2011, ജൂലൈ 29, വെള്ളിയാഴ്‌ച
സ്‌ത്രീകളെ ശല്യം ചെയ്‌ത കേസില്‍ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്‌ത പോലീസ് വെട്ടിലായി
തൊടുപുഴ : സ്‌ത്രീകളെ ശല്യം ചെയ്‌തു എന്ന കാരണം പറഞ്ഞ് ബാങ്ക് ശാഖാ മാനേജരെ അറസ്റ്റ് ചെയ്‌ത പോലീസ് വെട്ടിലായി. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ മാനേജര്‍ എറണാകുളം സ്വദേശി പേഴ്‌സി ജോസഫിനെയാണ് (50) പോലീസ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്‌തത്. ബാങ്കില്‍ വായ്‌പ ആവശ്യത്തിന് എത്തുന്ന സ്‌ത്രീകളെ ശല്യം ചെയ്യുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ പോലീസിനെ വായ്‌പ ആവശ്യക്കാരിയുടെ വേഷം കെട്ടിച്ച് ബാങ്കില്‍ വിട്ടാണ് മാനേജരെ കുടുക്കിയത്. വാഹന വായ്‌പ ചോദിച്ചെത്തിയ വനിതാ പോലീസിനെ കടന്നുപിടിച്ചുവെന്നാണ് പോലീസ് ഭാഷ്യം. തൊടുപുഴ എ.എസ്.പി. ആര്‍. നിഷാന്തിനി ബാങ്ക് ശാഖയിലേക്ക് വിളിച്ച് മാനേജരെ അന്വേഷിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 1.40 ഓടെ തൊടുപുഴ എ.എസ്.പി. ഓഫീസിലെത്തിയ ബാങ്ക് മാനേജരെ പോലീസ് നന്നായി കൈകാര്യം ചെയ്യുകയും ചെയ്‌തു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാങ്ക് മാനേജര്‍ നല്‍കിയ മൊഴി ഇങ്ങനെയാണ്. എ.എസ്.പി. ഓഫീസില്‍ നിന്നും ടെലിഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് അവിടെ എത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പോകുകയാണെന്ന് സഹപ്രവര്‍ത്തകരോടോ മറ്റു സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ല. സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി. പിന്നീട് എ.എസ്.പി. ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. നീ സ്‌ത്രീകളെ ശല്യം ചെയ്യുമല്ലെ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. രണ്ട് പോലീസുകാര്‍ ഇരുകാലുകളിലും ചവിട്ടി കയറിനിന്ന ശേഷം എല്ലാവരും കൂടെ നന്നായി പെരുമാറുകയായിരുന്നു. ഇതിനിടെ ഒരു വനിതാ പോലീസ് എത്തുകയും ഇവരെ ശല്യം ചെയ്‌തില്ലെയെന്ന് എ.എസ്.പി. ചോദിക്കുകയും ചെയ്‌തു. ശല്യം ചെയ്‌തില്ലെന്ന് വനിതാ പോലീസ് തന്നെ പറയുകയായിരുന്നു. വീണ്ടും മറ്റൊരു വനിതാ കോണ്‍സ്റ്റബിളിനെ വിളിച്ചുവരുത്തി. ഇവരെ ശല്യം ചെയ്‌തില്ലെയെന്നായി വീണ്ടും. ഇവരെ ശല്യം ചെയ്‌തുവെന്ന് ഇവര്‍ പറയുകയാണെങ്കില്‍ തന്റെ ചെകിട്ടത്ത് അടിച്ചുകൊള്ളുവാന്‍ പറഞ്ഞു. എന്നാല്‍ വനിതാ കോണ്‍സ്റ്റബിള്‍ തല്ലാതെ മാറി പോവുകയായിരുന്നു. എല്ലാവരുടെയും മര്‍ദ്ദനം കഴിഞ്ഞശേഷം ക്ഷമാപണം എഴുതി പൊയ്‌ക്കൊള്ളുവാന്‍ എ.എസ്.പി. നിര്‍ദ്ദേശിച്ചു. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ക്ഷമ പറയുവാന്‍ തയ്യാറല്ലെന്നും ഇത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും പറഞ്ഞു. പിന്നീട് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ഇതിനിടെ പോലീസ് സ്റ്റേഷനില്‍ വച്ച് ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് സൗകര്യം ചെയ്‌തുകൊടുക്കുകയും ചെയ്‌തു.
ഇതേസമയം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചതോടെയാണ് പോലീസ് വെട്ടിലായിരിക്കുന്നത്. ഗ്ലാസ് ഘടിപ്പിച്ച മാനേജരുടെ ക്യാബിനില്‍ എന്തെങ്കിലും അനിഷ്‌ട സംഭവം ഉണ്ടായാല്‍ ബാങ്കിലെ ഇതര ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും കാണാവുന്ന രീതിയിലാണ് ക്യാബിന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ ബാങ്കില്‍ വച്ചിരിക്കുന്ന വെബ് ക്യാമറയില്‍ മാനേജരുടെ ക്യാബിനിലെ ദൃശ്യങ്ങളും പകര്‍ത്തുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വെബ് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ അനിഷ്‌ടകരമായ കാര്യങ്ങളൊന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. സിനിമകളിലും സീരിയലുകളിലും കാണുന്നതുപോലെ പുരാണത്തിലെ ചില സംഭവങ്ങളെ സൂചിപ്പിക്കുന്നതുപോലെ വനിത പോലീസ് കോണ്‍സ്റ്റബിളിനെ വേഷം കെട്ടിച്ച് മാനേജരെ വീഴിക്കുവാന്‍ വിട്ട പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ദേശീയ ഷട്ടില്‍ ബാറ്റ്‌മിന്റണ്‍ താരമായിരുന്ന ബ്രാഞ്ച് മാനേജര്‍ പേഴ്‌സി ജോസഫിനെ കള്ളക്കേസില്‍ കുടുക്കിയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ഇത് യൂണിയന്‍ ബാങ്കിന്റെ പ്രതിഛായയേയും ബാധിച്ചതിനാല്‍ ബാങ്ക് അധികൃതരും പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ജോലി സമയത്ത് ബാങ്ക് മാനേജരെ ആരേയും അറിയിക്കാതെ അനുനയത്തില്‍ വിളിച്ച് വരുത്തി സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത് അനവധി നിയമകുരുക്കുകള്‍ക്കും കാരണമായിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ബാങ്ക് മാനേജരെ സ്‌ത്രീകളെ ശല്യം ചെയ്‌ത കേസില്‍ അറസ്റ്റ് ചെയ്‌ത പോലീസ് വെട്ടിലായി
മറുപടിഇല്ലാതാക്കൂആര് ആരെ ശല്യം ചെയ്തു???