2011, ജൂലൈ 10, ഞായറാഴ്‌ച

അശ്ലീല സിഡികളുടെ കൂമ്പാരം ഇടുക്കിയിലെ പത്തുവയസുകാരനെ കൊലയാളിയാക്കി

അശ്ലീല സിഡികളുടെ കൂമ്പാരം ഇടുക്കിയിലെ പത്തുവയസുകാരനെ കൊലയാളിയാക്കി



തൊടുപുഴ: അച്ചുവിനെ എസ്‌റ്റേറ്റ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി പത്തുവയസ്സുള്ള നാലാം ക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. പീഡനശ്രമത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വട്ടപ്പാറ വട്ടക്കുഴി ജോസിന്റെ എസ്‌റ്റേറ്റ്കുളത്തില്‍ പാറയ്ക്കല്‍ റെജിയുടെ മകള്‍ അച്ചു (നിയ)വിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര മാസമായി അച്ചുവും അയല്‍വാസി വിദ്യാര്‍ഥിയും ഓട്ടോയിലാണ് ചേമ്പളം സെന്റ് മേരീസ് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നത്.


സംഭവദിവസം പ്രതി കുട്ടിയെ മീന്‍ കാണിക്കാമെന്നു പറഞ്ഞ് കുളത്തിനടുത്തേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു. മൂന്നടി ഉയരമുള്ള ഭിത്തിയുടെ മുകളില്‍ കയറ്റിനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി പ്രതിയുടെ മുടിയില്‍ പിടിച്ചുവലിച്ചു. പിടിവിടുവിക്കാന്‍ പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയെന്ന് പോലീസ് പറയുന്നു. ഇതിനുമുമ്പും ഇവിടെ പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുള്ളതായി പ്രതി പോലീസിനോട് പറഞ്ഞു. അച്ഛനും അമ്മയും വീട്ടില്‍ നീലച്ചിത്രം സ്ഥിരമായി കണ്ടിരുന്നു.


വിദ്യാര്‍ഥിയും ഇത് കാണാനിടയായതാണ് പീഡനത്തിന് പ്രചോദനമായതെന്നും പോലീസ് പറഞ്ഞു. നെടുങ്കണ്ടം സി.ഐ. എ.ജെ.ജോര്‍ജിന്റെയും എസ്.ഐ. വി.കെ.മുരളീധരന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ശനിയാഴ്ച വൈകീട്ട് തൊടുപുഴ സി.ജെ.എം. കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ കോട്ടയം തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്കയച്ചു. നിയയുടെ മരണത്തില്‍ അസ്വാഭാവികത ബോധ്യപ്പെട്ടെങ്കിലും കൂട്ടുകാരനായ നാലാം ക്ലാസ് വിദ്യാര്‍ഥിയെ ആദ്യം ആരും സംശയിച്ചിരുന്നില്ല. വിവരങ്ങള്‍ തിരക്കിയവരോടുള്ള മറുപടിയാണ് സംശയത്തിന്റെ മുന പത്തുവയസ്സുകാരനിലേക്ക് നീളാന്‍ ഇടയാക്കിയത്.


ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് എം.ഇ.എസ്. കോളേജിനടുത്തുള്ള വട്ടക്കുഴിപ്പടിയില്‍ നിയ ഉള്‍പ്പെടെ അഞ്ച് കുട്ടികള്‍ ഓട്ടോയില്‍നിന്നിറങ്ങി. കണ്ണന്‍, അമല്‍, അങ്കിത എന്നിവര്‍ റോഡരികിലുള്ള വീടുകളിലേക്ക് പോയി. അയല്‍വാസിയായ നാലാം ക്ലാസ്സുകാരനൊപ്പമാണ് നിയ പോയത്. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ നിയ ബാഗുമെടുത്ത്, മുമ്പോട്ടുപോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് വിദ്യാര്‍ഥി നാട്ടുകാരോടുപറഞ്ഞത്. ഈ വെളിപ്പെടുത്തല്‍ തുടക്കം മുതല്‍ സംശയത്തിന് ഇടയാക്കിയിരുന്നു. പല തവണ മൊഴികള്‍ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവില്‍ എല്ലാം സമ്മതിക്കുകയായിരുന്നു. നടപ്പുവഴിയില്‍നിന്ന് 200 മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് നിയയുടെ മൃതദേഹം കണ്ട കുളം. ഇതിനടുത്തേക്ക് പോകണമെങ്കില്‍ കാനകള്‍ കടക്കണം. വീട്ടിലേക്കുപോയ നിയ, ഒറ്റയ്ക്ക് ഈ സ്ഥലത്ത് എത്താനുള്ള സാധ്യത വളരെ കുറവായിരുന്നു. ചുറ്റുമതിലുള്ള കുളത്തില്‍ തനിയെ വീഴാനുള്ള സാധ്യതയും ഇല്ല.


പെണ്‍കുട്ടിയെ അവസാനമായി കണ്ടയാള്‍ എന്ന നിലയില്‍ വിദ്യാര്‍ഥിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് നാട്ടുകാരെ നടുക്കിയ പീഡനകഥ പുറത്തുവന്നത്. പോലീസ് പിടിയിലായ നാലാം ക്ലാസുകാരന്‍ സ്‌കൂളിലും ക്ലാസിലും വില്ലനാണെന്നു പൊലീസ്. മറ്റ് കുട്ടികളുമായി വഴക്കുകൂടുന്നതിലും ചോദിക്കുമ്പോള്‍ കുറ്റം മറച്ചു പിടിക്കുന്നതിലും അസാമാന്യ പാടവമുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. പലപ്പോഴും സഹപാഠികളുമായി വഴക്കുണ്ടാക്കുന്നതിന് അധ്യാപകര്‍ പിടികൂടുമ്പോള്‍ നിഷ്‌കളങ്ക ഭാവത്തോടെ നില്‍ക്കാറുള്ളത് അധ്യാപകരും മറ്റ് വിദ്യാര്‍ഥികളും ഓര്‍ക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യുമ്പോഴാണ് വിദ്യാര്‍ഥി തെറ്റ് സമ്മതിക്കുന്നത്. അതേസമയം, വിദ്യാര്‍ഥി പഠിക്കാന്‍ മിടുക്കനായിരുന്നവെന്നും അധ്യാപകര്‍ പറയുന്നു. നിയയുടെ മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്ന് സംഭവ സ്ഥലത്തെത്തിയ അധ്യാപകര്‍ ബാലന്റെ സ്വഭാവത്തിലെ അസാധാരണ രീതികള്‍ മറ്റുള്ളവരോടു പറഞ്ഞിരുന്നു.


വിദ്യാര്‍ഥിനിയെ കുളത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ശേഷം പത്തു വയസുള്ള വിദ്യാര്‍ഥി പോയത് സ്വന്തം വീട്ടിലേക്കാണെന്നും പോലീസ് കണ്ടെത്തി. ടിവി കണ്ടും കളിച്ചു ചിരിച്ചും നടന്ന ബാലന്‍ ഒരു ഭാവഭേദവുമില്ലാതെയാണ് നാട്ടുകാരോടും പൊലീസിനോടും പെരുമാറിയത്. പൊലീസ് ചോദ്യം ചെയ്തപ്പോഴും സമര്‍ഥമായി ബാലന്‍ ഒഴിഞ്ഞുമാറി. നിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും യാതൊരു ഭാവ വ്യത്യാസവുമില്ലാതെയാണു ബാലന്‍ നടന്നിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. വിവരം തിരക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും കൂസലില്ലാതെയാണ് ബാലന്‍ മറുപടി പറഞ്ഞത്. നിയ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി മുന്നോട്ടു പോയെന്നും പിന്നീടു കണ്ടില്ലെന്നുമുള്ള മറുപടി മാത്രമാണ് വിദ്യാര്‍ഥി ആവര്‍ത്തിച്ചത്. ഇത്രയും ചെറുപ്പത്തില്‍തന്നെ തെറ്റ് മറച്ചു പിടിക്കാനും കൂസലില്ലാതെ നടക്കാനും കഴിയുകയെന്നതു വിരളമാണെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തപ്പോഴും ആദ്യം പറഞ്ഞ നിലപാടു തന്നെയാണ് തുടര്‍ന്നതെങ്കിലും പിന്നീട് സത്യം പറയുകയായിരുന്നു. അമിതമായ ടിവി കാണലും അശ്ലീല സിഡികളുടെ പ്രദര്‍ശനവും ഇളം മനസില്‍ വൈകൃതം നിറച്ചതായാണ് അന്വേഷണസംഘം വിലയിരുത്തുന്നുത്. പിതാവ് മദ്യപിച്ചെത്തി തന്റെ സാന്നിധ്യത്തില്‍ നീലച്ചിത്രങ്ങള്‍ പതിവായി കണ്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി സമ്മതിച്ചിരുന്നു. പിതാവില്ലാത്തപ്പോഴും അശ്ലീല സിനിമകള്‍ കാണുന്നതു പതിവാക്കിയിരുന്നതായും വിദ്യാര്‍ഥി പൊലീസിനോടു വെളിപ്പെടുത്തി. ബാലികയെ രണ്ടുതവണ കുളക്കരയില്‍ എത്തിച്ചു പീഡിപ്പിച്ചിരുന്നതായും വിദ്യാര്‍ഥി പൊലീസിനോടു പറഞ്ഞു. നിയയുടെ കൂടി മരണത്തോടെ ഈ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന് ആശങ്കപ്പെടുകയാണ് മുതിര്‍ന്നതലമുറയിലെ പലരും. കനലെരിയുന്ന മനസ്സുമായി ജില്ലയിലെ ഒരോ അമ്മയും ചോദിക്കുകയാണ്.


നെടുങ്കണ്ടത്ത് യുകെജി വിദ്യാര്‍ഥിയുടെ മരണത്തിനു പിന്നില്‍ പത്തുവയസ്സുകാരനാണെന്നു തെളിഞ്ഞതോടെ മാതാക്കളുടെ ഹൃദയത്തില്‍ നെരിപ്പോട് എരിയുകയാണ്. നഴ്‌സറിയില്‍ പോയ ശേഷം പെണ്‍മക്കള്‍ മടങ്ങി എത്താന്‍ വൈകിയാല്‍ അമ്മമാര്‍ക്ക് ആധിയാണ്. എന്റെ കുഞ്ഞിനെന്തു സംഭവിച്ചുവെന്ന ചോദ്യമാണ് ഓരോ മനസ്സിലും ഉയരുന്നത്. നെടുങ്കണ്ടത്തെ സംഭവം ഓരോ രക്ഷിതാവിന്റെയും മനസ്സില്‍ തീ കോരിയിടുമ്പോള്‍ സമൂഹത്തിന്റെ ദുഷിച്ച മുഖമാണ് തെളിയുന്നത്. കുമളിക്കു സമീപം ആനവിലാസം മേപ്പാറയില്‍ ശ്രീജ എന്ന നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ച കേസില്‍ എട്ടാം ക്ലാസുകാരനെ പൊലീസ് പിടികൂടിയത് ജൂണിലായിരുന്നു. സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തിനു തൊട്ടുപിന്നാലെയാണ് നെടുങ്കണ്ടത്തെ സംഭവം.


ജില്ലയില്‍ അടുത്തിടെയുണ്ടായ രണ്ടു സംഭവങ്ങളിലും പ്രതിക്കൂട്ടിലായത് ബാലന്‍മാരാണ്. നീലച്ചിത്രങ്ങളുടെ സ്വാധീനമാണ് രണ്ടു ബാലന്‍മാരെയും ഹീനകൃത്യങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താന്‍ കണ്ട നീലച്ചിത്രമാണ് മേപ്പാറയില്‍ നാലര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ഇടയാക്കിയതെന്ന് ഈ കേസില്‍ പിടിയിലായ ബാലന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. നെടുങ്കണ്ടത്തെ സംഭവത്തിനു പിന്നിലും നീലച്ചിത്രത്തിന്റെ സ്വാധീനമായിരുന്നു. ഇവിടെ പ്രതിക്കൂട്ടിലായ വിദ്യാര്‍ഥിയുടെ പിതാവ് സ്ഥിരമായി അശ്ലീല സിഡികള്‍ വീട്ടിലെത്തിച്ച് കാണുമായിരുന്നു. വിദ്യാര്‍ഥി ഇതൊക്കെ ഒളിച്ചിരുന്നു കാണുന്നുണ്ടായിരുന്നുവെന്നത് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ പെരുകുമ്പോള്‍ സമൂഹത്തില്‍ ഇവര്‍ എത്രമാത്രം സുരക്ഷിതരാണെന്ന ചോദ്യം ഉയരുകയാണ്.


അടിമാലി സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പത്തനാപുരം സ്വദേശിയെയും സഹായി വെള്ളത്തൂവല്‍ സ്വദേശിയെയും അറസ്റ്റു ചെയ്തത് മാര്‍ച്ചിലായിരുന്നു. മൊബൈല്‍ ഫോണാണ് ഇവിടെ വില്ലനായത്. ചെറുതോണിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ ഒന്‍പതു മാസത്തോളം പീഡിപ്പിച്ച കേസില്‍ പൊതുമരാമത്ത് വകുപ്പിലെ രണ്ടു ജീവനക്കാരെ അറസ്റ്റു ചെയ്തതും മാര്‍ച്ചിലായിരുന്നു. ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയും കൊല്ലം മാര്‍ത്താണ്ഡം സ്വദേശിയുമാണ് കേസില്‍ അറസ്റ്റിലായത്. ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴും ഇവര്‍ക്കായി ചില രാഷ്ട്രീയ നേതാക്കളാണ് രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ണന്‍ദേവന്‍ വില്ലേജില്‍ തെമ്പല സ്വദേശി യുവാവിനെ മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തത് ഏപ്രിലിലായിരുന്നു. മൂന്നാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥിനിയുടെ സഹോദരീഭര്‍ത്താവ് മാങ്കുളം ഒറവയ്ക്കുമുകളില്‍ സ്വദേശിയെ അറസ്റ്റു ചെയ്തതും ഇതേ മാസത്തിലായിരുന്നു.


ഏതാനും മാസം മുന്‍പ് പുഷ്പക്കണ്ടത്ത് പതിനാലുകാരന്‍ നാലരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല. പിഞ്ചുകുട്ടികള്‍ക്കു നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അരങ്ങേറുന്നത് പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ആകുലത വര്‍ധിപ്പിക്കുന്നതിന് വഴി തെളിച്ചിട്ടുണ്ട്. കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ ഇവര്‍ തിരിച്ചെത്തുന്നതുവരെ മാതാപിതാക്കളുടെ മനസ്സില്‍ ആകുലതയാണ്. മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളുമെല്ലാം ഇളം തലമുറയെ വഴി തെറ്റിക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണ് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ നല്ല ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനു പകരം ഇവയെ ദുരുപയോഗം ചെയ്യാനുള്ള പ്രവണത പ്രത്യേകിച്ച് 15 വയസ്സില്‍ താഴെയുള്ളവരില്‍ കൂടുതലാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന പീഡനങ്ങളില്‍ വില്ലന്‍ സ്ഥാനത്ത് മൊബൈല്‍ ഫോണ്‍ നില്‍ക്കുന്നുവെന്ന് പൊലീസ് പറയുന്നു.


മിസ്ഡ് കോളുകളിലൂടെയുള്ള സൗഹൃദങ്ങള്‍ വേലിക്കെട്ടുകള്‍ തകര്‍ത്ത് തെറ്റായ വഴികളിലേക്കു നീങ്ങുമ്പോള്‍ മാത്രമാണ് പാവം പെണ്‍കുട്ടി ചതിക്കുഴികള്‍ തിരിച്ചറിയുന്നത്. മൊബൈല്‍ ബില്‍ കൂടുതലായതിനു വഴക്കു പറഞ്ഞയുടന്‍ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ഥി, വിവാഹിതന്‍ പ്രേമാഭ്യര്‍ഥന നടത്തിയപ്പോള്‍ ഭയന്ന് ആത്മഹത്യ ചെയ്ത ഏഴാം ക്ലാസുകാരി, സഹപാഠികളുടെ ഇന്റര്‍നെറ്റ് കെണിയില്‍ കുടുങ്ങി മാനസികനില തകരാറിലായ പെണ്‍കുട്ടി, ചതിയില്‍പ്പെട്ടു കൂട്ട ആത്മഹത്യയുടെ ഇരുട്ടിലേക്കു വഴുതിയ കൗമാരക്കാരികള്‍ - നമ്മുടെ സ്വന്തം നാട്ടിലെ ചില വര്‍ത്തമാനങ്ങളാണിതൊക്കെ. മൊബൈലും ഇന്റര്‍നെറ്റും കുട്ടികളുടെ ഒഴിവാക്കാന്‍ പറ്റാത്ത കളിപ്പാട്ടമായതോടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സ്വസ്ഥത നഷ്ടപ്പെട്ടു. മെസേജുകളില്‍ ക്ലാസ്മുറിയില്‍ ഉന്നയിച്ച പഠന പ്രശ്‌നങ്ങള്‍ക്ക് ഉത്തരങ്ങളല്ല; അശ്ലീല ഫലിതങ്ങളാണ് നിറയുന്നത്. 'വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മൊബൈല്‍ നല്‍കുന്ന സൗകര്യങ്ങളുടെ ദുരുപയോഗമാണ് കൂടുതല്‍.


ബ്ലൂടൂത്തിനു മുന്നില്‍ കാവലിരിക്കുന്നതിനു പ്രായഭേദമില്ലെന്നു മൊബൈല്‍ കച്ചവടക്കാര്‍ പറയുന്നു. ഇന്റര്‍നെറ്റിനേക്കാള്‍ സൗകര്യമാണ് എവിടെയും കൊണ്ടുപോകാവുന്ന നീലച്ചിത്രങ്ങളുടെ കുഞ്ഞുശേഖരങ്ങള്‍. ക്ലാസ് മുറിയില്‍ നീലച്ചിത്രങ്ങളുടെ കാഴ്ചകളും പങ്കുവയ്ക്കലുകളും പിടികൂടിയ കേസുകള്‍ പലതും പ്രായത്തിന്റെ പരിഗണനയില്‍ വിട്ടുപോകുകയാണ് പതിവ്. കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് എത്രസമയം, എന്തിനു വേണ്ടി, എന്നെല്ലാം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിയാനാവണം. അതിന്റെ ദൂരവ്യാപക പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാക്കി കൊടുക്കുകയും വേണം. ജോലി നേടി സ്വന്തം അധ്വാനം കൊണ്ടാണ് ജീവിതത്തിന്റെ ആഡംബരം കൂട്ടേണ്ടതെന്നു മക്കളെ അറിയിക്കണം.


സമ്പാദിക്കുന്ന പൈസ എങ്ങനെ ചെലവാക്കുന്നുവെന്നു രക്ഷിതാക്കള്‍ ശ്രദ്ധിക്കാതിരിക്കുന്നതും വഴിവിട്ട യാത്രകള്‍ക്ക് തണലാണ്. ചൂണ്ടക്കൊളുത്തുമായി സാമൂഹിക വിരുദ്ധന്‍മാര്‍ പതിയിരിക്കുമ്പോള്‍ അത് തിരിച്ചറിയാനും ശക്തമായി പ്രതികരിക്കാനും പെണ്‍കുട്ടികള്‍ തയാറാകണം. പ്രലോഭനങ്ങളുടെ വലയില്‍പ്പെട്ട് പെണ്‍കുട്ടികള്‍ ജീവിതം സ്വയം വലിച്ചെറിയുമ്പോള്‍ രക്ഷിതാക്കളും ജാഗ്രത പാലിക്കണം. കണ്ണയച്ചു കൊടുത്താല്‍ പെണ്‍മക്കള്‍ വഴി തെറ്റുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ ഭാഗത്തുള്ള കരുതലാണ് ഏറ്റവും പ്രധാനമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.


കുട്ടികളുമായി ഉള്ളുതുറന്നു സംസാരിക്കണം. വീട്ടില്‍ വന്ന് എല്ലാം പറയുന്നത് അവര്‍ക്കൊരു ശീലമാകണം. 'മക്കളേ, അമ്മയുണ്ടു കൂടെ ധൈര്യമായിരുന്നോളൂ എന്ന ചിന്ത അവരുടെ മനസ്സില്‍ ഉറപ്പിക്കണം. എന്തുചെയ്താലും അമ്മയോടു പറയാന്‍ പ്രേരിപ്പിക്കണം. കൗമാരത്തില്‍ അനുകരിക്കാനുള്ള പ്രവണത കൂടുതലാണ്. അതും അവരെ പറഞ്ഞു തന്നെ മനസ്സിലാക്കണം. ഇപ്പോഴത്തെ അമ്മമാര്‍ക്കു കുറച്ചു 'കൂടുതല്‍ വിവരം വേണം. മക്കളുടെയും കൂട്ടുകാരുടെയും കോഡ് ഭാഷ പോലും മനസ്സിലാക്കണമെന്നതാണു സ്ഥിതി. മക്കളുടെയും കുടുംബത്തിലെയും എല്ലാ കാര്യങ്ങളും അച്ഛനും അറിയണം. പലതരം സമ്മര്‍ദങ്ങളുടെ ലോകത്താണു കുട്ടികളും ജീവിക്കുന്നത്. അവരെ സംരക്ഷിക്കുന്നതിനൊപ്പം പുതിയ കാലത്തു ജീവിക്കാനുള്ള ധൈര്യം പകര്‍ന്നുകൊടുക്കുകയും വേണം മാതാപിതാക്കള്‍.

1 അഭിപ്രായം: