2012, ജൂലൈ 30, തിങ്കളാഴ്‌ച

അജ്ഞാതരോഗം ബാധിച്ച മധ്യവയസ്‌കന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

അജ്ഞാതരോഗം ബാധിച്ച മധ്യവയസ്‌കന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. മണക്കാട്‌ കുന്നത്തുപാറ പെരിഞ്ചിറക്കുന്നേല്‍ ഉണ്ണിക്കൃഷ്‌ണനാണ്‌ അജ്ഞാതരോഗം മൂലം ദുരിതത്തിലായത്‌. 2007 ജൂണ്‍മാസത്തിലാണ്‌ രോഗലക്ഷണം കണ്ടത്‌. ഇടതുകാലിന്റെ പെരുവിരലില്‍ നിന്നും മരപ്പ്‌ കയറുകയായിരുന്നു. തൊടുപുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ശരീരത്തിലെ മസില്‍ ദ്രവിച്ചു പോകുന്ന രോഗമാണ്‌. ഒരുലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം ഉണ്ടാകുന്ന അസുഖമാണെന്നും ഇതിന്‌ മരുന്ന്‌ കണ്ടുപിടിച്ചിട്ടില്ലെന്നുമാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. നീണ്ട ആശുപത്രി വാസത്തിനു ശേഷം ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മെയ്‌ മാസത്തില്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്‌ മാറ്റുകയായിരുന്നു. ഒട്ടെറെ ആരോഗ്യപ്രശ്‌നങ്ങളുള്ള ഉണ്ണികൃഷ്‌ണന്‌ വീട്ടില്‍ സ്വന്തമായി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയാണ്‌ ശ്വാസോച്ഛ്വാസത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്‌. ദിവസവും ഒരു സിലിണ്ടര്‍ വേണ്ടി വരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു നല്‍കിയ സഹായമാണ്‌ ചികിത്സയ്‌ക്ക്‌ ഉപകരിച്ചത്‌. അഞ്ച്‌സെന്റ്‌ സ്ഥലവും പണിതീരാത്ത ഒരു വീടുമാണ്‌ ഇവര്‍ക്കുള്ളത്‌. തൊടുപുഴയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കു പോയിരുന്ന ഭാര്യ ബിന്ദുവിന്‌ ഇപ്പോള്‍ ജോലിക്കു പോകാനാവത്ത സ്ഥിതിയാണ്‌. വിദ്യാര്‍ത്ഥികളായ ഗിരീഷ്‌, ഗ്രീഷ്‌മ എന്നിവരുടെ പഠനവും ഉണ്ണികൃഷ്‌ണന്റെ ചികിത്സയും ഈ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്‌. ഉദാരമതികളുടെ സഹായം ഇവര്‍ക്ക്‌ ലഭ്യമാക്കണമെന്ന്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ രൂപീകരിച്ച കുടുംബസഹായസമിതി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. യൂണിയന്‍ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ ഉണ്ണികൃഷ്‌ണന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള 338002010019363 അക്കൗണ്ടില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സഹായം നല്‍കാവുന്നതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ