2011, ജൂലൈ 1, വെള്ളിയാഴ്‌ച
മന്ത്രി പി. ജെ ജോസഫ് വിശ്വസിക്കുന്ന ദൈവം വീണ്ടും പ്രവര്‍ത്തിച്ചു
തൊടുപുഴയെ വികസനത്തിന്റെ വെള്ളിത്തേരില്‍ നയിക്കുന്ന മന്ത്രി പി ജെ ജോസഫിനെതിരേ ആരോപണങ്ങളുമായി എത്തുന്നവര്‍ക്ക് തിരിച്ചടികള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പുകാലത്ത് ഒരു യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നായിരുന്നു ആരോപണം. ചാനലുകള്‍ ഫ്‌ളാഷായും പത്രങ്ങള്‍ കോളങ്ങള്‍ നിരത്തിയും പി. ജെ ജോസഫിനെ ആക്രമിച്ചു. അന്നും പി. ജെ ജോസഫ് ഒരുകാര്യം പറഞ്ഞിരുന്നു. താന്‍ വിശ്വസിക്കുന്ന ദൈവം സത്യാവസ്ഥ പുറത്തുകൊണ്ടു വരുമെന്ന്. തെരഞ്ഞെടുപ്പു കാലത്തിലെ സംഭവത്തിലേക്ക്... തൊടുപുഴയ്‌ക്കു സമീപം പടി. കോടിക്കുളത്ത് താമസിക്കുന്ന യുവതി ആദ്യം തൊടുപുഴയിലുള്ള ഇടുക്കി പ്രസ് ക്ലബിലെത്തി. പി. ജെ ജോസഫ് നിരന്തരം അശ്ലീല സന്ദേശം അയക്കുന്നുവെന്നായിരുന്നു ആരോപണം. പുതിയ പീഡനകഥ കേട്ടതോടെ ചാനലുകാര്‍ പ്രസ്‌ക്ലബില്‍ ഓടിയെത്തി. എന്നാല്‍ യുവതി പറയുന്നതുമായി കാര്യമായ പൊരുത്തങ്ങള്‍ ഇല്ലാതെ വന്നതോടെ മാധ്യമപീഡനക്കാര്‍ നിരാശരായി മടങ്ങി. യുവതിയുടെ ഭര്‍ത്താവ് ക്രൈം വാരികയുടെ ഇടുക്കി ജില്ലാ ലേഖകനാണെന്നാണ് അവകാശപ്പെട്ടത്. അങ്ങനെയൊരാളെ ഇടുക്കിക്കാര്‍ ഇതുവരെയും കണ്ടിട്ടില്ലെങ്കിലും ചില മാധ്യമക്കാര്‍ക്ക് അതും ശരിയെന്ന മട്ടായിരുന്നു. എന്തായാലും അന്ന് പീഡനം ഫ്‌ളാഷായില്ല. അടുത്ത ദിവസം യുവതിയും ഭര്‍ത്താവ് എന്നവകാശപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും എറണാകുളം പ്രസ് ക്ലബിലെത്തി. അവിടെയും കഥ വിശ്വസിപ്പിക്കാനാവാതെ മടങ്ങേണ്ടി വന്നു. അടുത്ത ഘട്ടത്തില്‍ മുട്ടം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങളുടെ ഡിറ്റിപി മാറ്റര്‍ തൊടുപുഴയിലെ മാധ്യമപ്രവര്‍ത്തകരുടെ മെയിലുകളിലെത്തിച്ചു. എന്തായാലും ചെറിയൊരു ആശ്വാസം കിട്ടിയ രീതിയില്‍ മാധ്യമപീഡനക്കാര്‍ ഫ്‌ളാഷ് മിന്നിച്ചു. പി.ജെ ജോസഫിനെതിരെയുള്ള പരാതി കോടതി പരിശോധിക്കുന്നുവെന്നായിരുന്നു ഫ്‌ളാഷ്. പിന്നീട് ഓരോ അവധിക്കും ഓരോ മാധ്യമപീഡനക്കാരന്റെയും മനസിനും സങ്കല്‍പത്തിനും അനുസരിച്ച് ഫ്‌ളാഷ് ന്യൂസുകളും മിന്നി മറഞ്ഞു. എന്തായാലും തെരഞ്ഞെടുപ്പില്‍ പി. ജെ ജോസഫ് പോലും വിചാരിക്കാത്ത ഭൂരിപക്ഷത്തില്‍ തൊടുപുഴയില്‍ നിന്നും വിജയിച്ചു. അടുത്ത പടി മന്ത്രിയാക്കാതിരിക്കാനായിരുന്നു മാധ്യമപീഡനക്കാരുടെ ശ്രമം. അതും വിജയിച്ചില്ല. 2011 ജൂലൈ രണ്ടാം തീയതി ചുരുക്കം ചില പത്രങ്ങളില്‍ അകത്തെ പേജില്‍ ഒറ്റക്കോളത്തില്‍ പുതിയൊരു വാര്‍ത്തപ്രത്യക്ഷപ്പെട്ടു. അടിമാലിയില്‍ നിന്നുള്ള വാര്‍ത്ത ഇങ്ങനെയായിരുന്നു. ഭര്‍ത്താവിനെതിരേ പരാതിയുമായി യുവതി- തനിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് മന്ത്രി പി ജെ ജോസഫിനെതിരേ കോടതിയില്‍ മൊഴി നല്‍കിയ യുവതി ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയ യുവാവിനെതിരേ പരാതിയുമായി രംഗത്ത്. ബൈസണ്‍വാലി സ്വദേശിയായ യുവതിയാണ് ഒരു വര്‍ഷമായി ഒപ്പം താമസിക്കുന്ന റാന്നി സ്വദേശി ജയ്‌മോന്‍ മറ്റൊരു സ്‌ത്രീയുമായി അടുപ്പത്തിലാണെന്നും ഇവരുമായി വിവാഹത്തിന് ശ്രമിക്കുന്നതായും ആരോപിച്ച് അടിമാലി പോലീസ് ഇന്‍സ്‌പെക്‌ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ജയ്‌മോന്‍ പരാതിക്കാരിയായ യുവതിയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്ന് ഇന്‍സ്‌പെക്‌ടര്‍ ഫേമസ് വര്‍ഗീസ് പറഞ്ഞു. ആനച്ചാലില്‍ വാടക വീട്ടില്‍ ഒരുവര്‍ഷത്തോളമായി ഒരുമിച്ച് കഴിയുന്നുണ്ടെങ്കിലും ഇവരുടെ ബന്ധം സ്ഥിരീകരിക്കാന്‍ തക്കതായ യാതൊരു രേഖകളുമില്ലെന്നും അതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. ജയ്‌മോന് റാന്നിയില്‍ ഭാര്യയും പരാതിക്കാരിക്ക് ആദ്യഭര്‍ത്താവുമുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തൊടുപുഴ കോടിക്കുളത്ത് താമസിക്കുമ്പോഴാണ് വാരികയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ ജയ്‌മോനുമായി അടുപ്പത്തിലായത്. ഇക്കാലയളവിലാണ് മന്ത്രി പി ജെ ജോസഫ് അശ്ലീല സന്ദേശമയച്ചതായി ആരോപിച്ച് മുട്ടം കോടതിയില്‍ മൊഴി നല്‍കിയത്. ഇതിന്റെ നടപടികള്‍ പുരോഗമിക്കവേയാണ് ജയ്‌മോനെതിരേ പരാതിയുമായി യുവതി രംഗത്തെത്തിയത്.
എന്തായാലും കഥ തുടങ്ങിയിട്ടേയുള്ളു. യുവതിയെയും ഭര്‍ത്താവെന്ന് അവകാശപ്പെട്ട് മാധ്യമപ്രവര്‍ത്തകനെന്ന ലേബലില്‍ യുവാവിനെയും കളത്തിലിറക്കിയ കക്ഷികള്‍ ആരാണെന്ന് വരുംദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് സൂചന. മുതലാളി തൊഴിലാളിയാണെന്ന് അംഗീകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രം അംഗത്വം കിട്ടുന്ന മാധ്യമസംഘടനകളുടെ ഭാരവാഹികളാണ് വഴിയെ പോയ ഒരുത്തന്‍ മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞപ്പോള്‍ അവന്റെ പേരു പറഞ്ഞ് അരനൂറ്റാണ്ടായി കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ടത്. പീഡന വാര്‍ത്തകള്‍ ഒന്നാം പേജില്‍ നിരത്തിയവര്‍ പീഡനകഥക്കാരിയുടെ തനിനിറം പുറത്തുവരുന്ന വാര്‍ത്ത അകത്തെ പേജില്‍ ചുരുക്കി. ഇതാണല്ലോ ആധുനിക മാധ്യമപ്രവര്‍ത്തനം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കള്ളന് കപ്പലില്‍ തന്നെ ആയിരിക്കും മാഷെ .
മറുപടിഇല്ലാതാക്കൂ