2011, ജൂൺ 6, തിങ്കളാഴ്‌ച

കേരളം തട്ടിപ്പുകാരുടെ സ്വര്‍ഗ്ഗം, ഒത്താശ ചെയ്യുവാന്‍ മാധ്യമങ്ങളും


കേരളം ദൈവത്തിന്റെ സ്വന്തം നാട്‌ എന്നത്‌ തിരുത്തി, കേരളം തട്ടിപ്പുകാരുടെ സ്വന്തം നാട്‌ എന്ന്‌ മാറിയിരിക്കുന്നു. ആട്‌, മാഞ്ചിയം, തേക്ക്‌ തട്ടിപ്പ്‌, ടോട്ടല്‍ഫോര്‍യു തട്ടിപ്പ്‌, ലാബെല്ലാ രാജന്‍, ഷാലിമാര്‍ ... ഏറ്റവും ഒടുവില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌, ടൈക്കൂണ്‍... എന്താണ്‌ കേരളം തട്ടിപ്പുകാരുടെ സ്വര്‍ഗമായി മാറുവാന്‍ കാരണം.? മലയാളിയുടെ മടിയും മാധ്യമങ്ങളുടെ പണത്തോടുള്ള കൊതിയുമാണ്‌ മലയാള നാടിനെ തട്ടിപ്പ്‌ നാടാക്കി മാറ്റിയത്‌. മള്ളൂര്‍ വക്കീലും പണവും ഉണ്ടെങ്കില്‍ ആരെയും കൊല്ലാമെന്നത്‌ പഴഞ്ചന്‍ കഥ. കയ്യില്‍ പണവും മാധ്യങ്ങളുമുണ്ടെങ്കില്‍ ആരെയും പറ്റിക്കാം. തട്ടിപ്പുകാര്‍ക്കെതിരേ വിശ്വാസവഞ്ചനയ്‌ക്ക്‌ കേസ്‌ നല്‍കിയാലും പ്രിന്റ്‌, വിഷ്വല്‍ മാധ്യമങ്ങള്‍ അത്‌ വാര്‍ത്തയാക്കാന്‍ തയ്യാറല്ല. അവര്‍ക്ക്‌ വാര്‍ത്ത ആരെങ്കിലും കാശു കൊടുത്ത്‌ വ്യഭിചാരം ചെയ്‌തശേഷം ഒരുമാസം കഴിയുമ്പോള്‍ പരാതിയുമായെത്തുന്ന അഭിസാരികകളുടെ തല്‍സമയ സംപ്രേഷണത്തിലാണല്ലോ താല്‍പര്യം.
പഴയകാല തട്ടിപ്പുകള്‍- അത്‌ ആട്‌ - മാഞ്ചിയമാണെങ്കിലും ബ്ലേഡാണെങ്കിലും എല്ലാം കേരളീയരുടെ പണം തട്ടിയെടുത്തത്‌ മാധ്യമപരസ്യങ്ങളിലൂടെയാണ്‌. ആരെങ്കിലും ചെറിയ ഒരു ക്ലാസിഫൈഡ്‌ പരസ്യം നല്‍കാന്‍ ചെന്നാല്‍ ഐഡന്റിറ്റി കാര്‍ഡും നാട്ടിലുള്ള അറിയപ്പെടുന്നവരുടെ സാക്ഷ്യപത്രവും ആവശ്യപ്പെടുന്ന കുത്തകപത്രങ്ങളാണ്‌ വന്‍കിട തട്ടിപ്പുകാരുടെ പരസ്യം കോടികള്‍ വാങ്ങി നല്‍കി കേരളീയരെ കുത്തുപാളയെടുപ്പിക്കുന്നത്‌. തട്ടിപ്പുകാരനില്‍ നിന്നും പരസ്യയിനത്തില്‍ കോടികള്‍ വാങ്ങിയശേഷം തട്ടിപ്പുകാരനു വേണ്ടി സ്ഥാപനം പൊളിഞ്ഞു എന്ന്‌ വാര്‍ത്തയും പിന്നീട്‌ തട്ടിപ്പു പരമ്പരയും എഴുതുന്നതാണല്ലോ മലയാള മാധ്യമസംസ്‌കാരം. കുഞ്ഞുണ്ടാകുന്നതിനു തുടങ്ങി സുഖിക്കുന്നതിനും നടുവേദന, കൈവേദന തുടങ്ങി സര്‍വ്വരോഗസംഹാരികള്‍ ആയുര്‍വേദപേരുകളില്‍ കേരളത്തില്‍ വന്‍ വിസ്‌ഫോടനം നടത്തിവരികയാണല്ലോ. ഇതിനെല്ലാം ഒത്താശയുമായി സര്‍വ്വസന്നാഹങ്ങളുമായി മാധ്യമങ്ങളും നിലയുറപ്പിച്ചിരിക്കുന്നു.
പത്രങ്ങളെക്കുറിച്ച്‌ നാട്ടിന്‍പുറങ്ങളിലെ ചില സരസന്മാര്‍ പുറത്തുവിട്ട രസകരമായ കഥകളുണ്ട്‌. നാട്ടിലെ ഏറ്റവും കുപ്രസിദ്ധയായ അഭിസാരികയെ വാഴ്‌ത്തപ്പെട്ടവളാക്കുന്നതിന്റെ രസതന്ത്രമാണ്‌ രസികന്മാര്‍ വിവരിക്കുന്നത്‌. പട്ടണത്തിലുള്ള പത്രത്തിന്റെ ബ്യൂറോയിലേക്ക്‌ അഭിസാരിക വക ഒരു ഫോണ്‍കോള്‍. തങ്ങളുടെ തൊഴിലില്‍ മാര്‍ഗദീപമായ ഞങ്ങളുടെ മുത്തശ്ശിയെ ഓര്‍ക്കുന്നതിന്‌ ഞങ്ങള്‍ പോയിട്ടില്ലെങ്കിലും ഞങ്ങളുടെ നാട്ടിലുള്ള കുട്ടികള്‍ക്ക്‌ അക്ഷരവെളിച്ചം നല്‍കാന്‍ താല്‍പര്യമുണ്ട്‌. പത്ത്‌ പത്രം സ്‌പോണ്‍സര്‍ ചെയ്‌തേക്കാം. ഇത്രയും കേള്‍ക്കുന്നതേ പത്രത്തിന്റെ എക്‌സിക്യുട്ടീവ്‌ വിലാസം തിരക്കി നാട്ടിന്‍പുറത്തെങ്ങും പത്ത്‌ പത്രത്തിന്റെ വില വാങ്ങി സ്‌കൂളില്‍ വച്ച്‌ ഒരു ഉദ്‌ഘാടനവും നടത്തും. മുത്തശ്ശിയുടെ ഓര്‍മ്മയ്‌ക്ക്‌ സ്‌കൂളില്‍ പത്രം സംഭാവന ചെയ്‌ത അഭിസാരിക സ്‌കൂള്‍ ലീഡര്‍ക്ക്‌ പത്രം കൈമാറുന്നതിന്റെ ചിത്രവും അടുത്ത ദിവസം പത്രത്തില്‍ കൊടുക്കും. അടിക്കുറിപ്പായി അഭിസാരികയോടൊപ്പം ബ്യൂറോ ചീഫ്‌, മാര്‍ക്കറ്റിംഗ്‌ എക്‌സിക്യുട്ടീവ്‌, സ്ഥലത്തെ ഏജന്റ്‌ തുടങ്ങിയവര്‍ സമീപമെന്നും കൊടുക്കും. ഇങ്ങനെ നാലോ അഞ്ചോ പത്രങ്ങള്‍ സ്‌കൂളില്‍ സംഭാവന ചെയ്‌താല്‍ നമ്മുടെ നായികയ്‌ക്ക്‌ അടുത്ത ഒരുവര്‍ഷത്തേക്ക്‌ ധൈര്യമായി തൊഴിലില്‍ തുടരാം. കാരണം തൊഴിലിനിടയില്‍ പോലീസ്‌ പിടികൂടിയാലും പത്രങ്ങളില്‍ വാര്‍ത്ത വരില്ലല്ലോ. കാരണം ഒരു വര്‍ഷത്തേക്കല്ലേ പത്രം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.
മാധ്യമമത്സരത്തിനിടയില്‍ സര്‍വ്വമര്യാദകളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. തട്ടിപ്പ്‌ സ്ഥാപനങ്ങളുടെ ഉദ്‌ഘാടനങ്ങള്‍ക്ക്‌ മന്ത്രിമാരും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യസ്ഥ
പനങ്ങളുടെ ഉദ്‌ഘാടനത്തിന്‌ മന്ത്രിമാരും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പ്രവണത ഒഴിവാക്കാവുന്നതല്ലേ.

1 അഭിപ്രായം:

  1. മലയാളമനോരമ അല്ലേ, യവന്‍ കാശുണ്ടാക്കാന്‍ എന്തു വ്യഭിചാരവും ചെയ്യാന്‍ മടിക്കാത്തവരാണെന്നത് പ്രത്യേകം പറയേണ്ടതുണ്ടോ ?

    മറുപടിഇല്ലാതാക്കൂ