍ദൈവ'മാണ് മറ്റു ചിലര്‍ക്ക്. രണ്ടിലേതായാലും വിരോധമില്ല -ഓരോരുത്തര്‍ക്ക് ഓരോ തലയിലെഴുത്ത്, എങ്കിലും, വേഷം കൊണ്ടും വാക്കുകൊണ്ടും ഒരു തരം സന്യാസിനീ പ്രതിച്ഛായയാണ്. സംപ്രേഷണം ചെയ്യപ്പെടുന്നത്-ലോകശാന്തി, മാനവ സ്‌നേഹം, ജീവ കാരുണ്യം ഇത്യാദി സാമൂഹിക സേവന വകുപ്പുകളുള്ള മള്‍ട്ടിനാഷനല്‍ പ്രസ്ഥാനം.
സന്യാസികള്‍ പല ഇനമുണ്ട്. കാലടി ശങ്കരന്‍ പറഞ്ഞ മാതിരി 'ഉദരനിമിത്തം ബഹുകൃതവേഷം' കെട്ടുകാര്‍ തൊട്ട് തനി അഹം ബ്രഹ്മാസ്മികള്‍ വരെ. പ്രാചീന ഇന്ത്യന്‍ ചതുരാശ്രമ വ്യവസ്ഥയുടെ സംഭാവനയായ സന്യാസം നിയതാര്‍ഥത്തില്‍ സമ്പൂര്‍ണ പരിത്യാഗമാണ്. ഫലേച്ഛ കൂടാതുള്ള ത്യജിക്കല്‍. മോക്ഷവും ദൈവപ്രാപ്തിയും വരെ ലക്ഷ്യഫലങ്ങളാണ്-അവ ആഗ്രഹിച്ചുള്ള ത്യാഗം പോലും പരിത്യാഗമാകുന്നില്ല. ഇത്ര കഠിനമായ നിര്‍മമതയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നിരിക്കെ പരിത്യാഗിക്ക് എന്തിനാണ് ആശ്രമവും സെറ്റപ്പുകളും എന്ന ചോദ്യം സാഭാവികമാണ്. ആയതിനുള്ള പരമ്പരാഗത മറുപടി, സത്യദര്‍ശനം അഥവാ തത്ത്വപ്പൊരുള്‍ അറിഞ്ഞവന് അതൊക്കെ സഹജീവികള്‍ക്ക് കൂടി പകരാന്‍ വേണ്ടി എന്നതാണ്. ജീവിതത്തിന്റെ നേരറിയാതെ അലമ്പായിപ്പോകുന്ന മനുഷ്യരോടുള്ള ഒരുതരം കാരുണ്യപൂര്‍വമായ ഔദാര്യം. സത്യം അവനവന്റെ തലക്കുള്ളിലടിക്കേണ്ടതാണ്, മറ്റാര്‍ക്കും ഏര്‍പ്പാടാക്കികൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് സമൂഹത്തെ ഉപേക്ഷിക്കുന്നതാണ് മറ്റൊരു ലൈന്‍. ഇതില്‍ വള്ളിക്കാവിലമ്മ തെരഞ്ഞെടുത്തത് ആദ്യ വഴിയാണല്ലോ. അതിന്റെ ഭാഗമായി ഇല്ലായ്മക്കാരായ ഭക്തര്‍ക്ക് റൊട്ടി, കപ്ഡാ, മകാന്‍...അനന്തരം മരുന്ന്, പഠിപ്പ്, തൊഴില്‍... പരമ്പരാഗത മിഷനറി ശൈലിയില്‍ തന്നെ മുന്നേറി. ഒരു വ്യത്യാസം മാത്രം-മിഷനറിമാര്‍ കാര്യം പച്ചക്ക് പറഞ്ഞു. അതായത്, തങ്ങളീ പണിയെടുക്കുന്നത് ആത്യന്തികമായി മതപ്രചാരണത്തിനാണ്. ഞങ്ങള്‍ ആള്‍ദൈവങ്ങളോ ദിവ്യന്മാരോ അല്ല, ഇടയന്മാര്‍ മാത്രം. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ദല്ലാള്‍മാര്‍. വള്ളിക്കാവിലമ്മ ഒരാത്മീയ ബ്രോക്കറാണെന്ന് അമ്മയോ മക്കളോ സമ്മതിക്കുമോ? അതിലൊക്കെ കൂടിയ മറ്റെന്തോ ആണെന്നാണ് അവരുടെ പക്ഷം. അതുകൊണ്ടുതന്നെയാണ് ചില എളിയ സംശയങ്ങള്‍ ഉണ്ടാകുന്നതും.
കൊച്ചിയില്‍ ആശുപത്രി കെട്ടിയപ്പോള്‍ ആതുര സേവനത്തിന്റെ വിപുലപടി എന്നായിരുന്നല്ലോ പ്രചാരണം. കാശില്ലാത്തവര്‍ക്ക് സൗജന്യമായും വരുമാനക്കുറവുകാര്‍ക്ക് ഡിസ്‌കൗണ്ടിലും ചികിത്സ കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ആശുപത്രി വേഗം വളര്‍ന്നത്. അടുത്ത പടിയായി മെഡിക്കല്‍ കോളജ് വന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കപ്പെട്ട വകയിലാണതിന്റെ വരവ്. ഒരു സര്‍ക്കാര്‍ കോളജ് സമം രണ്ട് സ്വാശ്രയം എന്ന വ്യവസ്ഥ പ്രകാരം എല്ലാ സ്വാശ്രയ സ്ഥാപനങ്ങളിലും പകുതി സീറ്റ് സര്‍ക്കാറിനുള്ളതാണ്. അതംഗീകരിച്ച കക്ഷികള്‍ പാലം കടന്നതോടെ കൂരായണ വിളിച്ചു. ഇക്കൂട്ടത്തിലെ ചട്ടമ്പിഗണമായ ഇന്റര്‍ചര്‍ച്ച് മാനേജ്‌മെന്റിന്റെ ക്യാമ്പിലായി വള്ളിക്കാവിലമ്മയുടെ കൂട്ടരും. അമ്മക്കോ മക്കള്‍ക്കോ ഈ ചിര പുരതാന മിഷനറി തന്ത്രത്തില്‍ കക്ഷിചേരാന്‍ എന്തെങ്കിലും വൈക്ലബ്യമുണ്ടായതായി 'അമൃതവാണി'യൊന്നും കേട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കരിഞ്ചന്തയിലെ കയ്യൂക്ക് പക്ഷത്തുനിന്ന അമൃതക്ക് സര്‍ക്കാറുമായുള്ള സ്ഥിരം അലശണ്ഠ മടുത്ത് മനംമാറ്റമുണ്ടായി-പൊതുതാല്‍പര്യം മാനിച്ച് 50 ശതമാനം സീറ്റ് സര്‍ക്കാറിനങ്ങ് കൊടുത്തേക്കാമെന്നല്ല മറിച്ച്, സര്‍ക്കാറിന്റെ വാ പാടേ മൂടിക്കെട്ടി മുഴുവന്‍ സീറ്റും കരിഞ്ചന്തയിലാക്കാനുള്ള സൂത്രവഴി-ഡീംഡ് യൂനിവേഴ്‌സിറ്റി പദവി. പാതിരിസംഘത്തെ കടത്തിവെട്ടുന്ന അത്ര ബുദ്ധി.
എം.ബി.ബി.എസിന് 100 സീറ്റുള്ളതില്‍ 15 എന്‍.ആര്‍.ഐ ക്വോട്ട, 35 മാനേജ്‌മെന്റ് ക്വോട്ട, 50 മെറിറ്റ് എന്ന താരിഫൊക്കെ ചവറ്റുകുട്ടയിലെറിഞ്ഞ് ഏതു സീറ്റിനും കിട്ടാവുന്നത്ര ലക്ഷങ്ങള്‍ പിടുങ്ങുന്ന ലേലം വിളിയായി...എന്‍.ആര്‍.ഐ സീറ്റിന് 40-60 ലക്ഷം വരെ. മാനേജ്‌മെന്റ് സീറ്റിന് 30-40 ലക്ഷം. ബാക്കി സീറ്റില്‍ മെറിറ്റെന്ന വ്യാജേന സ്വന്തം പരീക്ഷ നടത്തി തോന്നിയ മട്ടില്‍ മാനിപുലേറ്റ് ചെയ്ത് ലേലംവിളിയിലൂടെ ജേതാക്കളെ മെറിറ്റന്മാരാക്കി മാറ്റുന്ന അധ്യാത്മ വിദ്യ. പിള്ളേര്‍ക്കുള്ള വാര്‍ഷിക ഫീസ് വേറെ വീണ്ടും. സര്‍ക്കാറില്‍ 40,000 രൂപ മാത്രമുള്ളിടത്താണ് അമ്മയുടെ ഗുരുകുലം ഫീസിനത്തില്‍ മാത്രം 3.5 ലക്ഷം വാങ്ങിത്തുടങ്ങിയത്. അതിപ്പോള്‍ അഞ്ചും ആറുമൊക്കെയായി വികസിക്കുന്നു. ആറു ലക്ഷം കൊടുത്ത് മകനെ പല്ലു ഡോക്ടറാക്കാന്‍ കസേരയുറപ്പിച്ച ഒരച്ഛന്‍ ഇക്കൊല്ലമടച്ച ആദ്യഫീസ് 4.1 ലക്ഷം. എം.ബി.ബി.എസിനേക്കാള്‍ ഫീസ് ബി.ഡി.എസിന്! ചുരുക്കത്തില്‍ പഞ്ഞമാസച്ചന്തയിലെ മീന്‍ കച്ചോടം പോലായിട്ടുണ്ട് വള്ളിക്കാവിലമ്മേടെ സന്നിധിയിലെ വൈദ്യവിദ്യ.
ഈ കൊള്ളയടി ഹിമാലയം കയറുന്ന മേഖലയാണ് ബിരുദാനന്തര ബിരുദ പ്രവേശം. 2008ല്‍ 73 സീറ്റുകള്‍ ഈ മേഖലയിലൊപ്പിച്ച അമൃത പുറത്തുപറയുന്ന ഫീസ് 5.19 ലക്ഷം. പക്ഷേ, സീറ്റിലിരിക്കണമെങ്കില്‍ ഒരു കോടി മിനിമം കൊടുത്ത് ഒരു ഭജനയും പാടണം. ദേശീയ മെഡിക്കല്‍ ചട്ടമനുസരിച്ച് 50 ശതമാനം സീറ്റ് സര്‍ക്കാറിന്‍േറതല്ലേ എന്ന ചോദ്യത്തിനുള്ള മറുപടി, തങ്ങള്‍ ഡീംഡ് യൂനിവേഴ്‌സിറ്റിയാണ്, പോയി പണിനോക്കെന്ന്. ഒടുവിലിതാ സാക്ഷാല്‍ സര്‍ക്കാറുതന്നെ ഈ സ്ഥാപനത്തെ ഫ്രീയായി വിട്ടിരിക്കുന്നു-നിങ്ങളായി നിങ്ങളുടെ സീറ്റായി. അത്തരത്തിലെത്തിയിരിക്കുന്നു വള്ളിക്കാവിലമ്മയുടെ ദിവ്യശക്തി. ആ ശക്തിചൈതന്യം നുകര്‍ന്ന് രോമാഞ്ചമണിഞ്ഞ് കേരളം നില്‍ക്കെ ചില ചെറു സംശയങ്ങള്‍ കൂടി തീര്‍ത്ത് പരിപൂര്‍ണ സായൂജ്യം നേടാമെന്ന് കരുതി.
1. കാര്യങ്ങള്‍ ഇത്രയുമായിരിക്കെ, ആതുര സേവനത്തിന്റെ വകുപ്പില്‍നിന്ന് അമൃതാശുപത്രിയെ മാറ്റുന്നതല്ലേ വിവേകം? കുറഞ്ഞ പക്ഷം ഒരു മിഷനാശുപത്രിയായെങ്കിലും പ്രഖ്യാപിക്കണ്ടേ?
2. ആശുപത്രിക്കൊപ്പം മെഡിക്കല്‍ കോളജ് നടത്തുന്നതെന്തിനാണ്? കോടികളുടെ കരിഞ്ചന്തയില്‍ സീറ്റ് വാങ്ങുന്നവര്‍ക്ക് ബഹുഭൂരിപക്ഷമുള്ള സ്ഥാപനം ഉല്‍പാദിപ്പിക്കുന്ന ഉരുപ്പടികളുടെ വൈദ്യസമീപനം എന്താകണമെന്നാവും 'അമ്മ' ഉപദേശിക്കുക?
3. ആതുരസേവയെ ആത്മീയതയുടെ ഭാഗമായി ഇപ്പോഴും പ്രചരിപ്പിക്കുന്ന സ്ഥിതിക്ക് സാമൂഹിക നീതി ഓട്ടോമാറ്റിക്കായി അതിന്റെ ഉള്ളടക്കമായി കയറിവരില്ലേ? എങ്കില്‍ പ്രവേശങ്ങളില്‍ സംവരണം പാലിക്കാത്തതിന്റെ ആത്മീയമുക്തി വ്യക്തമാക്കുമോ? സര്‍ക്കാറിന്റെ സംവരണ രീതിയോട് വിയോജിപ്പാണെങ്കില്‍ സ്വന്തമായി ഏര്‍പ്പെടുത്തിയ സാമൂഹിക നീതി-മാനദണ്ഡം വെളിവാക്കിത്തരുമോ?
4. 'അമൃത'യുടെ പ്രവേശപരീക്ഷയില്‍ മാത്രമാണ് ഹിന്ദുമതം സംബന്ധിച്ച ചോദ്യങ്ങള്‍. വൈദ്യ പഠനാര്‍ഥികളില്‍നിന്ന് ഹിന്ദുമതബോധം പ്രതീക്ഷിക്കുന്ന സ്ഥിതിക്ക് ചെറിയൊരു സംശയം-വിദ്യ കാശുകൊടുത്ത് വിലക്കെടുക്കേണ്ട ചരക്കാണെന്ന് ഉദ്‌ബോധിപ്പിച്ച ഹിന്ദുവാറോല എവിടെ കിട്ടുമെന്നറിയിച്ചാലും.
5. 15 എന്‍.ആര്‍.ഐ സീറ്റിന് മിനിമം 60 ലക്ഷം വെച്ച് ഒമ്പത് കോടി. 35 മാനേജ്‌മെന്റ് സീറ്റിന് മിനിമം 30 വെച്ച് പത്തര കോടി. ശിഷ്ടം 50ല്‍ കുറഞ്ഞത് 20 ലക്ഷംവെച്ച് 20 പേരില്‍ നിന്നെങ്കിലും ഈടാക്കുന്ന വകയില്‍ നാലു കോടി. ഇക്കൂട്ടരില്‍നിന്നെല്ലാം ഫീസിനത്തില്‍ കിട്ടുന്നത് മറ്റൊരു അഞ്ചു കോടി. മൊത്തം 28-30 കോടി വരവ്. ചെലവുകഴിച്ചാല്‍ മിച്ചം 20 കോടി. 73 പി.ജി സീറ്റ് വഴി ഒറ്റയടിക്ക് വരുന്നത് 73 കോടി. ഫീസിനത്തിലെ നാലു കോടി തട്ടിക്കിഴിച്ചാലും 69 കോടി ലാഭം. എം.ബി.ബി.എസും പി.ജിയും മാത്രം വഴിയുള്ള പ്രതിവര്‍ഷ ലാഭം 80 കോടി. വൈദ്യ വിദ്യാഭ്യാസത്തെ ഇത്ര കണ്ട് ഇത്ര വേഗം വികസിപ്പിച്ച സംഘത്തിന്റെ അധ്യക്ഷ എന്ന നിലക്ക് വള്ളിക്കാവിലമ്മയെ നൊബേല്‍ സമ്മാനത്തിന് ശിപാശ ചെയ്യേണ്ടത് ഏതിനത്തിലാവണം-ഇക്കണോമിക്‌സ്? മെഡിസിന്‍? അതോ ലോകസമാധാനം?
6. മെഡിക്കല്‍ വാണിഭം പെരുക്കുന്ന പാതിരിമാര്‍ക്ക് ആത്മീയ പ്രതിസന്ധിയൊന്നുമില്ല. കാരണം, അവര്‍ ദിവ്യത്വം അവകാശപ്പെടാറില്ല, ഇടയന്മാരെന്നേ സ്വയം വിളിക്കാറുള്ളൂ. ഈ ഫീല്‍ഡിലെ കര്‍മഫലം ഏറെക്കുറെ തുല്യമായിക്കഴിഞ്ഞ സ്ഥിതിക്ക് വള്ളിക്കാവിലമ്മയെ ഇടയകന്യക എന്നോ മറ്റോ വിളിച്ചുതുടങ്ങിയാല്‍ കുറ്റം പറയാനാകുമോ?
7. ഡീംഡ് യൂനിവേഴ്‌സിറ്റി എന്ന മറയില്‍ പകല്‍ക്കൊള്ളയെ ന്യായീകരിക്കുന്ന സ്വന്തം സ്ഥാനപതികള്‍ക്കും ശിഷ്യര്‍ക്കും നൈതിക ബോധം പകരുന്നതില്‍ 'അമൃതവാണി' പരാജയപ്പെട്ടതോ അതോ നീതിബോധവും ഡീംഡായതോ?
8. നാക്ക് വളച്ചുപോയാല്‍ സോദ്ദേശ്യ സാഹിത്യവും ധര്‍മോപദേശവും വിളമ്പുന്ന ഒരാള്‍ സ്വന്തം സ്ഥാപനത്തില്‍ കടകവിരുദ്ധമായ അറവുശൈലി നടമാടുമ്പോള്‍, ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരിലെങ്കിലും വായടക്കണ്ടേ? അതല്ലെങ്കില്‍ തന്റെ പേര് ലേബലില്‍ നിന്ന് പിന്‍വലിക്കണ്ടേ? അതൊന്നും ചെയ്യാത്തതിനര്‍ഥം ഇതൊന്നും അധര്‍മ്മമായി കരുതുന്നില്ലെന്നാണോ? അതോ പുതിയ വൈരുധ്യാത്മക ധാര്‍മികബോധം വല്ലതും?
9. വള്ളിക്കാവിലമ്മ സത്യത്തില്‍ ഇതു വല്ലതുമറിയുന്നുണ്ടോ? അതോ വല്ല കൊട്ടാരം സൂക്ഷിപ്പുകാരന്റെയും തുറന്ന തടവില്‍? (ഒന്നും അറിയുന്നില്ലെങ്കില്‍ മറുപടി വേണ്ട. അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നുവെങ്കിലും മറുപടി ആവശ്യമില്ല-ആ രണ്ടു കേസിലും മൗനം തന്നെ പൊരുള്‍ വ്യക്തമാക്കിത്തരും. അതറിയാന്‍ ഡീംഡ് ദിവ്യത്വമൊന്നും ആവശ്യമില്ല-സാമാന്യബുദ്ധി ധാരാളം.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ