2011, ജൂലൈ 9, ശനിയാഴ്‌ച

ജ്വല്ലറി കവര്‍ച്ചയിലെ പ്രതി കോടീശ്വരന്‍;

കോട്ടയം: പട്ടാപ്പകല്‍ കോട്ടയം നഗരമധ്യത്തിലെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച ആസൂത്രണം ചെയ്ത പ്രതി മനോജ്‌ കോടീശ്വരന്‍. കഴിഞ്ഞദിവസം അര്‍ധരാത്രി പിടിയിലായ ഇടപ്പള്ളി പോണേക്കരഭാഗത്ത്‌ ഇന്ദിരാഭായി റോഡില്‍ കുരിശിങ്കല്‍ വീട്ടില്‍ മനോജ്‌ സേവ്യറി(36)ന്‌ ഇടുക്കി ശാന്തന്‍പാറയില്‍ ഏലത്തോട്ടമുള്‍പ്പടെ കോടികളുടെ ആസ്‌തിയുണ്ടെന്നു പോലീസ്‌ കണ്ടെത്തി. ആദ്യം പിടിയിലായ തമിഴ്‌നാട്‌ തേവാരം സ്വദേശി മുരുകേശന്‍ മനോജിന്റെ തൊഴിലാളിയാണത്രെ. ബിസിനസ്‌ പൊളിഞ്ഞതോടെ ലക്ഷങ്ങളുടെ കടബാധ്യത പരിഹരിക്കാന്‍ മുരുകേശനെക്കൂട്ടി മനോജ്‌ മോഷണത്തിനിറങ്ങുകയായിരു ന്നു.


12 വര്‍ഷം ഗള്‍ഫിലായിരുന്ന മനോജ്‌ ഒരുവര്‍ഷം മുമ്പാണു തിരിച്ചെത്തി എറണാകുളം കത്രിക്കടവില്‍ ഫ്‌ളാറ്റ്‌ വാടകയ്‌ക്കെടുത്തു താമസം തുടങ്ങിയത്‌. ശാന്തന്‍പാറയില്‍ പത്തേക്കര്‍ ഏലത്തോട്ടവും വാങ്ങി. മൂന്നരവര്‍ഷമായി എറണാകുളത്തു കംപ്യൂട്ടര്‍ സോഫ്‌റ്റ്വേര്‍ സ്‌ഥാപനവും നടത്തിവരുകയായിരുന്നു. 45 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നിട്ടും ഏലത്തോട്ടം വില്‍ക്കാന്‍ മനസുവന്നില്ല. തുടര്‍ന്നാണു മോഷണം ആസൂത്രണം ചെയ്‌തത്‌. അതിനായി ഏലത്തോട്ടത്തിലെ പണിക്കാരനായ മുരുകനെ ഒപ്പം കൂട്ടി. മോഷണത്തിനായി എറണാകുളത്തുനിന്നു പുതിയ ബൈക്കും വാങ്ങി. തിങ്കളാഴ്‌ചയാണ്‌ ഇരുവരും പുറപ്പെട്ടത്‌. ഏറ്റുമാനൂരില്‍ മോഷണം നടത്താനായിരുന്നു ആദ്യപദ്ധതി. പിന്നീട്‌ ഇതു കോട്ടയത്തേക്കു മാറ്റി.


ബുധനാഴ്‌ച ഇരുവരും നഗരത്തില്‍ ചുറ്റിക്കറങ്ങി മോഷണം നടത്തേണ്ട ആഭരണശാല കണ്ടെത്തി. പിറ്റേന്ന്‌ ഉച്ചയ്‌ക്കു കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി. ചുറ്റുംകൂടിയവരെ വെടിയുതിര്‍ത്തു വിരട്ടി ഇരുവരും ബെക്കില്‍ രക്ഷപ്പെട്ടു. മുരുകേശനെ ബസില്‍ കയറ്റിവിട്ട മനോജ്‌ ബൈക്ക്‌ ഒളിപ്പിച്ചശേഷം വൈക്കത്തേക്കും അവിടെ മുരുകേശനെ കാണാത്തതിനേത്തുടര്‍ന്ന്‌ എറണാകുളത്തേക്കും പോയി. മുരുകേശന്‍ പിടിലായ വിവരം ടിവി വാര്‍ത്തയില്‍ അറിഞ്ഞതോടെ രക്ഷപ്പെടാനുള്ള നീക്കം നടത്തുന്നതിനിടെയാണ്‌ ഏറ്റുമാനൂര്‍ സി.ഐ. ബിജു കെ. സ്‌റ്റീഫന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി അറസ്‌റ്റ് ചെയ്‌തത്‌.


വ്യാഴാഴ്‌ച ഉച്ചയ്‌ക്കു 12.35-നാണു കോട്ടയം സെന്‍ട്രല്‍ ജംഗ്‌ഷനിലെ 'കുന്നത്തുകളത്തില്‍' ജ്വല്ലറി ജീവനക്കാരെ വെടിയുതിര്‍ത്തു ഭയപ്പെടുത്തി ഏഴുകിലോ സ്വര്‍ണം അപഹരിച്ചത്‌. ഒരുമണിക്കൂറിനുള്ളില്‍ മുരുകേശനെ പോലീസ്‌ കവണാറ്റിന്‍കരയില്‍നിന്നു പിടികൂടി. ഇയാളെ ചോദ്യംചെയ്‌തപ്പോഴാണു മനോജിനെക്കുറിച്ചു വിവരം ലഭിച്ചത്‌. തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ എറണാകുളത്തെത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ