2011, ജൂലൈ 9, ശനിയാഴ്‌ച

പാചകവാതകത്തിന് പരിധി; വര്‍ഷം നാലു സിലിണ്ടര്‍ കഴിഞ്ഞാല്‍ 800 രൂപ


Posted on: 10 Jul 2011


ന്യൂഡല്‍ഹി: പാചകവാതകത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി പരിമിതപ്പെടുത്താന്‍ ആലോചന. സര്‍ക്കാറിനും എണ്ണക്കമ്പനികള്‍ക്കും വന്‍ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിസഭയുടെ ഇന്ധനകാര്യസമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ഇത് നടപ്പായാല്‍ വര്‍ഷത്തില്‍ നാല് സിലിണ്ടര്‍ മാത്രമേ സബ്‌സിഡി നിരക്കില്‍ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളൂ. കൂടുതല്‍ സിലിണ്ടര്‍ വേണ്ടി വന്നാല്‍ ഓരോന്നിനും 800 രൂപ വീതം നല്‍കേണ്ടി വരും.

നിലവിലുള്ള നിരക്കില്‍ നിന്ന് 400 രൂപയോളം അധികം നല്‍കേണ്ടി വരുമെന്നര്‍ഥം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കുപോലും ഇത് ബാധകമായിരിക്കും. പാചകവാതകം സിലിണ്ടറിന് ഈയിടെ 50 രൂപ കുത്തനെ കൂട്ടിയിരുന്നു. അതിനു പുറമേയാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായേക്കാവുന്ന പുതിയ ശുപാര്‍ശ വരുന്നത്.

ഒരു സിലിണ്ടര്‍കൊണ്ട് ഒരു ബി.പി.എല്‍. കുടുംബം മൂന്നുമാസം പാചകം ചെയ്യുമെന്നും അഥവാ നാലു സിലിണ്ടറുകള്‍ ഈ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം മതിയാകുമെന്നുമാണ് സര്‍ക്കാറിന്റെ കണക്ക്. അതുകൊണ്ട് ഈ തീരുമാനം പാവപ്പെട്ടവര്‍ക്ക് ബാധ്യതയാകില്ലെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം പാചകവാതകകണക്ഷന്‍ എടുക്കുന്ന ബി. പി.എല്‍. കുടുംബത്തിന് 1,400 രൂപ പ്രാഥമിക ചെലവിന് നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

എന്നാല്‍, സര്‍ക്കാറിന് മുന്നിലുള്ള ഈ നിര്‍ദേശങ്ങളില്‍ ചില സംശയങ്ങള്‍ ആസൂത്രണക്കമ്മീഷനുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആറു സിലിണ്ടറെങ്കിലും ഒരു കുടുംബത്തിന് വേണ്ടിവരുമെന്നും പരിധി അതില്‍ കുറയ്ക്കരുതെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ തീരുമാനം നടപ്പായാല്‍ സബ്‌സിഡിയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് ഉറപ്പാക്കാന്‍ കഴിയുമെന്ന് ഇന്ധനകാര്യസമിതി അവകാശപ്പെടുന്നു. പാവപ്പെട്ടവര്‍ക്കുവേണ്ടി സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന മണ്ണെണ്ണ കരിഞ്ചന്തയിലെത്തുന്നത് തടയാനും സഹായിക്കും.

പാചകവാതകത്തിന് സബ്‌സിഡിക്ക് അര്‍ഹതയില്ലാത്ത സമൂഹത്തിലെ സമ്പന്നരെ കണ്ടെത്തണമെന്ന നിര്‍ദേശവും ഇതിലുണ്ട്. ഇതനുസരിച്ച് കാറോ ഇരുചക്രവാഹനമോ സ്വന്തമായി വീടോ ആദായനികുതി പട്ടികയില്‍ പേരോ ഉള്ളവരെ സമ്പന്നരായി പരിഗണിക്കണം. ഇവര്‍ സബ്‌സിഡിക്ക് അര്‍ഹരല്ല. സബ്‌സിഡിക്ക് അര്‍ഹരായ ബി. പി. എല്ലുകാരെ ആധാര്‍ (സവിശേഷതിരിച്ചറിയില്‍ നമ്പര്‍) വഴി കണ്ടെത്തണം. നിലവിലുള്ള സാഹചര്യത്തില്‍ കോടീശ്വരന്മാര്‍ക്കുപോലും പാചകവാതക സബ്‌സിഡി ലഭിക്കുന്നുണ്ട്. പാചകവാതകത്തിന് സബ്‌സിഡിയില്ലാതെ വിപണിവില താങ്ങാനാകുന്നവരും താങ്ങാനാകാത്തവരും തമ്മിലുള്ള വ്യത്യാസം ഇപ്പോഴത്തെ നിരക്കുരീതിയില്‍ ഇല്ലെന്നും ശുപാര്‍ശയില്‍ പറയുന്നു.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന മണ്ണെണ്ണ കൂടുതലായും ഉപയോഗിക്കുന്നത് വിളക്കുകത്തിക്കാനും മറ്റുമാണ്. പാചകത്തിന് ചാണകവറളിയെയും വിറകിനെയുമാണ് ഇവര്‍ ആശ്രയിക്കുന്നത്. നാലു സിലിണ്ടറില്‍ കൂടുതല്‍ വര്‍ഷത്തില്‍ ഇവര്‍ ഉപയോഗിക്കാന്‍ ഇടയില്ല. അതുകൊണ്ട് സബ്‌സിഡി നിര്‍ത്തുമ്പോള്‍ 400 രൂപയുടെ വര്‍ധന ബി. പി. എല്ലുകാരെ ബാധിക്കില്ല- ഇന്ധനകാര്യസമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.

നിലവിലെ വിപണിവില കണക്കിലെടുക്കുമ്പോള്‍ സിലിണ്ടറൊന്നിന് 395 രൂപ സബ്‌സിഡി ഇനത്തില്‍ സര്‍ക്കാറിന് നഷ്ടമുണ്ടാക്കുന്നുവെന്നാണ് കണക്ക്. മണ്ണെണ്ണ, പാചകവാതകം, ഡീസല്‍ എന്നിവയുടെ സബ്‌സിഡിയിലൂടെ 2011-'12 വര്‍ഷം 1,20,000 കോടിയുടെ സബ്‌സിഡിയാണ് സര്‍ക്കാറിന് നല്‍കേണ്ടി വരുന്നത്. പുതിയ സമ്പ്രദായം വന്നാല്‍ ഇത് 12,000 കോടിയായി കുറയും - ശുപാര്‍ശയില്‍ പറയുന്നു.

പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യാനെത്തുന്ന മണ്ണെണ്ണയുടെ 40 ശതമാനം മാത്രമേ ഉപഭോക്താക്കളില്‍ എത്തുന്നുള്ളൂ എന്നും ഈ കണക്കുകളില്‍ സൂചനയുണ്ട്. 90 ലക്ഷം ടണ്‍ മുതല്‍ ഒരു കോടി ടണ്‍ വരെയാണ് ഒരു വര്‍ഷം റേഷന്‍ കടകളില്‍ വിതരണത്തിനെത്തുന്ന മണ്ണെണ്ണയുടെ അളവ്. ഇതിന്റെ 60 ശതമാനവും കരിഞ്ചന്തയിലൂടെ വില്‍ക്കപ്പെടുന്നു. ഇതിന്റെ വിപണി മൂല്യം 16,000 കോടിയോളം വരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ