സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളോ? നിങ്ങള്‍ പ്രജകളായ പാവം ജനങ്ങളുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരല്ലേ? പ്രതിമാസം നല്ലൊരു തുക ശമ്പളം വാങ്ങുകയും നികുതി നല്‍കി നിങ്ങളെ തീറ്റിപ്പോറ്റുന്ന പാവം പൊതുജനത്തെ വട്ടം കറക്കുകയും ചെയ്യുന്നത് ശരിയോ? ഡ്യൂട്ടി സമയത്ത് അവകാശങ്ങള്‍ക്ക് വേണ്ടി സ്വന്തം ഓഫീസുകളിലും തെരുവിലും പ്രകടനവും മുദ്രാവാക്യവും മുഴക്കുന്നത് അവകാശലംഘനമല്ലേ? സര്‍ക്കാര്‍ മാറിയതിന്റെ അടുത്ത ദിവസം മുതല്‍ പുതിയ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് പറഞ്ഞ് എല്ലാ ദിവസവും നിങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ പാവം ജനത്തിന് തന്നെയല്ലേ ബുദ്ധിമുട്ടുണ്ടാകുന്നത്. ഒരു സര്‍ക്കാര്‍ ജോലിയുടെ പേരില്‍ നിങ്ങളില്‍ ഭൂരിഭാഗം പേരുടെയും മനുഷ്യമുഖം മാറുന്നതെന്തുകൊണ്ടാണ്? ഭൂമിയില്‍ ഒരു ജീവിതമേ ഉള്ളൂവെന്നും അത് കുടുംബത്തിനും നാടിനും എന്തെങ്കിലും ഉപകാരം ചെയ്‌ത് ജീവിക്കണമെന്നും ചിന്ത ഉണ്ടാകാത്തതല്ലേ പ്രധാന പ്രശ്‌നം. നിങ്ങള്‍ക്കൊരു സര്‍ക്കാര്‍ ജോലി കിട്ടിയതിന്റെ പേരില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവരെ വട്ടം കറക്കുന്നത് ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കലല്ലേ?
ഇത്രയും എഴുതുവാന്‍ കാരണം കഴിഞ്ഞദിവസം ഒരു റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാന്‍ തൊടുപുഴ നഗരസഭാ ഓഫീസില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങളാണ്. ഒരു റേഷന്‍കാര്‍ഡ് സ്വന്തം പേരില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി നഗരസഭ ഓഫീസിലെത്തിയത്. അവിടെയെത്തിയപ്പോള്‍ ഒരു വര്‍ഷത്തോളം ഒരു കോളേജില്‍ ഒരു ക്ലാസില്‍ പഠിച്ചിരുന്ന ഒരു സഹപാഠിയെ കണ്ടു. കാര്യങ്ങള്‍ എളുപ്പമായല്ലോ എന്ന ചിന്ത മനസിലുണ്ടായി. എന്നാല്‍ സഹപാഠി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പത്രാസില്‍ വന്ന കാര്യം തിരക്കി. കാര്യം പറഞ്ഞപ്പോള്‍ ഒരു വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി ഒരു രൂപ സ്റ്റാമ്പ് പതിച്ച് നല്‍കിയാല്‍ മതിയെന്ന് മാത്രം തിരുവാ തുറന്ന് വീണ്ടും ജോലിയില്‍ വ്യാപൃതനായി. അടുത്ത ദിവസം അപേക്ഷ എഴുതി ബന്ധപ്പെട്ട സെക്ഷനില്‍ നല്‍കി. പരിചയക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്‌തതിനാല്‍ അപേക്ഷ വരവ് വെച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ പക്കലെത്തിച്ചു. റേഷന്‍കാര്‍ഡ് ആവശ്യത്തിന് സര്‍ട്ടിഫിക്കറ്റ് ചോദിച്ചതിനാലായിരിക്കണം റേഷന്‍കാര്‍ഡ് എവിടെ എന്നായി ഉദ്യോഗസ്ഥ. അത് സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിട്ടാണ് ഈ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതെന്നായി ഞാന്‍. എങ്കില്‍ നിങ്ങളുടെ പേരുള്ള റേഷന്‍കാര്‍ഡ് ഇല്ലേ, അത് കൊണ്ടു വാ എന്നായി. തിരിച്ച് വീട്ടിലെത്തി പഴയ റേഷന്‍കാര്‍ഡ് തപ്പിയെടുത്ത് ഉദ്യോഗസ്ഥയുടെ മുന്നില്‍ ഹാജരാക്കി. കഷ്‌ടകാലത്തിന് പുതിയ റേഷന്‍കാര്‍ഡ് വന്നപ്പോള്‍ റദ്ദാക്കിയ റേഷന്‍കാര്‍ഡായിരുന്നു എന്റെ പക്കലുണ്ടായിരുന്നത്. (പിതാവിന്റെ റേഷന്‍കാര്‍ഡ്). കാന്‍സല്‍ ചെയ്‌തതിന് പകരം പുതിയത് സംഘടിപ്പിക്കാനാണ് എന്ന് ഞാന്‍ രണ്ടും കല്‍പിച്ചങ്ങ് തട്ടിവിട്ടു. എന്തോ മനസിലായ പോലെ ശരിയെന്നായി ഉദ്യോഗസ്ഥ. ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് എഴുതി.
ഇതേ ഓഫീസറുടെ പക്കല്‍ നിന്നും ഒരു മാസം മുന്‍പ് മറ്റൊരു അനുഭവവും ഉണ്ടായി. 2000 മെയ് മാസത്തില്‍ കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കിയ ഒരു വീട് ഒരാളില്‍ നിന്നും ഞാന്‍ വാങ്ങി. അലോട്ടിയായ വീട്ടുകാരന്‍ വായ്‌പ തവണകള്‍ എല്ലാം അടച്ചു തീര്‍ത്തെങ്കിലും നിലവിലുള്ള നാട്ടുനടപ്പനുസരിച്ചുള്ള വിലയുടെ ഭാഗമായി അധിക തുക അടയ്‌ക്കണമെന്ന ഹൗസിംഗ് ബോര്‍ഡ് നിലപാട് മൂലം ആധാരം ചെയ്‌തു നല്‍കിയിരുന്നില്ല. 1980 ല്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണ് 2000 ത്തിലും ആധാരം ചെയ്‌ത് നല്‍കാത്തത്. ഹൗസിംഗ് ബോര്‍ഡിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിയതു മൂലം ഭൂരിഭാഗം വീടുകള്‍ക്കും ആധാരമില്ലായിരുന്നു. ഇത്തരമൊരു വീടാണ് ഉടമസ്ഥനും ഞാനും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ വാങ്ങിയത്. അന്നുമുതല്‍ ഹൗസിംഗ് ബോര്‍ഡില്‍ കയറിയിറങ്ങി 2009 ആയപ്പോള്‍ ഒന്നാം കക്ഷിയുടെ സാക്ഷ്യപത്രം വാങ്ങി ഹൗസിംഗ് ബോര്‍ഡ് നേരിട്ട് എന്റെ പേരില്‍ വീട് ആധാരം ചെയ്‌തു തരികയായിരുന്നു. തൊടുപുഴ നഗരസഭ രേഖകളില്‍ വീട് എന്റെ പേരിലാക്കുന്നതിന് എത്തിയ എന്നോട് പല തരത്തിലുള്ള രേഖകള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഒരു മറുചോദ്യം മുനിസിപ്പല്‍ രേഖകളില്‍ മറ്റൊരാളുടെ പേരാണ് ഈ വീടിന്. അതിനാല്‍ പേര് മാറ്റാന്‍ തടസ്സം ഉണ്ട്. ഹൗസിംഗ് ബോര്‍ഡ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എനിക്ക് നേരിട്ട് ആധാരം ചെയ്‌തു തന്ന ആധാരത്തിന്റെ ഒറിജിനല്‍ കണ്ടിട്ടും ഉദ്യോഗസ്ഥയ്‌ക്ക് സംശയം. ഒടുവില്‍ ഞാന്‍ വീട് വാങ്ങിയപ്പോള്‍ ഒന്നാം കക്ഷിയുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് ഹാജരാക്കിയ ശേഷമാണ് ഉദ്യോഗസ്ഥ ശാന്തമായത്. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഇതേ ഉദ്യോഗസ്ഥ അവകാശസമരവുമായി നഗരസഭ ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു- എന്റെ അവകാശത്തിന് വിലയില്ലേ?
എന്റെ ഒരു സുഹൃത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു മാസം ഇട്ട് കറക്കിയ വില്ലേജോഫീസര്‍ ഒരു ഔട്സ്റ്റേഷന്‍ ചെക്ക് കളക്ഷനു പോയി അക്കൌണ്ടില്‍ ക്രെഡിറ്റാവാന്‍ മൂന്നു ദിവസമെടുത്തതിന് എസ്ബീറ്റീയില്‍ വന്നു ഗിരിപ്രഭാഷണം നടത്തുന്നത് കാണാന്‍ ഒരിക്കല്‍ ഇട വന്നിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ