2012, ജൂലൈ 17, ചൊവ്വാഴ്ച

കിഴക്കനാട്ട്‌ ബാലന്‍പിള്ളയ്‌ക്ക്‌ ഒരു വീട്‌ വേണം; പക്ഷേ സ്ഥലം അനുവദിച്ച്‌ കിട്ടുന്നില്ല

തൊടുപുഴ : നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കിഴക്കനാട്ട്‌ ബാലന്‍പിള്ള സ്വന്തമായി ഒരുവീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്ത്‌. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ നിവേദനം നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ്‌ ബാലന്‍പിള്ളയുടെ പരിഭവം. ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന്‌ രണ്ട്‌ മാസം മുന്‍പ്‌ മുട്ടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിയ പഴയ ഈ സ്ഥാനാര്‍ത്ഥി ഇപ്പോഴും അവിടത്തന്നെ കഴിയുകയാണ്‌. രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകാത്തതിനാലാണ്‌ ആശുപത്രിയില്‍ തന്നെ കഴിയുന്നത്‌. പുറത്തിറങ്ങിയാല്‍ താമസിക്കുവാന്‍ വീടില്ലയെന്നതും ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്ജ്‌ വാങ്ങാത്തതിന്‌ പിന്നിലുണ്ട്‌. പണ്ട്‌ കാലത്ത്‌ ഭൂസ്വത്തുള്ള കുടുംബത്ത്‌ ജനിച്ചതാണ്‌ ഈ വൃദ്ധന്‌ ഇപ്പോള്‍ പാരയായിരിക്കുന്നത്‌. സ്വന്തമായി ഒരു സെന്റ്‌ ഭൂമിപോലും ഇല്ലെങ്കിലും നിയമത്തിന്റെ നൂലിഴകള്‍ കീറിമുറിച്ച്‌ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയാണെന്നും പറയപ്പെടുന്നു. ചിക്‌മംഗല്ലൂരില്‍ ഇന്ദിരാഗാന്ധിക്കെതിരേ പോലും മത്സരിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട ബാലന്‍പിള്ള ഇന്ന്‌ ശാരീരിക അവശതകളിലാണ്‌. എങ്കിലും നിലപാടില്‍ ഉറച്ചു തന്നെ. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ അതും തള്ളിക്കളഞ്ഞതായി ബാലന്‍പിള്ള പറയുന്നു. എന്തായാലും ഹോമിയോ ആശുപത്രിയിലെ ഒരു സ്ഥിരം രോഗിയായി ബാലന്‍പിള്ള ജീവിക്കുകയാണ്‌, എന്നെങ്കിലും സ്വന്തമായി ഒരു വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുമെന്ന പ്രതീക്ഷയില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ