2012, ജൂലൈ 7, ശനിയാഴ്‌ച

വെങ്ങല്ലൂരില്‍ സുലഭ മാര്‍ക്കറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌

താഴെത്തട്ടിലുളള ജനങ്ങളുടെ ആശ്വാസകേന്ദ്രങ്ങളായ സഹകരണ മേഖല നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും കക്ഷി രാഷ്‌ട്രീയഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ സഹകരണവകുപ്പ്‌ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ പറഞ്ഞു. തൊടുപുഴ മേഖലയിലെ വെങ്ങല്ലൂരില്‍ സുലഭ മാര്‍ക്കറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭം കൊയ്യുന്ന വലിയ വലിയ നിക്ഷേപങ്ങള്‍ക്കും നിക്ഷേപകര്‍ക്കുമിടയില്‍ പാവങ്ങളെ മറന്നുപോകരുത്‌. അതാണ്‌ പാവങ്ങളുടെ സാമ്പത്തിക മേഖലയായ സഹകരപ്രസ്ഥാനങ്ങളിലൂടെ ഗവണ്‍മെന്റ്‌ ലക്ഷ്യമിടുന്നത്‌. ജലവിഭവവവകുപ്പ്‌ മന്ത്രി പി.ജെ. ജോസഫ്‌ അദ്ധ്യക്ഷനായിരുന്നു. പച്ചക്കറി, പഴവര്‍ഗകൃഷിയില്‍ സ്വയം പര്യാപ്‌തമാകാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ഇത്തരം സംരംഭങ്ങളില്‍ റസിഡന്റ്‌ അസോസിയേഷന്‍ പോലുളള ചെറുകൂട്ടായ്‌മകളുടെ പങ്ക്‌ വലുതാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
റീട്ടെയില്‍ മോഡലില്‍ ഒരു കുടുംബത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന തരത്തിലാണ്‌ 14,000 ചതുരശ്ര അടി വിസ്‌തൃതിയില്‍ സുലഭ മാര്‍ക്കറ്റ്‌ ക്രമീകരിച്ചിട്ടുളളത്‌. പി.ടി. തോമസ്‌ എം.പി. ആദ്യവില്‌പന നിര്‍വഹിച്ചു. ജോസഫ്‌ വാഴക്കന്‍ എം.എല്‍.എ., തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ്‌, പാലാ മാര്‍ക്കറ്റിങ്‌ സഹകരണസംഘം പ്രസിഡന്റ്‌ പ്രെഫ കെ.കെ. എബ്രാഹം, മുന്‍ എം.എല്‍.എ. ജോസ്‌ കുറ്റിയാനി, സില്‍ക്ക്‌ ചെയര്‍മാന്‍ പി.എം. സലിം, കാര്‍ഷിക വികസന ബാങ്ക്‌ പ്രസിഡന്റ്‌ പ്രൊഫ. കെ.ഐ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ