2011, ജൂലൈ 14, വ്യാഴാഴ്‌ച

ബിഷപ്‌ ഹൗസ്‌ വളപ്പില്‍ മാധ്യമസംഘത്തിന്‌ മര്‍ദ്ദനം: കാമറ തല്ലിപ്പൊട്ടിച്ചു, ക്രൂരമായി മര്‍ദിച്ചു

‍‍‍‍‍‍

Text Size:


തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ്‌ എം.ബി.ബി.എസ്‌ പ്രവേശനത്തിന്‌ തലവരിപ്പണം വാങ്ങിയെന്ന റിപ്പോര്‍ട്ട്‌ പുറത്തുവിട്ടതിന്‌ ദൃശ്യമാധ്യമസംഘത്തിന്‌ ക്രൂരമര്‍ദനം. ഏഷ്യാനെറ്റ്‌ ന്യൂസിലെ റിപ്പോര്‍ട്ടര്‍ ശരത്‌ കൃഷ്‌ണന്‍, കാമറാമാന്‍ അയ്യപ്പന്‍ എന്നിവര്‍ക്കാണ്‌ സി.എസ്‌.ഐ ബിഷപ്പ്‌ ഹൗസിന്‌ സമീപത്തു വച്ച്‌ ക്രൂരമര്‍ദ്ദനമേറ്റത്‌. സീറ്റ്‌ തര്‍ക്കത്തെ സംബന്ധിച്ച്‌ ഒരു വിഭാഗം ആളുകള്‍ പരാതി അറിയിക്കാന്‍ തിരുവനന്തപുരം എല്‍.എം.എസ്‌ ബിഷപ്‌ ഹൗസില്‍ എത്തിയ വിവരം മുന്‍ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ മാധ്യമ പ്രതിനിധികള്‍ ബിഷപ്‌ ഹൗസില്‍ എത്തിയത്‌. വൈകാതെ സെക്യുരിറ്റി ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ 25 ഓളം പേര്‍ അടങ്ങുന്ന സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ മാധ്യമ പ്രതിനിധികള്‍ അറിയിച്ചു.

റിപ്പോര്‍ട്ടറെയും കാമറമാനെയും നിലത്ത്‌ തള്ളിയിട്ട്‌ ചവിട്ടുകയും കാമറ പിടിച്ചുകൊണ്ടുപോകയും ചെയ്‌തു. ഓഫീസിനുള്ളില്‍ നിന്നും കോമ്പൗട്ടിലുള്ള പള്ളിയുടെ അടുത്തുനിന്നും വന്ന ആളുകള്‍ അസഭ്യവര്‍ഷം മര്‍ദ്ദനവും തുടര്‍ന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമം നടന്നു. സംഭവം നടക്കുന്നതുകണ്ട്‌ അടുത്തുകൂടിയവരും അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ നോക്കിനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേര്‍ക്ക് വീണ്ടും ആക്രമണമുണ്ടായി. ഇതിനിടെയാണ് ഇന്ത്യാ വിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി. സെബാസ്റ്റ്യന് പരുക്കേറ്റത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് പത്ര​‍്ര​പവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു പുറത്ത് ധര്‍ണ നടത്തുകയാണ്. ആക്രമണത്തില്‍ നാ് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. അക്രമി സംഘത്തില്‍ ഒരു പോലീസുകാരനും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബിഷപ്പ് ഹൗസില്‍ ഇപ്പോള്‍ ശക്തമായ പോലീസ് സാന്നിധ്യമുണ്ട്. ​ഐജി പദ്മകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

എല്‍.എം.എസ്‌ ബിഷപ്‌ ഹൗസ്‌ വളപ്പില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ്‌ കസ്‌റ്റഡിയിലായി. ബിഷപ്‌ ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാജന്‍ ഡേവിഡ്‌, യേശുദാസ്‌ എന്നിവരെയാണ്‌ പിടികൂടിയത്‌. ഇവര്‍ക്കു പുറമേ നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും ഡി.സി.സി അംഗവുമായ എഡ്‌വിന്‍ ജോര്‍ജ്‌, വിജിലന്‍സ്‌ പോലീസ്‌ ഓഫീസര്‍ റസലയന്‍, സാജു, ജയന്‍, ആട്‌ സാമുവല്‍ തുടങ്ങി പത്തോളം പേരെ പിടികൂടാനുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു. സിറ്റി പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തലുള്ള പോലീസ്‌ സംഘം സ്‌ഥലത്തെത്തിയാണ്‌ പ്രതികളെ കസ്‌റ്റഡിയിലെടുത്തത്‌. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അക്രമി സംഘത്തിനൊപ്പമുണ്ടായിരുന്ന റസലയന്‍, ജോണ്‍ എന്നീ പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ