2012, ജൂലൈ 20, വെള്ളിയാഴ്‌ച

വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ ശ്രമം-വി.എം.സുധീരന്‍


തൊടുപുഴ:ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിപ്പട്ടികയിലുള്ള പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച വി.എസ്.അച്യുതാനന്ദനെതിരെ നടപടിയെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് വി.എം.സുധീരന്‍ പറഞ്ഞു.കൊലപാതക രാഷ്ട്രീയത്തിനെതിരെ, വെള്ളിയാഴ്ച തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍വധത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആണയിടുകയും ബന്ധമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സി.പി.എം, പ്രതികളെ ജയിലില്‍പ്പോയി സന്ദര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു. ചന്ദ്രശേഖരന്‍വധം സി.പി.എമ്മിനുള്ളില്‍ത്തന്നെ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. വി.എസ്.തന്നെ പല പ്രാവശ്യം അപലപിച്ചു. ആ വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ ആലോചിക്കുന്നുവെന്നത് സി.പി.എമ്മിന്റെ മുഖം വ്യക്തമാക്കുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.ജോസഫ്, പി.ടി.തോമസ് എം.പി, ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ് ഭാരവാഹികളായ എന്‍.ഐ.ബെന്നി, ഡീന്‍ കുര്യാക്കോസ്, ഇന്ദു സുധാകരന്‍, സി.പി.മാത്യു, കെ.വി.സിദ്ധാര്‍ത്ഥന്‍, നിയാസ് കൂരാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ