കോട്ടയം/തൊടുപുഴ: ഓഹരിയിടപാടില്‍ 200 കോടി രൂപ തട്ടിച്ച കേസില്‍ കഴിഞ്ഞ ദിവസം ആന്ധ്രയില്‍ അറസ്‌റ്റിലായ തൊടുപുഴ സ്വദേശി റോബിനെ നാട്ടിലെത്തിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് ആന്ധ്രയിലേക്കു പോകും. ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റിലെ സി.ഐ. അനീഷ്, എ.എസ്.ഐ. കൃഷ്‌ണന്‍നായര്‍ എന്നിവരാണ് ഇന്ന് ആന്ധ്രയിലേക്കു പോകുന്നത്.
കോടികളുമായി മുങ്ങിയ റോബിനെതിരേ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ തിരുപ്പതിക്കു സമീപമുളള അലിഗിരി പോലീസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്‌റ്റ് ചെയ്‌തത്. എന്നാല്‍, ഇയാളെ ആഴ്‌ചകള്‍ക്കു മുമ്പേ ആന്ധ്ര പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നതായാണു വിവരം.
അറസ്‌റ്റിലായ ഇയാളെ കസ്‌റ്റഡിയില്‍ കിട്ടുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ അറിയുന്നതിനാണു ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലേക്കു പോകുന്നത്.
ഇയാളെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ നല്‍കി സംഘം മടങ്ങും. പിന്നീട് വീണ്ടും ചെന്നു റോബിനെ കസ്‌റ്റഡിയില്‍ വാങ്ങാനുളള ശ്രമമാണു നടക്കുന്നതെന്നു നിലവില്‍ കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി: എ.എന്‍. രാജീവ് പറഞ്ഞു. മൂന്നുപേരില്‍ നിന്ന് 20 കോടി രൂപ തട്ടിയെന്ന കേസിലാണു ക്രൈംബ്രാഞ്ച് ഇയാളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. മൊത്തം ഇരുനൂറുകോടിയോളം ഇയാള്‍ തട്ടിച്ചെന്നാണ് ആരോപണം. സൈബര്‍ സ്‌റ്റോക്ക് എന്ന സ്‌ഥാപനത്തിന്റെ മറവില്‍ ഓഹരിയില്‍ നിക്ഷേപിക്കാനെന്നു പറഞ്ഞാണു പണം സ്വരൂപിച്ചത്.
തട്ടിപ്പിനിരയായവരില്‍ ഭൂരിപക്ഷവും തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ്. മുങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് റോബിന്റെ, ഏതാനും മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതിലും ദുരുഹതയുള്ളതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നു ക്രൈംബ്രാഞ്ച് പറയുന്നു.
റോബിന്‍ ആന്‌ധ്രാപ്രദേശില്‍ പിടിയിലായെന്ന് അറിഞ്ഞതോടെ കേസിന്റെ വേഗതകൂട്ടാന്‍ ഇടപാടുകാര്‍ മുഖ്യമന്ത്രിയെകണ്ടു പരാതി നല്‍കി. റോബിനെ എത്രയും വേഗം കസ്‌റ്റഡിയില്‍ എടുത്ത് കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണു പരാതി.
ഇതുസംബന്ധിച്ച് ഡി.ജി.പിയുമായും മറ്റ് പോലീസ് ഉദ്യോഗസ്‌ഥരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായി അറിയുന്നു. കേസില്‍ ക്രൈംബ്രാഞ്ച് വലിയ താല്‍പര്യം കാട്ടാത്തതാണ് ഇടപാടുകാര്‍ മുഖ്യമന്ത്രിയെ സമീപിക്കാന്‍ കാരണം.
മൂന്നുവര്‍ഷം മുമ്പ് മുങ്ങിയ റോബിന്‍ ഒരുമാസം മുമ്പു പിടിയിലായിട്ടും കഴിഞ്ഞ ദിവസം മാത്രമാണു തങ്ങള്‍ക്കു വിവരം ലഭിച്ചതെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ആദ്യ അന്വേഷണ സംഘം മുതല്‍ കേസില്‍ ദുരൂഹമായ നിലപാടാണു സ്വീകരിച്ചത്.
റോബിന്റെ ഉന്നതബന്ധമാണെന്നായിരുന്നു ആരോപണം. എന്നാല്‍ റോബിനു പിന്നില്‍ മറ്റാരോ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലായിരുന്നു പിന്നീട് അന്വേഷണം ഇഴഞ്ഞത്. കോടതി ഇടപെട്ടിട്ടുപോലും കാര്യമായ പുരോഗതി ഉണ്ടായില്ല.
റോബിന്റെ പിതാവ് ഒരുവര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു. അന്നു റോബിന്‍ എത്തുമെന്നു കരുതി ഇടപാടുകാരും പോലീസും വലവിരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനുശേഷം മാതാവ് വാഴക്കുളത്തെ അനാഥാലയത്തിലായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ