2011, ജൂലൈ 25, തിങ്കളാഴ്‌ച
തൊമ്മന്‍കുത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൊടുപുഴ : തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ചങ്ങനാശ്ശേരി തുരുത്തി കുന്നേല്‍ കെവിന്റെ (22) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്‌ചയാണ് തൊമ്മന്‍കുത്ത് സന്ദര്‍ശിക്കുവാനെത്തിയ മൂന്നംഗസംഘം അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട് കാണാതായ കെവിനുവേണ്ടി തെരച്ചില്‍ നടന്നുവരികയായിരുന്നു. ഫയര്‍ഫോഴ്‌സ്, നേവി, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മൂന്നുദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചില്‍ വിഫലമായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെ നേവി സംഘം തെരച്ചില്‍ മതിയാക്കി മടങ്ങുകയായിരുന്നു. പ്രതികൂല കാലാവസ്ഥയേയും ശക്തമായ നീരൊഴുക്കിനെയും അവഗണിച്ച് ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വ. സാബു എബ്രാഹമിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ച്ചയായി പെയ്‌ത മഴയും മലവെള്ളപ്പാച്ചലും പലപ്പോഴും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്‌ടിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുവാന്‍ ഫയര്‍ഫോഴ്‌സ്, നേവി സംഘത്തിന് സാധിച്ചില്ല. പി.ടി തോമസ് എംപിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നെത്തിയ നേവി സംഘത്തിനും കാര്യമായി ഒന്നും ചെയ്യാനായില്ല. നാട്ടുകാരുടെ കഠിനപരിശ്രമമാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങനാശ്ശേരി തുരുത്തി കുന്നേല്‍ പി.സി. വര്‍ഗീസ്-ആനിയമ്മ ദമ്പതികളുടെ മകനാണ് കെവിന്‍. മാതാപിതാക്കള്‍ അമേരിക്കയിലാണ്. സഹോദരങ്ങള്‍ വനേസ (യു.എസ്.എ.), നെവിന്‍ (എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി, കോട്ടയം മെഡിക്കല്‍ കോളേജ്).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ